“ഉയരം നിനക്കായി
കാത്തിരിക്കുന്നു മുന്നിൽ,
ഉണ്ടായിരിക്കില്ലുണ്ണീ
മുത്തച്ഛനന്നീ മണ്ണിൽ….
ഒത്തിരിക്കാലം ! വയ്യാ….
കിടക്കാനുണ്ണീ, പോവാൻ
തിടുക്കം, മുത്തശ്ശിത-
ന്നരികത്തെത്തീടുവാൻ …”
നിറകണ്ണുകൾ നീറും
നോവുമായ് ചുറ്റും നിൽക്കേ,
നിറദീപത്തിൽ നാളം
പതിയെപ്പൊലിഞ്ഞുപോയ്.
വാക്കിനെ പ്രാണൻപോലെ
നിനയ്ക്കും മുത്തച്ഛനാ-
വാക്കുകൾ പാലിച്ചന്നാ
പടികൾ ഇറങ്ങിപ്പോയ്…….
പിന്നിലായ് മൂകം,തേങ്ങീ
ഞാറ്റുവേലയും പോയി ;
മണ്ണിതിൽ പതിക്കുന്ന
തൂമ്പതൻ ഗാംഭീര്യവും..!
ചെളിയോടൊപ്പം, ചേറും
കുതിരും കുപ്പായത്തിൻ
നിറവും, ചൂടും, ചൂരും
പിന്നെ ഞാനറിഞ്ഞില്ല.
ഓർമ്മയിൽ നെരിപ്പോടായ്
തഴമ്പും, തലക്കെട്ടും,
വ്യഥയിൽ സ്ഫുടം ചെയ്ത
കരുത്തിൻ കാർക്കശ്യവും.
പാദുകം സ്പർശിക്കാത്ത,
പാദത്തെ നിനയ്ക്കുമ്പോൾ
പാദരക്ഷയായ്ത്തീർന്ന
മണ്ണിനെ കാണാമിന്നും .
മുത്തച്ഛൻ മറഞ്ഞേറെ-
ക്കാലവും കഴിഞ്ഞേ പോയ്
ഉണ്ണിയും ഉയർന്നേറെ
ജീവിത വിഹായസ്സിൽ
എങ്കിലും പലപ്പോഴും
ഇറങ്ങിച്ചെല്ലും പണ്ടു
മുത്തച്ഛൻ കിളച്ചിട്ട
മനസ്സിൻ പാടങ്ങളിൽ.
ആർദ്രമാം മണ്ണിൽ നഗ്ന-
പാദനായിരിക്കുമ്പോൾ
അറിയാതെത്തുന്നുള്ളിൽ
നഷ്ടബോധങ്ങൾ മെല്ലെ.
നമുക്കായ്, മരങ്ങൾക്കായ്
നദിക്കായ് ജീവിച്ചവർ……
മണ്ണിനായ്, മഴക്കായി,
നിത്യവും പ്രാർത്ഥിച്ചവർ…..
അവരാണല്ലോ കർമ്മ-
യോഗികൾ.. നമുക്കായി,
ജീവിച്ചു മണ്ണിൽച്ചേർന്ന
മണ്ണിന്റെ സത്പുത്രൻമാർ
“കർമ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമഫലഹേതുർഭൂർ
മാ തേ സംഗോസ്ത്വകർമ്മണി “