താഴ്വാരങ്ങളിൽ
അലയുമീകാറ്റിൽ
സ്മൃതിപൂക്കൾതൻ സുഗന്ധം.
ഹിമകണങ്ങൾ
പൊഴിയുന്ന നേരം
തൊട്ടിലിലിൽ
കരങ്ങൾ
ചേർക്കുന്ന സ്നേഹമേ,
പാതിയിൽ ഈണമറ്റുപോയ
ചരണങ്ങളിലെയൊരു വരിയാലെന്നെ
നീ താരാട്ടുപുതപ്പിച്ചിടുന്നു.
ദൂരെ നിന്നായിമുഴങ്ങുന്ന പെരുമ്പറ
കുടിലിലെ
നിലാവെളിച്ചത്തിൽ
കലങ്ങി മറഞ്ഞൊരാഴിയായി
ഉപ്പുതൊട്ടു വയ്ക്കുന്നു.
നിരാലംബനാമൊരുവൻ
ഗദ്ഗദങ്ങളാൽ
തോൾ മറയ്ക്കുന്നു.
ത്രിസന്ധ്യയിൽ
ചോരനായെത്തി
ബലിഷ്ഠകരങ്ങളാലവളെ
കശക്കിയെറിയുമ്പോൾ
കുഞ്ഞിളം ചുണ്ടുകൾ
എന്തിനോ വിതുമ്പി!
വിറങ്ങലിച്ച ഭിത്തികളിൽ
താരാട്ടുപാട്ടുകളുടെ
പ്രതിധ്വനികൾ തൊട്ടു മായുന്നു.
ആയുസ്സിന്റെ ചില്ലയിൽ
ശിശിരം വന്നണയുമ്പോൾ
വസന്തത്തിന്
മുലപ്പാലിന്റെ
ചൂടും മാധുര്യവും കുറയുന്നു.
പാടിത്തേയാത്ത,
കേട്ടുമടുക്കാത്ത
ഉറക്കുപാട്ടുകളപ്പോളും
എനിക്കു ജീവനായി
ഉണർത്തുപാട്ടുകളായി മാറിടുന്നു.
നാളെയുടെ പാട്ടുകളിൽ
നിരാശകളെ തുന്നുന്നു.
വിഷാദത്തിന്റെ അലകളിൽ
രാവുറങ്ങുന്നു.
കനവേ,നിന്നെ
ഞാനിതാ നോവുതൊട്ടുവച്ചുറക്കുന്നു.