തിരികല്ല്

മുന്തിരി ചക്കിൽ തിരികല്ലു തേങ്ങുന്നു
അങ്ങൊരു നാട്ടിൽ, മലനാട്ടിൽ
കഴുത്തിൽ തൂങ്ങണം, കെട്ടിത്താഴ്ത്തണം
കടലു  കാത്തിരിരുപ്പുണ്ട്

നൂറായിരം ഗ്രന്ഥങ്ങളിലെ നല്ലനടപ്പുകൾ
പ്രബുദ്ധ സംസ്കാരം കെട്ടിത്തൂക്കി നടപ്പാക്കുന്നു
കയറിൽ വിതുമ്പുന്നു, വയ്യാ..വയ്യാ..
ഉമ്മാ .. ഉള്ളതു കഴിച്ചു ഒന്നിച്ചു കഴിഞ്ഞൂടെ

ഉരലുകളേ, ആട്ടുകല്ലുകളേ പിന്നാമ്പുറമല്ല
കയറഴിച്ചു സ്വയം കെട്ടി ആത്മാഹൂതിക്കായ് ഒരുങ്ങുക
നിങ്ങൾ തൂങ്ങിയാടണം കഴുത്തുകളിൽ
അനവധി കഴുത്തുകളിൽ

മതമുള്ള കഴുത്തുകൾ ഇല്ലാത്ത കഴുത്തുകൾ
പങ്കിട്ടു തിന്നുന്ന കഴുകൻ കഴുത്തുകൾ
മദമിളകി കാശുകൊണ്ട് ശവക്കുഴി തോണ്ടുന്നു
പാടേണ്ട പാണൻ്റെ വായ കെട്ടുന്നു

കൂട്ടിക്കൊടുപ്പുകാരെ മീനുകൾ തിന്നട്ടെ
തെറ്റുന്ന കണ്ണുകൾ തവളകൾ വിഴുങ്ങട്ടെ
വെറിയുള്ള നാഭികൾ ഞണ്ടുകൾ തുരക്കട്ടെ
നീരാളി ചുറ്റട്ടെ കെണി വയ്ക്കുന്നവൻ്റെ കുടലുകൾ

കാണട്ടെ കനവുകൾ നാളെയത് പൂക്കട്ടെ
കാണാതിരിക്കട്ടെ വേണ്ടാത്തതൊന്നും
കുഞ്ഞുങ്ങൾ ചിരിക്കട്ടെ
വൈകണ്ട, കടലു  കാത്തിരിരുപ്പുണ്ട്

                                                   കടപ്പാട് (മാത്യു 18:6)

സ്വദേശം വടക്കൻ പറവൂരിൽ ആണെങ്കിലും ജനിച്ചുവളർന്നത് ചെറായിയിൽ. ദുബായിയിൽ സ്വകാര്യ സ്‌ഥാപനത്തിൽ ജോലിചെയ്യുന്നു. വളരെ വർഷങ്ങളായി കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ സന്നദ്ധ പ്രവർത്തകനാണ്.