തിരിച്ചറിവിന്റെ കവിത

വാക്കിന്റെ മൂർച്ചയിൽമുറിഞ്ഞ്
അകന്നുപോയവരാണ്
പതുക്കെപ്പതുക്കെ
അകത്തെത്തിയത്.

മാറിനിന്നു ചിന്തിച്ചതും
എന്റെ ന്യായങ്ങളിലെ
സുഷിരങ്ങളിലൂടെ കുതിച്ച പ്രകാശം
കണ്ണിലെ ഇരുട്ടകറ്റിയിരുന്നു

സാഹചര്യങ്ങളെ പാടേ മറന്ന്
മറ്റുള്ളവരുടെ മുഖത്തടിച്ചെറിഞ്ഞു പൊള്ളിച്ച
വാക്കനലുകളെ
പശ്ചാതാപത്തിന്റെ കണ്ണീരാൽ കെടുത്തി

‘ഞാനറിയാതെ’ എന്ന
നീട്ടിയെറിഞ്ഞ വാക്കിനറ്റത്തുപിടിച്ച്
പിണങ്ങി നിന്നവർ
പിൻവാതിലിൽ കൂടിയെത്തി

പതിയെയൊന്ന് പുഞ്ചിരിച്ചു
കൂടുവിട്ടവർ കൂട്ടമായെത്തി

തിരിച്ചറിവിന്റെ തിരി കൊളുത്തി
തിരിച്ചു വന്നവരെയും ചേർത്ത്
മനുഷ്യത്വത്തിന്റെ വാക്കുകളിൽ
ഞാനെന്റെ കവിതയൊന്നു
തിരുത്തിയെഴുതി

സ്നേഹത്തിന്റെ ഭാഷയും
സമാധാനത്തിന്റെ അർത്ഥവും
സന്തോഷത്തിന്റെ വൃത്തവും ഇഴചേർന്ന്,
ഞാനെഴുതിയവിൽ അത് ഒന്നാന്തരമായി.

“ഒന്ന് ക്ഷമിച്ചാലെന്താ “
മുന്നേയെഴുതിവെച്ച തലക്കെട്ടെഴുതി
പൂർത്തിയായ കവിത
ഒന്നുകൂടി വായിച്ചുനോക്കി

അടിയിൽ,
പുഞ്ചിരിയാലൊരു വര
സംപ്തൃപ്തിയാലൊരു കുത്ത്.

തൃശ്ശൂർ അവണൂരിൽ താമസം. മൃഗസംരക്ഷണ വകുപ്പിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു.