ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മുഖവില 120 രൂപയാണ്. എൺപത്തി രണ്ടോളം പേജുകളിലായി വിന്യസിച്ചുകിടക്കുന്ന സമാഹാരത്തിൽ ഇരുപത്തിരണ്ട് കവിതകളാണ് ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സമാഹാരത്തിൻ്റെ ആദ്യ പതിപ്പ് പ്രകാശിതമാവുന്നത് സെപ്റ്റംബർ 2022 ൽ ആണ്.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സാജോ പനയംകോടിൻ്റെ ജനനം. കൗമാര- യൗവന കാലത്ത് തെരുവുനാടകങ്ങൾ ധാരാളം അവതരിപ്പിച്ച എഴുത്തുകാരൻ്റെ നൂറോളം കവിതകൾ വിവിധ ആനുകാലികളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.
”തുപ്പൽ” മുതൽ “മീനിടുന്ന ഉടുപ്പുകൾ” വരെ നീളുന്ന ശക്തവും വ്യത്യസ്തവുമായ കവിതകൾ സാമൂഹിക വ്യവസ്ഥകളോടും പരിതസ്ഥിതികളോടും സന്ധിയില്ലാതെ കലഹിച്ചു കൊണ്ടിരിക്കുന്നവയാണ്.
ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക. ആ പരുഷതയുടെ കാവൽക്കാർ ഈ സമൂഹത്തിലെ അരാചകത്വങ്ങളുടെ മുമ്പിൽ നോക്കുകുത്തികളായി അർദ്ധമൗനികളായി നിൽക്കുന്ന നാം ഓരോരുത്തരുമാണെന്നതന്നെയാണ് കവി പറഞ്ഞുവക്കുന്നത്.
ഗുയർണിക്ക വര പിക്കാസോവിനോട് സേനാനായകൻ ‘ഇതു നിങ്ങളാണോ ചെയ്തത്?’ എന്ന് ചോദിച്ചപ്പോൾ, ‘അല്ലാ, നിങ്ങളാണ്’ എന്നു പറഞ്ഞ ചിത്രകാരനെപ്പോലെ ഈ കവിയും പ്രക്ഷുഭ്തതക്ക് കാരണം നമ്മളാണ് എന്ന് പറയുന്നു.
“ഒരു ദിവസം
കൈ കാണിച്ചു നിർത്തി.
ഹെൽമറ്റ് മാറ്റിയപ്പോൾ
കണ്ടുമറന്ന ഏതോ ദൈവം”
എന്ന് തുപ്പൽ എന്ന കവിതയിൽ എഴുതി വക്കുന്നുണ്ട് കവി. സമൂഹത്തിൻ്റെ പൊതുബോധത്തെയാകമാനം കവി ഈ കവിതയിലൂടെ വെല്ലുവിളിക്കുന്നു.
‘വേട്ട’ യിലൂടെ കണ്ണോടിക്കുമ്പോൾ പുഴു നുരക്കുന്ന കാഴ്ച്ചകൾ മുന്നിൽ നിറയുന്നു. ഡൽഹിയും, മുംബൈയും, കാശ്മീരും കടന്ന് കേരളത്തിലും അട്ടപ്പാടിയിലും വന്നു നിൽക്കുന്നു കവിതയുടെ മുനയുള്ള വാക്കുകൾ. അവിടെ മരക്കൊമ്പിൽ തൂങ്ങിയാടുന്ന തുണികൾ കാണാം. ആ ചിത്രം മലയാളിയുടെ ഇടനെഞ്ചിനെ കുറച്ചൊന്നുമല്ല കീറിമുറിച്ചിട്ടുള്ളത്.
“ഒന്നിനുമൊരു തെളിവുമില്ലാതെ
നേരം ഇരുട്ടിവെളുക്കുമ്പോൾ
ചില്ലകളിൽ നിന്ന് പെൺകിളികൾ
പറന്നു പറന്നു പോകുന്നു.”
ഒരു മനുഷ്യൻ്റെ രണ്ട് ഭാവങ്ങൾ കടലാസിലേക്ക് പകർത്തിവച്ചതാണ് ബയോപിക്. അക്രമാസക്തസും അതേസമയം ശാന്തവുമായ മനുഷ്യാവസ്ഥകൾ കൃത്യമായി വരച്ചുവക്കപ്പെടുന്നുണ്ട് ഈ കവിതയിൽ. മദ്യമെന്ന മഹാവിപത്തിൻ്റെ ദൂഷ്യഫലങ്ങൾ വ്യക്തമായി ആവിഷ്കരിക്കുന്ന കവിത അനുവാചകനിൽ നേർത്ത ഒരു മുറിവെങ്കിലും അവശേഷിപ്പിക്കാതെ കടന്നു പോവുകയില്ല.
വിശപ്പിൻ്റെ വിളിയും അതിനോട് പടപൊരുതുന്ന മനുഷ്യാവസ്ഥയും സാജോ തൻ്റെ കവിതയുടെ ഇടനാഴിയിൽ രേഖപ്പെടുത്തുമ്പോൾ മലയാളി മനസ്സുകളിൽ കുറച്ചു നേരമെങ്കിലും വിശപ്പിനേ തോൽപ്പിക്കാൻ വേണ്ടി മാത്രം മോഷ്ടിച്ച് മരണമടയേണ്ടി വന്ന മധുവിൻ്റെ ഓർമ്മകൾ ചുരത്തപ്പെടാതിരിക്കാൻ തരമില്ല.
“മുറിവേറ്റ വീടുകളിൽ” മനുഷ്യജീവിതത്തിൻ്റെ ആറ് അവസ്ഥാന്തരങ്ങൾ ഒരു തുണിയിൽ ചിത്രങ്ങളെന്ന പോലെ ചിത്രകാരൻ കൂടിയായ കവി തുന്നിചേർക്കുന്നു. അതിൽ തന്നെ “അവളിൽ ഒരു കത്തിയുടെ നിഴൽ” എന്ന് പറഞ്ഞു തുടങ്ങുന്ന നാലാമത്തെ ഭാഗം മുറിവേറ്റ തൊണ്ടയുടെ പിടച്ചിലോടെയല്ലാതെ ആർക്കെങ്കിലും വായിച്ചു തീർക്കാനാകുമെന്ന് തോന്നുന്നില്ല.
ജീവിത ദുരവസ്ഥകളുടേയും ഭരണകൂടഭീകരതയുടേയും ഇരകളായി മാറിയ മനുഷ്യരുടെ ആവാസ വ്യവസ്ഥയാണ് ഈ കവിതാ പുസ്തകം. ഈ പുസ്തകത്തിലുടനീളം കണ്ണോടിക്കുമ്പോൾ അത്തരം മനുഷ്യരുടെ തോലുകീറി ഒട്ടിച്ചുണ്ടാക്കിയ ഭൂപടം താളുകളിൽ വ്യാപിച്ചുകിടക്കുന്നത് വ്യക്തമായി കാണാം.
നൊസ്റ്റാൾജിയയുടെ സ്ഥിരം കാഴ്ച്ചകൾക്ക് ഈ പുസ്തകത്തിൽ എവിടെയും ഒരിഞ്ചുസ്ഥാനമില്ലെന്ന് കാണാം. പാരമ്പര്യവഴികളിൽ നിന്ന് മാറിനടന്ന് ഇരുണ്ട കാലത്തിൻ്റെ ഭൂപടത്തിൽ ചോരകൊണ്ട് കവിതയെഴുതുകയാണ് സാജോ പനയംകോട് എന്ന കവി ചെയ്യുന്നത്. അവിടെ ഏതു നിമിഷത്തിലും ഒരു കൊലപാതകം നടക്കാം.
സമൂഹത്തിലെ ജീർണ്ണതകൾ ചോദ്യം ചെയ്യാൻ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ഭരണകൂട കുടിലതകൾക്കുനേരെ ചൂണ്ടുവിരലാകാൻ കാതും കണ്ണും കാതലുമുള്ള ഈ കവിതൾക്ക് കഴിയുന്നു.
സ്ത്രീത്വത്തിനു വേണ്ടി വാദിക്കുന്ന ഒരാളെ കവിയിൽ കാണാം. ഒരു കന്യാസ്ത്രീയുടെ ജീവിതം ആവിഷ്കരിക്കപ്പെടുമ്പോൾ ക്രിസ്തുവുമായുള്ള ബന്ധം മഗ്ദലനയിൽ എത്തി നിൽക്കുന്നു. കപടസദാചാരത്തിൻ്റെ പാഴ് വയലുകളെല്ലാം ഉഴുതെറിയുന്ന അഗ്നിക്കലപ്പകളാണ് ഈ സമാഹാരത്തിലെ സ്ത്രീകൾ. നമ്മുടെ പൊതുബോധം പലപ്പോഴും സദാചാരമെന്ന തെളിനീരിൽ ഇളകുന്ന വാലാണെന്ന് കവി നിരീക്ഷിക്കുന്നു.
മുനയും മൂർച്ചയും നിറഞ്ഞ ഈ കരുത്തുറ്റ കവിതകളിൽ ഇടക്കെങ്കിലും അശ്ലീലത്തിൻ്റെ അതിപ്രസരം കാണാം.
ഇപ്പോൾ മികച്ച സമാഹാരം എന്നേ പറയാൻ കഴിയുന്നുള്ളുവെങ്കിൽ അശ്ലീലത്തിൻ്റെ ചിലയിടങ്ങളിലെ മനഃപൂർവ്വമുള്ള ആവിഷ്കാരം ഇല്ലായിരുന്നെങ്കിൽ ഇത് പകരം വക്കലുകൾക്ക് അതീതമായ ഒരു കാവ്യഗ്രന്ഥമായി മാറുമായിരുന്നു.
ചിത്രകാരൻ കൂടിയായ എഴുത്തുകാരൻ തൻ്റെ പുസ്തകത്തിൻ്റെ ആദ്യ എഡിഷൻ നൂറ് കവർച്ചിത്രങ്ങളോടെ പുറത്തിറക്കി. പത്തുകോപ്പികൾക്ക് ഒരു ചിത്രമെന്ന കണക്കിൽ ആയിരം കോപ്പികൾക്ക് നൂറുചിത്രങ്ങളോടെ എഴുത്തുകാരൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ഇത് ഒരുപക്ഷേ ഈ പുസ്തകത്തിൻ്റെ മാത്രം പ്രത്യേകതയായിരിക്കാം.
എന്തായാലും ഇനിയും പിരിമുറുക്കുള്ള വായനകൾ സമ്മാനിക്കുന്ന സൃഷ്ടികൾ സാജോ പനയംകോടിൽ നിന്ന് ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ കുറിപ്പിന് പൂർണ്ണവിരാമമിടുന്നു.