ഗാന്ധിയെ കൊല്ലാനെടുത്ത
തയ്യാറെടുപ്പു- കനത്തിൽ
എഫേർട്ടിട്ടാലേ,
കവിതകളോരോന്നും
പൂർത്തിയാവൂ .
പെരുവെരലീന്നെരച്ച്
കണ്ണിനാത്ത് പൊളക്കണോണ്ടോ?
നീർക്കെട്ട് വിട്ടിറങ്ങി പോവ്വാത്തോണ്ടോ ?
തീർക്കുന്ന-
ഓരോ കവിതയും
ഒരുപാട് തവണയുടെ തിരുത്താണ്.
പലപ്പോഴും, ഉടനെ-
തീരുമെന്നും തീർന്നെന്നും ഇതെന്നും-
ഈശോന്റെ മുന്നിലെ ബൾബ്
പോലെ കെട്ടും തെളിഞ്ഞും
കാട്ടും;
‘വെള്ളത്തില് വരച്ച വര പോലെ’.
എന്തൊരു പാടാണ്-
ഗാന്ധിയെ കൊല്ലാൻ.
എന്തൊരു പാടാണൊരു-
കവിത നിർത്താൻ.
പ്രോബ്ലം ഉന്തി നിൽക്കുന്നു.
ആർഗുമെന്റുകളേറെ,
കിന്റെല് കണക്കെ-
കണ്ടന്റും റെഫെറെൻസും
എങ്കിലും അങ്ങോട്ടഴഞ്ഞാവണില്ല;
ഗാന്ധി, ഭൂമിയിലാകെ ഓടിനടന്ന്
സമരം തെളിയിക്കുന്നു.
കവിത, മിണ്ടുന്നവരുടെ
കൂടെയിറങ്ങി പോകുന്നു.
തീരാനിനി;
ഗാന്ധി വിചാരിക്കണോ ?
കവിത വിചാരിക്കണോ ?