തലയിണ

തലയിണയെന്നത് ബെഡ്റൂമിലെ സുഖകരമായ ഉറക്കത്തിനായി തല വെച്ചു കിടക്കാനുള്ള ഒന്നായിരുന്നില്ല അയാള്‍ക്ക്. ഉറക്കം വരാത്ത രാത്രികളില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ നെഞ്ചോടമര്‍ത്തിപിടിച്ച് പഴയ കാമുകിയെ ഓര്‍ക്കാനുള്ളതുമായിരുന്നില്ല

സുഗമമായ രീതിയില്‍ ഒരു കര്‍ച്ചീഫ് കരുതുന്നതുപോലെയോ, ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ഒതുങ്ങിയിരിക്കത്തക്ക രീതിയിലുള്ള ഒരു പേന പോലെയോ, മടക്കി ചുരുട്ടി വെക്കാവുന്ന ഒരു പേഴ്സ് പോലെയോ ആയിരുന്നു ഒരു തലയിണയെങ്കില്‍ തീര്‍ച്ചയായും എപ്പോഴും അയാള്‍ക്കൊപ്പമതുണ്ടാകുമായിരുന്നു. തലയിണയുടെ ചുരുങ്ങിയ രൂപങ്ങള്‍ പല പല തരത്തില്‍ തനിക്ക് ഉണ്ടാക്കാമെന്നിരിക്കിലും അതിലൊന്നും ഒരിക്കലുമയാള്‍ സംതൃപ്തിയുള്ളവനായില്ല. പല തവണ അയാളത് പരീക്ഷിച്ച് നോക്കിയെങ്കിലും അപ്പോഴൊന്നും അയാള്‍ക്ക് വേണ്ടത്ര തൃപ്തി വരികയുണ്ടായില്ല. തലയിണയെന്നത് വാസ്തവത്തില്‍ എന്തിനുവേണ്ടി നിലകൊണ്ടിരുന്നുവോ അത്തരമൊരാവശ്യത്തിനു വേണ്ടിയുള്ളതായിരുന്നില്ല അയാളെ സംബന്ധിച്ച്. മറ്റുള്ള കാര്യങ്ങളില്‍ വാചാലാനാകുന്നതു പോലെ തലയിണയുടെ ഭാഗധേയത്തെക്കുറിച്ച് ഒരിക്കലൊഴികെ ഒരു വാക്കു പോലും അയാള്‍ ആരോടും ഉരിയാടിയിരുന്നില്ല. തലയിണയുടെ കാര്യമൊഴികെ അയാളുടെ ജീവിതത്തില്‍ പറയത്തക്ക മറ്റു രഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.

എപ്പോഴും യാത്രകള്‍ ആവശ്യപ്പെടുന്നതായിരുന്നു അയാളുടെ ജീവിതം. ദിവസേനയുള്ള യാത്രക്കിടയില്‍ വലിയ വലിയ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളില്‍ മുറിയെടുക്കേണ്ടതായിട്ടുണ്ട്. മുറിയെടുത്തു കഴിഞ്ഞാല്‍ ആദ്യമായി അയാള്‍ ചെയ്യുന്ന കാര്യം മുറിയിലെ തലയിണ പരിശോധിക്കലായിരുന്നു. ആ തലയിണയുടെ കവറയാള്‍ അഴിച്ചു മാറ്റും. എന്നിട്ട് തലയിണയില്‍ മുഖം ചേര്‍ത്ത് മണത്തു നോക്കും. അതില്‍ ഒരു സ്ത്രീയുടെയോ പുരുഷന്‍റെയോ വിയര്‍പ്പിന്‍റെ ഗന്ധം അറിയുകയാണെങ്കില്‍ ഉടന്‍ തന്നെ റൂംബോയിയെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തി കൊടുക്കുകയും അത് മാറ്റിക്കൊണ്ടു വരാന്‍ പറയുകയും ചെയ്യും. ശേഷം കൊണ്ടുവരുന്ന തലയിണകളിലും തൃപ്തനാവാതെ വരികയാണെങ്കില്‍ അവിടെ മുറി എടുക്കാതെ വേറെതെങ്കിലും ഇടത്തേക്ക് പോകുകയും ചെയ്യുമായിരുന്നു.

എവിടേക്കു പോകുമ്പോഴും തനിക്കൊപ്പം സ്ഥിരമായി കരുതുന്ന ഒന്നുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള യാത്രകളില്‍ മാറ്റമില്ലാതെ അതയാളെ അനുഗമിച്ചുകൊണ്ടിരുന്നു. വെളുത്ത നിറമുള്ള ചെമന്ന പൂക്കളാല്‍ എംബ്രോയിഡറി ചെയ്യപ്പെട്ടിട്ടുള്ള പിന്നാന്‍ തുടങ്ങിയ ഒരു തലയിണ കവറായിരുന്നു അത്. കാലപ്പഴക്കത്താല്‍ അത് തീര്‍ത്തും ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. മുറിയിലെ തലയിണകള്‍ക്ക് വിയര്‍പ്പു ഗന്ധവും മറ്റപരിചിതത്വവും തോന്നിയില്ലെങ്കില്‍ ആ കവര്‍ അതിനു മുകളിലേക്കിടുമായിരുന്നു. പിന്നീടയാള്‍ ലൈറ്റണയ്ക്കും. വര്‍ഷങ്ങള്‍ കഴിയുന്തോറും തലയിണ കവര്‍ കൂടുതല്‍ കൂടുതല്‍ മോശമാകുകയും വേണ്ട വിധത്തിലുപയോഗിക്കാന്‍ സാധിക്കാതാവുകയും ചെയ്തു. ഒരു ദിനം തലയിണ കയറ്റുന്നതിനിടയില്‍ പിന്നിയ നൂലിനൊപ്പം തലയിണ കവര്‍ കീറാന്‍ തുടങ്ങുന്നതയാള്‍ കണ്ടു. അതിനുശേഷം തലിണയിണയുള്ളിലേക്ക് കവര്‍ കയറ്റുന്ന സംഗതി അയാള്‍ ഉപേക്ഷിച്ചു. പകരം വെറുതെ തലയിണക്കു മീതെ വെച്ച് അതു നോക്കിയിരുന്നു. ഇരുളില്‍ അയാള്‍ അതിനോടു വര്‍ത്തമാനം പറയുമായിരുന്നു. ഭാര്യയോടു മാത്രമേ അതേക്കുറിച്ചയാള്‍ പറഞ്ഞിരുന്നുള്ളൂ. തങ്ങളുടെ പ്രഥമ രാത്രിയില്‍ തന്നെ അയാളത് അവളോട് വ്യക്തമായി പറഞ്ഞിരുന്നു. തങ്ങളുടെ ദാമ്പത്യത്തില്‍ എവിടെയെങ്കിലും ഒരു സ്വരചേര്‍ച്ച ഉണ്ടാകാതിരിക്കാനും അത്രമാത്രം ആ പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നതുകൊണ്ടും മാത്രമായിരുന്നു അയാളത് പറഞ്ഞത്.

“നോക്കൂ, എന്‍റെ ജീവിതത്തെക്കുറിച്ചും ദിനങ്ങളെക്കുറിച്ചും എനിക്കൊപ്പം നടക്കുന്ന എന്നോടിഴപഴകുന്ന എല്ലാവര്‍ക്കും അറിയാം. പക്ഷേ അവര്‍ക്കാര്‍ക്കുമറിയാത്ത, അവരോടാരോടും പറയാത്ത ഒരു സംഗതി എന്നിലുണ്ട്. നിന്നോട് മാത്രമേ ഞാനത് പറയുന്നുള്ളൂ. എന്‍റെ ജീവിതത്തെക്കുറിച്ച് ഇക്കാര്യമറിയുന്ന ഒരേ ഒരാള്‍ നീ മാത്രമായിരിക്കും. നമ്മളിരുവരുടെയും ജീവന്‍ നിലക്കുന്നതു വരെ…”
പ്രഥമരാത്രിയില്‍ തന്നെ ഭര്‍ത്താവില്‍ നിന്നും അത്തരമൊരേറ്റുപറച്ചില്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ആ പെണ്‍കുട്ടി പകച്ച്, കേള്‍ക്കാന്‍ പോകുന്ന സംഗതി എന്തെന്നറിയാനായി അമ്പരന്നിരുന്നു. എത്ര തന്നെ തന്‍റെ മനസ്സിനേയും ഹൃദയത്തേയും തകര്‍ക്കാന്‍ പോന്നതാണെങ്കില്‍ കൂടിയും അത് സഹിക്കാനുള്ള ശക്തി തനിക്ക് തരണമേയെന്നവൾ പ്രാര്‍ത്ഥിച്ചു.
“ഒരിക്കല്‍ മാത്രമേ ഞാനിത് പറയുകയുള്ളൂ. ശ്രദ്ധയോടെ കേള്‍ക്കുക. ഒരു തവണ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ എനിക്കാവില്ല. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തിരിച്ചെന്നോട് ഒന്നും ചോദിക്കരുത്. ഇക്കാര്യത്തില്‍ ഒരേ ദിശയിലേക്കനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്ന നദി പോലെയായിരിക്കും എന്‍റെ വാക്കുകള്‍. ഒരിക്കലും അവ നിലയ്ക്കാനോ തടസ്സപ്പെടുത്താനോ ആയി വാക്കുകള്‍ ഉപയോഗിക്കരുത്. തുടര്‍ന്നയാള്‍ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന ചുവന്ന പൂക്കളുടെ എംബ്രോയ്ഡറിയുള്ള തലയിണ പുറത്തേക്കെടുത്തു. മതിരപ്പിള്ളിയിലെ തറവാട്ടുവക വീടായിരുന്നു അത്. ഭാഗസമയത്ത് മറ്റൊന്നും വേണ്ടെന്ന് പറഞ്ഞ് അയാളാവീട് ആവശ്യപ്പെടുകയായിരുന്നു. “വളരെക്കുറച്ചു മാത്രം പ്രകാശം കടക്കുന്നതും മറ്റുള്ളവയുമായി വെച്ചുനോക്കുമ്പോള്‍ വൃത്തികുറവെന്നു തോന്നിക്കുന്നതുമായ ഈ മുറി ഞാനെന്തിനു മണിയറയാക്കിയെടുത്തുവെന്ന് നീ ചിന്തിച്ചൊ?” തീര്‍ച്ചയായും അയാള്‍ക്കതിന് ഉത്തരം ആവശ്യമില്ലെന്നവള്‍ക്കറിയാമായിരുന്നു. അയാള്‍ തലയിണയെടുത്ത് കിടക്കയില്‍ വെച്ചു. നിലത്തു വീണാലോ കയ്യൊന്നൂക്കില്‍ തൊട്ടാലോ പൊട്ടുന്നതുപോലെയുള്ള ഒരു വസ്തു വളരെ ശ്രദ്ധാപൂര്‍വ്വം വെക്കുന്നതുപോലെയാണയാള്‍ അതു ചെയ്തത്. അതില്‍ നിന്നു തന്നെ തന്‍റെ ഭര്‍ത്താവക്കാര്യത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുവെന്ന് അവള്‍ക്ക് മനസ്സിലായി.

“എന്‍റെമ്മയുമൊത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് ഈ മുറിയിലാണ്. ഈ കട്ടിലില്‍ അന്ന് കിടക്ക ഉണ്ടായിരുന്നില്ല. വെറും പാ വിരിച്ച് ഈ തലയിണയും വെച്ച് ഞങ്ങള്‍ കിടക്കും. പുറം പണി അന്വേഷിച്ചിറങ്ങുന്ന അപ്പന്‍ മിക്ക ദിവസവും വീട്ടില്‍ ഉണ്ടാകില്ല. ചേച്ചിയും ചേട്ടന്മാരും അപ്പുറത്തുള്ള മുറികളില്‍ കിടക്കും. മഴപെയ്യുമ്പോള്‍ ചുവരിലൂടെ അരിച്ചിറങ്ങുന്ന മണ്ണുകലര്‍ന്ന വെള്ളം നോക്കി അമ്മയുടെ മടിയില്‍ തലവെച്ച് ഞാന്‍ കിടക്കും.

ഏറ്റവും ഇളയകുട്ടി അയാളായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ള കുട്ടികളില്‍ നിന്നു വ്യത്യസ്തമായി വേണ്ടുവോളം സ്നേഹവും വാത്സല്യവും അവന് കിട്ടിയിരുന്നു. മിക്കദിനങ്ങളിലും അപ്പന്‍ വീട്ടില്‍ ഇല്ലായിരുന്നുവെങ്കിലും ഉള്ള സമയം മുഴുവന്‍ അയാള്‍ അവനുമൊത്ത് ചെലവഴിക്കുമായിരുന്നു. മറ്റുള്ള കുട്ടികളില്‍ നിന്നു വ്യത്യസ്തമായി ആ കുട്ടി കൂടുതല്‍ സ്നേഹവും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ടെന്നും അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ക്കു തോന്നി.

“ഒരിക്കല്‍പോലും എന്‍റെ അമ്മ തലവെക്കാനായി തലയിണ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇടയ്ക്ക് ഞാന്‍ ചോദിച്ചിട്ടുണ്ട്, തലവെക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് നമ്മുക്ക് തലയിണയെന്ന്. അന്നേരമൊക്കെ അമ്മ ചിരിക്കുക മാത്രമാണ് ചെയ്തത്. അമ്മയുടെ കണ്ണുകളില്‍ എന്തോ തിളങ്ങുമായിരുന്നു അപ്പോഴൊക്കെ…”

അയാളുടെ അമ്മ തീര്‍ത്തും നിര്‍മ്മല ഹൃദയമുള്ള ഒരു സ്ത്രീയായിരുന്നു. ചെറിയ ഒരു കാര്യം ധാരാളമായിരുന്നു അവരുടെ ഹൃദയത്തെ വേദനിപ്പിക്കാന്‍. അവരുടെ ദിനങ്ങള്‍ വളരെയേറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. അവര്‍ക്കു തന്നെ സഹിക്കാനും സങ്കടപ്പെടാനും ഇഷ്ടംപോലെ ദുരിതങ്ങളുണ്ടായിരുന്നു. എന്നിട്ടും മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതിനായി അമ്മ ചെന്നിരിക്കുകയും തന്നാലാകുന്നതിനേക്കാള്‍ ഉപരിയായി അവരെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. അവരുടെ സംസാരം കേട്ടിരിക്കുന്ന അമ്മയുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ നോക്കിയിരിക്കുമായിരുന്നു. ചില നേരങ്ങളില്‍ അമ്മ വേഗത്തില്‍ എഴുന്നേറ്റുപോയി തങ്ങളുടെ മുറിയില്‍ കയറി വാതിലടക്കുമായിരുന്നു. വാതിലടച്ച് അതിനകത്ത് അമ്മ എന്തു ചെയ്യുന്നുവെന്ന് അവന് മനസ്സിലായിരുന്നില്ല.

“എത്ര തന്നെ ശ്രമിച്ചിട്ടും ചോദിച്ചിട്ടും എനിക്കത് കണ്ടെത്താനായയില്ല. ഒരിക്കലും അത്തരം ദിവസങ്ങളില്‍ ആ തലയിണയൊന്നു തൊടാന്‍ പോലും അമ്മ എന്നെ അനുവദിക്കുമായിരുന്നില്ല. പക്ഷേ ഒരു ദിവസം ഞാനത് കണ്ടെത്തി. ഒരു രാത്രിയിലാണത്. ഞാന്‍ നന്നായി ഉറക്കം പിടിച്ചിരുന്നു. ആരുടെയോ തേങ്ങിതേങ്ങിയുള്ള കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. ഞാന്‍ ശബ്ദിച്ചില്ല. അപ്പോള്‍ തന്നെ എനിക്കു മനസ്സിലായി മറ്റാരില്‍ നിന്നുമല്ല, എനിക്കരുകില്‍ കിടക്കുന്ന അമ്മയില്‍ നിന്നാണതെന്ന്. അപ്പോള്‍ മാത്രമാണ് ഞാനത് കണ്ടത്. എന്‍റെ അമ്മ തലയിണയില്‍ മുഖമമര്‍ത്തി കരയുകയായിരുന്നു. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനായി അമ്മ നന്നെ പാടുപെടുന്നുണ്ടായിരുന്നു.

കനത്ത ഇരുളിലും തലയിണയില്‍ മുഖം പൂഴ്ത്തി കരയുന്ന അമ്മയെ അവനു കാണാമായിരുന്നു. അതിന് ഒരു വെളിച്ചത്തിന്‍റെയും സഹായം ആവശ്യമില്ലായിരുന്നു. അതിനൊരിക്കലും ആ ഇരുള്‍ ഒരു തടസ്സവുമായിരുന്നില്ല. പിന്നീടുള്ള മിക്ക രാത്രികളിലും ആരുമറിയാതെയെന്നവണ്ണം അമ്മ എങ്ങനെ ആ തലയിണ ഉപയോഗിച്ചിരുന്നുവെന്ന് ഇരുളില്‍ നിറഞ്ഞ കണ്ണുകളോട അവന്‍ നോക്കിയിരുന്നു. എന്തിനാണമ്മ കരയുന്നതെന്ന് അവന്‍ ചോദിക്കുകയോ, മനസ്സിലാക്കുകയോ ഉണ്ടായില്ല അന്നൊന്നും.

അയാള്‍ തലയിണയെടുത്ത് അവള്‍ക്കു നേരെ കാണിച്ചു.

“ഈ തലയിണയില്‍ ഒന്നു പിടിച്ചു നോക്കൂ. ഇതൊന്നു മണത്തു നോക്കൂ. എപ്പോഴും ഇത് മഞ്ഞുപോലെ തണുത്തിരിക്കും. എപ്പോഴുമിതിന് ഉപ്പിന്‍റെ ഗന്ധവും രസവുമുണ്ടായിരിക്കും. ഇതെന്‍റെ അമ്മയുടേതാണ്.”
അവള്‍ അപ്രകാരം ചെയ്തു. മഞ്ഞുപോലെ നിര്‍മ്മലവും തണുത്തുറഞ്ഞതുമായ അതില്‍ അവളുടെ ചുണ്ടുകള്‍ ഉപ്പുരസമറിഞ്ഞു. ഇരുളില്‍ മുഖം ചേര്‍ത്തു കരഞ്ഞിരുന്ന ഒരമ്മയെ അവളതിലൂടെ കാണാന്‍ ശ്രമിച്ചു.
“അവസാന സമയത്ത് അമ്മയില്‍ നിന്ന് ഞാനാവശ്യപ്പെട്ടതും അവരെനിക്കു തരാനിഷ്ടപ്പെട്ടതും ഇതു മാത്രമായിരുന്നു. എനിക്കു കിട്ടിയ ഏറ്റവും വലിയ സ്വത്തും ഇതാകുന്നു.”
സംസാരിച്ചു സംസാരിച്ചു അയാള്‍ ലൈറ്റണച്ചു. ആ ഇരുളില്‍ ആ തലയിണയുമായി അയാള്‍ എന്തു ചെയ്യുന്നുവെന്ന് അവള്‍ക്കപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.

വിവാഹത്തിനു ശേഷം അവര്‍ സ്റ്റേറ്റ്സിലുള്ള തങ്ങളുടെ ജോലി സ്ഥലത്തേക്ക് തിരികെ പോയി. തന്‍റെ തറവാട് അതിന്‍റെ പ്രൗഢിയിലും വിശുദ്ധിയിലും സൂക്ഷിക്കുന്നതിനായി അയാള്‍ വര്‍ഗ്ഗീസേട്ടനെന്ന അപ്പന്‍റെ ചങ്ങാതിയെ ഏല്പിച്ചു. വര്‍ഗ്ഗീസേട്ടന്‍ ഒരേ സമയം അയാള്‍ക്ക് പിതൃസമാനനും വിശ്വസ്തനുമായിരുന്നു. ആറുമാസത്തിലൊരിക്കല്‍ അയാള്‍ തനിച്ചോ കുടുംബസമേതമോ തിരികെയെത്തി ഒരാഴ്ച അവിടെ തങ്ങാറുണ്ടായിരുന്നു. മതിരപ്പിള്ളിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യയാത്ര മുതൽക്കേ ആ തലയിണ കവര്‍ അയാള്‍ക്കൊപ്പമുണ്ടായിരുന്നു. തലയിണ തികച്ചും ഭദ്രമായി വിശുദ്ധമായ ഒരു വസ്തുവെന്ന പോലെ അയാള്‍ അവിടെ ആ മുറിയില്‍ നിലനിര്‍ത്തി.

ആ തവണ നാട്ടിലെത്തിയത് അയാള്‍ തനിച്ചായിരുന്നു. പെട്ടെന്നുള്ള ഒന്നായതിനാല്‍ ഭാര്യയെയോ തന്‍റെ മൂന്നു പെണ്‍മക്കളെയോ കൂടെ കൂട്ടാന്‍ അയാള്‍ക്കായില്ല.

മതിരപ്പിള്ളിയിലുള്ള വീട്ടില്‍ എത്തിയപാടെ തന്നെ കാത്ത് ആരോ വന്നിട്ടുണ്ടെന്ന് വര്‍ഗ്ഗീസേട്ടന്‍ വന്നു പറഞ്ഞു. യാത്ര മൂലം അയാള്‍ വല്ലാതെ ക്ഷീണിതനായിരുന്നു. മുറി തുറന്ന് കട്ടിലും തലയിണയും നോക്കിക്കൊണ്ടു നില്ക്കുകയായിരുന്നു അയാള്‍. ആ നേരത്താണ് വര്‍ഗ്ഗീസേട്ടനതു പറയുന്നത്. ആരായാലും കുറച്ചു കഴിഞ്ഞു വരാന്‍ പറഞ്ഞ് അയാള്‍ തിരിഞ്ഞു. അല്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ വര്‍ഗ്ഗീസേട്ടന്‍ പഴയ പടി നില്ക്കുന്നുണ്ടായിരുന്നു. അയാള്‍ ചോദ്യരൂപേണ വര്‍ഗ്ഗീസേട്ടനെ നോക്കി.


മൂന്ന് കൊച്ചു പെണ്‍ കുട്ടികളാണ്…..”

പെണ്‍കുഞ്ഞുങ്ങളുടെ കാര്യത്തിലുളള അയാളുടെ ശ്രദ്ധയേക്കുറിച്ച് വര്‍ഗ്ഗീസേട്ടന് നന്നായറിയാമായിരുന്നു. എത്ര തന്നെ ക്ഷീണിതനാണെങ്കിലും അതയാള്‍ പിന്നേക്ക് വെക്കുമായിരുന്നില്ല. തലയിണയും കവറും അവിടെ വെച്ച് യാന്ത്രികമായെന്ന വണ്ണം അയാള്‍ തിരഞ്ഞു നടന്നു.

സിറ്റിങ്ങ് റൂമിലെ സെറ്റിയില്‍ ഇരിക്കാതെ മൂന്നു കൊച്ചു പെണ്‍കുട്ടികള്‍ തികച്ചും അന്യരായി നില്ക്കുന്നത് അയാള്‍ കണ്ടു. അകലെ നിന്നു കണ്ടപ്പോള്‍ തന്‍റെ കൊച്ചുങ്ങളാണോ എന്നു പോലും ഒരു നിമിഷം അയാള്‍ സംശയിച്ചു പോയി. അയാള്‍ സാവകാശം അവര്‍ക്കരികത്തേക്ക് നടന്നു.

സ്ഥിരമായി ഉപയോഗിക്കുക മൂലം അവിടവിടെ പിന്നി തുടങ്ങിയ നരച്ചു നിറം മങ്ങിയ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. അവരുടെ കാതില്‍ പ്ലാസ്റ്റിക്കിന്‍റെ കമ്മലും കഴുത്തില്‍ നിറം പോയി തുടങ്ങിയ മുക്കിന്‍റെ മാലയുമായിരുന്നു ഉണ്ടായിരുന്നത്. അയാള്‍ക്കു മുന്നില്‍ നിവര്‍ന്നു നില്ക്കാനാവാതെ ചൂളി ചൂളി അല്പാല്പമായി തറയിലൂടെ കാലുകളുരച്ച് അവര്‍ പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അയാള്‍ കയ്യുയര്‍ത്തി അവരെ തടഞ്ഞു. പിറകോട്ടു നടക്കരുതെന്നാണയാള്‍ അര്‍ത്ഥമാക്കുന്നതെന്ന് അവര്‍ക്കു മനസ്സിലായി. അയാള്‍ സാവകാശം അവര്‍ക്കരുകില്‍ മുട്ടു കുത്തിയിരുന്നു.

അവരുടെ കണ്ണുകളിലേക്കയാള്‍ നോക്കി. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്തരത്തിലുള്ള കണ്ണുകള്‍ അയാള്‍ കാണുന്നത്. അയാള്‍ക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അവരുടെ കണ്ണുകളെല്ലാം ഒന്നുപോലിരുന്നു. അവയുടെ ആഴങ്ങളില്‍ നിന്ന് എന്തോ ഉറഞ്ഞുവരാന്‍ തുടങ്ങുന്നുണ്ടെന്നയാള്‍ക്കു തോന്നി. തികച്ചും അനാഥരാക്കപ്പെട്ടതുപോലെയായിരുന്നു അവ. ഒരഭയസ്ഥാനത്തിനായുള്ള വിഹ്വലത അവയില്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു. അവ ഒന്നും ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അവ എന്തൊക്കെയോ അര്‍ഹിക്കുന്നുണ്ടായിരുന്നു. അവയുടെ ആഴത്തില്‍ ദുഃഖമുണ്ടെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവുമായിരുന്നില്ല. എന്നാല്‍ ഒരിക്കലുമത് സന്തോഷമാണെന്ന് കണ്ടെത്താനും കഴിയുമായിരുന്നില്ല. അവരുടെ ജീവിതത്തെ കുറിക്കുന്ന സകലതും അതിലുണ്ടായിരുന്നു. അയാള്‍ക്കത് വളരെ വേഗത്തില്‍ വായിച്ചെടുക്കാന്‍ സാധിച്ചു. അല്ലെങ്കില്‍ അയാള്‍ക്കു മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. ആ കണ്ണീരില്‍ ആ ലോകം മുഴുവന്‍ ഉണ്ടെന്നയാള്‍ക്കു തോന്നി. അവിടെയുള്ള സകല പെണ്‍കുഞ്ഞുങ്ങളും തങ്ങളുടെ വിഹ്വലമായ കണ്ണുകളുമായി തനിക്കു നേരെ കയ്യുയര്‍ത്തുന്നത് അയാള്‍ കണ്ടു. അവയില്‍ നിന്നെല്ലാം ധാരധാരയായി കണ്ണീരൊകിക്കൊണ്ടിരുന്നു. ആദിയോ അന്തമോ ഇല്ലാതെ അവയങ്ങനെ പരന്നു കിടക്കുകയായിരുന്നു.

അയാള്‍ അവരെ മൂവരെയും തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. തനിക്കുള്ളില്‍ നിന്നെന്തോ പൊട്ടിവരാന്‍ തുടങ്ങുന്നുണ്ടെന്നയാള്‍ അറിഞ്ഞു. നെഞ്ചില്‍ കനത്തൊരു ഭാരം കിടന്നു വിങ്ങുന്നതായി അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് തിരികെ നടന്നു. തന്‍റെ ഹൃദയം നുറുങ്ങി നുറുങ്ങി പുറത്തേയ്ക്കു വമിക്കുന്നതാരെങ്കിലും കാണാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെയും തന്‍റെയും മുറിയില്‍ കയറി അയാള്‍ വാതിലടച്ചു. തലയിണയില്‍ മുഖം അമര്‍ത്തി അയാള്‍ ഏങ്ങിയേങ്ങി കരഞ്ഞു.

തൃശൂര്‍ ജില്ലയിൽ മണലിത്തറ സ്വദേശി. മെഡിക്കല്‍ റെപ്രസെന്‍റെറ്റീവായി തൃശ്ശൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്നു. എട്ട് നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടനവധി ചെറുകഥ /നോവൽ രചന മത്സരങ്ങളിൽ വിജയിയാണ്.