തനിയെ…..

ഒടുവിൽ ശങ്കരനും ഈ മണ്ണ് വിട്ടിറങ്ങുകയാണിന്ന്! ഓരോരുത്തരായി പറന്നകലുമ്പോഴും, ബാല്യകാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന പ്രിയ കൂട്ടുകാരൻ ഈ മണ്ണിൽ നിന്ന് കൂട് വിട്ടൊഴിയുമെന്ന് കരുതിയിരുന്നില്ല. ഈ കാട്ടുചോലയിൽ കുളിച്ച്, കാട്ടിൽ നിന്ന് വിറക് ശേഖരിച്ച്, വിളിക്കുന്ന ജോലികളെല്ലാം സന്തോഷത്തോടെ ഏറ്റെടുത്ത് ഈ മണ്ണിനെ സ്നേഹിച്ച് ജീവിച്ചവൻ.
അവൻ രാധയെ ജീവിത പങ്കാളിയായ് ചേർത്തപ്പോഴും തന്നിലേക്ക് അമ്മിണി ചേർന്ന് നിന്നപ്പോഴും അകലാതെ തുടർന്ന ഈ സൗഹൃദം ഇന്നീ കുന്നിറങ്ങുകയാണ്. ഇഷ്ടമായിട്ടാവില്ല, തീർച്ച. മക്കൾക്ക് താഴെ ആനോത്തേക്കോ വെങ്ങപ്പള്ളിയിലേക്കോ ജീവിതം പറിച്ചു നടുവാനാണ് ആഗ്രഹം. അവരുടെ ഇഷ്ടങ്ങളെ കുറ്റപ്പെടുത്തുവാൻ വയ്യ.  ചെങ്കുത്തായ പ്രദേശം എന്നതിനേക്കാൾ 10 വർഷങ്ങൾക്കപ്പുറം കേട്ട് കേൾവി മാത്രമായിരുന്ന കൊമ്പന്റെ ശല്യം അധികരിച്ചിരിക്കുന്നു. അവന്റെ ചിന്നം വിളി ആരെയും ഭീതിപ്പെടുത്തുന്നു. തൊട്ടരികെ കുറിച്ച്യർ മലയിൽ പ്രളയം സമ്മാനിച്ച മണ്ണിടിച്ചിലിനേക്കാൾ കറുവൻതോട്ടുകാർ ഭയക്കുന്നത് ആനയുടെ സാന്നിധ്യം തന്നെയാണ്.

കാലാവസ്ഥയുടെ വ്യതിയാനം നോക്കി അനുയോജ്യമായിടത്തേക്ക് പറന്നകലുന്ന ദേശാടനപ്പക്ഷികളെ പോലെ ഈ മണ്ണ് വിട്ട് എത കുടുംബം അകന്നുപോയി! കാട്ടിൽ വിഭവങ്ങൾ കുറഞ്ഞതായിരിക്കാം വന്യമൃഗങ്ങൾ നാട്ടിലേക്ക് ആകർഷിക്കപ്പെടുന്നത്. ഒരു കൃഷിയും ചെയ്യുവാൻ വാനരൻമാർ അനുവദിക്കാറില്ല. ഇപ്പോൾ ചക്ക വിളയുന്ന കാലമായാൽ ആനകളും !

റിസോർട്ടുകൾക്ക് അനുയോജ്യമായ ഭൂമികയായ് കറുവൻതോട് മാറിയിരിക്കുകയാണ്. ഒന്നിലധികം റിസോർട്ടുകൾ ഉയർന്ന് കഴിഞ്ഞു. പല കുടുംബങ്ങളും താഴേക്ക് പോകുവാൻ കൊതിക്കുന്നു. പ്രകൃതിയുടെ അനുഗ്രഹം ആവോളം നുകരുവാൻ ഈ ഇടം നിറഞ്ഞ് നിൽക്കുമ്പോഴും മനസ്സ് അകലേക്ക് പറന്നകന്നവരാണ് പല വീടുകളിലും വസിക്കുന്നത്.

തൊട്ടുതാഴെയുള്ള പൊഴുതന ടൗണിൽ നിന്ന് 100 രൂപയ്ക്ക് ഓട്ടോ വിളിക്കുകയേ സാധാരണക്കാരന് മാർഗമുള്ളൂ. ഭൂരിഭാഗവും തൊഴിലുറപ്പ് തൊഴിലാളികൾ മാത്രമായ, മണ്ണിൽ തൊഴിലെടുത്ത് ജീവിക്കുന്ന, കുറഞ്ഞ ശമ്പളത്തിൽ തേയില എസ്റ്റേറ്റിൽ അദ്ധ്വാനിക്കുന്ന മണ്ണിന്റെ മക്കൾ.  ഒരു കട മാത്രമാണ് നിലവിലുള്ളത്. അതോ വൈകീട്ട് ഒന്നോ രണ്ടോ മണിക്കുറുകൾമാത്രം തുറക്കുന്നു. ഇവിടെ വികസിക്കുകയല്ല, ഉള്ളതും നഷ്ടപ്പെട്ടു പോവുന്നു. പല പറമ്പുകളും കോഴിക്കോട്ടുകാരുടേയോ മലപ്പുറത്തുകാരുടേയോ കൈകളിലാണ്. വല്ലപ്പോഴും അതിഥികളെ പോലെ വന്ന് തങ്ങളുടെ തോട്ടങ്ങൾ കണ്ട് പോവുന്നവർ.

മലമുകളിൽ മഞ്ഞ് മൂടി ആകാശവുമായി ചേർന്ന് നിൽക്കുന്ന കാഴ്ച്ച, വനങ്ങളും അരുവിയും കാപ്പിത്തോട്ടങ്ങളും കൊച്ചു വീടുകളും, താഴെ തേയിലത്തോട്ടങ്ങൾ . ഈ മണ്ണ് വിട്ട് രാമനെങ്ങനെയാണ് പോകുവാൻ സാധിക്കുക. മക്കളുടെ നിർബന്ധം സഹിക്കവയ്യാതെയാവും ഈ പടിയിറക്കം. തന്റെ മക്കളും ആഗ്രഹിക്കുന്നത് അത് തന്നെയാണല്ലോ.

അമ്മിണി പോയതിൽ പിന്നെ തന്റെ പാതി ജീവൻ നഷ്ടപ്പെട്ടത് പോലെ ആയിരിക്കുന്നു. എസ്റ്റേറ്റിൽ പോകുവാൻ സാധിക്കുന്നില്ല. അസ്തമയം കാത്തിരിക്കുന്ന ഈ വേളയിൽ മക്കളുടെ മനസ്സിനൊത്ത് സഞ്ചരിച്ചേ പറ്റൂ. ഈ കുന്ന് നൽകുന്ന ചോലയുടെ സംഗീതം കേട്ട് തെളിനീർ കുടിച്ച്, കുളിച്ച് കിളികളുടെ ശബ്ദങ്ങളിലലിഞ്ഞിരിക്കുവാനുള്ള ആഗ്രഹം വെടിയുകയേ നിവൃത്തിയുള്ളൂ.

വനാതിർത്തിയിൽ കമ്പിവേലി കെട്ടി ആനശല്യം നിർത്തലാക്കുമെന്ന് അധികൃതർ പറയുന്നുണ്ടത്രെ! അതെത്രത്തോളം പ്രായോഗികമായിരിക്കുമെന്ന് കണ്ടറിയണം. കമ്പിയുടെ ഉറപ്പ് പോലെയിരിക്കും ആ ഉറപ്പ്. മനുഷ്യനേക്കാൾ വലിയ ബുദ്ധിയല്ലേ ചിലപ്പോൾ കാട്ടാനകൾ പ്രകടിപ്പിക്കുന്നത്. മരങ്ങൾ തള്ളിയിട്ട് വേലി തകർക്കാതിരിക്കട്ടെ! എങ്കിലും ഇത്തരത്തിൽ ഒരു വേലി ആശ്വാസം തന്നെയാണ്. തന്റെ നാളുകൾ തീരുന്നത് വരെ എങ്കിലും എന്റെ മക്കൾ ഇവിടെ താമസിക്കുവാൻ ഇത് കാരണമാകുമെങ്കിൽ മാത്രം !.
അത് കൊണ്ട് മാത്രമായി മക്കൾ ഇവിടെ ജീവിക്കുമെന്ന് ചിന്തിച്ചത് തന്റെ വിഡ്ഡിത്തമല്ലേ. അല്ലെങ്കിലും തന്റെ അമ്മിണിയില്ലാത്ത, രാമനില്ലാത്ത ഈ ഭൂമിയിൽ ഞാൻ തനിയെ ജീവിച്ചിട്ടെന്താണ്. കറുവൻതോടിന്റെ തെളിനീർ ചോല പോലെ ശുദ്ധമാവണം തന്റെ മനസ്സ്. മക്കളുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുന്ന കാട്ടുചോലയായ് എനിക്കും ഒഴുകണം കാലയവനികയിലേക്ക്… 

മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ പേങ്ങാട് സ്വദേശി. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ചെറുകഥകൾ, ലേഖനം, കവിതകൾ എഴുതാറുണ്ട്. ഹൃദയം കവർന്ന റോസാ പുഷ്പ്പങ്ങൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സർഗലയ പബ്ലിക്കേഷൻസ്, സർഗലയ ഡിജിറ്റൽ ദ്വൈമാസിക - മാനേജിങ് എഡിറ്ററാണ്.