വയറു നിറച്ചും പട്ടിണി തിന്ന്, വിശപ്പിന്റെ ഏമ്പക്കം രാത്രിയുടെ ഏതോ വിനാഴികയിൽ തികട്ടിയെഴുന്നേൽപ്പിച്ചപ്പോൾ മൂസ പായിൽ മലർന്നു കിടക്കുന്ന ഉമ്മാന്റെ കവിളിൽ പിടിച്ച് തന്റെ മുഖത്തിനു നേരെ തിരിച്ചു.
“പൈക്കണ് ഉമ്മാ…”
കീറോലപ്പഴുതുകളിലൂടെ ആകാശത്ത് പാകിയ ധാന്യമണികൾ സവിസ്തരം എത്തി നോക്കുന്ന അരച്ചുമരുള്ള മുറി. ശൂന്യാകാശ നിശ്ശബ്ദതയിലേക്കു നോക്കിയവൾ ആലോചിക്കുകയായിരുന്നു.
സുൽത്താനുമായി പ്രണയത്തിലായി.
വീട്ടുകാർ എതിർത്തപ്പോൾ ഒളിച്ചോടി.
മരക്കച്ചവടത്തിന് നിലമ്പൂർക്ക് പുറപ്പെട്ടപ്പോൾ ആഭരണങ്ങൾ ഊരിക്കൊടുത്തു. സുൽത്താന്റെ യാതൊരു വിവരവും ഇല്ലാതായിട്ടിപ്പോൾ ഒരായുസ്സോളം നീണ്ട അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
ബാക്കിയുണ്ടായിരുന്ന ആഭരണങ്ങൾ പലപ്പോഴായി വിറ്റു.
ഇനി വിൽക്കാനെന്തുണ്ട്!
തണുപ്പുറഞ്ഞ തന്റെ യൗവനത്തിലേയ്ക്കൊന്നു നോക്കി.
കുറ്റബോധത്തോടെയും അതിനേക്കാൾ മൂർത്തമായ മോഹഭംഗത്തോടെയും, വശത്തേയ്ക്ക് ചെരിഞ്ഞുകിടന്ന് അവന്റെ മുതുകിൽ തട്ടിയവൾ ആശ്വസിപ്പിച്ചു,
‘അന്റെ ഉപ്പ വര്വടാ കൊറേ കാശും കൊണ്ട്. അന്ന് അന്റെ വെശപ്പ് തീര്വോളം പള്ള നെർച്ച് തിന്നാൻ വാങ്ങിത്തരും ട്ടോ.’
‘വെശപ്പ് മാറേ’
അങ്ങനെയൊന്ന് മൂസയുടെ ചിന്തയ്ക്കപ്പുറമായിരുന്നു.
മൂസയെ തന്റെ ദേഹത്തേയ്ക്കടുപ്പിച്ചു കിടത്തി അവൾ പാടി, സുൽത്താന്റെയൊപ്പം ടൗണിൽ പോയി കണ്ട ‘രാരിച്ചൻ എന്ന പൗരൻ’ എന്ന സിനിമയിലെ പാട്ട്.
‘നാഴിയുരിപ്പാലുകൊണ്ട്
നാടാകെ കല്യാണം
നാലഞ്ചു തുമ്പകൊണ്ട്
മാനത്തൊരു പെരുനാള്
മൂസാൻറെ മാനത്തൊരു പെരുനാള് …’
പാട്ടിൽ മൂസയുടെ പേര് കേൾക്കുമ്പോൾ അവൻ ഉള്ളുലഞ്ഞു കിണുങ്ങിച്ചിരിക്കും.
കൊതിയൂറും രുചികളുടെ സുഗന്ധവ്യഞ്ജനത്തെരുവിലൂടെ കറങ്ങിതിരിഞ്ഞു നിറയെ ബിരിയാണിയുള്ളൊരു ഉറക്കത്തിലേക്കവൻ വഴുതി വീണു. അവന്റെ വായിൽ നിന്നും കൊതിവെള്ളം ഉമ്മയുടെ ജാക്കറ്റിലേയ്ക്കൂറി വീണു.
“സ്‌കൂളടച്ചാപ്പിന്നെ ചെക്കന് കാരോടി നടക്കാനേ നേരള്ളൂ. ഒന്നിനാത്രം പോന്നൂന്നൊരു വിചാരം വേണ്ടേ കുട്ട്യോൾക്ക്. വീട്ടിലെ ഒരാവശ്യത്തിനും കാണില്ല്യ, ചെർമച്ചെക്കൻമാർടൊപ്പം തെണ്ടി നടക്കലെന്നെ. അച്ഛൻ ലീവിന് വരട്ടെ, ഞാൻ പറഞ്ഞു കൊട്ക്കണ് ണ്ട്…”
അമ്മയുടെ ആക്ഷേപം കേൾക്കുമ്പോൾ അച്ചുവിന് എന്തെന്നില്ലാത്ത അരിശം കയറും.
‘എന്തൊരു സഹായത്തിനും ഓടിയെത്താൻ അവരേയുള്ളൂ, അതിർത്തിയിൽ കിടക്കണ അച്ഛനല്ല. ഇന്നാളൊരീസം താലിമാല കൊളുത്തുപൊട്ടി കിണറ്റിൽ വീണപ്പോൾ മൂക്കുപിഴിഞ് അലമുറയിട്ട അമ്മയ്ക്ക് കിണറ്റിലിറങ്ങി മാല മുങ്ങിയെടുത്തു കൊടുത്തത് നീലാണ്ടനായിരുന്നില്ലേ! എന്നിട്ടോ…! പിറ്റേന്ന് അതിരാവിലെത്തന്നെ അമ്പലത്തിൽ പോയി ഒരു മൊന്ത പുണ്യാഹം കൊണ്ടുവന്ന് കിണറ്റിൽ തളിച്ചപ്പോൾ വെള്ളം ശുദ്ധമായെത്രെ…
ഒലക്കേണ്!’
** ***
റെയിൽവേ സ്റ്റേഷനോടുചേർന്ന് റോഡിന്റെ ഇരു വശവും കുറുപ്പിന്റെ പീടികകളാണ്.
റേഷൻകടയും പലചരക്കും അയാൾ നടത്തുന്നതും, ബാക്കിയുള്ളവയെല്ലാം വാടകയ്ക്കുമാണ് – നമ്പീശന്റെ മരുന്നുകട, അയ്യപ്പുവിന്റെ പലചരക്കുകട, മുഹമ്മദ് ഹാജിയുടെ പൊടിമില്ല്, ഗോപാലന്റെ ചായക്കട, സേതുമാഷിന്റെ സരിതാ ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബാലന്റെ തുന്നൽപ്പീടിക, നാരായണന്റെ ബാർബർ ഷാപ്പ്. പുറമ്പോക്കിൽ ഒരു ചായ്പുകെട്ടി ഉണ്ണീൻകുട്ടിയുടെ ഉണക്കമീൻ കച്ചവടവുമുണ്ട്.
അൽപ്പം മാറി അബ്ദുൾറഹിമാൻ സാഹിബ് മെമ്മോറിയൽ ലൈബ്രറി. പകൽസമയം ആരും പുസ്തകമെടുക്കാൻ വരാറില്ലാത്തതിനാൽ വൈകുന്നേരം വരെ ലൈബ്രറി അടഞ്ഞു കിടക്കും.
ലൈബ്രറിയുടെ വരാന്തയിലാണ് പേപ്പർക്കൂട് നിർമ്മാണം.
നൂറു കൂടിന് ഒരുർപ്പ്യ പ്രതിഫലം.
അച്ചുവും, സുബ്രനും, മണിയും, രാജനും ഒരു ദിവസം ഏകദേശം അഞ്ഞൂറ് കൂടെങ്കിലും ഒട്ടിക്കും.
മൂസ കവലയിലൊക്കെ കറങ്ങി നടന്ന് ബീഡിക്കുറ്റി പെറുക്കും.
വിശപ്പിനെതിരെയുള്ള മൂസയുടെ ഒറ്റമൂലിയാണ് ബീഡിപ്പുക.
ഉച്ചയോടെ കൂടുകൾ ഉണങ്ങാൻ വെയ്ക്കണം. അസർ നമസ്കാരത്തിന് മുൻപായി മേസ്തിരി മജീദ് വന്ന് കൂടുകളെണ്ണി പൈസ കൊടുക്കും. ചായയും, കടിയും അപ്പോഴേക്കുമെത്തും.
അച്ചുവിന്റെ കടി മൂസയ്ക്കുള്ളതാണ്.
‘വേണ്ട അച്ചുക്കാ…’ എന്ന മാന്യമായ ഉപചാര വാക്കു പറഞ്ഞേ മൂസ പലഹാരം വാങ്ങാറുള്ളൂ!
കൂമൻമൂളിക്കുന്നിന്റെ ചാമ്പ്രയിൽ നിന്ന് നോക്കിയാൽ കുറുപ്പിന്റെ വിശാലമായ പാടം കാണാം, കുളം കാണാം, കുളപ്പുര കാണാം.
വഴിയിൽ നിന്നും പെറുക്കിയെടുത്ത ബീഡിക്കുറ്റികൾ മൂസ നിലത്തേയ്ക്ക് കുടഞ്ഞിട്ടു. ബീഡിക്കരിയും, പൊടിയും, മുഷിഞ്ഞ പുകമണവും പരന്നു.
വലിയ കുറ്റികൾ പെറുക്കിയെടുത്ത് അവൻ നിരീക്ഷണം നടത്തി.
‘ഇത് കാജാ ബീഡി, മാപ്ലമാര് വലിക്കണ ബീഡി.
ഇത് ഗണേശ് ബീഡി, ഹിന്ദുക്കള് വലിക്കണ ബീഡി.
ഇത് ദിനേശ് ബീഡി, കമ്മുണിസ്റ്റേര് വലിക്കണ ബീഡി.
ഇത് സാധു ബീഡി, മതല്ല്യാത്ത ബീഡി, സാധുക്കള് വലിക്കണ ബീഡി.’
‘ഞങ്ങള് മൊയലാളിമാര് വലിക്ക്ണ ബീഡീന്റെ പേരെന്താന്നറിയോ ങ്ങക്ക്?’
ആർക്കും ഉത്തരമില്ലെന്ന കണ്ട മൂസ തുടർന്നു.
‘സിഗ്രേ…റ്റ്’
അതു പറയുമ്പോൾ മൂസയുടെ കീഴ്ചുണ്ട് വക്രിച്ചു, ശബ്ദം ഒരു കിളിയുടേതുപോലെ ഇമ്പമുള്ളതായി.
ശ്വാസം പിടിച്ചൊരു പുകയെടുത്ത് മൂക്കിലൂടെയും, വായിലൂടെയും പുറത്തേക്കുവിട്ട് സുബ്രൻ ചോദിച്ചു, ‘എടാ… അന്റെ ഉമ്മ നല്ലോണം വെള്ത്ത്ട്ടാണല്ലോ, ഇയ്യെന്താ ങ്ങനെ കരുവാളിച്ചു പോയേ..?’
കൂട്ടത്തിലെ ഏറ്റവും കറുപ്പനാണ് സുബ്രൻ.
‘ങ്ങള് കുറ്റാലം ന്ന് കേട്ട്ക്ക്ണാ… ന്റെ ഉപ്പൂപ്പ അവ്ട്ന്ന് കൊടുങ്ങല്ലൂർക്ക് കുടിയേറീതാത്രേ!
കൊറേ പൈസീം, പേരും കേട്ടൊരു വെള്ത്ത റാവുത്തറായിരുന്നൂത്രേ ഉമ്മാന്റുപ്പ.
ഉപ്പാക്ക് തുണിക്കച്ചോടായിരുന്നൂത്രേ…
ചെങ്ങായിമാര് പറ്റിച്ചപ്പോ മൂപ്പര് നെലമ്പൂർക്ക് പോയി… മരക്കച്ചോടത്തിന്.
ഇക്ക് ഉപ്പാന്റെ കറപ്പാ കിട്ടീക്കണത്…’
പുറപ്പെട്ടുപോയ ഉപ്പ തിരികെ വരുമെന്നുതന്നെ മൂസ വിശ്വസിച്ചിരുന്നു.
സായാഹ്ന ധൂളികൾക്കിടയിലൂടെ ഒരു യുവതുർക്കിയെപ്പോലെ, തിളങ്ങുന്ന കുപ്പായവും അറ്റം കൂർത്ത പാദരക്ഷയുമണിഞ്ഞ സുൽത്താൻ കുതിരപ്പുറത്തുവരുന്നതായി അവൻ കിനാവ് കണ്ടു.
** *****
പുസ്തകം തിരഞ്ഞു സമയം പോയതറിഞ്ഞില്ല. തിരച്ചിലുകൾക്കൊടുവിൽ എം.എൻ. സത്യാർത്ഥി വിവർത്തനംചെയ്ത ‘പ്രഭുക്കളും ഭൃത്യരും’ എന്ന ബംഗാളി കൃതി കിട്ടി. സ്വാതന്ത്ര്യ സമരകാലത്ത് ആൻഡമാൻ ജയിലേക്കുള്ള തീവണ്ടിയാത്രാമദ്ധ്യേ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ സത്യാർത്ഥിയെന്ന വിപ്ലവകാരിയുടെ ത്രസിപ്പിക്കുന്ന കഥ അച്ചു വായിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ കുറുപ്പിന്റെ കൂത്താട്ടമാണ് കവലയിൽ.
അയാളുടെ കണ്ണിൽപ്പെടരുത്.
അച്ചു വേഗതയൽപ്പം കൂട്ടി നടന്നു.
‘ഡാ ഇങ്ങട്ടു വന്നാ…’
കുറുപ്പാണ്.
തന്നെയാണോയെന്ന സംശയത്തോടെ അച്ചു ചുറ്റുമൊന്നു നോക്കി.
‘ആ, അന്നെത്തന്നെ’
അവന്റെ വലതുകൈ പിടിച്ച് ചാരെ നിർത്തി അയാൾ ഗൗരവം വരുത്തി പറഞ്ഞു.
‘ഒരു സാധനം തരാ, അത് അന്റെ അമ്മയ്ക്ക് കളയാണ്ടെ കൊണ്ടേ കൊടുക്കണം ട്ടോ…’
അച്ചുവിന് എന്തെങ്കിലും മനസ്സിലാവുന്നതിനു മുൻപ് അവന്റെ കൈ പിടിച്ച് അയാളുടെ നിക്കറിലേയ്ക്ക് കടത്തി വെച്ച് പൃഷ്ഠത്തിലേയ്ക്കടുപ്പിച്ച് ‘പ്റോം…’ ശബ്ദത്തിലൊരു അധോവായു വീട്ടു കൊടുത്തു.
‘മുറുക്കിപ്പിടിച്ചോ, ഓടിപ്പോയി കൊണ്ടുകൊടുക്ക്!’
കുറുപ്പ് അട്ടഹസിച്ചു.
ലോകത്തിലെ ഏറ്റവും മഹത്തായ ഒരു തമാശാ പ്രകടനം കണ്ടതുപോലെ കുറുപ്പിന്റെയാളുകൾ കൈയടിച്ച് അട്ടഹസിച്ചുകൊണ്ടിരുന്നു. വലതുകൈ ശരീരത്തിൽ നിന്നകറ്റിപ്പിടിച്ച്, ഇരുട്ടുവിഴുങ്ങിയ വഴിയിലൂടെ അച്ചു തിരിഞ്ഞു നോക്കാതെയോടി. പെൺകുട്ടികളെയും ഇയാൾ ഇതുപോലുള്ള കുസൃതിയ്ക്കിരയാക്കാറുണ്ട്. ചിലപ്പോൾ മുൻവശത്തായിരിക്കുമെന്നു മാത്രം. ഒത്തുകിട്ടിയാൽ കുളപ്പുരയിലേയ്ക്ക് പെണ്ണുങ്ങളെ വലിച്ചുകൊണ്ടുപോകാനും അയാൾ അറയ്ക്കില്ല.
പോലീസിന്റെ കൈകളിലായിരുന്നു നിയമം.
കുറുപ്പിന്റെ കൈകളിലായിരുന്നു പോലീസ്.
ഒരു രാത്രിയിൽ, നീലാണ്ടൻ റാക്കിന്റെ ത്രികാലജ്ഞാനത്തിൽ തപ്പിത്തടഞ് വഴിയോരത്തെ കുളത്തിൽവീണ് ചത്തതിന്റെ മൂന്നാം ദിവസം, ഞാനെങ്ങും പോയില്ലെന്ന ഓർമ്മപ്പെടുത്തലോടെ പൊങ്ങിയതിന്റെയന്ന്, റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ രണ്ട് പോലീസുകാർ നേരെ പോയത് കുറുപ്പിന്റെ വീട്ടിലേക്കാണ്.
ലാടം കെട്ടിയ കുളമ്പടിയൊച്ചയുള്ള ബൂട്സും, വടിവൊത്ത് ഉദ്ധരിച്ചുനിൽക്കുന്ന ട്രൗസറും, കൂർത്ത തൊപ്പിയും ധരിച്ച പോലീസ് കൗതുകമുണർത്തിയെങ്കിലും, വാക്കുകൾക്ക് ദുർഗന്ധമായിരുന്നു. പ്ലാറ്റ്‌ഫോമിൽ കിടത്തിയ മൃതദേഹത്തിലും, പോലീസിനെയും നോക്കി നിന്ന നാട്ടുകാരോട് പോലീസ് ചീറി,
‘എന്തെരടാ നായിന്റെ മക്കളെ നോക്കി നിക്കണത്… നീയൊക്കെ നക്സലാണോടാ… എല്ലാറ്റിനേം അള്ളിയെടുത്ത്കേംമ്പീ കൊണ്ടോയി ലാത്തി കേറ്റും കേട്ടോടാ, അരുവാണികളെ…’
പലയിടത്തും പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്ന നക്സലുകൾക്ക് ഈ ഗ്രാമത്തിലും അംഗബലമുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്. സംശയം തോന്നുന്ന ആരെയും കൈകാര്യം ചെയ്തുകൊള്ളാൻ കുറുപ്പിന് പോലീസിന്റെ അനുമതിയുമുണ്ട്.
‘അധികാരവും, നിയമവും അവിഹിത വാഴ്ച്ചയിലേർപ്പെടുന്ന രമ്യഹർമ്മ്യ തളങ്ങളിലാണ് കരിനിയമ ജാരസന്തതികളെ വിസർജ്ജിച്ചിടുന്നത്.’ ചന്ദ്രൻമാഷ് പറയുന്നതാണ്.
കുറുപ്പൊരു നിയമ വ്യവസ്ഥയും, ബാക്കിയുള്ളവർ അയാൾക്ക് വിധേയരുമായിരുന്നു.
അവർ കുറുപ്പിനെ ഭയന്ന് ജീവിച്ചു.
കുറുപ്പിന് ആരെയും ഭയക്കേണ്ടതില്ല, ചന്ദ്രൻമാഷിനെയൊഴികെ.
ഒരിക്കൽ ചന്ദ്രൻ മാഷിന്റെയും, കൂട്ടരുടെയും ആക്രമണത്തിൽ നിന്നും ഒരുവിധമാണ് കുറുപ്പ് രക്ഷപ്പെട്ടത്. അഭ്യാസികളായ കോട്ടത്തറവാട്ടിലെ ഇളമുറക്കാരാണ് കുറുപ്പിനെയന്ന് രക്ഷിച്ചത്.
അതിൽപ്പിന്നെയവർ കുറുപ്പിന്റെ അംഗരക്ഷകരായി.
** ***
ഭീമാകാരാനായൊരു കാളസർപ്പം ഭൂമിയെ വിഴുങ്ങിയതുപോലെ, തമസ്സിൽ പുതഞ്ഞ
അനിശ്ചിതത്വത്തിന്റെ നാളുകൾ…
വിത്തുപത്തായങ്ങളും, ധാന്യകുംഭങ്ങളും തരിയറ്റു.
കൂലിയില്ല, നെല്ലില്ല, റേഷനില്ല.
ആഴ്ചകൾക്കുശേഷമാണ് റേഷൻകട തുറക്കുന്നത്.
അച്ചു ഓടുകയായിരുന്നു.
പുറകിൽ നിന്നാരോ കൈതട്ടി വിളിച്ചു.
മൂസ.
ഉമ്മയുമുണ്ട്.
‘എങ്ങട്ടാ രണ്ടാളും…?’
‘ഇക്കാക്കാന്റെ ചെങ്ങായി സുബൈറിക്ക ദുബായ്‌ന്ന് വന്ന്ട്ട്ണ്ട്, മൂപ്പര് ബേഗ് കമ്പനി തുടങ്ങീത്രേ… മൂസാന് എന്തെങ്കിലും പണി കിട്ട്വോന്ന് നോക്കാൻ പുവ്വാ മാനേ…’
അപ്പർ പ്രൈമറി കഴിഞ് സ്‌കൂളടച്ചപ്പോൾ മൂസ പറഞ്ഞത് അച്ചു ഓർത്തു,
‘ഉമ്മാനെ നോക്കണം. അച്ചുക്കാ, ഇഞ്ഞി ഞാൻ സ്കൂളീ പോവൂല.’
വെളുത്ത കുപ്പായവും മുണ്ടുമുടുത്ത് ചൊങ്കനായിട്ടുണ്ട്. അത്തറും, പൗഡറും ചേർന്നൊരു മണം അവനെ പൊതിഞ്ഞുനിന്നു.
‘ഉം… ന്നാ പൊയ്‌ക്കോളിൻ’ അച്ചു മൂസയുടെ തോളിൽത്തട്ടി.
അൽപ്പം മുന്നോട്ടുനടന്ന് മൂസ തിരിഞ്ഞുനോക്കി കുസൃതിച്ചിരിയോടെ പറഞ്ഞു,
‘ഇഞ്ഞി ങ്ങടൊപ്പം സർക്കീട്ടിനൊന്നും ണ്ടാവൂല ട്ടോ അച്ചുക്കാ…’
അവർ മൂന്നുപേരും ചിരിച്ചു.
റേഷൻകടയ്ക്കു മുൻപിൽ വലിയൊരു കൂട്ടമുണ്ടായിരുന്നു.
അരിയാഹാരം കഴിച്ച നാളുകൾ മറന്ന സാധാരണക്കാർ.
മേശപ്പുറത്തുവെച്ച റേഷൻ കാർഡുകളിൽ കണക്കപ്പയ്യൻ എന്തെല്ലാമോ എഴുതി കാർഡുടമയുടെ പേര് വിളിച്ച് ‘സ്റ്റോക്കില്ലെ’ന്നു പറഞ്ഞു തിരിച്ചുകൊടുത്തു കൊണ്ടിരുന്നു.
പതിവുപോലെ, ആർക്കും റേഷനില്ല!
പ്രതിഷേധിക്കാൻ ഭയമുള്ള ജനങ്ങൾ അടക്കിപ്പിടിച്ച് സംസാരിച്ചു നിൽക്കുമ്പോഴാണ് ഒരു ജാഥ അതുവഴി കടന്നുപോയത്.
‘ചേലാട്ടച്ചുത മേനോനെ
ചേലല്ലാത്തതു ചെയ്തീടിൽ
ചെങ്കൊടി താഴെ വെപ്പിക്കും
ചേലാട്ടേക്കു നടത്തിക്കും…’
ചെങ്കൊടിയേന്തിയ സ്ത്രീകളും, ചെറുപ്പക്കാരും അണിചേർന്ന ജാഥ റേഷൻകടയുടെ മുന്നിലൂടെ റെയിൽവേ സ്റേഷനുള്ളിൽക്കടന്ന് അവിടമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കടന്നുപോയി.
‘പട്ടാമ്പിയിൽ ഇ.എം.എസ്. പ്രസംഗിക്കുന്നുണ്ടത്രേ’ ആരോ പറഞ്ഞു.
അടിയന്തിരാവസ്ഥ ‘ഇന്ത്യയുടെ’ സുരക്ഷയ്ക്ക് എന്നെഴുതിയ റേഷൻകടയുടെ മതിലിൽ ‘ഇന്ദിരയുടെ’ എന്നാരോ മാറ്റിയെഴുതിയിരുന്നു. അതിനുതാഴെ, മുഴുത്ത കറുത്ത അക്ഷരങ്ങളിൽ ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ’ എന്ന് എഴുതിക്കണ്ടു.
മതിലിനോട് സമാന്തരമായി കവടിപ്പിഞ്ഞാണം തുളയിട്ടതിൽ ബൾബ് തിരുകിവെച്ചതുപോലൊരു വഴിവിളക്ക് തെളിച്ചമില്ലാതെ കത്തി.
‘റേഷനൊന്നും കിട്ടിയില്യ, അവിടെ ഒന്നൂല്യ, പോരാത്തതിന് ഒടുക്കത്തെ തെരക്കും.’ വൈകിയതിന്റെ കാരണമെന്നോണം അച്ചു പറഞ്ഞു.
പതിവ് ശകാരമില്ല.
‘ഇയ്യൊന്നു മൂസേടെ വീട് വരെ പോ’
‘എന്തേ… ഈ സമേത്ത്?’
മറുപടിയില്ല.
‘ടോർച്ചെടുത്തോ ട്ടോ’
‘ഇന്നാ… ഇതാ ചെക്കന് കൊടുക്ക്.’
കഞ്ഞിയും, തേങ്ങാസമ്മന്തിയും, ഉണക്കമുള്ളൻ ചുട്ടതും.
മൂസയ്ക്ക് കൊടുക്കുന്നത് അച്ചുവിനും സന്തോഷമാണ്.
മൂസയുടെ വീടിനടുത്തെത്താറായപ്പോഴേക്കും അവനെത്തേടി സുബ്രനും, രാജനും ഓടി വരുന്നുണ്ടായിരുന്നു.
‘ഇയ്യറിഞ്ഞോ…?’
‘എന്താടാ…?’
‘ആ കുറുപ്പില്ലേ, മ്മടെ മൂസേനെ തല്ലീന്ന്. നായക്കാട്ടം, പണ്ടാറടങ്ങിപ്പോട്ടെ…’
സുബ്രൻറെ തൊണ്ടയിടറി, കണ്ണുനിറഞ്ഞു.
കുറുപ്പെന്തിന് മൂസേനെ തല്ലണം?
അച്ചുവിന്റെ നടത്തത്തിന്റെ വേഗത അറിയാതെ കൂടി.
അവർ നിർത്താതെ സംഭവങ്ങൾ വിവരിക്കുന്നുണ്ടായിരുന്നെങ്കിലും വാക്കുകൾ മുറിഞ്ഞുപോവുന്നതുപോലെ തോന്നി അച്ചുവിന്.
‘….പിന്നെ, വീടെത്തുന്നവരെ ഓനെ അടിച്ചുത്രെ…’
വീടിനുപുറത്ത് ആളുകൾ കൂടി നിൽക്കുന്നുണ്ട്.
അച്ചു അകത്തേയ്ക്ക് കയറി.
‘മാനേ ഇയ്യിത് കണ്ടാ…’
ഉമ്മയുടെ മടിയിൽക്കിടന്ന് ഞരങ്ങുന്ന മൂസയുടെ വെളുത്ത കുപ്പായത്തിലെ ചോരയുടെ കടുംകറ ഈറനാറിയിട്ടുണ്ടായിരുന്നില്ല. ചുണ്ടുകൾ നീരുവന്ന് വീർത്തിരുന്നു.
മുഖത്തുനിന്ന് കിനിഞ്ഞിറങ്ങുന്ന ചോര ഉമ്മ തട്ടംകൊണ്ട് തുടച്ചുകൊണ്ടേയിരുന്നു.
‘ന്താടാ ണ്ടായേ..?’
ഉരുണ്ടുചാടിയ കണ്ണുനീർ തുടക്കാതെ അച്ചു ചോദിച്ചു.
മൂസ അവനെ ദയനീയമായി നോക്കി. ശ്രമപ്പെട്ട് വായ പാതി തുറന്ന് എന്തെല്ലാമോ ഞരങ്ങി.
‘സുബൈറിക്കാന്റെ വീട്ടീന്ന് വരുമ്പോ തോട്ടത്തിക്കേറി ഓൻ രണ്ട് ചെറ്യേ വെള്ളരിക്കാപ്പൂവല് പൊട്ടിച്ചു. അത് കണ്ട കുറുപ്പ് ഓനെ വീടെത്തുന്നോളം അടിച്ച്. റോട്ടുക്കൂടെ വലിച്ചിട്ട് പെരടീമെ ചവിട്ടിപ്പിടിച്ച് ഓന്റെ കൈയ്യ് പിടിച്ച് തിരിച്ച്. നടൂന് ചവുട്ട്യപ്പോ ന്റെ കുട്ടി കുറ്റിച്ചൂല് പോലെ കാളച്ചാലിൽക്ക് വീണു, ന്റെ മാനേ….
പിടിക്കാൻ ചെന്ന ഇന്നേം ചവ്ട്ടി…’
ഒരു ചെക്കനെ ഇത്രയും നീചമായി തല്ലിച്ചതക്കാൻ ഒരാൾക്കെങ്ങിനെ കഴിയുന്നുവെന്ന് അച്ചു അത്ഭുതപ്പെട്ടു.
‘സാരല്യടാ… ഇയ്യീ കഞ്ഞികുടിച്ചാ…’
തോളിൽത്താങ്ങി മൂസയെ തന്റെ ദോഹത്തോടു ചാരിയിരുത്തിയപ്പോൾ മുണ്ടിന്റെ കോന്തലയിൽ തിരുകിവെച്ച രണ്ട് വെള്ളരിക്കാപ്പൂവലുകൾ താഴേയ്ക്കുരുണ്ടു വീണു.
അവന്റെ കൈ ഒടിഞ്ഞുതൂങ്ങിയിരുന്നു, തണ്ടെല്ല് ഒടിഞ്ഞതുപോലെ അച്ചുവിന്റെ ദേഹത്തോടവൻ ചാഞ്ഞുകിടന്നു.
ഒരു പ്ലാവില കഞ്ഞി കഷ്ടപ്പെട്ടു തുറന്ന വായിലേക്കൊഴിച്ചു കൊടുത്തപ്പോൾ അച്ചുവിനെ നോക്കി ചെറുതായൊന്നു ചിരിച്ചു.
വേദനയുടെ കാരമുള്ളുകൾ എല്ലോളം തറഞ്ഞിരുന്ന ചിരി.
അതുവരെ അടക്കിനിർത്തിയ സങ്കടമെല്ലാം വെള്ളച്ചാട്ടംപോലെ അച്ചുവിൽ നിന്ന് പുറത്തുചാടി.
അവനെ മാറോടു ചേർത്ത് അച്ചു വാവിട്ടുകരഞ്ഞു.
** ***
മൂസയെ നാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.
അച്ചുവും, അയൽവാസികളും രാവിലെത്തന്നെ വരും.
ഉറക്കം വരാതെ പായയിൽക്കിടന്നു പുളയുന്ന മൂസയുടെ തല മടിയിലേക്കുവെച്ച് അവന്റെ മുടിയിൽ തലോടി അവർ മൂളി.
‘ഹസ്ബീ റബ്ബീ ജല്ലള്ളാ
മാഫി ഹൽഫീ ഹൈറുള്ളാ
നൂറു മുഹമ്മദ് സല്ലള്ളാ
ഹഖ് ലാ ഇലാഹാ ഇല്ലള്ളാ…’
താരാട്ടിനിടയിലെപ്പോഴോ ചെറുതായൊന്നു മയങ്ങിപ്പോയി.
അതിനിടെ മൂസയുടെ റൂഹിനെ മരുഭൂമിയിലെ ഒരു ചെടി പിഴുതെടുക്കുന്ന ലാഘവത്തോടെ മലക്കുൽ മൗത് ശരീരത്തിൽ നിന്നും വേർപെടുത്തി വേദനയും വിശപ്പുമില്ലാത്തൊരിടത്തേയ്ക്ക് കൊണ്ടുപോയി.
‘കിടന്നു നരകിയ്ക്കാതെ ഓൻ പോയില്ലേ, അങ്ങിനെ ആശ്വസിക്കിൻ.
ഉമ്മയോട് യാത്ര പറഞ്ഞു ചന്ദ്രൻ മാഷ് പുറത്തേയ്ക്കിറങ്ങി.
മഗ്‌രിബ് ബാങ്കിന്റെ ഏങ്ങലുകൾ ഉമ്മയുടെ നിശ്വാസത്തോടൊപ്പം മുറ്റത്ത് ഊർന്നുവീണു.
അച്ചുവും കൂട്ടരും അയാളുടെ പിറകെ നടന്നു.
മാഷിനെ അപൂർവ്വമായേ കാണാറുള്ളൂ.
ഒളിവിലാണെത്രെ.
‘ഇങ്ങള് നക്സലാ…?’
കൂമൻമൂളിക്കുന്നിന്റെ ചെരുവിലേയ്ക്ക് തിരിഞ്ഞപ്പോൾ അറിയാമായിരുന്നിട്ടും, ഒരു മുഖവുരയിട്ട് അച്ചു ചോദിച്ചു.
നക്സലല്ല… മാവോയിസ്റ്റ്!’
ചന്ദ്രൻ മാഷ് ആകർഷകമായി മന്ദഹസിച്ചു.
‘ഓരോ കൊച്ചു വിപ്ലവവും മഹത്തായ മാറ്റങ്ങളുടെ ബ്ലൂ പ്രിന്റാണ്, അച്ചൂ.
ഒരു വിപ്ലവകാരിയുടെ പ്രസക്തിയെന്താണ്?
അടിച്ചമർത്തപ്പെട്ട സമൂഹത്തിൽ അവകാശബോധമുണ്ടാക്കുക. അതിനിടയിൽ അയാൾക്ക് നഷ്ടമാവുന്നത് സ്വന്തം ജീവിതമായേക്കാം, പക്ഷെ അയാൾ പകരുന്ന വിപ്ലവ വീര്യം തീപ്പരുന്തുകൾ കനലുകൾകൊണ്ട് കാട് ചുടുന്നതുപോലെ ആയിരങ്ങളിലേയ്ക്ക് കൈമാറിയിട്ടുണ്ടാവും.’
അവർ ശ്വാസമടക്കിപ്പിടിച്ചിരുന്നു.
‘നിങ്ങൾ തീപ്പരുന്തെന്ന് കേട്ടിട്ടുണ്ടോ? കാടിന്റെ മടകളിൽ പതിയിരിക്കുന്ന ഇരകളെ പുറത്തുചാടിക്കാൻ കൊക്കുകളിൽ കനലുമായി തീപ്പരുന്തുകൾ കാടുകൾക്ക് തീവെയ്ക്കും. തീ പടർന്നുപിടിക്കുമ്പോൾ പ്രാണരക്ഷാർത്ഥം പായുന്ന ഇരകളെ അവർ വേട്ടയാടും.
കത്തിക്കണം.
ഇരയെ പുറത്തു ചാടിക്കണം.’
ചന്ദ്രൻ മാഷിന്റെ നോട്ടം കൂമൻമൂളിക്കുന്നിന്റെ താഴെ കുറുപ്പിന്റെ നെൽപ്പാടങ്ങളിൽ ഉടക്കിനിന്നു.
** ***
മേടത്തിലെ അമാവാസിനാള് അന്ത്യപാദത്തിലാണ് ആട്ട്.
കോട്ടത്തറവാട്ടിലെ ഇളമുറയിലെ തിയ്യന്മാർ വ്രതമെടുത്ത് ബലിയിടും.
രാത്രിയുടെ മൂന്നാംയാമത്തിൽ പിതൃക്കളെ ആവാഹിച്ച് കോമരം തുള്ളും, കാർമ്മികൻ അരിയും, പൂവും, നീരും നൽകി പിതൃക്കളെ സംതൃപ്തരാക്കി മണ്ഡപത്തിൽ കുടിയിരുത്തും.
ആട്ട് കഴിഞ്ഞാൽ വിളവെടുപ്പിന് നാന്ദികുറിക്കും.
ആട്ടിന് പല ദേശങ്ങളിൽ നിന്നും ആളുകൾ വന്നണഞ്ഞു.
മുഖ്യ കാർമ്മികത്വം വഹിക്കാൻ തിരുനാവായ ചേകവത്തറവാട്ടിൽ നിന്നും കാരണവരും, കുമ്പിടിയിൽനിന്നും ഇളംതലമുറക്കാരായ തീയന്മാരും, ബന്ധുജനാദികളും, പിന്നെ അപരിചിതരായ പലരും പുഴയുടെ പല കടവുകളിലൂടെ, പലയിടങ്ങളിൽ നിന്നായി മണല് ചവിട്ടിയെത്തി.
പെട്രോമാക്സ് വെളിച്ചത്തിൽ പഞ്ചവർണ്ണപ്പൊടികളാൽ കളത്തിലെഴുതിയ ഭദ്രകാളീരൂപം തിളങ്ങി.
കോമരങ്ങൾക്ക് കാർമ്മികൻ അരിയും പൂവും, നിവേദിച്ച അടയും കൊടുത്തു.
‘ന്താ… കുടിയിരിക്കുന്നോർക്ക് സന്തോഷായില്യേ?’
‘പോരാ… അരിയും പൂവും പോരാ…’
‘വേറെന്താ വേണ്ടേ…?’
‘നീര് വേണം…’
‘നീര് തരാം. സന്തോഷായെങ്കീ കളം തുള്ളിയിട്ടേ പോകാവൂ.’
സുരപാനം വരെ പതിഞ്ഞ താളമാണ്.
തോറ്റംപാട്ടിന്റെ ഇടവായ്ത്താരിയ്ക്കനുസരിച്ച് ഇടതുകാലിൽ ചാടിയമർന്ന്, വലതുകാലുകൊണ്ട് അർദ്ധചന്ദ്രാകൃതിയിൽ ചുവടുവെച്ചമർന്ന്, തിരിച്ച് വലതുകാലിൽ ചാടിയമർന്നും താളാത്മകമായി മന്ദഗമനത്തിൽ തുടരുന്ന ചുവടുകൾ വഴിയേ വന്യതാളത്തിലേയ്ക്ക് വഴിമാറും. വീക്കുചെണ്ടകളുടെ ദ്രുതകാല മേളപ്പെരുക്കത്തിൽ കോമരച്ചുവടുകൾ കുറിയതും, വേഗമേറിയതുമായി മാറും, കുരുത്തോല- മാവിലത്തൊങ്ങലുകൾ വലിച്ചുപറിച്ചുകളയും, കളം അലങ്കോലപ്പെടുത്തും, ഭീതിപ്പെടുത്തുന്നവിധം അലറിവിളിക്കും, ഉടവാളുകൾ നെറ്റിയിൽ ചോരപ്പാടുകൾ കോറിയിടും.
അതിനു മുൻപ് എല്ലാം കഴിയണം.
ഇതാണ് സമയം.
ആളുകളുടെ കണ്ണുകൾ കളത്തിലേയ്ക്കും, കോമരങ്ങളിലേയ്ക്കും തിരിഞ്ഞനേരം, അച്ചു മണ്ഡപത്തിന്നരികെ അണ്ടാവിലെ ആട്ടെണ്ണയിൽ ഉടുമുണ്ടൂരി മുക്കിപ്പിഴിഞ്ഞുടുത്തു.
ചൂട്ടുകൾ വീശി അവർ കൂമൻമൂളിക്കുന്നിന്റെ കുണ്ടനിടവഴി ഓടിയിറങ്ങുകയാണ്. തട്ടിത്തടഞ് തെറിച്ചുവീഴുകയും, ഉരുളൻ കല്ലുകളിൽ തട്ടി ചോരപൊടിയുകയും, നീറുകയും ചെയ്യുന്നുണ്ട്. അത്യധികം അപകടം നിറഞ്ഞ, പിടിക്കപ്പെട്ടാൽ മൂസയുടേതിനേക്കാൾ ദയനീയാന്ത്യമുണ്ടായേക്കാവുന്ന ഒരു ദൗത്യത്തിന്റെ പടിവാതിൽ വരെയെത്തി നിൽക്കുകയാണ്. അറച്ചുനിൽക്കാനോ, വേഗത കുറയാനോ പാടില്ല.
അവർ ഒരേസമയം ലക്ഷ്യസ്ഥാനത്തേയ്‌ക്ക് കുതിച്ചു.
ചാഞ്ഞുകിടക്കുന്ന നെൽപ്പാടത്തുനിന്നും ചെറുങ്ങനെയൊരു കാറ്റുവീശി.
സുബ്രൻ അരയിൽ നിന്നും ചൂടിക്കയർ വലിച്ചൂരി ഒരു ചാൺ വലുപ്പത്തിൽ നാലാക്കി മുറിച്ചു.
അച്ചു ഉടുമുണ്ടൂരി നാലാക്കി മുറിച്ചു.
രാജനും, മണിയും ചൂടിയുടെ അറ്റത്ത് തുണി ചുറ്റി ചെറിയൊരുണ്ടയാക്കി.
ഓരോരുത്തരും എന്താണു ചെയ്യേണ്ടതെന്ന് വ്യക്തമായി ആസൂത്രണം ചെയ്തിട്ടുണ്ട്. നാലുപേരും കുറുപ്പിന്റെ ഏക്കറോളം പരന്നുകിടക്കുന്ന കണ്ടങ്ങളുടെ നാലുഭാഗത്തേയ്ക്കോടി വീതിയുള്ള വരമ്പുകളിൽ നിലയുറപ്പിച്ചു.
കോട്ടത്തറവാട്ടിൽ നിന്നും കൊട്ട് മുറുകുന്നുണ്ടോ?
കാതോർത്തു.
ചെണ്ടമേളം മുറുകി.
ആരവമുയർന്നു.
ഭദ്രകാളീ യാമമായിരിക്കുന്നു.
നാലുപേരും ചൂട്ടുകൾ അതിവേഗം വീശി. തുണിയുണ്ടയിലേയ്ക്ക് തീ പകർന്ന് ഒരേസമയം വായുവിൽ മൂന്നു തവണ ചുഴറ്റി പാടത്തിന്റെ നാലു വശങ്ങളിലേക്ക് കറക്കിയെറിഞ്ഞു.
നാലു വഴികളിലൂടെ തിരിഞ്ഞുനോക്കാതെയവർ ഓടി.
തീയുണ്ടകൾ പറന്നിറങ്ങി.
കൊയ്ത്തിനു പാകമായി ഉണങ്ങി നിന്നിരുന്ന നെൽച്ചെടികൾ തിന്നു തീർക്കാൻ തീനാളങ്ങൾക്ക് നിമിഷങ്ങൾ മതിയായിരുന്നു, വെണ്ണീറ് ചവച്ചുതുപ്പി ചിറിതുടച്ച് കലിതുള്ളിയടങ്ങിയപ്പോഴേയ്ക്കും അച്ചുവും കൂട്ടരും കൂമൻമൂളിക്കുന്നിലെ ചാമ്പ്രയിലെത്തിയിരുന്നു. പുകയുയരുന്ന പാടത്തേക്ക് നോക്കി അച്ചു പറഞ്ഞു, ‘നാളെ രാവിലെ മ്മള് കുറുപ്പിനെ കാണണം. ആ നായേനോട് ഞാമ്പറയും ഞങ്ങളാടാ അന്റെ പാടത്തിനു തീയിട്ടതെന്ന്…!’
അത്യുജ്ജ്വലമായ ആ രാത്രിയ്ക്കു ശേഷവും തികച്ചും സാധാരണമായിത്തന്നെ നേരം പുലർന്നു.
അതിരാവിലെ വെളിക്കിറങ്ങിയ ഒരാൾ കത്തിയെരിഞ്ഞ പാടം കണ്ട് വെളിക്കിരിക്കാതെയോടി. കുളിക്കാൻ പോയൊരു പെണ്ണ്, കുളപ്പുരയിൽ ചലനമറ്റു കിടക്കുന്നൊരു രൂപത്തെക്കണ്ട് അലറിയോടി.
‘നക്സലോള് കുറുപ്പിന്റെ പാടത്തിനു തീയിട്ടത്രേ, കുളപ്പുരയിലിട്ട് കുറുപ്പിനെ വെട്ടീത്രേ!’ ചുണ്ടുകൾക്കു നടുവിൽ ചൂണ്ടുവിരൽ വെച്ച് വളരെ കഷ്ടത്തോടെ അമ്മ കോലായപ്പടിമേലിരുന്നു. ആർക്കെന്തു പറ്റിയാലും അമ്മയ്ക്ക് സങ്കടമാണ്. പക്ഷേ, കുറുപ്പിന്റെ മുഖത്തുനോക്കി ഒന്നും പറയാൻ കഴിയാത്തതിൽ അച്ചുവിന് കടുത്ത നിരാശയാണ് തോന്നിയത്. കുറുപ്പിനെ വെട്ടിയതാരെന്ന സംശയം അച്ചുവിന്റെ മനസ്സിൽ ഉടലെടുത്തതേയില്ല.
അയാൾ കൊല്ലപ്പെടേണ്ടവനായിരുന്നു.
കുളപ്പുരയോട് ചേർന്ന് പൊന്തയ്ക്കു സമീപം മുളങ്കൂട്ടത്തിനിടയിൽ കുറുപ്പിന്റെ ശരീരം കിടന്നു.
കഴുത്തിനും ചുമലിനുമിടയിൽ ഒരു വെട്ട്.
കഴുത്ത് ഒടിഞ്ഞു തൂങ്ങിയിരുന്നു.
കണ്ണുകളും, വായും തുറന്നു കിടന്നിരുന്നു.
മടവാളിന്റെ ചിറിയിലൂടെ ചോര ഒലിച്ചിറങ്ങി താഴെ പുൽനാമ്പുകളെ ഇരുണ്ടതാക്കിയിരുന്നു.
കുറേ പ്രാണികൾ കുറുപ്പിന്റെ കണ്ണിലും, മൂക്കിന്റെയുള്ളിലും, വായിലും, അണ്ണാക്കിലും കയറിക്കൂടിയിരുന്നു.
സാഹസ കുതുകിയായ ഒരീച്ച സർക്കസ് അഭ്യാസിയെപ്പോലെ മൂക്കിൽക്കൂടി കയറി തൊള്ളയിൽക്കൂടി പുറത്തേക്കുവന്ന് മൂക്കിൻ തുമ്പിലിരുന്ന് ദർശകരെ നമ്ര നമസ്കാരം ചെയ്തു.