കോടതി:
“ഊം… എന്തുവേണം?”
ഇര:
“നീതി വേണം?”
“എത്ര കിലോ?”
“ഒരു കൊലക്കയറോളം…”
“ശരി…”
കോടതി, വിയർക്കാത്ത മൂക്കിൻറെ
കീഴെയറ്റത്തു കാറ്റുകൊണ്ടിരുന്നു
കഥ കേട്ടിരിക്കുന്ന തടിച്ച ഫ്രെയ്മിനെ
വലതുകൈയിലെ ചൂണ്ടുവിരൽകൊണ്ടു
മുകളിലേക്കു കുത്തിയുയർത്തി വെച്ചു.
ശേഷം, കറുത്ത തൂക്കുക്കട്ടകൾ
വെളുത്ത പേപ്പറിൽ കേറ്റിവെക്കാനുള്ള
ഒരുക്കങ്ങൾ തുടങ്ങി.
കോടതി:
“ന്യായം?”
ഇര:
“അയാൾ പലവട്ടം എന്നെ ഉപയോഗിച്ചു.”
“അതൊരു ന്യായമാകുന്നില്ല.”
“എനിക്കു സമ്മതമില്ലായിരുന്നു…”
“ന്യായം ബോദ്ധ്യപ്പെട്ടു.”
ഇരയുടെ നെടുവീർപ്പ്..!
കോടതി:
“എത്ര തവണ?”
( തവണകളുടെ എണ്ണത്തിനനുസരിച്ചു
തൂക്കുക്കട്ടകളുടെ എണ്ണവും
തിട്ടപ്പെടുത്തണം ല്ലോ..?!!)
ഇര:
“കൃത്യമായി തിട്ടമില്ല.”
“ങ്… ങേ….?!!”
“കഴിഞ്ഞ ആറേഴുക്കൊല്ലമായി…”
“ങ്ങ്… ങ്ങേ…?!!”
“എന്നെ തടവിലിട്ടിരിക്കുകയായിരുന്നു…”
“തടവിലോ…? എവിടെ…?”
“പ്രണയത്തിൻറെ ഏതോ ഒരു തുരുത്തിൽ…”
“രക്ഷപ്പെടാൻ ശ്രമിച്ചില്ലേ..?”
“ആവുന്നത്ര ശ്രമിച്ചു…”
“ഊം…”
കോടതിയുടെ നീട്ടിമൂളലിനൊപ്പം
മൂക്കിൻറെ പാലത്തിനു മേലേയറ്റത്തു
ഗൗരവത്തിൻറെ കനത്ത ചില്ലിട്ടിരിക്കുന്ന
തടിച്ച ഫ്രെയിം ടപ്പാന്നൊരു വരവാണ്…
കീഴേയറ്റത്തേക്ക്..!
കോടതി:
“തടവിലായിരുന്നു എന്നതിനു തെളിവ്?”
ഇര:
“ഇതാണ്…”
ഇര ഉയർത്തിക്കാട്ടിയ മങ്ങിയൊരു
മഞ്ഞച്ചങ്ങല ഇരയുടെ കഴുത്തിൽ
വരിഞ്ഞു കിടക്കുന്നുണ്ട്.
കോടതി:
“ഇപ്പോഴെങ്ങനെ രക്ഷപ്പെട്ടൂ..?!!”
ഇര:
“ആ തുരുത്തിൽ കനത്ത ഹിമപാതം സംഭവിച്ചു.
അവിടെയെത്തിയ അതിശക്തമായ കാറ്റാണ്
ഇവിടെയെത്തിച്ചത്.”
ഇരയുടെ തെളിവുകൾ സത്യസന്ധവും
കൃത്യവുമാണെന്നു കോടതിക്കു
ഉത്തമ ബോദ്ധ്യം വന്നു.
(എങ്കിലും,
പ്രതിക്ക് ഏറ്റവും ഉയർന്ന ശിക്ഷ വിധിക്കേണ്ട
നീതിബോധത്തിലേക്കായി
കൂടുതൽ തെളിവുകൾ ആവശ്യമാണല്ലോ?!!)
കോടതി:
“കൂടുതൽ തെളിവുകളെന്തെങ്കിലും..?”
ഇര:
“മൂന്ന് കുഞ്ഞു തലകൾകൂടിയുണ്ട്…”
“അതിൽകൂടുതലെന്തെങ്കിലും…?”
(കോടതി പ്രതീക്ഷിച്ചതിതുവരെ
കിട്ടിയില്ലെന്നു തോന്നുന്നു…!)
ഇര:
“ഇനിയിതു മാത്രമേയുള്ളൂ കയ്യിൽ…”
ഇരയുടെ കൈക്കുമ്പിളിൽ
കൊഴുത്ത ദ്രാവകം നിറഞ്ഞിരിക്കുന്നതു
കോടതിയുടെ നഗ്നമായ കണ്ണുകളിൽ
പ്രതിഫലിക്കുന്നതും കോടതിയുടെ
മൂക്കിൻപാലം ഈറനാകുന്നതും
അതിൻറെ ഇരുവശങ്ങളിലും
നീർച്ചാലുകൾ രൂപം കൊള്ളുന്നതും
ഇര കണ്ടു.
ഇതിനിടെ,
ഇരയുടെ കൈക്കുമ്പിളിലെ ദ്രാവകം
സാക്ഷിക്കൂടും കടന്നു
കോടതിയുടെ കൊട്ടുവടിയേയും ചുറ്റി
നീതിദേവതയുടെ തുലാസിൻറെ
വലത്തേ തട്ടിലേക്കെത്തിക്കഴിഞ്ഞിരുന്നു.
ഈ സമയം,
കോടതിപ്പറമ്പിലെ അയിനി പ്ലാവിൻറെ
ഏറ്റവും മുകളിലുള്ള കൊമ്പിൽ
ഒരു ജഡം
തൂങ്ങിയാടുന്നുണ്ടായിരുന്നു.
അതിൻറെ നെഞ്ചിൽ, ഒരിഞ്ച് മിച്ചമില്ലാതെ,
വെടിയുണ്ട വലിപ്പത്തിൽ ദ്വാരങ്ങളുണ്ട്.
അതിൽനിന്നും, കടുംചുവപ്പു നിറത്തിലുള്ള
അക്ഷരങ്ങളുടെ അച്ചുകൾ
ഊർന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു…!