തഥാഗതൻ

നിന്റെ മൗനങ്ങളെ
വിവർത്തനം ചെയ്യാൻ
ദിവ്യദർശനങ്ങളുടെ                                            
അൽഗോരിതം.

നിനക്ക് മുന്നിൽ
ജനനമരണങ്ങൾ-
ജീർണ്ണിച്ചുപേക്ഷിക്കുന്ന
മേൽ വസ്ത്രങ്ങൾ.

നീ ധ്യാനലീനമാവുമ്പോൾ
പ്രപഞ്ചം നിശ്ചലമാകുന്നു
ഇരുണ്ടുവെളുക്കാതെ
രാപ്പകലുകളൊടുങ്ങുന്നു.

നിനക്കു മാത്രമറിവാകും
നിലാവിന്റെ സംഗീതം
നിനക്ക് മാത്രം കാണുവാൻ
കടലിന്റെയപാരത.

വൻ ചുരങ്ങൾ കയറി നീ
കീഴടക്കിയ പർവ്വതം
നിനക്ക് പുതക്കുവാൻ
ആകാശത്തിന്റെ കമ്പളം.

ഇടമുറിയാത്ത മഴയിലും നീ
ഉള്ളുരുകി വിയർക്കുന്നു.
കടും വേനൽ ചൂടിലും
ചിന്തകൾ വിറകൊള്ളുന്നു.

നീ നടന്നു തളരുമ്പോൾ
തണൽ മരങ്ങളുടെ മേലാപ്പ്
ഉടൽ വിശക്കുമ്പോൾ
ഭിക്ഷ തേടുന്ന പാഥേയം.

നിനക്ക് പാർക്കുവാൻ
മൃൺമയ കുടീരങ്ങൾ
നിനക്ക് കാവലാൾ
അഷ്ടദിക് പാലകർ.

ഭൂതകാലം പിന്നിടും
ദിക്കറിയാത്ത യാത്രയിൽ-
നിന്റെ മാറാപ്പിൽ നിറയെ
ശമംസിദ്ധിച്ച കാമങ്ങൾ.

നീ നേതി ചൊല്ലുമ്പോൾ
ഭോഗതൃഷ്ണകളടങ്ങുന്നു.
പാഞ്ചേന്ദ്രിയങ്ങൾ സ്വയം                      
പത്തി താഴ്ത്തി നില്കുന്നു.

സമസ്തലോകസുഖത്തിനായ്
ഉരുക്കുപോലുറച്ചതും
പൂവിതൾമൃദുത്വമാർന്നതും
നിലപാടെടുത്തവൻ.

നീ ചുമലേറ്റുന്നു നിത്യവും
വിശ്വമാനവ സ്നേഹത്തിൻ
പുഷ്പ ചാപങ്ങൾ തൂകുന്ന
അമ്പൊഴിയാത്ത തൂണീരം..

ഒടുവിൽ നീ നയിക്കുന്നു
ജരാനരകളില്ലാത്ത
സുഖദുഖങ്ങളറിയാത്ത
പരമാനന്ദ നിർവാണ പദം. 

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.