വീട്

കായൽ നികത്തിയാണ് വീട് വെച്ചത്.
അടിത്തറയിൽ
മാനത്ത്കണ്ണിക്കും
സിലോപ്പിക്കും
വെവ്വേറെ കല്ലറകൾ,
പോക്രോം പോക്രോം വിളികൾ
അടക്കം ചെയ്‌ത പിരമിഡ്‌.
ഇന്റർലോക്കിട്ട
തറയിലൊരു കൊക്ക്
കണ്ണാടി നോക്കുന്നു.
പോർച്ചിലെ
കാറിന്റെ സൈഡ് മിററിൽ
കൊത്തുന്ന മരംകൊത്തി!
മതിലിനു മുകളിലെ
കുപ്പിച്ചില്ലിലിരുന്ന്
നൊന്തിട്ടൊരു
പൊന്മാൻ മാത്രം പറന്നു പോയി.

നവമാധ്യമങ്ങളിൽ എഴുതുന്നു. മൂന്ന് സമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള സർവകലാശാലയിൽ ജോലി . തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി .