തീവണ്ടിയിലെ
വിരസമാം യാത്രയേ മറികടക്കാൻ
ഞാൻ സഹയാത്രികയിലൊരു
പ്രണയം നട്ടു
അത് കണ്ടിട്ടാകണം
തീവണ്ടികൂക്കിയും, ഒച്ചയും
പഴയൊരനുരാഗ ഗാനത്തിനീണത്തിൻ
മുരളിയിലൂടെ പുറത്തു വിട്ടു
ഓടി മറയും പച്ചപ്പും,
തെങ്ങിൻ തൈകളും,
വാഴത്തോപ്പും
വൃന്ദാവനത്തിന്റെ ഭംഗിചൂടി
നിളയുടെ കുറുകെയുള്ള
പാലത്തിലൂടെ പോകവേ
കായലിൽ വീണ
നിഴൽത്തീവണ്ടിബോഗിയിൽ
ഞങ്ങളൊന്നിച്ചു
മുങ്ങി നിവർന്നു
അവളുടെ
ഈറൻ മുടിത്തണുപ്പിൽ
ഞാനെൻ മുഗ്ദപ്രണയത്തിൻ
പുഷ്പം ചൂടിച്ചു
ആ ചെങ്കവിൾ ചോലയിൽ നിന്നും
നിണമൂറ്റിക്കുടിച്ചുന്മത്തനായ്
പാട്ട് മൂളിയൊരു
കൊതുകെൻ കൈത്തണ്ടയിൽ
വന്നിരുന്നനേരം,
നിനച്ചിരിക്കാത്തൊരടിയാൽ
കൊതുകിനെ വകവരുത്തി
പ്രാണേശ്വരിയുടെ
രക്തത്തിൽ ഞാനെൻ
പ്രണയമെഴുതി വച്ചു.