ചെറുതും വലുതുമായ ഓളങ്ങളുമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ പോലെയാണ് തെരുവ്. ഉച്ചക്കും രാത്രിയിലും അല്പം ശാന്തതയുണ്ടെന്നതൊഴിച്ചാൽ മിക്കവാറും എല്ലാ സമയങ്ങളിലും പ്രഷുബ്ദ്ധം, ശബ്ദമുഖരിതം. ഒഴുകി നീങ്ങുന്ന ചെറുതും വലുതുമായ കാറുകൾ, ആരേയും കൂസാതെ തലയെടുപ്പോടെ കുതിക്കുന്ന ബസ്സുകൾ, നിരങ്ങി നീങ്ങുന്ന ചരക്കു ലോറികൾ, തലങ്ങും വിലങ്ങും തോന്നിയ പോലെ പായുന്ന ഇരുചക്ര മുച്ചക്രവാഹനങ്ങൾ. റോഡു മുറിച്ചു കടക്കാൻ ശ്രമിക്കുന്ന ചില ഹതഭാഗ്യർ അങ്ങനെ എപ്പോഴും തിരക്ക് തന്നെ.
കാഴ്ചക്ക് മാറ്റുകൂട്ടാൻ വഴിയോര കച്ചവടക്കാരും ഭക്ഷണ ശാലകളും. കൊച്ചുകൊച്ചു തർക്കങ്ങളും അടിപിടിയും ചീത്തവിളിയും ഉന്തും തള്ളലും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയായി. ഓ ഇല്ല, ചിത്രത്തിൽ ബസ്സ് കാത്ത് നിൽക്കുന്ന കുറച്ച് സ്കൂൾ കുട്ടികളേയും, അപൂർവ്വം ചില നാൽക്കാലികളെയും മുല്ലപ്പൂ ചൂടി ആരെയോ കാത്തുനിൽക്കുന്ന ചില സ്ത്രീകളെ കൂടി ഉൾപ്പെടുത്തണം.
തീരെ സ്ഥലമില്ലാത്ത വിധത്തിൽ കാൻവാസ് നിറഞ്ഞിരിക്കുന്നു എങ്കിലും ചിത്രത്തിൽ പുതിയ അതിഥികൾ വന്നു കൊണ്ടേയിരിക്കും. കാരണം ഇത് ഒരു നിശ്ചലചിത്രമല്ല. നിറങ്ങളും രൂപങ്ങളും മാറിക്കൊണ്ടേയിരിക്കുന്ന ഒരു ചലിക്കുന്ന ചിത്രമാണ്.
ബാൽക്കണിയിൽ നിന്ന് രാവിലെ തന്നെ കൈയ്യിൽ ഒരു ഗ്ലാസ് ചായയുമായി തെരുവിലേക്ക് നോക്കി നിൽക്കുകയാണ് രാഘവൻ മാഷ്. ഈ തെരുവ് മാഷുടെ ജീവിതത്തിന്റെ ഭാഗമായിട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. ഭാര്യ മരിച്ചതിനു ശേഷം മകളുടെ നിർബന്ധത്തിനു വഴങ്ങി താമസം നഗരത്തിലേക്ക് മാറ്റുമ്പോൾ ഈ കാഴ്ച തനിക്ക് ഇത്ര മേൽ പ്രിയപ്പെട്ടതാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
എല്ലാം കാലത്തിന്റെ അനിവാര്യമായ ചില കുസൃതികൾ. അല്ലെങ്കിൽ ഇതു വരെ ഒരു വിദ്യാലയത്തിൽ പോലും പഠിപ്പിച്ചിട്ടില്ലാത്ത, വെറും രാഘവൻ മാത്രമായി അറിയപ്പെടേണ്ടിയിരുന്ന താനെങ്ങനെ രാഘവൻ മാഷായത്. മൂവന്തിക്ക് സേവ കഴിഞ്ഞ് അമ്പുവിന്റെ കടത്തിണ്ണയിലിരുന്ന് പത്രത്തിൽ വായിച്ച ലോക വിവരം വിളമ്പുന്നത് ഒരു ശീലമാക്കിയപ്പോൾ കൂടെയുള്ള ഏതോ ഒരു കൂട്ടുകാരൻ കുടിയൻ വിളിച്ച പേര്
നാട്ടുകാരേറ്റെടുത്തു. രാഘവൻ അങ്ങനെ രാഘവൻ മാഷായി.
മാഷ്ടെ ഓരോ ദിവസം തുടങ്ങുന്നതു തന്നെ ഈ തെരുവിലേക്ക് നോക്കിക്കൊണ്ടാണ്. തിരക്കൊഴിഞ്ഞ് തെരുവു വിജനമായാൽ ഉറങ്ങാൻ സമയമായി എന്നർത്ഥം. ഇന്നലെ മാഷിന് സന്തോഷമുള്ള ഒരു ദിവസമായിരുന്നു. തെരുവിൽ ചെറിയ ഒരപകടം. ഉന്തും തള്ളും തർക്കവുമൊക്കെയായി റോഡ് നിറയെ ആളുകളുടെ ബഹളം. ട്രാഫിക് ബ്ലോക്ക് കാരണം റോഡ് നിറഞ്ഞ് കവിഞ്ഞ് വണ്ടികൾ. ഹോണടിയുടെ ശബ്ദത്താൽ സാന്ദ്രമായ അന്തരീക്ഷം.
അയാൾ ആസ്വദിക്കുകയായിരുന്നു ആ ഒച്ചപ്പാടും ബഹളവും. ചെറിയ ഒരു കലപില ശബ്ദമുണ്ടായാൽ പോലും ഭാര്യയുടേയും കുട്ടികളുടേയും മേലെ തട്ടിക്കേറിയിരുന്ന തന്റെ ഈ മാറ്റം അയാളെ തന്നെ അത്ഭുതപ്പെടുത്തി. അതെ, ഈ ബഹളങ്ങളുടെയും തിരക്കുകളുടെയും കാഴ്ചമേളങ്ങൾ ഒരു ലഹരിയായി തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഈ തെരുവിലെ തിരക്കൊഴിയാത്തിടത്തോളം തനിക്ക് മരണമില്ല എന്ന് അയാൾ മനസ്സിലോർത്ത് ഗുഢമായി ആഹ്ളാദിച്ചു. എന്നാൽ ഒരിക്കൽ പോലും ആ തെരുവിൽ ഒന്നു പോകണമെന്ന് അയാൾക്ക് തോന്നിയിട്ടില്ല. മകളും മരുമകനും പലതവണ വിളിച്ചതാണ്, ഒഴിഞ്ഞു മാറി.
കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു. തെരുവിലെ ബഹളങ്ങളും തിരക്കുകളും കാലത്തിനനുസരിച്ച് കൂടി. പതുക്കെ പതുക്കെ രാഘവൻ മാഷ് ബാൽക്കണിയിൽ ചിലവഴിക്കുന്ന സമയം കൂടിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും ഉറങ്ങിയാലായി. മോളും മരുമോനും തന്റെ തെരുവ് നോക്കിയുള്ള നില്പ്പുനോക്കി പലപ്പോഴും അടക്കം പറയുന്നത് അയാൾ ശ്രദ്ധിക്കാൻ പോയില്ല. ഒരു ദിവസം മോൾക്ക് സഹികെട്ടു,
“…..ന്താ അച്ചാ… നിങ്ങക്ക് കൊറച്ച് സമയം താഴെയെല്ലാം പോയി ആ ദാമോരേട്ടന്റെം നാണുവേട്ടന്റെല്ലം കൂടി കൊറച്ച് സമയം ഇര്ന്ന് വർത്താനം പറഞ്ഞാല്…?”
ഒരു ശനിയാഴ്ച ദിവസം മരുമോനും അച്ഛനോട് ലോഹ്യത്തിന് വന്നു. അച്ഛന് വേണെങ്കിൽ രണ്ട് പെഗ് ഒക്കെ ആവാട്ടോ. മാഷതൊന്നും ശ്രദ്ധിക്കാന് പോയില്ല.
ഒരു ദിവസം പതിവു പോലെ ബാൽക്കണിയിലെത്തിയ മാഷ് ഒരു കാര്യം ശ്രദ്ധിച്ചു. തെരുവിൽ വാഹനങ്ങൾ നന്നേ കുറവ്. തിരക്കും ബഹളവും തീരെയില്ല. കുറച്ചു കഴിഞ്ഞാൽ കൂടുമായിരിക്കും, അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ തിരക്ക് കൂടിയില്ലെന്ന് മാത്രമല്ല അത് പതിവിലും കുറഞ്ഞു വന്നു.
വൈകീട്ട് മരുമകൻ എത്തിയപ്പോഴാണ് കാര്യം പറഞ്ഞത്.
“അച്ചാ…. പുതിയ ബൈ പാസ് വന്നിരിക്കുന്നു. വാഹനങ്ങൾക്ക് ഇനി ടൗൺ ടച്ച് ചെയ്യാതെ പോകാം. അതു മാത്രമല്ല ഈ റോഡ് ഇടിച്ചു നിരത്താൻ പോകുന്നു, ഇനി ഈ റോഡിന്റെ ആവശ്യം ഇല്ല പോലും”
രാഘവൻ മാഷക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അയാൾ മുറിക്കകത്ത് കയറി വാതിലടച്ചു. രാത്രിയായിട്ടും രാഘവൻ മാഷ് മുറിക്ക് പുറത്തു വന്നതേയില്ല. പുറത്ത് പരിഭ്രാന്തരായി കാവലിരുന്ന് മയങ്ങിപ്പോയ മോളും മരുമോനും എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. കൂവി വിളിച്ച് ബഹളമുണ്ടാക്കി തെരുവിലൂടെ ഓടുന്ന മാഷ്. അനക്കമില്ലാതിരുന്ന തെരുവ് അപ്പോൾ വീണ്ടും ഉണർന്നു, പ്രകാശിച്ചു. തെരുവിൽ വീണ്ടും ആളു കൂടിയപ്പോൾ മാഷുടെ മുഖം വിടർന്നു. എന്നാൽ അയാൾ ഓട്ടം നിർത്തിയില്ല, എതിരെ വന്ന ഏതോ വാഹനം ഇടിച്ചു തെറുപ്പിക്കുന്നത് വരെ.
ചിതറിത്തെറിച്ച് റോഡിൽ പരന്ന രാഘവൻ മാഷിനെ കാണാൻ കൂടിയ ആൾക്കൂട്ടം തെരുവിനെ പിന്നെയും തൽക്കാലത്തേക്കെങ്കിലും തിരക്കുള്ളതാക്കി.