ട്രാൻസ്

അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റ് പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..

നിർത്താതെയുള്ള ഹോണടികൾ കൊണ്ട് നഗരം ശബ്ദമുഖരിതമായി. ബീവറേജിനു മുന്നിൽ അഞ്ചുമണിയായിട്ടും മദ്യപർ തിരക്കുകൂട്ടുകയാണ്. നാളെ ഒന്നാം തീയതിയാണ്.

തിരക്കിൽ കാറുകൾക്കിടയിലൂടെ നുഴഞ്ഞുകയറുന്ന ഓൺലൈൻ ഡെലിവറിബോയിയുടെ ചുവന്ന വലിയ ബാഗുപോലെ അസ്തമനത്തിന്റെ ചുവപ്പ് നഗരത്തെയൊന്നാകെ പൊതിഞ്ഞു തുടങ്ങി. തിരക്കുകളിൽ നിന്നുമൊഴിഞ്ഞ് റബർമരങ്ങൾക്കിടയിലൂടെയുള്ള നാട്ടുപാതയിലൂടെ അയാൾ പതിയെ നടന്നു.

ഈ തിരക്കുകൾക്കിടയിൽ എങ്ങനെയാണ് ഒരുവന് പ്രാർത്ഥനയുടെ ശാന്തമായ തുരുത്തിൽ അഭയം കണ്ടെത്താൻ കഴിയുക? ഒരാൾ എങ്ങനെയാണു ദൈവത്തിൽ രക്ഷ പ്രാപിക്കുക? അയാൾ ചിന്തിച്ചു. അതിനാൽ അയാൾ എല്ലായ്പ്പോഴും വിജനമായ വഴികളെ തിരഞ്ഞെടുക്കുന്നു. ഒരുനിമിഷം നടപ്പു നിർത്തി അയാൾ ചെരുപ്പിന്റെ ഇടയ്ക്കുകയറിയ ഒരു കല്ലിനെ വലിച്ചെടുത്ത് ദൂരേക്കു വലിച്ചെറിഞ്ഞു. കല്ല് ചെന്നു വീണിടത്തുനിന്നും ഏതാനും കരിയിലപ്പടകൾ ചിറകടിച്ചു പറക്കുന്നതു കണ്ടു. അപ്പോൾ ഫോൺ ബെല്ലടിച്ചു.

“മോൾക്കു പനി കൂടുതലാണ്. നമുക്കൊന്ന് ആശുപത്രിയിൽ കൊണ്ടുപോകാം.. ചേട്ടായി എവിടെയാണ്? പെട്ടെന്നു വരുമോ?” – മറുതലയ്ക്കൽനിന്നും ഒരു സ്ത്രീയുടെ ആകുലമായ ശബ്ദം.

ഒരുനിമിഷം അയാളിലെ പ്രാർത്ഥനയുടെ ദേവാലയങ്ങൾ ഇടിഞ്ഞുവീണു.

“വേണ്ടെന്നു പറഞ്ഞില്ലേ?” അയാൾ ഫോണിൽകൂടി ഒരു കാട്ടുമൃഗത്തെപ്പോലെ മുരണ്ടു. പിന്നെ ഫോൺ പോക്കറ്റിലേക്കു താഴ്ത്തി. ഒരുനിമിഷം ആകാശത്തേക്കു കണ്ണുകൾ ഉയർത്തി. പിന്നെ മുട്ടുകുത്തി നിന്നു പ്രാർത്ഥിച്ചു. ‘സ്ത്രീയേ എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ സമയം ഇനിയുമായിട്ടില്ല.’ ആ മുട്ടുകുത്തിയുള്ള പ്രാർത്ഥനയുടെ ഒടുവിൽ ആരോ മന്ത്രിക്കുന്നതായി സങ്കൽപ്പിച്ചു. അത് ഭാര്യയോട് പറയണം എന്ന് അയാൾക്കു തോന്നി. സമയം.. സമയമായിട്ടില്ല.

അകലെ റബർമരങ്ങൾക്കിടയിൽ സൂര്യൻ അസ്തമിക്കുന്നു. റബർമരങ്ങളുടെ മെലിഞ്ഞ ശിഖരങ്ങൾക്കിടയിൽ അസ്തമനത്തിന്റെ ചുവപ്പ് അയാൾ ദർശിച്ചു. അപ്പോൾ അയാളുടെ മുഖത്ത് അലൗകികമായ ഒരു ശാന്തത കൈവന്നു. റബർമരങ്ങളുടെ മെലിഞ്ഞ ശിഖരങ്ങൾ പനി പിടിച്ച തന്റെ മകളുടെ മെല്ലിച്ച കൈകളായും, അസ്തമനസൂര്യന്റെ ചുവന്ന പ്രഭാവലയം ‘അവന്റെ’ അടയാളങ്ങളായും അയാൾക്കനുഭവപ്പെട്ടു.

അയാളുടെ കൈയിൽ തുണിക്കടയുടെ പരസ്യമെഴുതിയ വെളുത്തയൊരു ബിഗ്ഷോപ്പറുണ്ട്. അതിൽ അടുത്ത ധ്യാനകേന്ദ്രത്തിൽനിന്നും വാങ്ങിയ ദൈവത്തിന്റെ നാമത്തിലുള്ള വിശുദ്ധ എണ്ണയും, തൈലവും, ഉപ്പും. പിന്നെ ധ്യാനകേന്ദ്രത്തിന്റെ പേരിലിറങ്ങുന്ന വിശുദ്ധ പത്രവും. എല്ലാത്തിനുംകൂടി ആയിരം രൂപയായി. തന്റെ മൂന്നുദിവസത്തെ ശമ്പളം. അയാൾ ആ കൂടിൽ ഒന്നുകൂടി മുറുകെപ്പിടിച്ചു. മറ്റേ കൈകൊണ്ട് അതിന്റെ പുറത്തൊന്ന് അമർത്തിതടവി എല്ലാം ഇല്ലേ എന്ന് ഒരിക്കൽകൂടി ഉറപ്പുവരുത്തി. വിശുദ്ധ പത്രത്തിന്റെ മടങ്ങിയ താളുകളിൽ കൈകൾ സ്പർശിച്ചപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ ഒരു ഇല തളിർക്കുന്നത് അയാൾ അറിഞ്ഞു.

എല്ലാം, എല്ലാം ദൈവം നോക്കിക്കോളും..


അയാളുടെ പേര് പീറ്റർ എന്നാണ്. നഗരത്തിലെ പ്രശസ്തമായ മീനാക്ഷി ടെക്സ്റ്റൈൽഷോപ്പിലെ സെയിൽസ്മാനാണയാൾ. അയാളുടെ അപ്പൻ കുരിശുവീട്ടിൽ ഔസേപ്പച്ചൻ നാട്ടിലെ വലിയ ഒരു പ്രമാണിയായിരുന്നു. പാരമ്പര്യമായി അയാൾക്കു വീതംവച്ചു കിട്ടിയ വകയിൽ ഇരുപത്തിയഞ്ചേക്കർ റബർതോട്ടമുണ്ടായിരുന്നു. പിന്നെ പത്തേക്കറിൽ ഇഞ്ചി, വാഴ, കപ്പ തുടങ്ങിയ നാട്ടുവിളകളുടെ കൃഷിയും കൊക്കോത്തോട്ടങ്ങളും..

ഔസേപ്പിന്റെ അപ്പൻ ഒരു കുടിയേറ്റ കർഷകനായിരുന്നു. സ്വാഭാവികമായും തന്റെ മകൻ കൃഷിക്കാരനാകണമെന്ന് അയാൾ ആഗ്രഹിച്ചു. എന്നാൽ ഔസേപ്പിനു കൃഷിപ്പണികളിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല. അപ്പന്റെ മരണശേഷം തന്നിൽ വന്നടിഞ്ഞ സമ്പത്തിൽ അയാൾ ഉന്മത്തനായില്ല. ഒന്നും ഒന്നും അവശേഷിക്കുന്നില്ലെന്നും, വെറും പൊടിയായി മനുഷ്യൻ ഇടവകപ്പള്ളിയുടെ കല്ലറയിൽ ഉറങ്ങാൻ കിടക്കണമെന്നും അയാൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു. അത് ഔസേപ്പച്ചൻ മനസ്സിലാക്കുന്നത് മകൻ പീറ്ററിന്റെ ജനനത്തോടെയാണ്.

ഔസേപ്പച്ചൻ കല്യാണം കഴിച്ചത് സിസിലിയെയാണ്. റബർമരങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ക്രിസ്തുമസ് കാലങ്ങളിൽ മുളച്ചുപൊന്താറുള്ള ലില്ലിപ്പൂവു പോലൊരു പെണ്ണ്. അവരുടെ ജീവിതം സന്തുഷ്ടമായിരുന്നു. തൊഴിലാളികളെവച്ച് ഔസേപ്പച്ചൻ റബർമരങ്ങൾ വെട്ടി പാലെടുത്തു. വീടിനോടു ചേർന്നു നിർമ്മിച്ച വലിയ പുകപ്പുരയിൽ ഷീറ്റുകൾ ഉണക്കിയെടുത്ത് ഗ്രേഡ്സ്റ്റാന്റേഡിൽ മാർക്കറ്റിൽ വിറ്റ് പണം സമ്പാദിച്ചു. എങ്കിലും അഞ്ചുവർഷങ്ങൾക്കുശേഷവും മക്കളുണ്ടാകാത്തതിന്റെ ദുഃഖം ഭാര്യ സിസിലിയുടെ മുഖത്ത് റബർമരങ്ങൾക്കിടയിൽ പുലർക്കാലങ്ങളിൽ അടിഞ്ഞുകൂടുന്ന മഞ്ഞുപോലെ അടിഞ്ഞുകൂടുന്നത് അയാൾ കാണാതെയിരുന്നില്ല.

“നീ വിഷമിക്കാതെ സിസിലീ” അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.

“ഞാൻ.. ഞാനെങ്ങനെ ആശ്വസിക്കാൻ. കുറേ പണമുണ്ടായിട്ട് എന്തു കാര്യം?” സിസിലി വിതുമ്പി.

“നമുക്ക് ആ ധ്യാനകേന്ദ്രത്തിൽ ഒന്നു പോകാം.. ദയവുചെയ്ത് നിങ്ങൾ അതിന് സമ്മതിക്കണം.” വിതുമ്പലിടയിൽ അവർ പറഞ്ഞു.

ഔസേപ്പച്ചൻ മുതലാളിയുടെ മുഖം മ്ലാനമായി. സിസിലി മുൻപും ഈ കാര്യം അയാളോടു പറഞ്ഞിട്ടുള്ളതാണ്. നഗരത്തിൽ സിസിലി പറഞ്ഞ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന അത്ഭുതങ്ങളെ പറ്റി അയാൾക്കും അറിവുണ്ടായിരുന്നു. അത്ഭുത രോഗസൗഖ്യം, മക്കളില്ലാത്തവർക്കു മക്കൾ, ജോലി വേണ്ടവർക്കു ജോലി..

ഔസേപ്പച്ചനെ സംബന്ധിച്ച് അയാൾ അമിതവിശ്വാസിയൊന്നുമല്ല. ഞായറാഴ്ചകളിൽ സമയം കിട്ടിയാൽ പള്ളിയിൽ പോകും. പള്ളിപ്പെരുന്നാളിനും ആണ്ടുപിരിവിനും മിതമായ അളവിൽ സംഭാവന കൊടുക്കും. ദുഃഖവെള്ളിയാഴ്ചകളിലും, ഓശാനകളിലും ഈസ്റ്ററിനും നിർബന്ധമായും പള്ളിയിൽ പോകും. അയാൾ എല്ലാകാര്യത്തിലും ഒരു മിതത്വം പാലിച്ചിരുന്നു. പീറ്റർ ജനിക്കുന്നതു വരെ.

ഭാര്യ സിസിലിയുടെ നിർബന്ധത്തിനു വഴങ്ങി ഔസേപ്പച്ചൻ ധ്യാനകേന്ദ്രത്തിൽ പോയി. ഫാദർ എഡ്വാർഡ് കുന്നുമ്മൽക്കാടനെ പ്രത്യേകമായി കണ്ട് തലയിൽ തൊടുവിപ്പിച്ച് പ്രാർത്ഥിച്ചു. ധ്യാനകേന്ദ്രത്തിൽ പോയതിന്റെ രണ്ടാംമാസം സിസിലി ഗർഭവതിയായി. അതോടെ ഔസേപ്പച്ചന്റെ വിശ്വാസം മൂർച്ഛിച്ചു. ഒരു ഞായറാഴ്ച പള്ളിയിൽ പോയി പ്രാർത്ഥിച്ചു പുറത്തേക്കിറങ്ങിയപ്പോൾ പള്ളിവികാരി അയാളെ സമീപിച്ചു.

“ഔസേപ്പച്ചാ.. നമ്മുടെ അനാഥമന്ദിരത്തിന് എന്തെങ്കിലും സംഭാവന തരണം.”

ഔസേപ്പച്ചൻ കൊടുത്തു. അനാഥമന്ദിരത്തിനു മാത്രമല്ല. കൈനീട്ടി തനിക്കു മുന്നിൽ വന്നവർക്കെല്ലാം അയാൾ വാരിക്കോരി കൊടുക്കാൻ തുടങ്ങി.

“ഇതാ ഞാൻ എന്റെ സമ്പത്തിന്റെ പകുതി ദാനം ചെയ്യുന്നു. ആരുടെയെങ്കിലും കൈകളിൽനിന്നും പിടിച്ചു വാങ്ങിയിട്ടുണ്ടെങ്കിൽ അതു നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു..”

ഞായറാഴ്ചകളിൽ അൾത്താരബാലനായി നിന്നു മകൻ പീറ്റർ ബൈബിൾ വായിക്കുമ്പോൾ ഔസേപ്പച്ചൻ മുതലാളി ആനന്ദത്താൽ മതിമറക്കും. ‘ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു..’ പള്ളിയിൽ മുൻനിരയിൽ ഇരുന്നുകൊണ്ട് അയാൾ ബൈബിൾവാക്യം വെറുതേയോർക്കും. എങ്കിലും അയാളുടെ ഭാര്യ സിസിലിക്ക് മകൻ പീറ്ററിന്റെ പോക്കിൽ ചില ആകുലതകൾ തോന്നാതിരുന്നില്ല. അതിന്റെ ഒന്നാമത്തെ കാരണം ഇടയ്ക്കിടയ്ക്കു പീറ്ററിന്റെ സ്കൂളിൽനിന്നും വീട്ടിലേക്കുവരുന്ന ഫോൺകോളുകളാണ്. പീറ്റർ ആരോടും കൂട്ടുകൂടുന്നില്ല, അവൻ എല്ലായ്പ്പോഴും ഇന്റർവെൽടൈമിൽ അടുത്ത പള്ളിയിൽ പോയിരിക്കുന്നു. ക്ലാസ്സിലേക്കു വിളിച്ചാൽ തിരിച്ചുവരാൻ കൂട്ടാക്കുന്നില്ല.

അവർ മകനെ ഉപദേശിക്കാൻ ശ്രമിച്ചു. പക്ഷേ പീറ്റർ….അവനൊരു പ്രത്യേക സ്വഭാവക്കാരനായിരുന്നു.

ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതെയവൻ മഞ്ഞജനലഴികൾക്കുമപ്പുറം റബർമരങ്ങൾക്കിടയിൽ പള്ളിയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന കുരിശിന്റെ വെളുപ്പിൽ നോക്കി എപ്പോഴും ദുഃഖിതനായി ഇരുന്നു. സാധാരണ ക്രിസ്ത്യൻകുട്ടികൾ വിശന്നിരിക്കുമ്പോൾ കൂടേണ്ട ആദ്യവെള്ളിയാഴ്ചകളിലെ ഉച്ചക്കുർബാനയെ പ്രാകിനടക്കുമ്പോൾ പീറ്ററിന്റെയുള്ളിലൊരു വെളുത്ത പ്രാവ് ചിറകടിക്കുവാൻ വെമ്പി. ഈശോ അപ്പച്ചന്റെ അടുത്തു മുട്ടുകുത്താൻ അവന്റെ ഉള്ളം തുടിച്ചു. അവന്റെ വളർച്ചയിൽ, ചെയ്തികളിൽ ദൈവം എപ്പോഴും അവനോടൊത്തു വസിച്ചു.

കാലം കടന്നുപോയി. ഉള്ളതെല്ലാം ദാനം ചെയ്ത ഔസേപ്പച്ചൻ തന്റെ ആഗ്രഹംപോലെ സാധാരണക്കാരനായി മണ്ണോടടിഞ്ഞു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ സിസിലിയും വെറും കൈയോടെ പളളിസെമിത്തേരിയിൽ അയാൾക്കു കൂട്ടുകിടക്കാൻ പോയി. ഇരുപത്തിയഞ്ചിൽനിന്നും രണ്ടായി ചുരുങ്ങിയ പറമ്പും വീടുമായി പീറ്റർ ഏകാന്തപ്പെട്ടു വസിച്ചു. പിന്നീടെപ്പോഴോ അയാൾ കല്യാണം കഴിച്ചു. അയാൾക്കൊരു മകൾ പിറന്നു.

വീണ്ടും സന്തോഷത്തിന്റെ ദിവസങ്ങൾ. എങ്കിലും പീറ്ററുടെ ചെയ്തികളിൽ അസ്വാഭാവികമായ,നിഗൂഢമായ എന്തോ ഒന്ന് കലർന്നിരുന്നു.

നിർവചിക്കാൻ കഴിയാത്ത അയാളുടെ സ്വഭാവം ഈ ഇരുണ്ട ചക്രവാളം പോലെയായിരുന്നു.

അല്ല വെളുപ്പാംകാലത്ത് റബർമരങ്ങൾക്കിടയിൽ നിറയുന്ന മൂടൽ മഞ്ഞുപോലെ !

അവ്യക്തമായ എന്നാൽ ഭയാനകമായ ഒന്ന്.


പീറ്ററിനു കാലു കഴച്ചു. പീറ്റർ ചെരുപ്പ് ധരിച്ചിരുന്നില്ല. അയാൾ ചെരുപ്പ് ധരിക്കാറില്ല. പീറ്ററിന്റെ വീടിനു മുന്നിലൂടെ ബസ്സ്റൂട്ടുണ്ട്. എങ്കിലും അയാൾ ബസ്സിൽ പോകാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ബസ്സിൽ കയറാതെ റോഡു വഴി നടന്നാലും ഇത്ര നടക്കേണ്ടി വരില്ല. എങ്കിലും അയാൾ അതും ഇഷ്ടപ്പെടുന്നില്ല. ടെക്സ്റ്റൈൽ ഷോപ്പിന്റെ പുറകുവശം വഴി, റബർതോട്ടങ്ങൾക്കിടയിലൂടെ കയ്യാലകൾക്കു മുകളിലൂടെ ഒന്നിലധികം തോടുകളുടെ തടിപ്പാലങ്ങൾ കയറി വളഞ്ഞുപുളഞ്ഞു വീട്ടിലെത്തുന്ന ഈ നടത്തം അയാൾ ഒത്തിരി ഇഷ്ടപ്പെടുന്നു. ഇത് റോഡു വരുന്നതിനു മുൻപേയുള്ള പഴയ ഒരു നടപ്പു വഴിയാണ്. ഇപ്പോഴത് ഏകദേശം അടഞ്ഞ മട്ടിലാണുള്ളത്. എങ്കിലും പീറ്ററിന്റെ നടത്തത്തിൽ പുല്ലുകൾക്കിടയിലൂടെ കൈവെള്ളയിലെ മങ്ങിയ രേഖ പോലെ ഒരു പാത രൂപപ്പെട്ടിരിക്കുന്നു. രാവിലെയും അയാൾ ഈ വഴി തന്നെയാണു ഷോപ്പിലേക്കു നടന്നു വരിക. നടത്തത്തിൽ കൈകളിൽ എപ്പോഴും ജപമാല ഉരുണ്ടു കൊണ്ടിരുന്നു. ഇത്തരം ആളുകളുടെ അധികം ശല്യമില്ലാത്ത ഇടവഴികൾ പീറ്ററിനു ദൈവത്തിന്റെ പാതകളാണ്. ദൈവത്തെ അറിയാൻ തനിച്ചുള്ള നടത്തം നല്ലതാണെന്നാണ് പീറ്ററിന്റെ പോളിസി.

“അതിന്റിടയ്ക്ക് ശല്യപ്പെടുത്താൻ ഓരോ മാരണങ്ങൾ.”

ഒരുനിമിഷം നിന്ന് കിതപ്പാറ്റുന്നതിനിടയിൽ അയാൾ ആത്മഗതം ചെയ്തു. ഭാര്യയുടെ ഫോൺകോളാണ് അയാളെ ദേഷ്യം പിടിപ്പിച്ചത്. മകൾ സ്കൂളിൽ പോയിട്ട് മൂന്നാലു ദിവസമായി. കടുത്ത പനി. ദേഹത്ത് ഇന്നലെ മൂന്നാലു കുരുക്കൾ പൊങ്ങിവന്നു. ചിക്കൻപോക്സാണോ എന്നു സംശയമുണ്ട്. അവളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറയാനാണു ഭാര്യ വിളിച്ചത്. ഇന്നലെ വൈകുന്നേരം അവൾക്കു ദൈവനാമത്തിലുള്ള ഉപ്പിട്ട കഞ്ഞി കൊടുത്തിരുന്നു. രാവിലെ നേരത്തെയെഴുന്നേറ്റ് ശരീരം മുഴുവൻ വിശുദ്ധ എണ്ണ തേച്ചുപിടിപ്പിച്ചു.

‘കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു മാറിപ്പോകാൻ പറഞ്ഞാൽ അത് മാറിപ്പോകും.’ മകളുടെ ശരീരത്തിൽ എണ്ണ തേച്ചു പിടിപ്പിക്കുന്നതിനിടയിൽ പീറ്റർ ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. കൈയിലെ സഞ്ചിയിൽ വീട്ടിൽ ചെന്നിട്ട് മകൾക്കു കൊടുക്കാനുള്ള വെഞ്ചരിച്ച ഉപ്പും, വിശുദ്ധ എണ്ണയുമുണ്ട്. കൂടെ അവളെ കിടത്തുവാൻ വേണ്ടി വിശുദ്ധ പത്രവും അയാൾ ഇന്നു കരുതിയിട്ടുണ്ട്. ഇത്രയും സാധനങ്ങൾ വാങ്ങുവാൻ കുറച്ചു പണം പീറ്ററിന് അഡ്വാൻസായി വാങ്ങേണ്ടി വന്നു.

റബർമരങ്ങൾക്കിടയിലൂടെ ഏകാന്തമായി പോകുന്ന നടപ്പുവഴി ഏകദേശം പീറ്ററിന്റെ വീടിന്റെ അടുത്തെത്തുമ്പോൾ ചെറിയ ഒരു ജംഗ്ഷനുമായി കൂട്ടിമുട്ടും. ചെറിയൊരു ഹോട്ടൽ, ഒരു കുമ്മട്ടിക്കട, മാതാവിന്റെ ചെറിയൊരു കപ്പേള. ഇത്രയും ചേർന്നതാണു ജംഗ്ഷൻ. പാപ്പച്ചൻ ചേട്ടന്റെ കുമ്മട്ടിക്കടയിൽ പീറ്ററിനു പറ്റുണ്ട്. പറ്റ് തീർക്കേണ്ട ദിവസങ്ങളിൽമാത്രം ചില ഇടവഴികളെ ഉപേക്ഷിച്ച് അയാൾ ആ ജംഗ്ഷൻ വഴി പോകും.

” ദൈവത്തിനു സ്തുതി, ദൈവത്തിനു സ്തുതി.. പ്രൈസ് ദ ലോഡ്.”

കടയിലേക്കു കയറിയപ്പോൾ ആരോ പരിഹസിച്ചുപറയുന്നത് പീറ്റർ കേട്ടു. അയാൾ അതു ശ്രദ്ധിക്കാതെ വേഗം പാപ്പച്ചൻ ചേട്ടനു പണം കൊടുത്തു കടയിൽ നിന്നിറങ്ങി. ദൈവത്തെ പരിഹസിക്കുന്നവർക്ക് അവിടുന്ന് ഉചിതമായ പ്രതിഫലം കൊടുത്തുകൊള്ളും. ദൈവമേ.. പീറ്റർ ഉള്ളിൽ വിളിച്ചു. പീറ്ററിനപ്പോൾ ഒരു ചായ കുടിക്കണമെന്നു തോന്നി. മുളയും ടാർപ്പയും കൊണ്ടു മറച്ച തട്ടുകടപോലെയുള്ള ആ ചായക്കടയിലേക്ക് അയാൾ നടന്നു. തടികൊണ്ടു നിർമ്മിച്ച ചാരുബെഞ്ചിലിരുന്നയാൾ പത്രം മറിച്ചുനോക്കി. തടിമേശയിൽ ‘ഷാർപ്പിന്റെ’ പഴയ മോഡൽ ഒരു ടിവി ഓൺ ചെയ്തു വച്ചിട്ടുണ്ട്. അതിലേതോ സിനിമ ഓടുകയാണ്. സിനിമയിൽ പരീക്ഷണനായ വിനായകന്റെ മുഖം പീറ്റർ കണ്ടു. അയാൾ വെറുതെ ടി.വി കാണാൻ തുടങ്ങി.

വിനായകൻ ആരെയോ ഫോണിൽ വിളിക്കുകയാണ്.

‘താങ്കൾ ഒന്നും ഭയപ്പെടേണ്ട വീട്ടിലെത്തുമ്പോൾ ഒരത്ഭുതം താങ്കളെയും കാത്തിരിപ്പുണ്ട്.’ അപ്പുറത്തുനിന്നും ഫോണെടുക്കുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നു.

റബർമരങ്ങൾക്കിടയിലെ തന്റെ കൊച്ചുവീട്ടിലേക്ക് കൈയിൽ തൂക്കിപ്പിടിച്ച ബിഗ്ഷോപ്പറുമായി നടന്നുപോകുന്ന വിനായകന്റെ ലോങ്ങ് ഷോട്ട്.

ഇരുട്ട് കുടചൂടി നിൽക്കുന്ന മരങ്ങളുടെ തലപ്പുകൾക്കു കീഴിൽ തൂക്കുവിളക്കിന്റെ മഞ്ഞവെളിച്ചം.

ക്യാമറ ആ വെളിച്ചത്തിലേക്കു താഴ്ന്നു വരുന്നു.

ഓടുമേഞ്ഞ ഒരു കട്ടപ്പുര.

വിനായകന്റെ ദാരിദ്ര്യം പിടിച്ച കുടിലാണത്.

മുളവേലി കെട്ടിത്തിരിച്ച മുറ്റത്തിനരികിൽ ദുഃഖാർദ്രമായ കണ്ണുകളുമായി കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നുണ്ട്. കട്ടിളപ്പടിയിൽ മുട്ടാതിരിക്കാൻ തലകുനിച്ചു പിടിച്ച് വിനായകൻ വീട്ടിലേക്കു പ്രവേശിക്കുകയാണ്. അകത്തു കയർ വരിഞ്ഞ കട്ടിലിൽ പിഞ്ഞിത്തുടങ്ങിയ പ്ലാസ്റ്റിക്പായയിൽ അയാളുടെ മകൾ നിശ്ചലയായി കിടക്കുന്നു. ഒന്നും, ഒന്നും മനസ്സിലാകാതെ നിൽക്കുന്ന വിനായകന്റെ മുഖം.

പീറ്റർ ഒരു കവിൾ ചായ കുടിച്ചു. ചായഗ്ലാസ് കൈകളിലിട്ടു കറക്കുന്നതിനിടയിൽ അയാൾ ഇതേതാണു സിനിമ എന്ന് ചുമ്മാ ചിന്തിച്ചു. ഒപ്പം വിനായകന്റെ കൈയിലെ ആ ബിഗ്ഷോപ്പറിൽ എന്താണെന്നും.

ഇപ്പോൾ സ്ക്രീനിൽ ദൃശ്യങ്ങൾ മാറിയിരിക്കുന്നു.

വെള്ളപൂശിയ സെമിത്തേരി.

സെമിത്തേരിയുടെ മതിൽക്കെട്ടിനു പുറത്ത് ഒടിഞ്ഞുനിക്കുന്ന ഒരു കടലാസുചെടിയുടെ ചുവന്ന കൊമ്പ്. ക്യാമറ ശവക്കുഴിയിലേക്ക് ഫോക്കസാവുകയാണ്. ഒരു കുഞ്ഞിന്റെ ശരീരം കുഴിയിലേക്കിറക്കുന്നു. പ്ലാസ്റ്റിക് പായയിൽ നിശ്ചലയായി കിടന്ന വിനായകന്റെ മകളാണത്. പീറ്റർ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അയാളുടെ കൈകൾ ചെറുതായി വിറച്ചു. ചായ തുളുമ്പി. ഒരു ഭ്രാന്തനെപ്പോലെ എവിടെനിന്നോ ഓടിവരുന്ന വിനായകൻ. കുഴിയിലേക്കിറങ്ങി മകളുടെ ശരീരം അയാൾ വാരിയെടുക്കുന്നു. എതിർപ്പുകളെ വകവയ്ക്കാതെ അയാൾ പിന്നെയും ഓടുകയാണ്.

സ്‌ക്രീനിലിപ്പോൾ ചരൽവരിച്ച വലിയ മുറ്റവും മുറ്റത്തിനപ്പുറം വെളുത്ത കുരിശുയർന്നു നിൽക്കുന്ന പള്ളിയുമാണ്. അത് കണ്ടപ്പോൾ പീറ്ററിനു പെട്ടെന്ന് താൻ ചെറുപ്പകാലത്തു ചെന്നിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇടവകപ്പള്ളി ഓർമ്മവന്നു.

‘പാസ്റ്റർ.. പാസ്റ്ററൊന്നു മോളുടെ തലയിൽ കൈവച്ച് പ്രാർത്ഥിക്കണം.. ഒന്നു പ്രാർത്ഥിക്കണം.’

ഏതോ വിദൂരഗ്രഹത്തിൽനിന്നും വീണുടഞ്ഞപോലെ വിനായകന്റെ ചിതറിയ വാക്കുകൾ അയാൾ കേട്ടു. കൈകളുയർത്താൻ തുടങ്ങുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം. അപ്പോൾ കോട്ടും സൂട്ടുമണിഞ്ഞ ഏതാനുംപേർ പള്ളിയിലേക്ക് ഓടിക്കയറി വരുന്നു. അവർ ഫഹദിനെയുംകൊണ്ട് ഒരു കാറിൽ അവിടുന്ന് രക്ഷപ്പെടുകയാണ്.

‘പാസ്റ്റർ പാസ്റ്റർ..’

നിലവിളിച്ചുകൊണ്ട് കാറിനു പുറകെ ഓടിവരുന്ന വിനായകന്റെ ചിലമ്പിച്ച ശബ്ദം തട്ടുകടയിൽ മുഴങ്ങി. വിനായകന്റെ ചിതലരിച്ച, വിശ്വാസം ഇനിയും നഷ്ടപ്പെടാത്ത വരണ്ട കണ്ണുകളുള്ള ആ മുഖം ഫഹദ് ഫാസിലിന്റെ കഥാപാത്രം റിയർവ്യൂമിററിൽ കാണുകയാണ്. ഇത്തവണ പീറ്ററിന്റെ കൈകളിൽനിന്നും ചായഗ്ലാസ് നിലത്തേക്കു പതിച്ചു. അയാൾ ടി.വിയിൽ – റിയർവ്യൂമിററിൽ കണ്ടത് വിനായകന്റെ മുഖമല്ല. സ്വന്തം മുഖമാണ്. ആ ഒരുനിമിഷം വിനായകന്റെ കൈയിലെ ഷോപ്പറിൽ എന്തായിരുന്നു എന്ന് പീറ്ററിനു മനസ്സിലായി.

ഷോപ്പറെടുക്കാതെ പീറ്റർ ചായക്കടയിൽനിന്നും ഇറങ്ങിയോടി. അസ്തമനസൂര്യന്റെ അലൗകികവെളിച്ചം ഇറ്റിറ്റുവീഴുന്ന റബർമരങ്ങൾക്കിടയിലൂടെ, ദൈവരഹസ്യമറിഞ്ഞ് ഉറങ്ങാൻ വെമ്പുന്ന പുൽക്കൊടികൾക്കു മുകളിലൂടെ അയാൾ കിതച്ചോടി. ‘ഇന്നീ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു.’ ‘അവന്റെ’ സ്വരം വീണ്ടും ചെവിയിൽ മുഴങ്ങുന്നതായി പീറ്ററിന് അനുഭവപ്പെട്ടു. തന്റെ ഉള്ളിൽ നിന്നും കേട്ട സ്വരം.. അത് അവന്റെ സ്വരം തന്നെയാണ് എന്നതിൽ അയാൾക്കപ്പോൾ തെല്ലും സംശയമില്ലായിരുന്നു.

പീറ്റർ ഓടുകയാണ്. അയാൾക്ക് എത്രയും പെട്ടെന്നു വീട്ടിലെത്തണം. തന്റെ മകളെ ആശുപത്രിയിലെത്തിക്കണം.

അപ്പോൾ റബർമരങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ക്രിസ്തുമസ് കാലങ്ങളിൽ മാത്രം പൂക്കാറുള്ള ലില്ലികളിൽ ഒന്നുരണ്ടെണ്ണം വെറുതേ പൂത്തു. ലില്ലിപ്പൂവിന്റെ മണം അയാളുടെ അമ്മ സിസിലിയുടെ ഗന്ധമായി ആദ്യം പീറ്ററിനെ തഴുകി. പിന്നെ റബർമരങ്ങൾക്കിടയിൽ, മൺകയ്യാലകളിൽ, ഇടവഴികളിൽ, ആ ജംഗ്ഷനിൽ, ചായക്കടയിൽ,, എല്ലായിടത്തും – എല്ലായിടത്തും ലില്ലി പൂക്കുന്ന ഗന്ധം ഒരു ദിവ്യ പരിമളമായി പരന്നു