ജാനകീ ….
അവനെ ഗൗതമൻ എന്നാദ്യം വിളിച്ചത്
നീയായിരുന്നില്ലേ?
അതെ….
തൊടിമരങ്ങളിൽ ഇലകൾകൊഴിഞ്ഞ
ഒരു ഗ്രീഷ്മത്തിൽ ….!
ഉഷ്ണം തപിക്കുന്ന നമ്മുടെ യൗവ്വനങ്ങളെ
പാടം കടന്നെത്തുന്ന കാറ്റിൻ്റെ
ചുംബനങ്ങൾക്കേകി, ഇതുപോലെ
പടിഞ്ഞാറെ ജാലകച്ചാരെ നിൽക്കുമ്പോൾ …
അലസതകളഴിച്ചുവച്ച് നീ ഓർത്തുനോക്കൂ.
അരുണപ്രഭയിൽ തുടുത്ത നിൻ്റെ
കവിളുകൾ എൻ്റെ തോളിലമർത്തി,
ഉദരഭാരത്തിൻ്റെ ചെറുചലനങ്ങളെ തലോടി,
അന്നു നീ മന്ത്രിച്ചത്
ഗൗതമൻ എന്നു തന്നെയായിരുന്നു.
ഗൗതമൻ വീണ്ടും വരുന്നു.
മൂന്നുവർഷങ്ങൾക്കു ശേഷം…
നമ്മെ കാണാൻ….!
മറന്നു… നീ മയക്കത്തിലാണല്ലോ.. ,
ഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന
പളുങ്കുപഞ്ഞികളിൽ നിറംചെയ്ത
ദിവാൻ കോട്ടിൽ മുഖമമർത്തി…!
ഞാനറിഞ്ഞിരുന്നു.,
ഇന്നലെ നീയുറങ്ങിയതേയില്ല….
കാലം പകർന്ന അർബുദത്തിൻ്റെ കനത്ത
നൊമ്പരങ്ങളെ മൗനമായി കടിച്ചിറക്കി,
അടഞ്ഞ കണ്ണുകളിൽ നിശബ്ദത
നിറയ്ക്കുകയായിരുന്നുവല്ലോ ഞാനപ്പോൾ …’
നീയിന്നലെ സന്തോഷവതിയായിരുന്നു.
ഓർക്കുന്നില്ലേ..?
നാൽപ്പതാം വയസ്സിൽ എൻ്റെ പ്രാണനെ
ഉദരത്തിലേറ്റിയ നാളുകളിൽ ഗൗതമൻ്റെ
വരവിനായി കണ്ണുകളിൽ നിലാവൊഴുക്കി
ഇതുപോലെ നീ കാത്തിരുന്നത്…
ഇപ്പോൾ,
അനാഥത്വം പുകമറ തീർത്ത
ഈ കൂടാരത്തിലെ അനേകർക്കൊപ്പം
നാമുമുണ്ട്.
ഗൗതമന് നമ്മോടുള്ള അദൃശ്യമായ സ്നേഹം
ഈ സായന്തനത്തിൻ്റെ വിവർണ്ണ ചാരുത
പോലെ അളവറ്റതാണെന്ന്
നാം തിരിച്ചറിയുന്നില്ല.
ഈ സദനത്തിൻ്റെ സ്വകാര്യതകളിൽ
കണ്ണൂകളിൽ നിറയുന്ന വേദനകളെ
പരപ്സരമൊപ്പാൻ അവൻ
വിയർപ്പിൻ്റെ മൂല്യങ്ങളെറിഞ്ഞില്ലേ.. !
കണക്കുപുസ്തകത്തിലെ ഈ
ഔദാര്യപ്പെരുമകളുടെ കടബാധ്യത
തിരിച്ചടയ്ക്കാൻ ഈ ജന്മം
നമുക്കാവുമോ?
ഒരിക്കലുമാവില്ല., കാരണം
ജാലകത്തിനിടയിലൂടെയുള്ള എൻ്റെ
പുറം കാഴ്ചകളടയാൻ ഇനി ഹ്രസ്വമായ
സമയദുരങ്ങളേയുള്ളൂവെന്ന് എനിക്കറിയാം,
നിനക്കും ..
ഒരർത്ഥത്തിൽ ജനനമരണക്കുറിപ്പുകൾക്ക്
അടിവരയിടുന്ന യഥാർത്ഥഗണകരല്ലേ
ഡോക്ടർമാർ …!
അവരുടെ മഷിത്തുണ്ടിലൂടെ നടനമാടുന്ന
കേവല ജീവികൾ മാത്രമാകുന്നു നാം !
നാം കേൾക്കുന്ന പരസ്പരമന്ത്രണങ്ങൾ
നമ്മുടെ വിശ്വാസങ്ങളുടെ
മായാവിചിന്തനങ്ങളായിരിക്കാം.
ആസന്നമരണം പ്രാപിക്കാനൊരുങ്ങുന്ന
നിരാമയമായ ആത്മാവിലേയ്ക്കുള്ള
അനുയാത്രയാവാം ഈ ഓർമ്മകൾ.
ജാനകീ ….
നിന്നെ ഞാനുണർത്തുന്നില്ല.
എൻ്റെ സാമീപ്യത്തിൻ്റെ ഒരു നനവാർന്ന
സുഷുപ്തിയിലാണ് നീയെന്ന് എനിക്കറിയാം.
ഇരു ധ്രുവങ്ങളിലേയ്ക്ക്
പിരിയാനൊരുങ്ങുന്ന ഒരു പുഴയാണ്
ഇപ്പോൾ നാമിരുവരും.
ഒരു പക്ഷേ, ഞാൻ പ്രതീക്ഷിച്ചിരുന്നു…
ഈ അസ്തമയം കൂടി ഒരുമിച്ച്
നീയെൻ്റെ തോളുരുമ്മി നിൽക്കുമെന്ന്….!
മറഞ്ഞ വസന്തങ്ങളെയും, മനസ്സിൽ
ചോര പൊടിയിച്ച മുൾവഴികളെയും,
മഞ്ഞിലലിഞ്ഞ പിണക്കങ്ങളെയും, പിന്നെ
നമ്മുടെ പ്രണയത്തെയും
ഒക്കെ പുറകോട്ട് മറിക്കാൻ …..
അരുണനന്ത്യയാത്ര പറയുന്ന
വെൺമേഘക്കീറുകളിൽ മൂകതപടരുന്നു .
അകലെ,
പുഴയോളങ്ങളിൽപ്പതിഞ്ഞ സൂര്യൻ്റെ
തേങ്ങൽ കാലം ഏറ്റുവാങ്ങുന്നു.
ഒപ്പം,
സൂര്യനെ ത്യജിച്ച ആകാശം ഒരു
തീവ്രദു:ഖത്തിൻ്റെ ഇരുളിലേയ്ക്കമരുന്നു.
ഗൗതമൻ എന്നെ സ്നേഹിച്ചിരുന്നോ?
പക്ഷേ ജാനകീ … ഒന്നറിയാം,
ആർദ്രമായി ഹൃദയത്തിലേറ്റിയ സ്നേഹം
മുഴുവൻ അവൻ ചൊരിഞ്ഞത്
നിനക്കായിരുന്നു.
തീരത്തു നിന്നു കൈവിരൽത്തുമ്പേകിയിട്ടും
എന്നിൽ നിന്നും അവൻ
ഒഴുകിയകന്നു കൊണ്ടേയിരുന്നു.
എൻ്റെ നനഞ്ഞ കൺതടങ്ങളെ ഏറ്റുവാങ്ങി
പുഴയോളങ്ങളും കളിപറഞ്ഞകന്നു.
ബാഗ്ലൂരിലെ നഗരത്തിരക്കുകളിലേയ്ക്ക്
അവൻ ജീവിതം ചേർത്തുവച്ചപ്പോൾ
ഇടയ്ക്കെത്തുന്ന ഫോൺ കോളുകൾ
നിനക്കു മാത്രമുള്ളതായിരുന്നുവല്ലോ!
ഞാനോർക്കുന്നു.
ശ്വാസധമനികൾ ദ്രവണം കൊണ്ട് പ്രാണൻ
നിശ്ചലമാകുമെന്നുറപ്പിച്ച കനത്ത
നോവിൻ്റെ നാളുകൾ…
ആരൊക്കെയോ അരികിലുണ്ടായിരുന്നുവെങ്കിലെന്ന്
ആഗ്രഹിച്ച ശൂന്യമായ രാവറുതികൾ …
ജാനകീ…
അപ്പോളായിരുന്നില്ലേ അകലെ
നഗരസൗന്ദര്യങ്ങൾക്ക് പൗർണ്ണമിയുടെ
സിന്ധൂരമണിയിച്ച് ഗൗതമൻ അരുന്ധതിയെ
ജീവിത സഖിയാക്കിയത്… ?
നീ കണ്ടിട്ടില്ലല്ലോ അരുന്ധതിയെ… ?
ഞാനും ….!
ഇപ്പോൾ ദിവാൻ കോട്ടിൽ അല്പമയക്കം
കൊള്ളുന്ന മുത്തശ്ശിയെ ഒരു
ചെറുചിരിയോടെ ഞാൻ തിരിഞ്ഞു നോക്കി.
ശരിയാണ്; ഞാനും മുത്തശ്ശനാവുന്നു.
ജാനകീ… വരൂ…
നമ്മുടെ നഷ്ടവസന്തങ്ങളെ ഒരിക്കൽക്കൂടി
ഓർമ്മയിൽ താലോലിച്ച് നമുക്ക്
ഈ ജാലകമടയ്ക്കാം.
പക്ഷേ, ഗൗതമൻ്റെ കാർ പുറത്തെത്തിക്കഴിഞ്ഞു.
നീയുണർന്നിരിക്കുന്നു !
എനിക്കറിയാം
മൂന്നുവർഷമായി ഹൃദയത്തിലടക്കിയൊതുക്കിയ അവൻ്റെ
പാദചലനങ്ങൾ
നിൻ്റെ മയക്കമുണർത്തുമെന്ന് …!
അടുത്തെത്തിയ ഗൗതമൻ്റെ
സ്നേഹസ്പർശത്തിൻ്റെ നിറവിൽ
ഇപ്പോൾ നീ ഒന്നു കൂടി ചെറുപ്പമായിരിക്കുന്നു.
നിൻ്റെ കണ്ണുകളിൽ നിറഞ്ഞ മാതൃത്വത്തിൻ്റെ
അടങ്ങാത്ത മുത്തുക്കൾ
ഗൗതമനിലേയ്ക്കും, അരുന്ധതിയിലേയ്ക്കും
മൊട്ടിടാൻ വെമ്പുന്ന ഒരു കുരുന്നിലേയ്ക്കും
ചെറുതുള്ളിയായ് ഒരു കടലായ്
ഒഴുകുകയാണ്.
നോക്കൂ. ജാനകി..
ഗൗതമന് എന്നോടുരുവിടാൻ ഒന്നുമില്ല.
തിരക്കുകൾ മൊഴിയുന്ന അവൻ്റെ കണ്ണുകൾ
നീ കാണുന്നില്ലേ?
എനിക്കറിയാം… നീ കാണുന്നു.
എത്ര ചടുലതയോടെയാണ്
നിൻ്റെ സംഭാഷണങ്ങൾ…. ഒരുക്കങ്ങൾ ..!
നിൻ്റെ ആനന്ദങ്ങളിലേയ്ക്ക് ഞാൻ എൻ്റെ
മനസ്സ് പകരുന്നു.
ഇപ്പോൾ ജാനകീ…
നീയെൻ്റെ അരികിലുണ്ടോ?
ശരിയാണ്.. !
എൻ്റെ മുടിയിഴകളിൽ നീ തലോടിയിരുന്നു …
ചുണ്ടുകൾ എൻ്റെ ചുമലിൽ ചേർത്തിരുന്നു…
വിറയാർന്ന കൈത്തലങ്ങൾ
നാം പരസ്പരം ഗ്രഹിച്ചിരുന്നു….!
പതുക്കെ ,ഗൗതമനോടൊപ്പം നിൻ്റെ
പാദചലനങ്ങൾ അകലുന്നത്
ഞാനറിയുന്നു.
ഞാൻ തിരിഞ്ഞു നോക്കുന്നില്ല….
ഒരു പക്ഷേ,
അവസാനമായി ഉറവ പൊട്ടിയ എൻ്റെ
കൺതടങ്ങൾ നീ കണ്ടു പോയാലോ…!
ഗൗതമൻ്റെ കാർ അകലുകയാണ്.
ഞാനിപ്പോൾ പടിഞ്ഞാറെ ജാലകത്തിനരികെ
നാളെയുടെ ഇളം വെയിൽത്തടവിനായി
വീണ്ടും കാത്തു നിൽക്കുന്നു…..!