ഭ്രാന്താശുപത്രിയുടേയും
തീവണ്ടി പാളത്തിന്റേയും മദ്ധ്യേ ,
ആകാശം നഷ്ടപ്പെട്ടുപ്പോയ അവന്
ഒരു കോപ്പ ഭ്രാന്ത് നുണയാൻ കൊടുത്തശേഷം
അവൾ ഒരു ട്രാഫിക്ക് ഐലൻഡായി മാറി
അയാൾക്ക് ദിശ കാണിക്കുകയാണ്,
ഭ്രാന്താശുപത്രിയിലേയ്ക്കും
തീവണ്ടി പാളത്തിലേയ്ക്കുമുള്ള
ദിശ
മാറി മാറി കാണിക്കുന്നുണ്ട് ,
ഇടയ്ക്ക് അസാധാരണമായ
ആംഗ്യവും കാണിക്കുന്നുണ്ട്
ഒരു പക്ഷേ,
ഭ്രാന്താശുപത്രിയിൽ പോയി
ഭ്രാന്ത് സ്ഥിരീകരിച്ചതിനു ശേഷം
തീവണ്ടി പാളത്തിൽപ്പോയി
ആത്മഹത്യ ചെയ്യാനാവും പറയുന്നത് !
അന്നേരം
ആഞ്ഞുവീശിയ ചുഴലി കാറ്റിൽ
രണ്ട് ഡയറികൾ പറന്നെത്തി
ഒന്നവന്റേയും
മറ്റൊന്ന് അവളുടേതുമായിരുന്നു ,
അവളുടെ ഒന്നാം പേജിൽ
അവന്റെ കണ്ണുകളും
അവന്റെ ഒന്നാം പേജിൽ
അവളുടെ കണ്ണുകളും
വരച്ചുവെച്ചിരിക്കുന്നു ,
അവളുടെ ഡയറിയിലെ
അവന്റെ മിഴികളിൽ നിന്നും
ആകാശവും പുഴയും കടലും
ഒരു പ്രണയത്തെക്കുറിച്ച്
ഉറക്കേ സാക്ഷ്യം വിളിച്ചു പറഞ്ഞു
നാലാം പേജിൽ
അവൾ വരച്ച അവന്റെ മുഖത്തിൽ
അവൾ നൽകിയ പഴയ ഉമ്മകൾ
ഈറനണിയുന്നുണ്ടായിരുന്നു
ഇരു ഡയറികളുടേയും
പത്താം പേജിൽ എഴുതിവെച്ചിരിക്കുന്ന
സ്വപ്നങ്ങൾ
പരസ്പരം കൈ നീട്ടി തൊടാൻ ശ്രമിച്ചു
അവളുടെ ഡയറിയിൽ
ഇരുപത്തൊമ്പതാം പേജിൽ
അവന്റെ രേഖാ ചിത്രത്തിനു താഴെ
ഒരു കരിയിലയെ
പെരുവഴിയിൽ ഉപേക്ഷിച്ചുവെന്ന്
അടിക്കുറിപ്പ് എഴുതിവെച്ചിരിക്കുന്നത് കണ്ട്
അയാളുടെ
നെഞ്ചു തകർന്നുപ്പോവുന്നു,
അന്നേരമാണ്
ഒരു മാടപ്രാവ്
ഇലക്ട്രിക് ലൈനിൽ തട്ടി മരിച്ചുവീണത്
അപ്പോഴവൾ ഒരു ആംഗ്യം കാണിച്ചു
അതിനർത്ഥം നീയും നീയും
എന്നായിരുക്കുമെന്നയാൾ കരുതി.
അവൻ അവളെ സൂക്ഷിച്ചു നോക്കി
പെട്ടന്ന് ഒരു പേമാരി പെയ്തു
മാനത്തിൽ ഇടിമിന്നൽ ആഞ്ഞുവെട്ടി
അന്നേരമാണ്
ഒരു എക്സ്പ്രസ് ട്രയിൻ
പടിഞ്ഞാറുനിന്നും വരാൻ തുടങ്ങിയത്
അവൾ ശക്തമായി ആംഗ്യം കാണിച്ചു
അവൻ അവളെ നോക്കി
പിന്നേയും നോക്കി
തീവണ്ടി അടുത്തെത്തി കഴിഞ്ഞിരുന്നു
അവൻ പാളത്തിൽ പ്രവേശിച്ചു
അവനന്നേരം
അവർക്ക് മാത്രം അറിയുന്ന ഭാഷയിൽ
പ്രണയത്തിന്റെ ഒരു അടയാളം
അവൾക്ക് നേരെ
അവസാനമായി കാണിച്ചു,
കൈയുയർത്തി യാത്ര പറഞ്ഞതും
അവന്റെ ഡയറി മുഴുവൻ
ചോരയിൽ കുതിർന്നു
അവളന്നേരം
ഡയറിയിൽ എന്തോ കുറിക്കുന്നുണ്ടായിരുന്നു
അവളുടെ ഡയറിയിൽ
ഇനിയും
ഒരു പാട് പേജുകൾ ബാക്കിയുണ്ടായിരുന്നു