തലതാഴുമ്പോൾ

മിണ്ടാട്ടങ്ങൾ
പലതും
വഴിമുട്ടിപ്പോയത്
മൊബൈലിലേക്ക്
തലപൂണ്ടതു കൊണ്ടായിരിക്കും.!

തലയുയർത്തി
കാണേണ്ടുന്ന
കാഴ്ചകളൊന്നും
ഇമകളിൽ പതിയാതിരുന്നതും
തലതാഴ്ത്തി
നിന്നതിലുമാവാം.!

പ്രതികരണവാതിലുകൾ
അടഞ്ഞു പോയതും
കേൾവിയുടെ
ജനാലകളിൽ
ഹെഡ്സെറ്റ്
പതിഞ്ഞതും
തകർന്ന
ദൃശ്യങ്ങളേറെയുണ്ടായിട്ടും
നയന ശ്രവണ
പുടങ്ങളിൽ
നനവോ നോവോ
പകരാതിരുന്നതും.!

ഇരുളിന്റെ ഓരം
ചേർന്നവരുടെ
അപഥ സഞ്ചാരം
രാവും പകലുമെന്നില്ലാതെ
ചുറ്റുപാടും
നൃത്തമാടിയതും
പുതപ്പിനുള്ളിലെ
ഇത്തിരി വെട്ടത്തിൽ
അറിയാതെപോയതും.!

ഒടുവിലൊരു
ലോകമുയരും
നാമറിയാത്ത
നമ്മെയറിയാത്ത
ഹാഷ് ടാഗുകളിൽ
കിതച്ചുപോയൊരു
ലോകം.!

വയനാട്, സുൽത്താൻ ബത്തേരി സ്വദേശി. നവമാധ്യമങ്ങളിൽ എഴുതുന്നു.