ഡിസംബർ

ഡിസംബർ !
നീയെത്ര മനോഹരിയാണ്.

മുറ്റത്തെ ചൊരിമണലിൽ
അച്ഛൻ നട്ട ക്രിസാന്തിമം
ചെഞ്ചുവപ്പാർന്ന
തളിരിലകൾ വിടർത്തുമ്പോഴായിരുന്നു
ബാല്യത്തിൽ നിന്റെ വരവ്
ഞാനറിഞ്ഞിരുന്നത്.

അച്ഛനും ക്രിസാന്തിമവും ഓർമ്മകൾ
മാത്രമായെങ്കിലും,
നിന്റെ ഓരോ വരവിലും
എന്റെ മനസ്സിലൊരു ക്രിസാന്തിമം
ചെഞ്ചുവപ്പാർന്നു വിടരുന്നുണ്ട്.

ഡിസംബർ,
നനുത്ത മഞ്ഞു പെയ്യുന്ന
നിന്റെ പുലരികൾ,
എന്നും എന്നെ മോഹിപ്പിച്ചിട്ടേയുള്ളു.

പുലർകാലങ്ങളിൽ
തൂമഞ്ഞു മുക്കുത്തിയണിഞ്ഞ
പുൽക്കൊടിത്തുമ്പുകൾ,
എത്രെയെത്ര
സൂര്യനെയാണൊളിപ്പിച്ചിരിക്കുന്നത്.

മഞ്ഞിൻ പുതപ്പുമായെത്തും
നിന്റെ രാവുകളിൽ,
മിന്നിത്തിളങ്ങുന്ന
നക്ഷത്രപൂക്കൾക്കെന്തു ചന്തമാണ്.

ഡിസംബർ,
നീയെന്നുമെനിക്കൊരു കാത്തിരിപ്പാണ്,
ഒരു വർഷത്തിന്റെ ഓർമകളുമായി
നീ പോയ്മറയുമ്പോൾ,
നിനക്കായ് കാത്തിരിക്കാൻ വേണ്ടി മാത്രം,
ഓരോ പുതുവർഷത്തേയും
സഹർഷം ഞാൻ സ്വാഗതം ചെയ്യുന്നു.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലാത്തുരുത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു