തിര

എന്നെക്കുറിച്ച്
എന്തെങ്കിലും
എഴുതാമോ എന്ന്
തിര?

എൻ്റെ ഹൃദയത്തുടിപ്പെന്ന്
കടൽ!

എൻ്റെമേൽ തലതല്ലി
ചിതറിയവളെന്ന്
പാറക്കൂട്ടം!

എൻ്റെ മുറിവുകൾക്ക്
മേൽ ഉപ്പ് തേച്ചവളെന്ന്
കര!

ഒരൊറ്റ കുതിപ്പിൽ
എല്ലാം മായ്ച്ചുകൊണ്ട്
തിര ഇരമ്പി,

എന്നെക്കുറിച്ച്
എന്തെങ്കിലും
എഴുതാമോ?