ട്രെഡ്മിൽ

ഹോംവർക്ക് ചെയ്യാത്തവർ
പകലുകൾ അടയിരുന്ന്
സ്വയം വാക്യത്തിൽ പ്രയോഗിക്കുന്നു.

തെരുവ് രുചികൾ
അകത്തളങ്ങളിൽ വിസർജ്ജിക്കുന്നു,
സമയമില്ലായ്മ.

യാന്ത്രികമായി
നടന്ന് നടന്ന്,
വിയർത്ത് കിതച്ച്
കാലുകൾ ദൂരം താണ്ടുകയാണ്,
ഇന്നയാൾ മണിക്കൂറിൽ
2കി.മി വേഗം താണ്ടി.

വ്യാകരണം തെറ്റിയ നടത്തങ്ങൾക്ക്,
ദിവസചടങ്ങാണ് നടത്തം.
കാലങ്ങളുടെ അജീർണ്ണത
അലിയിച്ചു കളയുന്ന യന്ത്രം

വാങ്ങാനുള്ള ആവേശം
മടിയുടെ മറനീക്കാത്തതിനാൽ
അയാളും യന്ത്രവും
ഒരുപോലെയാണിപ്പോൾ,
രണ്ടുപേർക്കും ഒട്ടും വയ്യ.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി. നിശ്ശബ്ദ്ദവിപ്ലവം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽമീഡിയകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.