തിരക്ക്

ബാക്കി വെച്ചേക്കണം
എന്നും, കുറച്ചു തിരക്കിനെ !
എങ്കിലെ ജീവിതത്തിന്
ഒരു,ഷാറുണ്ടാകൂ

കുളിരുള്ള പ്രഭാതത്തിൽ
‘നേരം വൈകി’ -യെന്ന
ചൂടുള്ള ഓർമ്മയെ
ചൂടുള്ള പ്രഭാതത്തിൽ
‘നേരത്തേ പോകാ’ -മെന്ന
കുളിരുള്ള ഓർമ്മയെ

ഓർത്തു നോക്കൂ;
തിരക്കില്ലാത്ത ദിനങ്ങളെ !
ഒന്നും ചെയ്യാനില്ലെന്ന
മുഷിപ്പൻ പ്രഭാതം
ഒന്നും വയ്യെന്ന മധ്യാഹ്നം
മടുപ്പെന്ന സായാഹ്നം
ഉറക്കമില്ലാത്ത അലസതയുടെ
രാത്രി

തള്ളിനീക്കുന്നതാവരുത് ജീവിതം
സമയം പോര, സമയം പോരെന്ന്
തുള്ളി നീങ്ങുന്നതാവാണം
എന്നും കുറച്ച് തിരക്ക് ബാക്കിയാവണം.

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു