മുരടിച്ചു വാഴണം
നീ ചട്ടിയിൽ..
അതിന്നപ്പുറം
ചിന്തതൻ
ശാഖവേണ്ട.
ബോധങ്ങളിലുണരു-
മാശയങ്ങൾ മുരടി –
ലൊച്ചയില്ലാതേ-
യമർത്തിടേണം.
വാക്കെടുക്കാൻ വരുന്നേരം
നിനക്കുള്ള
കള്ളിയിൽത്തന്നെ നീ
നിന്നിടേണം.
ഉത്തോലകത്തിൻ്റെ –
യൂർജ്ജതന്ത്രങ്ങളെ –
ക്കാണാതിരിക്കാൻ
ശ്രമിച്ചിടേണം.
ചുറ്റുവട്ടങ്ങളിലേയ്ക്കു നിൻ
വേരുകൾ
പോകാതിരിക്കുവാൻ
കരുതൽ വേണം.
വൃക്ഷമാകാൻ –
കൊതിച്ചാലന്നു നാമ്പിലേ-
യ്ക്കെത്തുന്ന മൂർച്ചയി-
ലോർമ്മ വേണം.
പടരാതിരിക്കണം….
പറയാതിരിക്കണം…
പടവുകളൊന്നുമേ
കാണാതിരിക്കണം.
കാഴ്ചയിൽ നീ
കുരുടനാകാനിരിക്കണം.
കാത്തുവെയ്ക്കാനൊന്നു –
മില്ലാതിരിക്കണം.
ചുറ്റും ചുഴലി-
ക്കൊടുങ്കാറ്റിരമ്പം
നിനക്കൊന്നുമല്ലെന്ന
ബോധമുണ്ടാകണം.
നീയാരുമല്ലാതിരിക്ക-
മെപ്പൊഴു-
മുയിരുകൊഴിഞ്ഞതാം
ബോൺസായിയാകണം.