മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ഉദ്യമം എല്ലാ പ്രസാധകരും ഏറ്റെടുക്കുന്ന ഒരു കര്‍ത്തവ്യമാണ്. അത് സാഹിത്യത്തിന് മുതല്‍ക്കൂട്ടുമാത്രമല്ല പുതിയ കാലത്തിന്റെ വായനയ്ക്ക് വഴികാട്ടിയുമാണ്. പ്രധാന പുസ്തക പ്രസാധകര് ഒക്കെയും ഈ ഒരു കര്‍ത്തവ്യം ഏറ്റെടുക്കുകയും നോവല്‍, കഥകള്‍, കവിതകള്‍ പോലുള്ള ആംഗലേയ സാഹിത്യത്തിലെയും മലയാളം, ഇതര ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയിലെയും കൃതികള്‍ പരിഭാഷപ്പെടുത്തി വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്. പരിഭാഷയില്‍ പ്രധാനമായും ഉണ്ടാകേണ്ടത് ഭാഷയോട്, ഇതിവൃത്തത്തോട് ക്ഷമയോടെ ഉള്ള നീതിപാലിക്കല്‍ ആണ്. സ്വന്തം പാടവം എന്നത് ഭാഷാ പ്രയോഗത്തിലും സാഹിത്യരചനയിലും ഒരുപോലെ ഓര്‍മ്മിക്കപ്പെടുന്ന വിധം ആകുന്നതാണ് വായനക്കാരെ ഇഷ്ടപ്പെടുവാന്‍ ഇടയാക്കുന്നവ. ചില തര്‍ജ്ജമകള്‍ പദാനുപദ പരിഭാഷകള്‍ ആകുകയും മൂലഭാഷയോട് താദാത്മ്യം പാലിക്കാന്‍ ഉള്ള വ്യഗ്രതയില്‍ കൈവിട്ടുപോകുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ശരിക്കുപറഞ്ഞാല്‍ പരിഭാഷ എന്നത് മൂലകൃതിയെ അതുപോലെ പകര്‍ത്തലാകണമോ അതോ അതിന്റെ സത്തയില്‍ അതിന്റെ ഊര്‍ജ്ജം ഒട്ടും തന്നെ ചോരാതെ പുനര്‍നിര്‍മ്മിക്കല്‍ ആണോ വേണ്ടത് എന്നു ഒരു ചര്‍ച്ച വരേണ്ടിയിരിക്കുന്നു. ഉദാഹരണം പറഞ്ഞാല്‍ ഇന്ന് മലയാളത്തില്‍, ഒട്ടുമിക്ക അന്യഭാഷാസിനിമകളും ലഭ്യമാണ്. അവ പലപ്പോഴും മലയാളം സബ്ടൈറ്റില്‍ കൊണ്ടാണ് ലഭ്യമാക്കുന്നത്. ഇത്തരം സബ് ടൈറ്റിലുകള്‍, അല്ലെങ്കില്‍ മലയാളം ഡബ്ബ് ചിത്രങള്‍ കണ്ടാല്‍ ചിരിക്കാത്തവര്‍ എത്ര പേര് ഉണ്ടാകും? ഭാഷയെ അതുപോലെ തര്‍ജ്ജമ ചെയ്യുന്നതിന്റെ കുഴപ്പമാണത്. ഇതിലും ഭേദം ചിത്രം അതിന്റെ ശരിയായ ഭാഷയില്‍ കാണുകയും അറിയുകയും ചെയ്യുക എന്നതാണു എന്നു കരുതുന്നു. ആംഗലേയ സബ് ടൈറ്റിലുകള്‍ പ്രത്യേകിച്ചും വിദേശ സിനിമകളുടെ വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ് എന്നത് മറച്ചു വയ്ക്കുന്നില്ല.
കഥകളുടെ കാര്യമാണ് പറഞ്ഞു വന്നത്. പഴയകാല എഴുത്തുകളുടെ സൗന്ദര്യം വായിച്ചറിയുവാന്‍ മൂലഭാഷ അറിയാത്തവര്‍ക്ക് ഉപയോഗപ്രദം ആകുന്നവിധം പ്രശസ്ത പ്രസാധകര് എല്ലാം തന്നെ മൂല്യമുള്ള പരിഭാഷകള്‍ ഇറക്കുന്നുണ്ട്. ഇത്തരം ഒരു പരിഭാഷയാണ് ‘ചിന്ത പബ്ലിക്കേഷന്‍സ്’ പുറത്തിറക്കിയ “ഡി. എച്ച്. ലോറന്‍സിന്റെ കഥകള്‍”. ‘ക്രിസാന്തമം പൂക്കള്‍’, ‘പ്രഷ്യന്‍ ഓഫീസര്‍’, ‘വസന്തത്തിന്റെ നിഴലുകള്‍’, ‘പനിനീര്‍ത്തോട്ടത്തിലെ നിഴലുകള്‍’ എന്നിങ്ങനെ നാലു കഥകള്‍ ആണ് ഈ ചെറിയ പുസ്തകത്തില്‍ ഉള്ളത്. വളരെ മനോഹരങ്ങളായ നാലു കഥകള്‍. ഡി.എച്ച്.ലോറന്‍സിന്റെ കഥകളില്‍ പൊതുവേ കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതയാണ് പ്രകൃതിയും മനുഷ്യരും ആയുള്ള അഭേദ്യബന്ധത്തിന്റെ നിഴലുകള്‍. ഓരോ രംഗങ്ങളും വായനക്കാരന് അനുഭവ വേദ്യമാകുന്ന രീതിയില്‍ ആണ് അദ്ദേഹം പ്രയോഗിക്കാറുള്ളത്. വിഷയങ്ങളുടെ വൈവിധ്യവും അവതരണത്തിലെ സൂക്ഷ്മതയും കൊണ്ട് ഓരോ കഥകളും വായനക്കാരന് വായിച്ചുപോകുകയല്ല മറിച്ച് അവനതില്‍ ജീവിക്കുകയാണ് എന്നുതോന്നും. കൽക്കരിയിലോടുന്ന ട്രെയിനും ,റെയിൽവേ സ്റ്റേഷനും മനുഷ്യരും ക്രിസാന്തമം പൂക്കളുടെ നിറവും ഒക്കെ കഥയുടെ വായനക്ക് ശേഷവും വായനക്കാരനെ പിന്തുടരുന്നത് എഴുത്തുകാരൻ്റെ മഹിമയാണ്. മരണപ്പെട്ട ഭർത്താവിനെ ഭാര്യയും അയാളുടെ അമ്മയും ചേർന്ന് അന്ത്യയാത്രയ്ക്കൊരുക്കുന്ന രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായ രീതിയിലാണ് അവതരിപ്പിക്കുന്നത് ! മരണത്തിൻ്റെ ഗന്ധവും മനുഷ്യരുടെ ചിന്തകളും സന്നിവേശിക്കപ്പെടുന്ന മായാജാലം. അതുപോലെ തന്നെയാണ് പ്രണയത്തിൻ്റെ പരുക്കൻ മുഖങ്ങളുടെ അവതരണത്തിലും കാണാനാവുക. ഒന്നിനൊന്ന് വ്യത്യസ്ഥതയും സൗന്ദര്യവുമുള്ള നാലു കഥകൾ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും കഥയുടെ ആസ്വാദകർക്ക് ഇഷ്ടപ്പെടും. തർജ്ജമയുടെ ചില ചെറിയ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ ഭാഷ നന്നായി ഉപയോഗിച്ചു എന്നു കാണാം.
ഡി എച്ച് ലോറന്‍സ് കഥകള്‍ (കഥകള്‍)
പരിഭാഷ: അനന്തപത്മനാഭന്
പ്രസാധകര് : ചിന്ത പബ്ലിക്കേഷന്‍സ്