ഡാർക്ക് സീൻ

മലപ്പുറത്തേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. പാലക്കാട് നിന്നും മലപ്പുറത്തേക്ക് ഒരുപാട് ദൂരമില്ലെങ്കിലും അയാളുടെ ചിന്തകളിൽ മലപ്പുറം എന്നും ഒരുപാട് ദൂരെയായിരുന്നു. പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ട്രാൻസ്ഫർ ഇടിവെട്ട് പോലെ തലയിലേക്ക് വീണത്. സ്ഥലം മാറ്റം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. അതായാളുടെ ജീവിതത്തിൽ മുറിച്ചു മാറ്റാൻ പറ്റാത്തത്ര അനിവാര്യമായ ഒരു അദ്ധ്യായമായിരുന്നിരിക്കണം.

“ങ്ങള് മലപ്രത്തേക്കാണോ?” മുന്നിലെ സീറ്റിൽ മാസ്ക് ധരിക്കാതെയിരിക്കുന്ന താടി വെച്ച പ്രായമുള്ള മനുഷ്യൻ പിറകിലേക്ക് തിരിഞ്ഞ് ചോദിച്ചെങ്കിലും അയാൾ മറുപടി പറയാതെ പുറത്തേക്കു തന്നെ നോക്കിയിരുന്നു. അതോടൊപ്പം ആകാശനീല നിറമുള്ള മാസ്ക്ക് അയാൾ ഒന്നുകൂടി മൂക്കിന് മുകളിലേക്ക് ഉയർത്തി വെച്ചു. മുന്നിലെ മനുഷ്യൻ അരയിൽ നിന്നും ഒരു വെളുത്ത ഉറുമാലെടുത്ത് മുഖം മറച്ചു കൊണ്ട് പിറകിലേക്ക് വലിച്ചു കെട്ടി. പാലക്കാട് നിന്നും കയറിയത് മുതൽ അയാൾ അവിടെയുണ്ട്. കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും അതിർത്തിയിൽ നിന്നും കുറച്ച് അകലെയുള്ള ഗ്രാമമായ പൂക്കോട് എന്ന സ്ഥലത്ത് അയാൾക്ക് വേണ്ടി ഒരു വാടകവീട് പൊടി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

പുറത്ത് നേർത്ത് പെയ്യുന്ന ചാറ്റൽ മഴയിൽ നിന്നും ഏതാനും തുള്ളികൾ അയാളുടെ മുഖത്തേക്ക് തെറിച്ചു വീണപ്പോൾ സൈഡ് ഷട്ടർ താഴ്ത്തി വെച്ചു. ബസ്സിൽ ആളുകൾ വളരെ കുറവാണ്. ഒരു സീറ്റിൽ ഒരാൾക്ക് മാത്രമേ യാത്രക്ക് അനുവാദമുള്ളൂ. കണ്ണുകളിൽ മയക്കം വിരുന്നു വരുന്നതിനു മുമ്പുള്ള ഏതാനും മിനുട്ടുകളിൽ അയാൾ തന്റെ പാലക്കാടൻ ഓർമ്മകളിലേക്ക് തിരിച്ചു പോയി.

ഒറ്റപ്പാലത്ത് നിന്നും പത്ത് കിലോമീറ്റർ ദൂരെയാണ് സുധാകരന്റെ വീട്. അവിടെ നിന്നും രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കിട്ടുന്ന സർക്കാർ സ്കൂളായ ശങ്കരവിലാസം യു.പി.സ്കൂളിലെ ടീച്ചറാണ് ഭാര്യ വത്സല. പ്രളയഫണ്ടിലേക്ക് അധ്യാപകരുടെ ശമ്പളത്തിന്റെ ഒരു ശതമാനം പിടിച്ചു വെക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ അടി പതറാതെ നില കൊണ്ടവരാണ് സുധാകരനും വത്സല ടീച്ചറും. ആ കാര്യത്തിൽ ഭാര്യക്ക് കട്ട സപ്പോർട്ട് കൊടുക്കാൻ മുന്നിലുണ്ടായിരുന്നത് സുധാകരനായിരുന്നു. സർക്കാർ നികുതി വരുമാനത്തിന്റെ സിംഹഭാഗവും ഗവണ്മെന്റ് ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനാണ് ഉപയോഗിക്കുന്നത് എന്ന വാദത്തെ സുധാകരൻ പുച്ഛിച്ചു തള്ളും. പക്ഷെ മക്കൾ രണ്ട് പേരും പഠിക്കുന്നത് നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. സർക്കാർ വിദ്യാലയങ്ങളിലെ പഠനത്തിന് വേണ്ടത്ര നിലവാരമില്ല എന്ന കാര്യത്തിൽ സുധാകരനും വത്സല ടീച്ചറും ഒറ്റക്കെട്ടാണ്. “എന്നാൽ പിന്നെ സർക്കാർ ജോലി ഉപേക്ഷിച്ചു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് പൊയ്ക്കൂടേ?” എന്ന് ചോദിച്ച അയൽവക്കത്തെ സുനിതയുടെ ഭർത്താവ് രാജീവനെ അയാൾ തല്ലിയില്ലെന്നേയുള്ളൂ. അതിന് ശേഷം രണ്ട് ദിവസം സുധാകരൻ രാജീവനോട്‌ മിണ്ടിയില്ല. ആൾ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. എപ്പോഴും മുഖത്ത് ആവശ്യമില്ലാത്ത ഗൗരവം നിവർത്തിയിട്ടിട്ടുണ്ടാവും. നാട്ടിലെ വില്ലേജ് ഓഫിസിൽ സീനിയർ ക്ലാർക്കായ തനിക്ക് അത്രയെങ്കിലും അഹങ്കാരം വേണമെന്ന് തന്നെയാണ് അയാളുടെ വിശ്വാസം. കുറേ വർഷങ്ങളായി അവിടെ തന്നെ ജോലി ചെയ്യുന്ന സുധാകരന് പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ഈ ട്രാൻസ്ഫർ.

ഓഫീസിലെ മറ്റ്‌ സ്റ്റാഫുകൾ സുധാകരനെ കണ്ണ് നിറച്ചാണ് യാത്രയാക്കിയത്. അസിസ്റ്റന്റ് ക്ലാർക്ക് ഗോവിന്ദൻ കുട്ടിക്ക് ഉള്ളിൽ സന്തോഷമായിരുന്നിരിക്കണം. ‘ടിക്കറ്റ്, ടിക്കറ്റ് ‘ എന്ന ശബ്ദം കേട്ട് അയാൾ ഓർമ്മകളിൽ നിന്നും ബസ്സിലേക്ക് തിരിച്ചു കയറി. “ഒരു മലപ്പുറം.” കണ്ടക്ടറോട് പറഞ്ഞു കൊണ്ട് അയാൾ ബസ്സിന്റെ ഷട്ടർ ഉയർത്തി വെച്ചു. “രണ്ടുർപ്യ ചില്ലറ ഉണ്ടെനീ.?” അലോസരപ്പെടുത്തിയ കണ്ടക്ടറുടെ ഏറനാടൻ സ്ലാങ്ങിന് ഗൗരവത്തിൽ ‘ഇല്ല’ എന്ന് പറഞ്ഞ് അയാൾ പിന്നെയും പുറത്തേക്ക് നോക്കി. പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ ബസ്സ് പാലക്കാട്‌ ബോർഡർ കഴിഞ്ഞ് മലപ്പുറത്തെ റോഡിലേക്ക് കടന്നതായി മനസിലാക്കിയ സുധാകരൻ പുറത്ത് മഴയില്ലായിരുന്നെങ്കിലും, യാത്രകളിലെ പുറം കാഴ്ചകൾ എന്നും അയാളുടെ വീക്ക്‌നെസ് ആയിരുന്നിട്ടും അതൃപ്തിയോടെ ഷട്ടർ പിന്നെയും താഴ്ത്തിയിട്ട് കണ്ണുകളടച്ചു. ഭാവിയെക്കുറിച്ചുളള ആകുലതകളും പിന്നിലുപേക്ഷിക്കപ്പെട്ട നാടിന്റെ മധുരമായ ഓർമ്മകളും പരസ്പരം സംഘർഷത്തിലായ ഏതോ നിമിഷത്തിൽ നിദ്ര അയാളുടെ കണ്ണുകളെ പതിയെ കീഴ്പ്പെടുത്തി.

അതൊരു തെരുവായിരുന്നു. ആളുകളുടെ ബഹളങ്ങൾ, വാഹനങ്ങളുടെ ശബ്ദങ്ങൾ. അയാൾ ഭീതിയോടെ ചുറ്റും നോക്കി. പച്ച ബെൽറ്റും വെളുത്ത കൈയുള്ള ബനിയനും നീണ്ട താടിയുമുള്ള ആളുകൾ അയാളുടെ ചുറ്റും കൂടി നിന്ന് കോൽക്കളി കളിക്കുന്നുണ്ട്. അയാൾ അവരിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന കറുത്ത പർദ്ദയണിഞ്ഞ സ്ത്രീകൾ തന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. പച്ച നിറത്തിലുള്ള ബോർഡുകൾ മാത്രം തൂക്കിയ കടകൾ. പെട്ടെന്ന് വെളുത്ത തൊപ്പി ധരിച്ച, കുപ്പായമിടാത്ത വള്ളി ട്രൗസറിട്ട കുട്ടികൾ ദഫുകൾ കൊണ്ട് തന്റെ തലയിലേക്ക് എറിയുകയാണ്. അയാൾ നിലവിളിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാല് തെറ്റി റോഡിൽ വീണു. കൈകളിൽ ചോര പുരണ്ടിരിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ എല്ലാവരും ഒരുമിച്ച് തന്റെ നേരെ ഓടി വരുന്നു. പെട്ടെന്നാണ് മുകളിൽ നിന്നും ഒരു ഫുട്ബോൾ റോഡിലേക്ക് വന്നു വീണത്. പെട്ടെന്ന് അത്‌ അയാളുടെ മുന്നിൽ കിടന്ന് പൊട്ടിത്തെറിച്ചു. “അയ്യോ, ഫുട്ബോൾ ബോംബ്, ഫുട്ബോൾ ബോംബ്.” അയാൾ അലറി. അറ്റുപോയ കാലുകൾ ചെളി നിറഞ്ഞ ഓടയിൽ ചോര വാർന്നു കിടക്കുന്നത് കണ്ട അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.

“മലപ്പുറം, മലപ്പുറം.” ആ ശബ്ദം പുറപ്പെട്ടത് കണ്ടക്ടറുടെ ചുണ്ടുകളിൽ നിന്നായിരുന്നു എന്ന് മനസിലാക്കാൻ കുറച്ച് നിമിഷങ്ങൾ എടുത്തു. സുധാകരൻ ഞെട്ടിയുണർന്ന് കണ്ണുകൾ മിഴിച്ച് കണ്ടക്ടറുടെ മുഖത്തേക്ക് നോക്കി. “മലപ്പുറം എത്തീന് സാറെ, ഇറങ്ങുന്നില്ലെ?” കണ്ടക്ടറുടെ അക്ഷമ നിറഞ്ഞ വാക്കുകൾ പിന്നെയും കർണ്ണപുടങ്ങളിലേക്ക് ആഞ്ഞടിച്ചപ്പോൾ സ്ഥലകാലബോധം തിരിച്ചു കിട്ടിയ അയാൾ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.

തൊണ്ട വരണ്ടു പോയ സുധാകരൻ ബസ്റ്റാന്റിൽ കണ്ട ചെറിയ ചായക്കടയിലേക്ക് കയറി. ചൂടുള്ള സമൂസയുടെയും പഴം പൊരിയുടെയും മനം മയക്കുന്ന ഗന്ധവും വാഹനങ്ങൾ പുറന്തളളുന്ന കറുത്ത പുകയുടെ മടുപ്പിക്കുന്ന മണവും സമ്മിശ്രമായി നാസാദ്വാരങ്ങളിലേക്ക് ഇരച്ചു കയറി. സമയം നാല് മണി കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം കഴിഞ്ഞിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. “ഇരിക്കി മാഷേ, ന്താണ് കുടിക്കാൻ ബേണ്ടത്?” കാശ് കൗണ്ടറിനരികിൽ നിന്ന് പത്രം നോക്കുകയായിരുന്ന മഞ്ഞ നിറമുള്ള കുപ്പായവും നീല ജീൻസും ധരിച്ച് ഫ്രയിമില്ലാത്ത ചെറിയ കണ്ണട വെച്ച മനുഷ്യൻ അയാളോട് ചോദിച്ചു. “ഒരു ചായയും പഴം പൊരിയും മതി.” ബാഗ് മടിയിൽ വെച്ചു കൊണ്ട് അയാൾ ഒഴിഞ്ഞ സ്റ്റൂളിൽ ഇരുന്നു. “ആ ബേഗ് ടേബിളിൽ വെച്ചോളീ.” അയാളുടെ പ്രതീക്ഷകളുടെ പകുതിയോട് സാമ്യം നിന്ന വെളുത്ത കൈയുള്ള ബനിയനുമായി വന്ന സപ്ലൈയർ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാൾ ചുറ്റും നോക്കിയെങ്കിലും സിനിമകളിൽ കണ്ട് പരിചയിച്ച വീതിയുള്ള പച്ച ബെൽറ്റ് അവിടെയെങ്ങും കണ്ടില്ല. ബസ്സുകളുടെയും തെരുവ് കച്ചവടക്കാരുടെയും ശബ്ദങ്ങൾ കെട്ടു പിണഞ്ഞ് ബസ്റ്റാന്റിൽ ഒഴുകി നടന്നു. മൊബൈൽ ഫോണിൽ വെള്ളത്തുള്ളികൾ ഉതിർന്ന വീഴുന്ന സ്വരം കേട്ട് സുധാകരൻ വാട്സ് ആപ്പ് തുറന്ന് അതിലേക്ക് വന്ന മെസ്സേജിലേക്ക് കണ്ണ് നട്ടു.

‘ലോകത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് മലപ്പുറം ജില്ലയിലാണ് ‘ എന്ന മൃഗസ്‌നേഹിയായ ഒരു കേന്ദ്രമന്ത്രിയുടെ ട്വീറ്റ് സംബന്ധിച്ചുളള സന്ദേശമായിരുന്നു വന്നത്. മെസ്സേജ് വായിച്ച അയാൾ ഉൾഭീതിയോടെ ചുറ്റും നോക്കി. “ഇതാ, ചായ റെഡി.” ചിരിച്ചു കൊണ്ട് സപ്ലൈയർ പതയുള്ള ചായയും ഒരു പ്ളേറ്റിൽ പഴം പൊരിയും കൊണ്ട് വന്ന് അയാളുടെ മുന്നിൽ വെച്ചു. എതിർ വശത്തുള്ള ടേബിളിൽ രണ്ട് പേർ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു. പുറത്ത് ബസ്സുകൾ വന്ന് നിൽക്കുന്നതിന്റെയും, കിളികളുടെ സ്ഥലപ്പേരുകൾ പറഞ്ഞു കൊണ്ടുള്ള നിലവിളിയുടെയും ശബ്ദങ്ങൾ കടയിലേക്ക് അരിച്ചു കയറുന്നു.

“ഇജ്ജ് ബല്ലാണ്ട് ചിറിച്ചണ്ട. അന്നേയും കൊണ്ടോവും ഓര്. ഇപ്പ തന്നെ പാലക്കാട്‌ ഏതോ ആന ചത്ത്ക്കുണു. അത് മലപ്പുറത്താന്നാ ഓരൊക്കെ പറീണത്. വലിയ മന്ത്രിമാരൊക്കെയാ. ഇനി കോഴിക്കോട് ആരെയെങ്കിലും കൊന്നാലും അന്നെയ്‌ക്കാരും പുടിച്ചോണ്ട് പോകുക. ശ്രദ്ദിച്ചോണ്ടീ.” അതും പറഞ്ഞു കൊണ്ട് പിന്നിലിരിക്കുന്ന ഒരാൾ പൊട്ടിച്ചിരിച്ചു. “മൊയ്‌തീനേ, അബിടെ ഒരു ചായ കൊടുക്കി.” കൗണ്ടറിലിരിക്കുന്ന ആൾ വിളിച്ചു പറയുന്നു. സുധാകരൻ പെട്ടെന്ന് തന്നെ പകുതിയോളം ചായ ബാക്കിയുണ്ടായിരുന്ന ഗ്ലാസ് ടേബിളിൽ വെച്ച് കൊണ്ട് ബാഗും എടുത്ത് അയാളുടെ അടുത്തേക്ക് നടന്നു. “എത്രയാ?” “ഇരുപത് രൂപ. ഇങ്ങള് എബിടെക്കാ? ഇവിടെ കണ്ട് പരിചയമില്ലല്ലോ? ചായ ഫുൾ കുടിച്ചില്ലാലോ. എന്ത് പറ്റി, ഇഷ്ടമായില്ലെ?” “ഹേയ്, ബസ്സ് പോകുമോ എന്ന് ഭയന്നിട്ടാ. ഞാൻ പാലക്കാട് നിന്നും വരികയാണ്. പൂക്കോട് വരെ പോകണം. ഇവിടുന്ന് ബസ്സ് കിട്ടുമോ?” അയാൾ മൊബൈൽ എടുത്ത് അഡ്രസ്സ് ഒന്നുകൂടി നോക്കി. “ഇവിടുന്ന് പൂക്കോട്ക്ക് നേരിട്ട് ബസ്സില്ല. അയിന് ഇങ്ങള് ആദ്യം കോഴിക്കോട് ബസ്സ് പിടിച്ച്‌ രാമനാട്ടുകര ഇറങ്ങണം. അവിടുന്ന് പൂക്കോടിലേക്കുള്ള ബസ്സ് കിട്ടും. എന്നാ വേഗം പൊയ്ക്കോളീ. എല്ലാ സ്ഥലത്ത്ക്കും ബസ്സുകൾ കൊറവാണ്. രണ്ട് മാസം കയിഞ്ഞില്ലേ ഒന്നൂല്ലാതെ. ഇളവുകൾ കിട്ടി ഇപ്പൊ കൊറച്ചു കൊറച്ചായി ഓടിത്തുടങ്ങുന്നതെ ഉള്ളൂ. മൂന്നീസം മുമ്പാണ് ഈ ഹോട്ടൽ തുറന്നത്.” ഇത്തിരി പേടിയോടെ സുധാകരൻ കീശയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ എടുത്ത് കൊടുത്തു. “അയ്യോ, മാഷേ ചില്ലറ ഉണ്ടാവ്വോ?” “സോറി. ഉണ്ടായിരുന്നത് ബസ്സിൽ കൊടുത്തു.” “സാരമില്ല. ഇങ്ങള് അടുത്ത പ്രാവശ്യം വരുമ്പോൾ തന്നാൽ മതി.” “എന്നാലും.?” അയാൾ ചമ്മലോടെ സംശയിച്ചു നിന്നു. “സാരൂല്ല, ഇങ്ങള് വേഗം പോയ്‌ക്കോളീ. മ്മളൊക്കെ മനുഷ്യൻമാരല്ലെ. ബസ്സ് മിസ്സാവണ്ട. അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്. ആ നോട്ട് ഇങ്ങ് തന്നേ.” അയാൾ 500 രൂപയുടെ നോട്ട് കയ്യിൽ നിന്നും വാങ്ങി, “ഹേയ്, ചന്ദൻ ഇഥർ ആ. ഉതർ സെ ചേഞ്ച്‌ ലേഖേ ആവോ.” അടുത്ത് വന്ന ഹിന്ദിക്കാരനായ ക്ലീനിംഗ് ബോയിയുടെ കയ്യിൽ നോട്ട് കൊടുത്തിട്ട് ഹോട്ടലുടമ അവനെ പുറത്തേക്ക് അയച്ചു. “അഞ്ഞൂറും കൊണ്ട് ബസ്സിൽ കേറിയാൽ ഓര് ഇങ്ങളെ കലമ്പി പായിക്കും. കണ്ടക്ടർമാരുടെ സ്വഭാവം അറിയാലോ.” അതും പറഞ്ഞ് അയാൾ ചിരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ പയ്യൻ ചില്ലറയുമായി വന്നു. 20 രൂപ അയാൾ മേശയിലേക്ക് ഇട്ട് ബാക്കി 480 രൂപ സുധാകരന് തിരിച്ചു കൊടുത്തു. പതിഞ്ഞ ശബ്ദത്തിൽ താങ്ക്സ് പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി.

പുറപ്പെടാൻ തുടങ്ങുകയായിരുന്ന കോഴിക്കോട് ബസ്സിലേക്ക് അയാൾ ബസ്സിലേക്ക് ചാടിക്കയറി. മൊബൈൽ തുറന്നു നോക്കിയ അയാൾ ‘ഭാരത് മാതാ സംഘം’ ഗ്രൂപ്പിൽ അടിഞ്ഞു കൂടിക്കിടക്കുന്ന വോയിസ് ക്ലിപ്പുകളിലേക്ക് ഇയർ ഫോണിലൂടെ ഊർന്നിറങ്ങി. എന്തൊക്കെയോ കേട്ട് മടുപ്പ് തോന്നിയ അയാൾ ഡാറ്റ ഓഫ് ചെയ്ത് പുറത്തേക്ക് തന്നെ നോക്കിയിരുന്നു. മനോഹരമായ പാടങ്ങളും ഉയർന്ന് നിൽക്കുന്ന പർവതങ്ങളും അയാളുടെ മനസ്സിൽ കുളിര് കോരിയിട്ടു. ഇടയ്ക്കിടെ തെളിയുന്ന ഫുട്ബോൾ ഗ്രൗണ്ടുകൾ, പാടത്ത് മഴ നനഞ്ഞു കാൽപന്ത് തട്ടിക്കളിക്കുന്ന മൂന്ന് ചെറിയ കുട്ടികൾ. അയാൾക്ക് പണ്ട് മുതലേ ഫുട്ബോളിനോട്‌ വെറുപ്പായിരുന്നു. അതുകൊണ്ടാവും അയാൾ ക്രിക്കറ്റിനെ ഹൃദയത്തിലേക്ക് ആവാഹിച്ചതും. സച്ചിനും കൊഹ്‌ലിയുമായിരുന്നു സുധാകരന്റെ ഇഷ്ടതാരങ്ങൾ. പക്ഷെ മെസ്സിയെയും റൊണാൾഡോയെയും ഇബ്രാഹിമൊവിച്ചിനെയുമെല്ലാം സുധാകരൻ തന്റെ മൈതാനത്തിന്റെ പുറത്ത് നിർത്തി. ഒരു ദിവസം ടി.വി യിൽ ‘സുഡാനി ഫ്രം നൈജീരിയ’ കണ്ട് കൊണ്ടിരിക്കുകയായിരുന്ന മക്കളെ മെയിൻ സ്വിച്ച് ഓഫാക്കിയാണ് അയാൾ തടഞ്ഞത്. പൊടിമഴയിൽ മങ്ങിയ കാഴ്ചയിൽ അയാൾ പിന്നെയും ഫുട്ബോൾ മൈതാനങ്ങൾ കണ്ടു. അതിനപ്പുറത്ത് മലകളും, കവുങ്ങുകളും താഴ്‌വാരങ്ങളും കണ്ടു.

പൂക്കോട് എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. രാമനാട്ടുകരയിൽ കുറച്ചധികം കാത്തുനിൽക്കേണ്ടി വന്നു. രാത്രിയുടെ വിജനത അയാളുടെ ഉള്ളിൽ ഭീതിയുടെ നിഴൽ വിരിച്ചു. കുറച്ച് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതിയായിരുന്നു. ഇനിയെന്ത് ചെയ്യാൻ. അല്ലെങ്കിലും പോയ ബസ്സിന്‌ കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ? ഊർക്കടവ് പാലം കഴിഞ്ഞ ഉടനെയുള്ള വലിയ ആൽമരത്തിന്റെ മുന്നിലാണ് ബസ്സ് നിർത്തിയത്. രാത്രിനിശബ്ദതയെ മുറിവേല്പിച്ചു കൊണ്ട് പാലത്തിന് താഴെ പുഴയൊഴുകുന്ന ശബ്ദം. അയാൾ ചുറ്റും നോക്കി. ഒന്നോ രണ്ടോ ആളുകൾ ബസ്സ്റ്റോപ്പിൽ നിന്ന് സംസാരിക്കുന്നു. പല കടകളും നേരത്തെ അടച്ചിട്ടുണ്ട്. നേരിയ വെളിച്ചം കണ്ട ഒരു ചെറിയ പെട്ടിക്കടയിലേക്ക് നടന്നു. വൃക്ഷങ്ങളെ തഴുകി അടിച്ചു വീശിയ തണുത്ത കാറ്റിൽ തെറിച്ചു വീഴുന്ന മഴപ്പൊടികളിൽ അയാൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് വത്സലയുടെ ഫോൺ വന്നത്. “ഹലോ സുധാകരേട്ടാ, എവിടെ എത്തി?” മൊബൈലിൽ അവളുടെ പരിഭ്രമം നിറഞ്ഞ ശബ്ദം. “എത്താറായി.” അയാളുടെ തണുത്തു വിറ പൂണ്ട സ്വരം മൊബൈൽ ചൂടോടെ ഏറ്റുവാങ്ങി. “സൂക്ഷിച്ചു പോണം കേട്ടോ. പരിചയമില്ലാത്ത സ്ഥലമാണ്.” “ഇവിടെ പേടിക്കാനൊന്നുമില്ലടീ. എന്തൊരു കരുതലുള്ള മനുഷ്യരാണെന്നറിയുമോ? ഞാൻ എത്തിയിട്ട് വിളിക്കാം.”

വാട്സ്ആപ്പ് മെസ്സേജായി ഗോവിന്ദൻ കുട്ടിയുടെ സുഹൃത്ത് സമീർ അയച്ച അഡ്രസ്സ് അയാൾ കടയിരുന്ന് ബീഡി വലിച്ചു കൊണ്ടിരിക്കുന്ന ആൾക്ക് പറഞ്ഞു കൊടുത്തു. സമീറാണ് അയാൾക്ക് ഈ വാടകവീട് ഏർപ്പാടാക്കി കൊടുത്തത്. “ഇത് കൊറച്ചു ദൂരെയാണല്ലോ? മ്മളെ റഷീദിന്റെ ഓട്ടോ ഇത്ര സമയോം ഇബിടെ ഉണ്ടേയ്നി. ഇപ്പളാ കയിച്ചിലായത്. ഇനി ഓൻ ബെരുവോന്ന് അറീല്ല. എന്തായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ. ഇങ്ങള് ബേജാറവല്ലി.” അയാൾ മൊബൈൽ ഫോൺ എടുത്ത് ഓട്ടോക്കാരന്റെ നമ്പർ അടിച്ചു. “ജ്ജ് എബിടെ? അനക്ക് മുക്ക് വരെ ഒന്ന് ബരാം പറ്റുവോ? ഒരു മനുസ്യൻ ഓട്ടോക്ക് നിക്കണ്. ഓല് കൊറേ ദൂരത്തു നിന്നും ബെരുന്നെ ആളാണ്. ഇജ്ജ് ബേം വന്നോണ്ടി.” ഫോൺ കട്ട് ചെയ്ത് അയാൾ സന്തോഷത്തോടെ പറഞ്ഞു. “ഇങ്ങള് ഉള്ളിലേക്ക് കേറി നിക്കി. മഴപ്പാറ്റൽ കൊള്ളണ്ട. ഓനിപ്പോ എത്തും.” ബീഡിക്കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു. കുറച്ച് സമയം റോഡിൽ ഒരു ഒറ്റനക്ഷത്രം പോലെ തെളിഞ്ഞ ആ വെളിച്ചം പെട്ടെന്ന് തന്നെ അണഞ്ഞു. അപ്പോൾ ഇരുട്ടിനെ തുളച്ചു കൊണ്ട് ഒരു ഓട്ടോ അവരുടെ അടുത്തേക്ക് വന്നു. “ഇങ്ങള് കേറി.. വാ പോകാം.” സുധാകരൻ ഓട്ടോയിൽ കയറിയിരുന്നു കൊണ്ട് അഡ്രസ് പറഞ്ഞു കൊടുത്തു. “ഇവിടുന്ന് മൂന്ന് കിലോമീറ്ററിൽ കൂടുതൽ ഉണ്ട്. റോഡൊക്കെ മോശാണ്. എന്നാലും ഇങ്ങള് ഈ രാത്രിക്ക് എങ്ങനെ പോകാനാ.” അയാൾ ഓട്ടോ മുന്നോട്ടെടുത്തു. “എബിടെ ഇങ്ങളെ നാട്?” റഷീദ് ചോദിച്ചു. “പാലക്കാടാണ്.” “ഇത്രേം ദൂരത്തുന്ന് ബെരുമ്പോ കുറച്ച് നേർത്തെ ബരണ്ടേ? അതും ഇങ്ങനെയൊരു അവസ്ഥയിൽ. ഇങ്ങളെ പേരെന്താ?” അയാൾ ഒരു നിമിഷം എന്തോ ആലോചിച്ചു. “സുധാകരൻ.” “ഓ. ഈ വീടിന്റെ അടുത്ത് തന്നെ ഒരു ചെറിയ കാവുണ്ട്.” അത്‌ കേട്ടപ്പോൾ അയാൾക്ക് അല്പം ആശ്വാസമായി. “ഇവിടെ ക്ഷേത്രങ്ങളൊക്കെ ഉണ്ടോ?” ഒരു ദീർഘനിശ്വാസമിട്ടു കൊണ്ട് അയാൾ ചോദിച്ചു. “പിന്നേ. ഇഷ്ടം പോലെ ഉണ്ട്.” അവിടെയുള്ള കാവിൽ ആളുകൾ ഇടക്കൊക്കെ പ്രാർത്ഥിക്കാൻ വരാറുണ്ടല്ലോ. അല്ല ഇങ്ങള് മാഷാണോ?” “അല്ല. ഇവിടുത്തെ വില്ലേജ് ഓഫീസിലേക്ക് പുതുതായി മാറ്റം കിട്ടിയ ക്ലാർക്കാണ്.”

“അപ്പൊ ഇങ്ങള് വില്ലേജ് ഓഫീസർ ആണൊ?”
“ഉം.” അയാൾ മൂളി. റോഡുകളിലെ ചെറിയ കുഴികളിൽ നിന്നും ചെളിവെള്ളം പുറത്തേക്ക് തെറിപ്പിച്ചു കൊണ്ട് ഓട്ടോ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഏകദേശം 15 മിനുട്ട് ആയിക്കാണും. ഓട്ടോ വീതി കുറഞ്ഞ ഒരു ഇടവഴി തുടങ്ങുന്നിടത്ത് കുലുങ്ങിക്കൊണ്ട് നിന്നു. “സ്ഥലം എത്തി. ഇറങ്ങിക്കോ. വീടിന്റെ അടുത്ത് വരെ ഓട്ടോ പോകൂല. ഈ ഇടവഴിയിലൂടെ നടന്നാൽ മതി. ടോർച്ച് ഇല്ലേ? നിങ്ങൾ പറഞ്ഞ ആളുടെ വീട് അവിടെയാണ്.” അയാൾ ഇടവഴിയുടെ നേർക്ക് കൈ ചൂണ്ടി. ദൂരെ ഓടിട്ട ഇരുനില വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നത് മങ്ങിയ ഇരുട്ടിനിടയിൽ അയാൾ കണ്ടു. “കുറച്ച് മുന്നോട്ട് നടന്നാൽ ഇടത് ഭാഗത്ത്‌ കാണുന്നതാണ് കാവ്. അവിടുന്ന് മുന്നൂറ് മീറ്റർ നടന്നാൽ നിങ്ങൾ പറഞ്ഞ വീടാണ്. അവിടേക്ക് വണ്ടി പോകും. പിന്നിലൂടെ വേറൊരു റോഡ് ഉണ്ട്. പക്ഷെ അത്‌ ചുറ്റി വളഞ്ഞു പോകണം. അതോണ്ടാ ഇതുവഴി വന്നത്.” ഓട്ടോ ഡ്രൈവർ പറഞ്ഞു നിർത്തി. “എത്രയായി?” “സാരമില്ല സാറെ. പിന്നെ എടുക്കാം. ഇങ്ങള് ഇപ്പൊ പോയി റസ്റ്റ്‌ എടുക്കി.” അതും പറഞ്ഞു കൊണ്ട് അയാൾ ഓട്ടോ ഓടിച്ചു തിരിച്ചു പോയി. ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന അയാൾ മൊബൈൽ തെളിച്ച് ഇടവഴിയിലേക്ക് ഇറങ്ങി. ഒരു വലിയ മഴക്കുള്ള പുറപ്പാടെന്ന പോലെ ആകാശത്ത് കാർമേഘങ്ങൾ പിന്നെയും ഉരുണ്ടു കൂടി.

കുറച്ച് മുന്നോട്ട് നടന്നപ്പോഴാണ് കാവിന്റെ ഭാഗത്തെ പറമ്പിൽ നിന്നും കരിയിലകൾ ഞെരിയുന്ന ശബ്ദം കേട്ടത്. ഭയം ഒരു കാളസർപ്പം പോലെ അയാളുടെ ശരീരത്തിൽ ചുറ്റിപ്പുളഞ്ഞു. അയാൾ മൊബൈൽ വെളിച്ചം ഓഫ് ചെയ്ത് അനങ്ങാതെ നിന്നു. കാവിലേക്ക് കയറുന്ന വഴിയിൽ മറഞ്ഞു നിന്നു അവിടേക്ക് നോക്കി. ഇപ്പോൾ ശബ്ദം വ്യക്തമായി കേൾക്കാം. മൂന്നോ നാലോ ആളുകൾ ഉണ്ട്. സ്വപ്നത്തിൽ നിന്നും പടിയിറങ്ങിപ്പോയ വീതിയുള്ള പച്ച ബെൽറ്റും ഫുട്ബോൾ ബോംബും അയാളിലേക്ക് പൂർവാധികം ശക്തിയോടെ ഇരച്ചു കയറി. തിരിഞ്ഞോടിയാലോ? പെട്ടെന്നാണ് ആ സ്വരം അയാളുടെ കാതുകളിലേക്ക് വീണത്. “രമേശാ, സാധനം എടുക്ക്. എത്രയും വേഗം പണി തീർത്തു പോകണം. ആരെങ്കിലും കണ്ടാൽ പിന്നെ നമ്മൾ ഉദ്ദേശിച്ചത് നടക്കില്ല.” ഒരു പ്ലാസ്റ്റിക് സഞ്ചി തുറക്കുന്ന ഒച്ച നിശബ്ദയെ വീണ്ടും അലോസരപ്പെടുത്തി. അപ്പോൾ അടുത്തവന്റെ ശബ്ദം. “ആ സഞ്ചി ഇങ്ങ് താ.” സുധാകരൻ മെല്ലെ തലയുയർത്തി നോക്കി. അവർ മൊബൈൽ വെളിച്ചത്തിൽ ഒരു സഞ്ചിയിൽ നിന്നും എന്തോ പൊതി വലിച്ചു പുറത്തേക്കെടുക്കുകയാണ്. എല്ലാവരുടെയും കയ്യിൽ ചെണ്ടോട് കൂടിയ മഞ്ഞച്ചരട് അയാൾ വ്യക്തമായും കണ്ടു. “ഇറച്ചി ഇങ്ങെടുക്ക്.” മറ്റൊരുവന്റെ ശബ്ദം. സുധാകരന്റെ മനസ്സിൽ ഒറ്റ നിമിഷം കൊണ്ട് പലവിധ ചിന്തകൾ കയറിയിറങ്ങി. ഇവന്മാർ ഈ രാത്രി പറമ്പിൽ ഇരുന്ന് ഇറച്ചി കഴിക്കുകയാണോ? അതും ഈ മഴയത്ത്. ഇവർക്ക് ഭ്രാന്തുണ്ടോ? ഇപ്പോൾ മൂന്ന് പേരും കാവിനടുത്തേക്ക് നടക്കുകയാണ്. ഒരുത്തൻ ചുറ്റും നോക്കി പരിസരവീക്ഷണം നടത്തുന്നുണ്ട്. പെട്ടെന്ന് പൊതി കയ്യിൽ പിടിച്ചവൻ അത്‌ കാവിനു നേർക്ക് വലിച്ചെറിഞ്ഞു. ശേഷം മൊബൈൽ വെളിച്ചത്തിൽ പറമ്പിലൂടെ പതിയെ നീങ്ങിയ അവർ ഇടവഴിയിലേക്ക് ഊർന്നിറങ്ങി റോഡിലേക്ക് നടന്നു.

ഞെട്ടിത്തരിച്ചു നിന്ന് പോയ അയാൾക്ക് കുറച്ച് സമയം വേണ്ടി വന്നു ചലനം തിരിച്ചു കിട്ടാൻ. അയാൾ ഒന്നുകൂടി ചുറ്റും നോക്കി മൊബൈൽ തെളിയിച്ചു കൊണ്ട് മെല്ലെ വീടിന്റെ നേർക്ക് നടന്നു. വിശാലമായ മുറ്റത്തു മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അയാൾ ബെല്ലടിച്ചു കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് നിന്നും കാസിം ഹാജി പുറത്തേക്ക് വന്നു. “ഇങ്ങള് എന്താ ഇത്രയും താമസിച്ചേ? കേറി കുത്തിരിക്കി.” “ബസ്സുകളൊക്കെ കുറവായിരുന്നു.” നനഞ്ഞ കുട പുറത്ത് വെച്ച് സുധാകരൻ ഉള്ളിലേക്ക് കയറി ബാഗ് മേശമേൽ വെച്ച് അടുത്തു കണ്ട സോഫയിൽ ഇരുന്നു. “വീട് ബേക്കിലാണ്. എന്തെങ്കിലും കയ്ച്ചിട്ട് നമ്മക്ക് അങ്ങോട്ട്‌ പോകാം. അവിടെ ആ ബംഗാളി ചെക്കൻ ഒന്നുകൂടി വൃത്തിയാക്കുന്നുണ്ട്. നേരത്തെ പോയി നോക്കിയപ്പോ മുറിയാകെ പൊടി ഇണ്ടേനി. എന്താ ഇങ്ങളെ മൊഖത്ത് ഒരു ബേജാറ് പോലെ? സമീർ വിളിച്ചു പറഞ്ഞിനി. ഇങ്ങള് ഇന്നെത്തൂന്ന്.” സുധാകരൻ കുറച്ച് മുമ്പ് കണ്ട കാര്യങ്ങൾ വിശദമായി കാസിം ഹാജിയോട് പറഞ്ഞു.

“ചതിച്ചല്ലോ പടച്ചോനെ, നാട്ടിൽ കലാപമുണ്ടാക്കാൻ അത്‌ മതി. അട്ത്തായിട്ട് ഇങ്ങനെ കൊറേ മനോരോഗികൾ നാട്ടിൽ ഇറങ്ങീക്ക്ണു. എന്തെങ്കിലും ഒടനെ ചെയ്യണം. ഇങ്ങള് ബെരീ. സുലൈഖാ, ഇജ്ജ് ആ ടോർച്ച് ഇങ്ങെടുക്കി. ഒരു പ്ലാസ്റ്റിക് കവറും.” പെട്ടെന്ന് തന്നെ സുധാകരനും പുറത്തേക്കിറങ്ങി. അപ്പോഴേക്കും ടോർച്ചുമായി സുലൈഖ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. “ഇജ്ജ് നാസ്ത ബേം റെഡിയാക്കി. ഞമ്മള് ഇപ്പം ബരാം.” രണ്ടു പേരും മുറ്റത്തേക്കിറങ്ങി. “ഇറങ്ങുമ്പോ നോക്കണേ, ബഴ്ക്ക് ഇണ്ടാകും.” കാസിം ഹാജി ഓർമ്മപ്പെടുത്തി. പടികളിറങ്ങി അവർ കാവിനടുത്തേക്ക് നടന്നു. ഇരുട്ടിനെ കീറി മുറിച്ച ടോർച്ച് വെളിച്ചത്തിന് മുന്നിൽ മഴപ്പാറ്റകൾ പാറിക്കളിച്ചു. മരപ്പെയ്‌ത്തിന്റെ ശബ്ദം ചീവീടുകളുടെ നിലവിളികളിൽ ലയിച്ചു ചേർന്നു. “ഇതിന് മുമ്പും ഇങ്ങനെ ഉണ്ടായിനി. ഇബിടെ അല്ല. അന്ന് പ്രതികളെ പെട്ടെന്ന് തന്നെ പിടിച്ചോണ്ട് നാട് രക്ഷപെട്ടു.” നടക്കുന്നതിനിടയിൽ കാസിം ഹാജി പറഞ്ഞു. കാവിനടുത്തെത്തിയ അവർ കണ്ടത് കാവിന് മുന്നിൽ ചിതറിക്കിടക്കുന്ന പശുവിറച്ചിയാണ്. “ഇങ്ങള് ഈ ടോർച്ച് പിടി.” കാസിം ഹാജി ടോർച്ച് അയാളുടെ കയ്യിൽ കൊടുത്ത് ഇറച്ചി മുഴുവൻ വാരിയെടുത്ത് കയ്യിൽ കരുതിയ പ്ലാസ്റ്റിക്ക് കവറിലേക്ക് ഇട്ടു. “ഓരോ ശെയ്ത്താൻമാർ ഇറങ്ങിക്കോളും, നാട് കുട്ടിച്ചോറാക്കാൻ.” ഓരോ ഇറച്ചിക്കഷണവും കവറിലേക്ക് ഇടുന്നതിനിടയിൽ അയാൾ പറഞ്ഞു. സുധാകരൻ കുട അയാളുടെ തലയുടെ മുകളിലേക്ക് നീട്ടിപ്പിടിച്ചു കൊടുത്തു. അപ്പോഴേക്കും അയാൾ മുഴുവൻ ഇറച്ചിക്കഷണങ്ങളും വാരിയെടുത്ത് പ്ലാസ്റ്റിക് കവറിലാക്കിയിരുന്നു. എന്നിട്ടും തൃപ്തി വരാതെ അയാൾ ചുറ്റും നടന്നു നോക്കിക്കൊണ്ടിരുന്നു. “നാട്ടിൽ സമാധാനമായി ജീവിക്കാൻ സമ്മയിക്കാത്ത ബലാലുകൾ. പ്രളയം ബന്നാലും മഹാരോഗങ്ങള് ബന്നാലും പഠിക്കൂല.” കാസിം ഹാജി പിറുപിറുത്തുകൊണ്ടിരുന്നു. “വാ, പോകാം ബല്ല്യ മഴ ബെര്ന്ന്ണ്ട്ന്ന് തോന്ന്ണ്. ഇനി മഴ പെയ്യുമ്പോൾ ശരിയായിക്കോളും.”

തിരിച്ചു നടക്കുമ്പോൾ സുധാകരന്റെ മൈബൈലിൽ നിന്നും വെള്ളത്തുള്ളി ഇറ്റു വീഴുന്ന ശബ്ദം പുറത്തേക്ക് തെറിച്ചു. അയാൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്ത് സന്ദേശം വന്ന ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ച് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. പിന്നെ കാസിം ഹാജി തെളിച്ച വെളിച്ചത്തിലൂടെ മുന്നോട്ട് നടന്നു. അപ്പോൾ പെരുമഴയുടെ വരവറിയിച്ചു കൊണ്ട് നിശബ്ദമായി വന്ന തണുപ്പുള്ള ഇളം കാറ്റ് അവരെ തഴുകി കടന്നുപോയി.

കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു. ഇപ്പോൾ കാഞ്ഞിരോടിൽ താമസം. പ്രസിദ്ധീകരിച്ച കൃതികൾ, മഴ പെയ്ത വഴികളിൽ (കഥാ സമാഹാരം) മഞ്ഞ് പെയ്യും താഴ്വരകളിലൂടെ (യാത്രാവിവരണം)