മലയാള സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കത്തെ അക്കാദമികമായി വിലയിരുത്തുന്ന ഒന്‍പതു ലേഖനങ്ങളുടെ സമാഹാരം ‘ താരം, അധികാരം, ഉന്മാദം’ എന്ന ബുക്ക് ഡോ. എസ്. നാഗേഷ് തിരക്കഥാകൃത്ത് ഡാരിസ് യാർമിലിന് നൽകി പ്രകാശനം ചെയ്തു .
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ബുക്കിന്റെ രചയിതാവ് ഡോ. ഷിബു. ബി ആണ്. ചലച്ചിത്ര നിരൂപണത്തിന്റെ പതിവ് രീതികളിൽ നിന്ന് മാറിയുള്ള നിരീക്ഷണമാണ് ഈ ബുക്കിനെ ശ്രദ്ധേയമാക്കുന്നത്.
വ്യത്യസ്തമായ കാഴ്ചയും ദീപ്തമായ ചിന്തയുംകൊണ്ട് സിനിമയ്ക്കുള്ളിലെ അപരലോകത്തിലൂടെയുള്ള വിസ്മയസഞ്ചാരമാകുന്ന രചനകളാണ് ഈ ബുക്കിനെ വ്യത്യസ്തമാക്കുന്നത്. മലയാള സിനിമയുടെ ഭാഷാപരിസരം, ഓര്‍മ്മകളുടെ രാഷ്ട്രീയം, തൊഴിലാളി രാഷ്ട്രീയത്തെ മറന്നുപോകുന്ന മലയാള സിനിമ, നെറ്റ്ഫ്ളിക്സ് കാലത്തെ കാഴ്ചാശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ഭാഷാശാസ്ത്രം, പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തങ്ങള്‍, മാര്‍ക്സിയന്‍ പഠനം തുടങ്ങിയ രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു. ഒപ്പം, വിനായകന്, പാര്‍വതി തിരുവോത്ത്, ദിലീപ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ജനപ്രിയതയുടെ രാഷ്ട്രീയവും പഠനവിധേയമാക്കുന്നു.
കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ നദീം നൗഷാദ് , ഡോ. എ കെ വിനീഷ്, ജെ ജെ വിഷ്ണു എന്നിവർ സംസാരിച്ചു. ‘ താരം, അധികാരം, ഉന്മാദം’ മാതൃഭൂമി ബുക്സിന്റെ ശാഖകളിലും മാതൃഭൂമി ഓൺലൈനിലും ലഭ്യമാണ്.