ചിന്തകൾ ചെങ്കുത്തായ മലയിറങ്ങി വന്നപ്പോൾ
ആകാശത്തിലേക്കൊരു പാതവെട്ടി .
നിന്നും നിരങ്ങിയും
കുത്തനെ മലകയറിയപ്പോൾ
ആകാശത്തിന്റെ ഉച്ചിയിലാകെ
നരച്ച കാടുകൾ പോലെ
ആത്മാവില്ലാത്ത മഴക്കാടുകൾ
മുഖവുമെടുത്തുപിടിച്ചു നിൽക്കുന്നു .
ഉത്തരങ്ങൾ തേടുകയെന്നതൊരു
കിട്ടാക്കനിയും
ചിന്തകളുടെ ചിലന്തിവലകൾ
കൂച്ചു വിലങ്ങുമാകുന്ന
ആത്മാവിന്റെ അങ്കലാപ്പുകളെ
കാണാതെവെച്ചു .
മഴക്കാടുകൾക്ക്
ഞാനൊരു ചതുർത്ഥിയായി
ആകാശം വിട്ടവ
ഓടിയോടി പോയി ,
മഞ്ഞായും മഴയായും .
തെളിഞ്ഞയാകാശത്തിന്റെ
അസ്തമയ ചുവപ്പിൽ
എരിഞ്ഞടങ്ങിയ കുന്നിന്റെ മുകളിൽ
ഞാൻ ഇറങ്ങി നിന്നു .
ഭാരമേറ്റ ശിരസ്സിന്റെ
താളം തെറ്റാത്ത ചിന്തകളുടെ ഒഴുക്കിൽ
വീണ്ടും വീണ്ടും
ഓർമകളുടെ ഉത്തരീയം
അഴിഞ്ഞു വീണു .
ഓടിയൊളിക്കാൻ ആകാശവും കടലും
പാകമാകാതെ വന്നു .
തൊലിയുരിഞ്ഞ് ,
മാംസം അടർത്തിമാറ്റി
വാരിയെല്ലിന്റെ ആഴത്തിലെ മജ്ജയുടെ
ജീവനുള്ളൊരു തന്തുവിന്റെ നേർമയിലേക്ക്
ഞാൻ നടന്നു കയറി .
ശാന്തം സുന്ദരം പൂർണം ..