മേശമേൽ ഇരുന്ന പൊതിച്ചോറ് എടുത്ത് അമ്മ എത്തിയപ്പോഴേയ്ക്കും ശിവാനി പോയി കഴിഞ്ഞിരുന്നു. ‘അവൾക്ക് കുറച്ച് നേരത്തെ ഇറങ്ങിയാൽ എന്താ’ എന്ന് വിചാരിച്ച് അമ്മ ഉമ്മറത്തിണ്ണയിൽ പാതയുടെ കണ്ണെത്തുന്ന അതിരിലേയ്ക്ക് നോക്കി അദൃശ്യമായി ഒരു യാത്ര പറഞ്ഞ് നിന്നു.
‘ഇന്നും വൈകി, സമയത്തിന് എന്താണിത്ര തിടുക്കം’ ശിവാനി കയ്യിൽ ഒരു ഫയൽ അലക്ഷ്യമായി ചുരുട്ടി പിടിച്ച് നടന്നു. നടക്കാൻ ശ്രമിച്ചു, ഇടയ്ക്ക് ഓടാനും. ഓടി ബസ്സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും തേടി വന്നത് പോയിരുന്നു. അർഹിക്കാൻ പാടില്ലാത്ത ഒന്ന് അവളെ തേടി വരുന്നു എന്ന തിരിച്ചറിവില്ലാതെ അവൾ മുറുമുറുത്തു. സ്വയം പഴിച്ചു.
ഇന്ന് തന്നെ സ്റ്റാഫ് മീറ്റിങ് വച്ച ജിഎമ്മിനെ പ്രാകി. രാവിലെ തന്നെ മീറ്റിംഗ് വയ്ക്കണമെന്ന് വാശി പിടിച്ച മാനേജറെ മനസ്സാ ശപിച്ചു. അവളുടെ വ്യഥ മനസിലായിട്ടെന്നോണം മറ്റൊരു ബസ് ഓടി കിതച്ച് വന്ന് മുന്നിലൂടെ നിർത്താതെ കടന്നു പോയി. താൻ ചൊരിഞ്ഞ ശാപവാക്കുകൾ തിരിച്ചടിച്ചു എന്ന അവ്യക്തബോധ്യം അവളെ ആകെ തളർത്തി. സ്വയം കുറ്റാരോപിതയായി തല താഴ്ത്തി നിന്നു.
നെറുകയിൽ ഇളം വെയിൽ വന്ന് പതിച്ചപ്പോൾ അവളുടെ ശരീരം രോമാഞ്ചം അണിഞ്ഞ് വിറച്ചു നിന്നു. ഒരു കുളിര് ശരീരത്തിലൂടെ കടന്നു പോയപ്പോൾ താൻ നേരം വൈകിയെത്താൻ പോകുന്ന കമ്പനി എച്ച് ആർ ആണെന്ന കാര്യം അവൾ മറന്നു. വികാരാവേശം ക്ഷമിച്ചപ്പോൾ മനസ്സ് ഉണർന്നു. അവൾ കണ്ണ് തുറന്ന് ചുറ്റിനും നോക്കി.
എതിർവശത്ത് ചായക്കടയിൽ അപ്പച്ചൻ ചേട്ടൻ ആർക്കോ വേണ്ടി ചായ അടിക്കുന്നു. പഞ്ചസാരപ്പാത്രത്തിൽ വന്നിരുന്ന ഈച്ചയെ ശല്യം ചെയ്യാതെ അയാൾ ഒരു സ്പൂൺ പഞ്ചാര കോരി ചായയിലേക്ക് ഇട്ടു. ഈച്ച അതിനുള്ളിലേയ്ക്ക് അയാൾ അറിയാതെ വിസർജ്ജിച്ചു. അവിടെ നാട്ടു വർത്തമാനവും പത്രം വായനയും ഒരുപോലെ കൊണ്ടു പോയ നാല് കിഴവന്മാരിൽ ഒരാൾ ആ ചായ ഊതിക്കുടിച്ചു
എന്തോ കാര്യമായ രാഷ്ട്രീയ ചർച്ചയിൽ ചായക്കടയുടെ മുന്നിൽ വട്ടം കൂടി നിൽക്കുന്ന ചെറുപ്പക്കാർ. എന്നും അവൾ പോകുമ്പോഴും വരുമ്പോഴും അവരെ ഇവിടെ കാണാറുണ്ട്. ഇവിടങ്ങളിൽ ഉള്ളവർ തന്നെ. ഒരുവൻ പണ്ട് കൂടെ പഠിച്ചതാണ്. അവൾ ഇതുവരെ ഒരു പുഞ്ചിരികൊണ്ട് പോലും ആ പരിചയം പുതുക്കിയിട്ടില്ല. അവരുടെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നിന്നത് സ്ത്രീകൾ തന്നെ ആയിരുന്നു. അവരുടെ നോട്ടങ്ങൾ ആ രാഷ്ട്രീയം വിളിച്ചോതി. കടന്നുപോകുന്ന എതിർലിംഗതളിരുകളുടെ ലാവണ്യം അവർ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ പൊതുവിഷയമാക്കി സംസാരിച്ചു. അവർക്കിടയിൽ നിറത്തിന്റെ, ആകാരത്തിന്റെ, മുഴുപ്പിന്റെ രാഷ്ട്രീയം കലഹങ്ങളുണ്ടാക്കി. അവളുടെ നിതംബവർണ്ണനകൾ നാളുകൾക്ക് മുൻപേ അവരുടെ തീപിടിച്ച ചർച്ചകളിൽ കടന്നു കൂടിയിരുന്നു. അവളുടെ ശരീരത്തിന്റെ ദൃശ്യഭംഗി യാതൊരു സങ്കോചവും കൂടാതെ അവർ വീതിച്ചെടുത്ത് ആസ്വദിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ആരെയോ ഭാവിയിലേയ്ക്ക് നോക്കി അവർ പഴിച്ചു. ഭാഗ്യവാൻ എന്ന് മുദ്ര കുത്തി അയാളെ തെറി വിളിച്ചു. ഇവരുടെ ജോലിയെന്താണെന്ന് ഇടയ്ക്കൊക്കെ ശിവാനി ആലോചിക്കാറുണ്ട്. അന്നും ആലോചിക്കാതിരുന്നില്ല.
“ഇന്നും വൈകിയല്ലേ” എന്ന ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കുന്നത്. ലത ചേച്ചിയും മരുമകളും.
“അതെ വൈകി, എവിടെ പോവാ”.
“ഇവളെയും കൊണ്ട് ആശുപത്രിയിൽ, നാലാം മാസാ”
“ആ… അമ്മ പറഞ്ഞാരുന്നു” അവൾ ലത ചേച്ചിയുടെ മരുമകളെ ചിരിച്ചു കാണിച്ചു. വെയിൽ വന്ന് മുഖം മറച്ചിരുന്നതുകൊണ്ട് അത്ര പരിചിതമല്ലാത്ത ആ മുഖം അപ്പോഴും വ്യക്തമായില്ല. മുഖത്തിന്റെ കരിഞ്ഞ പാതി മാത്രം കണ്ടു.
അവൾ പെട്ടന്ന് ഓർത്തെടുത്തു.
ഈ ഗർഭം ആദ്യം അറിഞ്ഞു തുടങ്ങിയപ്പോഴേ നാട്ടിൽ ഒരു സംസാര വിഷയമായി മാറിയിരുന്നു. ആളുകൾ വിരലുകൾ എണ്ണി തിട്ടപ്പെടുത്തി. “കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം തികഞ്ഞില്ല, അതിന് മുന്നേ പെണ്ണ് മൂന്ന് മാസം ഗർഭിണി.”
“ഇത് മുന്നേതന്നെ ഒപ്പിച്ചു വച്ചു.”
“ഇതവന് അറിയാവോ എന്തോ.. ” എല്ലാവരും ചിരിച്ചു..
പഞ്ചസാരപാത്രത്തിൽ ഇരുന്ന ഈച്ചയും അന്ന് ചിരിച്ചു. അന്ന് ചായയ്ക്ക് അല്പം മധുരം കൂടുതൽ ഉണ്ടായിരുന്നു, ചായ കുടിക്കാൻ ആളുകളും.
ഉണങ്ങി നിന്ന ഒരു തേങ്ങാ ആപ്പോൾ വെയ്റ്റിംഗ് ഷെഡിന്റെ മുകളിലേയ്ക്ക് വലിയ ശബ്ദത്തോടെ വീണു. തൂണിലെ അടർന്ന് നിന്ന സിമെന്റ് നിലത്ത് പൊടിഞ്ഞു വീണു. ലത ചേച്ചി മകളെയും കൂട്ടി പുറത്തിറങ്ങി ശിവാനിയുടെ ഒപ്പം നിന്നു. അരികുവഴി പോയ തൊഴിലുറപ്പ് സ്ത്രീകൾ ഉരുണ്ട് വീണ തേങ്ങ കണ്ട് അല്പനേരം അതിൽ നോക്കി നിന്നു.
ചുറ്റുപാടും നോക്കി. എല്ലാ കണ്ണുകളും അതാരെടുക്കും എന്ന പ്രതീക്ഷയിൽ സ്പന്ദിച്ച് നിന്നു.
“തേങ്ങാ വീഴാൻ കണ്ട നേരം.”എന്ന് പറഞ്ഞ് കൂട്ടത്തിലെ ലീല ചേച്ചി മനോവ്യഥയോടെ അതെടുത്തു അടുത്ത പറമ്പിലേക്ക് തന്നെ എറിഞ്ഞു.
അവളർഹിക്കാൻ പാടില്ലാത്ത ഒന്ന് അപ്പോൾ അവളെ തേടി വന്നു, ഒരു ബൈക്ക്. ആ ബൈക്ക് മുന്നിൽ വന്ന് നിന്നപ്പോഴും അതിലാരെന്നറിയുവാനുള്ള കൗതുകം ജനിക്കായ്കയാൽ അവൾ ശ്രദ്ധിച്ചേയില്ല.
“ഇതെങ്ങോട്ടേക്ക?” ആ ബൈക്കുകാരൻ ഇങ്ങനെ ചോദിച്ചപ്പോൾ ഒന്ന് അതിശയിച്ചു. മുന്നേയില്ലാതിരുന്ന കൗതുകം.
‘ഇയാളാരാണ്?’ അയാളെ ഒന്ന് തുറിച്ചു നോക്കി. ചുറ്റും നിന്നവരും എതിർവശത്ത് നിന്നവരും നൂറു മീറ്റർ മാറിയുള്ള മാളിക വീട്ടിന്റെ മുകൾ നിലയിൽ നിന്നവരും തുറിച്ച് നോക്കി, ആ ഈച്ചയും.
ഹെൽമെറ്റ് ഉരിക്കൊണ്ട് അയാൾ അവളെ ഒന്ന് ചിരിച്ചു കാട്ടി.
“ആഹ്…., അലക്സ്” പെട്ടന്ന് കണ്ട പരിചയം സന്തോഷമായി പുറത്ത് വന്നത് ഉടനെ തന്നെ അവളിൽ വേദന ഉണ്ടാക്കി. ആ ചിരി മായ്ച്ചു കൊണ്ട് വീണ്ടും പറഞ്ഞു.
“നിയാരുന്നോ…ഞാൻ പെട്ടന്ന് ആരായിരിക്കും എന്ന് കരുതി” ഒപ്പം കോളേജിൽ പഠിച്ച എന്നാൽ കൂടുതൽ പരിചയം ഉള്ള ഒരാൾ.
“ഞാൻ ഡ്യൂട്ടിക്ക് പോവാ” അവൾ പറഞ്ഞു
“അവിടെ തന്നാണോ ഇപ്പോഴും എച്ച് ആർ ആയിട്ട് ” അവൻ ചോദിച്ചു
“അതെ”
“എന്നാ വാ ഞാൻ വേണേൽ ഇറക്കാം. അതുവഴിയാ പോണേ”
ഇതു കേട്ടതും ശിവാനി പറഞ്ഞു “ഭഗവാൻ ആയിട്ടാടാ നിന്നെ ഇപ്പോൾ എന്റെ മുമ്പിൽ കൊണ്ടെത്തിച്ചത്. ആസ്യുഷ്വൽ സമയം വൈകി” അവൾ ചിരിച്ചു അവനും ചിരിച്ചു. സൗന്ദര്യരാഷ്ട്രീയവക്താക്കൾ അത്കണ്ട് ഉള്ളിൽ കരഞ്ഞു. രണ്ട് തുത്തുകുണുക്കി പക്ഷികൾ തുത്തു കുണുക്കി പാറി കടന്നു പോയി. അവൾ അവന്റെ പിന്നിൽ ചാടി കയറി ചെരിഞ്ഞിരുന്നു. അവൾ ഇരുന്നോ എന്നുറപ്പ് വരുത്താൻ അവൻ തിരിഞ്ഞു നോക്കി ചിരിച്ചു, അവളും.
“അത് മേലേത്തെ വർക്കിച്ചന്റെ മോനല്ലേടിയെ” ലീല ചേച്ചി മറ്റ് ചേച്ചിമാരോട് ചോദിച്ചു.
“അതെ അതെ.. ” അവർ ഒന്നടങ്കം പറഞ്ഞ് മൂക്കത്ത് വിരൽ വച്ചു.
ലത ചേച്ചിയും മരുമോളും പരസ്പരം നോക്കി. ആശുപത്രിയാത്ര റദ്ദ് ചെയ്ത് അവർ വന്ന വഴിയേ തിരികെ നടന്നു. അപ്പച്ചൻ ചേട്ടൻ പഞ്ചസാര പാത്രം വലിയ ഊക്കോടെ അടച്ചു. ആ നാല് കിളവന്മാരും തങ്ങൾ കിളവന്മാരാണെന്ന് മറന്ന് ചാടി എണീറ്റു. സൗന്ദര്യരാഷ്ട്രീയവക്താക്കൾ ഭാവിയിലേയ്ക്ക് നോക്കി ശാപം ചൊരിഞ്ഞ് തെറി വിളിച്ചുകൊണ്ടിരുന്ന ആളെ കണ്ടെത്തിയ ദുഃഖത്തിൽ രണ്ട് ചേരി തിരിഞ്ഞ് എന്തിനോ കലഹിക്കാൻ തുടങ്ങി.
“ആ പെണ്ണിന്റ തന്റേടം കണ്ടോ ഇങ്ങനെ കണ്ട ചെക്കന്മാരുടെ ബൈക്കെ കേറി പോകാൻ പാടുണ്ടോ ?” ലത ചേച്ചി മരുമകളോട് പാതി കത്തിയമർന്ന അവരുടെ വീട്ടിലേയ്ക്ക് കയറുന്ന വഴിക്ക് ചോദിച്ചു.
“അവന്റെയൊക്കെ ഒരു സമയം” സൗന്ദര്യരാഷ്ട്രീയവക്താക്കൾ അവന്റെ ശരീരത്തിൽ അവളുടൽ ചേർന്നിരുന്നതിലെ രാഷ്ട്രീയം സങ്കൽപ്പിച്ച് അസൂയ പൂണ്ടു.
“ഇതുപോലെയൊക്കെ പെൺപിള്ളേർ കാണിച്ചാൽ പിന്നെ എങ്ങനെയാ പത്രത്തിൽ ഇമ്മാതിരി വാർത്തകൾ വരാതിരിക്കും”..!!. പത്രം പൊക്കി പിടിച്ചുകൊണ്ട് ഒരു കിഴവൻ പറഞ്ഞു. അത് ശരിവെച്ചുകൊണ്ട് ബാക്കിയുള്ളവർ തലയാട്ടി.
“അവള് നായരല്ല്യോന്നെ.. ചെക്കൻ നല്ല കൃത്തിയാനിയും, പിന്നെന്നാ കുഴപ്പം. ജാതി പ്രശ്നോല്ല, ഇനീപ്പോ പെണ്ണിന്റെ വീട്ടിൽ മതം ഒരു പ്രശ്നായാലേ ഉള്ളൂ” ലീല ചേച്ചിയും പെണ്ണുങ്ങളും തെങ്ങിന് തടമെടുക്കുന്ന നേരം അവരുടെ നായർക്രിസ്ത്യാനി സങ്കരതലമുറയെ സ്വപ്നം കണ്ടു.
“നമ്മുടെ വർക്കിച്ചന്റെ മോനാ അലക്സ്, ഇവിനിതെന്തിന്റെ കുറവ് ഉണ്ടായിട്ടാ. നല്ല പൂത്ത പണോള്ള കത്തോലിക്കാ പെണ്ണിനെ കിട്ടില്ലാഞ്ഞിട്ടാണോ..? തലവിധി, അല്ലാതെന്നാ.” അപ്പച്ചൻ ചേട്ടൻ പാല് അളന്നു ഊറ്റുമ്പോൾ പാൽക്കാരനോട് പറഞ്ഞു. അത് കേട്ട കിളവന്മാർ പത്രം പിന്നെയും മറച്ച് നോക്കി.
“നാളെത്തെ പത്രത്തിലേ ഇനിയെന്നേലും ഉണ്ടേ വരൂ ” എന്ന വിഷമം അവർ തമ്മിൽ പങ്കുവച്ചു.
ബസുകൾ പലതും കടന്നു പോയി.
“ഇവളെ ഞാനാ നെഹ്റു പാർക്കിൽ വച്ച് വേറൊരുത്തന്റെ കൂടെ കണ്ടിട്ടുണ്ട്”
സൗന്ദര്യരാഷ്ട്രീയവക്താക്കളിൽ ഒരാൾ പറഞ്ഞത് കേട്ട് എല്ലാവരും കാത് കൂർപ്പിച്ചു. അവളുടെ ശരീരം.കളങ്കപ്പെട്ടതായി മാറി പെട്ടന്നവർക്ക്. അവർ അവളെ വെറുത്തു
“ഒന്ന് ശ്രമിച്ചാ കിട്ടും” ഒരുത്തൻ മറ്റവനോട് സ്വകാര്യം പറഞ്ഞു.
“ഇവള് മറ്റേതാ” അപ്പോൾ മറ്റവൻ ഉറക്കെ പറഞ്ഞു
പണിതീർത്ത് തിരികെ വന്ന് ഓരോ ചായ പറഞ്ഞ ലീലയും ചേച്ചിമാരും അതുകേട്ട് ഞെട്ടി.
അപ്പച്ചൻ ചേട്ടൻ പഞ്ചാരപ്പാത്രം തുറന്ന് അതിൽ ചത്തു മലച്ച് കിടന്ന ഈച്ചയെ പഞ്ചാരയോടൊപ്പം ചായയിൽ ഇട്ട് കലക്കി ആ ചെറുപ്പക്കാരന് കൊടുത്തു.
അപ്പോൾ കവലയിൽ മറ്റൊരു ബസ് വന്ന് നിന്നു. ശിവാനി അതിൽ നിന്നിറങ്ങി വീട്ടിലേയ്ക്ക് ആരെയും ശ്രദ്ധിക്കാതെ നടന്നു. അവിടെ കൂടി നിന്നവരിൽ ഒരാൾ കടയിലെ അടുപ്പീന്ന് ഒരു തീക്കൊള്ളി എടുത്ത് അവളുടെ നേരെ എറിഞ്ഞു. ഷാളിൽ തീ പടർന്ന ശിവാനി വീട്ടിലേയ്ക്ക് ഓടിക്കയറി. കവലയിൽ കൂടി നിന്നവർ ആ വീട്ടിൽ നിന്നും പുക ഉയരുന്നത് നോക്കിനിന്ന് കണ്ടു.
ബസുകൾ പലതും കടന്നുപോയി. തീ പലയിടത്തും കത്തിക്കയറിക്കൊണ്ടിരുന്നു.