ടെസ്റ്റ് ഡാറ്റാ (നോവലൈറ്റ് ) -1

സിഗ്നൽ കഴിഞ്ഞു സർവീസ് റോഡിലേക്ക് തിരിഞ്ഞപ്പോഴേ വിചാരിച്ചു കഴിച്ചിട്ട് റൂമിലേക്ക് പോകാമെന്ന്. കുറച്ചു ദിവസങ്ങളായി വിചാരിക്കുന്നു, നേരത്തെ കിടക്കണം രാവിലെ എണിറ്റു കോർണിഷിൽ നടക്കാൻ പോകണമെന്നൊക്കെ. ജോലിക്കു പോകുന്ന ദിവസങ്ങളിലെന്തായാലും ഈ ആഗ്രഹം നടക്കാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ ഞാൻ എണീക്കും മുന്നേ എന്റെ ടീം മീറ്റിംഗിന് റെഡി ആയിട്ടുണ്ടാകും അല്ലെങ്കിൽ ഞാൻ എണീക്കാൻ താമസിച്ചിട്ടുണ്ടാകും. മിക്കവാറും സ്കൈപ്പ് കാൾസ് ആണ് എന്റെ അലാറം. എന്തായാലും തിങ്കൾ തൊട്ടു വെള്ളിവരെ കടൽത്തീരത്ത് പോയി ഉദയസൂര്യനെ കണ്ടു ഉലാത്താൻ പറ്റില്ല. അതുകൊണ്ടു ഇന്ന് നേരത്തെ കിടക്കാൻ തീരുമാനിച്ചു.

റൂമിൽ കയറിയപ്പോഴേ അമ്മച്ചിയോടു പറഞ്ഞു:

“ഞാൻ കഴിച്ചിട്ടാ വന്നത്, ഡിന്നർ വേണ്ട! വെളുപ്പിനൊരുസ്ഥലം വരെ പോകാനുണ്ട് … ഞാൻ നേരത്തെ കിടക്കും” എന്ന് പറഞ്ഞു തീരുംമുന്നേ ചോദ്യം വന്നു:

“നാളെ , ശനിയാഴ്ച അല്ലെ? വെളുപ്പിനെവിടെ കറങ്ങാൻ പോകാനാണ്?”.

“കോർണിഷിലോട്ടു ഒന്ന് പോകണം, വേറെ എങ്ങും പോകുന്നില്ല” മറുപടി പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി.

എട്ടുമാസമായി ഇവർ ഇവിടെ വന്നിട്ട്. നാട്ടിൽ കുമാരകത്താണ് വീട് കൃത്യമായി പറഞ്ഞാൽ ‘ളിക്കളം.’ ചിന്ന പോയപ്പോൾ എന്റെ ആഹാരരീതികൾ എല്ലാം തകിടം മറിഞ്ഞു. സ്ഥിരമായി പുറത്തു നിന്ന് ആഹാരം കഴിച്ചു വയറുകേടായി ആശുപത്രിയിൽ തന്നെ സ്ഥിരവാസമാകുന്ന അവസ്ഥയായി. ഒരു പ്രാവശ്യത്തെ ആശുപത്രിവാസം കഴിഞ്ഞു ക്ലബ്ബിൽ ഇരിക്കുമ്പോഴാണ് പവനൻ പറഞ്ഞത് ഞാൻ വിസയെടുക്കാമെങ്കിൽ അവന്റെ വീടിന്റെ അടുത്ത് ഒരു അമ്മച്ചി ഉണ്ട് അവരെ കൊണ്ട് വരാം എന്ന്. ക്ലബ്ബിലെ ഫ്ലോർ മാനേജർ ആണ്. വളരെ നാളായുള്ള ബന്ധമാണ് പവനനുമായി. അതുകൊണ്ടു തന്നെ എൻ്റെ ആവിശ്യങ്ങളറിഞ്ഞു പെരുമാറാൻ അവനറിയാം. അവനതു പറഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പുകൊടുത്തതുകൊണ്ടു പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടാഴ്ച കൊണ്ട് തുളസിയമ്മ എന്റെ ഫ്ലാറ്റിൽ എത്തി. നേരത്തെ ഖത്തറിൽ ഒരു വീട്ടിൽ നിന്നിട്ടുണ്ട്. പിന്നെ ഇപ്പോൾ എന്റെ കൂടെ. എന്തായാലും എന്റെ വയർ ഇപ്പോൾ പരമസുഖം. അങ്ങോട്ട് ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിനല്ലാതെ അനാവശ്യ സംസാരങ്ങൾ ഒന്നും ഇല്ല. വേണ്ടതൊക്കെ അറിഞ്ഞു ചെയ്യും, വേണ്ടത് ചോദിക്കുകയും ചെയ്യും.

പക്ഷെ, അതൊന്നും എന്റെ ചിന്നക്കു പകരം ആകില്ലല്ലോ ? അവൾ എവിടെ ആയിരിക്കും? എത്ര നാൾ ഇങ്ങനെ മാറി നില്ക്കാൻ പറ്റും?

ആവശ്യമില്ലാത്ത ഈഗോ അല്ലെ ഞങ്ങൾക്കിടയിലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോൾ എന്നെ വിളിക്കുമായിരിക്കും അല്ലെങ്കിൽ മെസ്സേജ് അയക്കുമായിരിക്കും അതുമല്ലെങ്കിൽ പെട്ടെന്നു കയറിവരുമായിരിക്കും എന്നൊക്കെയായിരുന്നു എന്റെ പ്രതീക്ഷകൾ… രണ്ടു വർഷം ആയി യാതൊരു വിവരവും ഇല്ല.

കഴിഞ്ഞ ഒരാഴ്ച ആയി ഞാനും ചിന്നയും കന്യാകുമാരിയിൽ കഴിഞ്ഞ നിമിഷങ്ങൾ തികട്ടി തികട്ടി വരുന്നു.
ഏതാണ്ടൊരു പത്തുവർഷം മുന്നേയാണ് ഞങ്ങൾ കന്യാകുമാരിയിൽ മൂന്നു ദിവസം ചെലവിട്ടത്. ത്രിവേണി സംഗമം സാക്ഷിയാക്കി അവിടെ നിന്നും വാങ്ങിയ ഒരു കല്ലുമോതിരം എന്നെകൊണ്ട് അവളുടെ വിരലിൽ ഇടിയിച്ചു.

“നിനക്ക് പ്രാന്ത് തന്നെ, ആ സ്വർണ്ണ മോതിരം പോരെ? ഈ കല്ല് എന്തിനാണ് അതിന്റെ കൂടെ? ഒരു ഭംഗിയും ഇല്ല”. മോതിരം ഇട്ടുകൊടുക്കുന്നതിന്റെ കൂടെ ഞാൻ ഇത്രയും പറഞ്ഞു.

“ഭംഗിക്കല്ല, ഇത് അടയാള മോതിരം ആണ്. കണ്ണനെന്നെ തിരിച്ചു കിട്ടുന്നത് ചിലപ്പോൾ ഈ മോതിരം വഴി ആകും”, മോതിരത്തിൽ തുടച്ചു തുടച്ചു അവൾ മറുപടി പറഞ്ഞു.

എനിക്ക് ദേഷ്യം വന്നു. “നീ വാ, പോകാം, ഇവിടെ നിന്നാൽ നിനക്ക് വേറെ പലതും തോന്നും” എന്ന് പറഞ്ഞു അവളെ വല്ലവിധേനയും ആ പാറക്കെട്ടുകളുടെയടുത്തുനിന്നും മാറ്റി.

ചിന്ന ഇങ്ങനെയാണ്. എപ്പോഴാണ് അവളുടെ മൂഡ് മാറുന്നത് എന്ന് പറയാൻ പറ്റില്ല. ഡിപ്രെഷൻ ആണോ എന്ന് ചോദിച്ചാൽ… അല്ല … അവൾ ആഗ്രഹിക്കുന്നപോലെ ഞാൻ പെരുമാറാനുള്ള അവളുടെ ഓരോ അടവുകൾ. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കോളേജ് പഠന കാലംമുതൽ ഞങ്ങള് ഒരുമിച്ചാണ്. അന്ന് തൊട്ടു രണ്ടുവർഷം മുൻപുവരെ എന്റെ വിശ്വാസം എന്ത് തന്നെ സംഭവിച്ചാലും അവൾക്കു ഞാൻ ഇല്ലാതെ പറ്റില്ല എന്നായിരുന്നു. ഞാൻ മരിച്ചുപോയാൽ എന്റെ ചിന്ന ഒരു നിമിഷം പോലും ജീവിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെയോർത്തപ്പോൾ പെട്ടെന്നൊരു ആളൽ അടിവയറ്റിൽ വന്നു. അവൾക്കെന്തെങ്കിലും സംഭവിച്ചോ? ഏയ് അങ്ങനെ വന്നാൽ ഞാൻ അറിഞ്ഞില്ലെങ്കിലും വീട്ടുകാർ, മീഡിയ ഇതൊക്കെയുണ്ടല്ലോ? വീട്ടുകാരോ ബന്ധുക്കളോ എന്നോട് ചിന്നയെക്കുറിച്ചു തിരക്കുന്നുപോലുമില്ല. ഞാൻ അവർക്കു പിടികൊടുക്കുന്നില്ല എന്നത് സത്യം.

അവൾ എങ്ങനെ ഒറ്റയ്ക്ക്?

അവളുടെ സ്വഭാവം വച്ചിട്ട് എനിക്കതു ഉൾക്കൊള്ളാനേ പറ്റുന്നില്ല, അതോ അവിടെയും എന്റെ വിശ്വാസം തകർത്തു വേറെ ആരെങ്കിലും അവളുടെ കൂടെ ? അതിന്റെ നാണക്കേടിലാകുമോ ആരും എന്നോട് അവളെക്കുറിച്ചു സംസാരിക്കാത്തത്? ഇല്ല ! അതിനു അവൾക്കു കഴിയില്ല.

അങ്ങനെ എന്തൊക്കയോ ഓർത്തു കിടന്നുറങ്ങിപോയി. ഫജ്ർ കേട്ട് ഉണർന്നു. പല്ലുതേച്ചു റെഡി ആയി ഇറങ്ങി. ഹാളിൽ അമ്മച്ചി കിടപ്പുണ്ട്. ഒന്നും അറിഞ്ഞിട്ടില്ല. ശബ്ദം കേൾക്കാതെ വാതിൽ പൂട്ടി ഇറങ്ങി. വണ്ടി എടുത്തു, കഫറ്റീരിയയിൽ നിന്ന് ചായയും വാങ്ങി നേരെ കോർണിഷിലേക്കു വിട്ടു.

നേരം വെളുത്തിട്ടില്ല. റോഡിൽ കുറച്ചു തിരക്കുണ്ട്. ശനി-ഞായർ അവധി പ്രഖ്യാപിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞെങ്കിലും യു എ ഇ ലെ പല പ്രൈവറ്റ് കമ്പനികളും ഇപ്പഴും വെള്ളിയാഴ്ച അവധി തുടരുകയാണ്. അങ്ങനെയുള്ളവർക്കു ശനിയാഴച പ്രവർത്തി ദിവസം ആയിരിക്കും. അതാണ് ഇത്രയും തിരക്ക്.
സിഗ്നൽ കഴിഞ്ഞു കോർണിഷ് റോഡിലേക്ക് തിരിഞ്ഞതോടെ തിരക്ക് മാറി. തെരുവ് തികച്ചും വിജനം.
ഡിസംബർ തൊട്ടു മാർച്ച് പകുതിയോളം, രാവിലെ എനിക്ക് കിടന്നുറങ്ങാൻ പറ്റില്ല. ചിന്ന എന്നെ കുത്തിയിളക്കി കോർണിഷിൽ കൊണ്ട് പോകും.

എവിടെയായാലും രാവിലെ ബീച്ചിൽ പോയാൽ അവളെ തിരിച്ചു കൊണ്ട് പോകാൻ പലപ്പോഴും എനിക്ക് ദേഷ്യപെടേണ്ടി വന്നിട്ടുണ്ട്. മിക്കവാറും വെയിലിനു നല്ല ചൂട് വന്നാലേ അവൾ മടങ്ങാൻ കൂട്ടാക്കാറുള്ളു.
അവൾ പറയും “കണ്ണാ, ഈ ലഹർ എനിക്ക് ലഹരി ആണ്. നിനക്ക് ഒരു aesthetic സെൻസും ഇല്ലാതെ പോയല്ലോ? നിനക്ക് ഈ കടലും കാറ്റും ഒന്നും ഫീൽ ചെയ്യുന്നില്ലേ?”

പിന്നെ എനിക്ക് aesthetic sense ഇല്ലന്ന് തെളിയിക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ travelogue ഇൽ നിന്നും എടുത്തു പറഞ്ഞു കൊണ്ടേയിരിക്കും.

ഇവിടെ വന്നാൽ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നാറില്ല. അവളോടൊപ്പം നടക്കുക, നിറുത്താതെയുള്ള സംസാരം ആസ്വദിക്കുക, തർക്കുത്തരം പറയുക ഇതൊക്കെയേ എന്റെ ഭാഗത്തുന്നു ഉണ്ടാകാറുള്ളൂ. അവൾക്കു എന്തിനെ കുറിച്ചും സംസാരിക്കാൻ കാണും.

എന്നിൽ രണ്ടു കുറവുകളെ അവൾ കാണുന്നുള്ളൂ ‘ no aesthetic sense and no empathy ഇത്ഒഴിച്ചാൽ ഞാൻ ഒരു പൂർണ പുരുഷൻ ആണ്. ഏതു പെണ്ണും മോഹിക്കുന്ന പുരുഷൻ.

അങ്ങനെ എങ്കിൽ ചിന്ന എന്നെ എന്തിന് ഒഴിവാക്കി. അവൾ എവിടെ?.

ഒരു നീണ്ട ഹോൺ ശബ്ദം എന്നെ ഈ ചിന്തകളിൽ നിന്നും തട്ടിയുണർത്തി. മുൻസിപ്പാലിറ്റിയുടെ ഗാർബേജ് വണ്ടികളുടെ തിരക്കാണ്. കാർ ഭദ്രമായി തന്നെ ഓടുന്നുണ്ടെന്നുറപ്പു വരുത്തി. പാർക്കിങ്ങിൽ തിരക്ക് ഒട്ടും ഇല്ല. സ്ഥിരം സ്ഥലത്തു തന്നെ പാർക്ക് ചെയ്തു സിഗരറ്റും കത്തിച്ചു ബെഞ്ചിൽ പോയി ഇരുന്നു.

നേരം വെളുത്തു വരുന്നു. കടലിനു ഇത്രയും ഭംഗിയുണ്ടോ? ഇന്ന് വല്ലാത്തൊരു ഭംഗി അനുഭവപ്പെടുന്നു! എന്നിലെ ‘Aesthetic sense ‘ ഇപ്പഴാണോ പുറത്തു വരുന്നത്?. അല്ല, ശരിക്കും അത് എന്നിൽ തന്നെയുണ്ട്. കൂട്ടുകാരുമായുള്ള കൂടലോ, കളിയോ, ക്ലബ്ബിലെ ഗെയിംസോ എന്തെങ്കിലും ഉണ്ടെങ്കിൽ ചിന്ന പ്ലാൻ ചെയ്യുന്ന പല സ്ഥലങ്ങളും പോകാതെ ഏതെങ്കിലും മാളിലോ പാർക്കിലോ പോയി ഞാൻ ആ ചടങ്ങുതീർക്കും . അതാണ് അവൾ എനിക്ക് aesthetic sense ഇല്ലന്ന് പലപ്പോഴും വിലയിരുത്തുന്നത്. പിന്നെ എന്റെ ഇഷ്ടങ്ങൾ നടക്കണം എന്നുള്ളതുകൊണ്ട് ഈ കുറവ് പറച്ചിലുകളൊന്നുംതിരുത്താൻ ഞാനും ശ്രമിച്ചിട്ടും ഇല്ല.

ചെറിയ തണുപ്പിൽ നല്ല കാറ്റുണ്ട്. തിരകള് കുറച്ചു കൂടുതൽ കരയിലേക്ക് കയറിയിട്ടുണ്ട്. ചിന്ന കൂടെയുണ്ടായിരുന്നെകിൽ ഇപ്പോൾ ഇതിനൊക്കെ വിശദീകരണം തന്നേനെ. ചിന്ന ഇവിടെയെവിടെയോ ഉള്ള പോലെ. അവൾ കൂടെ ഉണ്ടായിരുന്നപ്പോൾ ഈ കടലിനു ഇത്രഭംഗി ഞാൻ അറിഞ്ഞിട്ടില്ല. വല്ലാത്തൊരു വിമ്മിഷ്ടം തോന്നി. ശ്വാസം കിട്ടാൻ ബുദ്ധിമുട്ടു പോലെ … എനിക്ക് ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ല.

ബിസിനസ് മീറ്റിംഗ്സ് അല്ലാതെ ഞങ്ങൾ ഒറ്റക്കായിട്ടില്ല. അത് രണ്ടാൾക്കും പറ്റില്ലായിരുന്നു എന്നതാണ് സത്യം. എന്നെ അറിയിക്കാത്ത ഒരു കാര്യവും അവൾക്കില്ല. എന്തൊക്കെ മനസ്സിൽ തോന്നുമോ അതൊക്കെ അതുപോലെ എന്നോട് പങ്കിടാറുണ്ട്. പലതിനും എനിക്ക് നിഷ്പക്ഷ നിലപാടാണെങ്കിലും എന്റെ സ്വഭാവം അവൾ നന്നായി മനസിലാക്കിയിട്ടുള്ളതുകൊണ്ടു കുറച്ചു നേരത്തെ തുള്ളല് കഴിഞ്ഞു കൊഞ്ചാൻ വരും. അത് ഒരു ദിനചര്യപോലെ ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു.

ഇനി താമസിച്ചു കൂടാ. ചിന്ന യെ തിരക്കണം. അവൾക്കു എന്തുപറ്റിയെന്നു കണ്ടുപിടിക്കണം. ബെഞ്ചിൽ നിന്നും എണിറ്റു നടന്നു. ജോലിയുമായി ബന്ധപ്പെട്ട യാത്രകളും, അവളും കൂടെ കമ്പനിയിൽ ഇല്ലാത്തതിന്റെ അധിക ജോലിയും ഒക്കെ കൊണ്ട് കുറച്ചു നാളുകളായി ഒഴിവു സമയം കുറവാണു. ചിന്ന കൂടെയില്ലാത്തതോർക്കുമെങ്കിലും അവളെന്തിന്റെ പേരിൽ എന്നെ ഒഴിവാക്കി നില്കുന്നതെന്ന എന്റെ വാശി കാരണം ഞാൻ തിരക്കാൻ ശ്രമിച്ചില്ലെന്നതാണ് വാസ്തവം.

മൊബൈൽ എടുത്തു, അവളുടെ ചാറ്റ് നോക്കി.

അവസാന മെസ്സേജ് 8 മാർച്ച് 2020 – “അടയാള മോതിരം ഞാൻ കളഞ്ഞിട്ടില്ല. എന്നെ കണ്ടുപിടിച്ചു കൊണ്ട് പോ! അല്ലാതെ ഞാൻ വരില്ല”.

ഈ മെസ്സേജിന് ഞാൻ മറുപടി കൊടുത്തിട്ടില്ല. കൊടുക്കാൻ ശ്രമിച്ചില്ല അതാണ് സത്യം. അന്നായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ജന്മദിനവും വിവാഹ വാര്ഷികവും.

ക്ലാസ്സിൽ ഒരേദിവസം ജന്മദിനം ആഘോഷിച്ചാണ് ഞങ്ങൾ പരസ്പരം അടുത്തത്. അതുകൊണ്ടു വിവാഹവും ആ ദിവസം തന്നെ വേണം എന്നത് എന്റെ ആഗ്രഹപ്രകാരം അവളുടെ ആൾക്കാരെ കൊണ്ട് അവൾ സമ്മതിപ്പിച്ചെടുത്തതാണ്.

ചിന്നയുടെ മെസ്സേജ് നോക്കിയിട്ടു ഫോൺ പോക്കറ്റിൽ ഇട്ടതും കാൾ വന്നു. ഷഫാനാണ്. എടുക്കാനോ? വേണ്ടേ? എന്നാലോചിച്ചു. ഞങ്ങളുടെ ബാച്ച് മേറ്റാണ് ഷഫാൻ. ഇപ്പോൾ ചിന്നയുടെ പ്രൊജക്റ്റ് മാനേജർ ആണ്. അത്യാവശ്യകാര്യം ഇല്ലാതെ ഈ സമയം എന്തായാലും അവൻ വിളിക്കില്ലല്ലോ എന്നോർത്ത് കാൾ എടുത്തു.

കാൾ കണക്ട് ആയപ്പാടും അവൻ തുടങ്ങി, “ഹലോ…… മച്ചീ നീ എണീറ്റ? നീ Skype നോക്കിയാ? നീ എവിടെ? എന്തെടെ ഒരു ഇരമ്പക്കം? “.

എനിക്ക് ചെറുതായി ദേഷ്യം വന്നു “ഡാ ..നീ ഒരു സമയം ഒരു ചോദ്യം ചോദിക്കു .. നിന്നോട് പലപ്പഴും പറഞ്ഞിട്ടുള്ളതാണ് ഫോൺ എടുക്കുമ്പോൾ ഷട്ടർ തുറന്നുവിട്ടപോലെ സംസാരിക്കരുത് എന്ന് “.

“സോറി മച്ചി …നീ എവിടെ “?.

“ഞാൻ കോർണിഷിൽ, എന്ത്? ഞാൻ എവിടെ എന്നറിയാനാണോ നീ ഈ കൊച്ചുവെളുപ്പാൻ കാലത്തു വിളിച്ചേ?” .

അവൻ പെട്ടെന്ന് സീരിയസ് ആയി. “മച്ചി , ആ സിങ്കപ്പൂർ client കുറച്ചു violent ആണ്. ഇന്നലെ രാത്രി മറ്റേ Bug repeat ചെയ്തു. അവൻ payment hold ആക്കി എന്ന് പറഞ്ഞു രാത്രി സ്കൈപ്പിൽ മെസ്സേജിട്ടിരുന്നു. എന്റെ മറുപടി കാണാത്തതു കൊണ്ട് ഇപ്പോൾ വിളിച്ചു. കമ്പനി ബ്ലാക്ക് ലിസ്റ്റ് ചെയ്യും എന്നൊക്കെ പറഞ്ഞു എന്നെ കുറച്ചു വിരട്ടിയിട്ടുണ്ട്. മച്ചി നീ എന്തെങ്കിലും ചെയ്തേ പറ്റു” അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“ഒന്നും ചെയ്യാനില്ല” ഞാൻ മറുപടി പറഞ്ഞു.

“നിന്നോട് ഞാൻ രണ്ടു വര്ഷം മുന്നേ പറഞ്ഞതല്ലേ ആ Product owner കമ്പനിയിൽ ഇപ്പോൾ ഇല്ല വേറെ ആരെങ്കിലും ownership ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ ആ Contract ഒഴിവാക്കണം എന്ന്. അന്ന് നീ എന്താ പറഞ്ഞത്? ചിന്നയുടെ സ്ഥാനത്തു വേറെ ആരെയും നിങ്ങൾക്ക് പറ്റില്ല, ചിന്ന അത്ര പെർഫെക്റ്റ് ആയിട്ടാണ് പ്രോഡക്റ്റ് മാനേജ് ചെയ്തിരുന്നതെന്നല്ലേ?, അടുത്ത പത്തു വർഷത്തേക്ക് ഒരു കുഴപ്പവും വരില്ല എന്നും. എന്നിട്ടു ഈ രണ്ടു വര്ഷത്തിനിടക്ക് എന്തൊക്കെ പ്രശ്ങ്ങൾ വന്നു?”

ഞാൻ ശബ്ദം ഉയർത്തിയാണ് സംസാരിച്ചത്.

അവൻ പെട്ടെന്ന് മറുപടി തന്നു ” We meet SLA & ETA of all opened tickets “.

“അപ്പോൾ പിന്നെ ഇതും പോയി മീറ്റ് ” എന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.

ഫോൺ പോക്കറ്റിൽ ഇട്ടു വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു. നല്ല കാറ്റു ഉണ്ട്. കുറച്ചു ബുദ്ധിമുട്ടി ലൈറ്റർ കത്തിക്കാൻ.

പതുക്കെ നടക്കുമ്പോൾ ഓർത്തു ചിന്ന വളരെ സ്മാർട്ട് ആയി മാനേജ് ചെയ്തുകൊണ്ടിരുന്ന പ്രോഡക്റ്റ് ആണ്. ചിന്നയുടെ ടീമിൽ വർക്ക് ചെയ്യാൻ ഓഫീസിൽ മത്സരം ആണ്. അവൾക്കു ശത്രുക്കൾ എന്ന് പറയാൻ ആരും തന്നെ ഇല്ലായിരുന്നു. സി ഇ ഒയുടെ ഭാര്യ എന്ന ഒരു പവർ അവൾ ആരോടും ഒരിക്കലും കാണിച്ചിരുന്നില്ല. അവക്കു കൂടി Ownership ഉള്ള ഈ സോഫ്റ്റ്വെയർ പ്രോഡക്റ്റ് ആണ് കമ്പനിയുടെ നാൽപതു ശതമാനം വരുമാനം.

ഷഫാന്റെ മറുപടി ഞാൻ പെട്ടെന്ന് ഓർത്തു. “We meet SLA & ETA of all opened tickets “.- ഞങ്ങൾ എല്ലാ സർവീസ് ലൈസൻസ് എഗ്രിമെന്റും മീറ്റ് ചെയ്തിട്ടുണ്ട് ” എനിക്ക് പെട്ടെന്ന് എന്തൊക്കയോ relate ചെയ്യണം എന്ന് തോന്നി,

രണ്ടുവർഷം മുന്നേ ന്യൂ ഇയർന്റെ പിറ്റേന്ന് രാവിലെ ചിന്ന എന്നെ വിളിച്ചുണർത്തി പറഞ്ഞു:

“കണ്ണാ, എനിക്ക് നാട്ടിൽ പോണം ഇരുപത്തെട്ടുവര്ഷങ്ങള്ക്കു ശേഷം ഞങ്ങളുടെ ബാച്ച് ഒത്തു കൂടുന്നു . എനിക്ക് കുറെ ഡ്യൂട്ടി തന്നിട്ടുണ്ട് “.

എനിക്കൊന്നും മനസിലായില്ല. ചിന്ന ഇങ്ങനെയാണ് എന്നോട് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അവൾ പ്രതീക്ഷിക്കുന്നത് അവളുടെ മനസ്സിൽ ഞാൻ എപ്പോഴും അവളുടെ കൂടെ അവൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നപോലെ ചെയ്യണമെന്നാണ്. അതുകൊണ്ടു അവളുടെ മനസ്സിലെ കാര്യങ്ങളുടെ തുടർച്ചയായിട്ടാണ് പലപ്പോഴും കാര്യങ്ങൾ പറയുന്നത്.

“എന്ത് പ്രോഗ്രാം ഞാൻ അറിയാതെ? ഞാനും നീയും ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ അല്ലെ പഠിച്ചത്? അത് ഇരുപത്തെട്ടുവര്ഷം എങ്ങനെ ആയി”? ഞാൻ ചോദിച്ചു.

“കണ്ണാ, ഇത് കോളേജ് ബാച്ച് അല്ലാ, ഇത് പത്താം ക്ലാസ്സിലെ കൂട്ടായ്മയാണ്. ഞാൻ പറഞ്ഞില്ലേ കുറേനാളായി നമ്മൾ കൂട്ടുകാരെ തപ്പിയെടുക്കുകയാണെന്നു. അത് ഒരു വിധം സെറ്റ് ആയി ജനുവരി 17 നു ആദ്യ മീറ്റിംഗ്. അടിപൊളി പരിപാടിയൊക്കെയാണ് പ്ലാൻ ചെയ്തിരിക്കുന്നത് എനിക്ക് പോണം. രണ്ടേ രണ്ടു ദിവസം ദേ പോയി ദാ വന്നു. കണ്ണാ പ്ളീസ്, ഇന്ന് ടീം മീറ്റിംഗിൽ ഞാൻ ലീവിന്റെ കാര്യം അവതരിപ്പിക്കും. ‘നോ’ പറഞ്ഞു എന്നെ നാണം കെടുത്തരുത് “.

ഞാൻ അതൊന്നും കേട്ട ഭാവം കാണിക്കാതെ വാഷ്റൂമിൽ കയറി, ഓഫിസിൽ പോകാൻ റെഡിയായി. ആഹാരം കഴിഞ്ഞു ഓഫീസിലേക്ക് തിരിച്ചു. ആ വിഷയം പിന്നെ രണ്ടാളും സംസാരിച്ചില്ല. വൈകിട്ട് വന്നു സംസാരിക്കാം എന്ന് കരുതി ഞാൻ.

അന്നത്തെ Stand up മീറ്റിംഗ് കഴിഞ്ഞു. ടീം മെംബേർസ് എല്ലാരും പോയി. ഞാനും ചിന്നയും ഷഫാനും ഉണ്ട്.
അവൾ പറഞ്ഞു

“ഷഫാൻ, എനിക്ക് അത്യാവശ്യമായി നാട്ടിലേക്കു പോകേണ്ട ഒരാവിശ്യമുണ്ട്. ഞാൻ വർക്ക് ഡെലിഗേറ്റ് ചെയ്തു തരാം “.

ഷഫാൻ പെട്ടെന്ന് ” അയ്യോ എന്ത് പറ്റി?” എന്നെ നോക്കി ” മച്ചി, എന്ത് പ്രശനം ? പെട്ടെന്ന് ? നീ ഒന്നും പറഞ്ഞില്ലല്ലോ ?” .

എനിക്ക് ദേഷ്യം വന്നെങ്കിലും പുറത്തു കാണിച്ചില്ല. ” എനിക്കെന്തു പ്രശ്നം ? ഞാൻ അല്ലല്ലോ പോകുന്നെന്ന് പറഞ്ഞത്? അത് പറഞ്ഞ ആളോട് ചോദിക്കു ” എന്ന് പറഞ്ഞു ഞാൻ മീറ്റിംഗ് റൂമിൽ നിന്നും പുറത്തു പോയി.

അവൾ ഷഫാനെ എല്ലാം പറഞ്ഞു സെറ്റ് ആക്കി എന്ന് പിന്നീട് മനസിലായി. ‘ചിന്ന ടീം’ എന്നറിയപ്പെടുന്ന അവളുടെ ടീമിലെ മെംബേർസ് അവൾ കിണറ്റിൽ പോയി ചാടാൻ പറഞ്ഞാലും ചെയ്യും. അത്ര സ്ട്രോങ്ങ് raport ഉണ്ടാക്കി എടുത്തിട്ടുണ്ട്

HR ലെ ബ്രിന്ദ പറയാറുണ്ട് ചിന്നടീമിൽ Hiring നടക്കണമെങ്കിൽ ആരെങ്കിലും ചാകണം അല്ലെങ്കിൽ റിട്ടയർ ചെയ്യണം… അല്ലാതെ രാജിവച്ചു ഒഴിവുവരില്ലെന്ന്.

ഈ അഭിപ്രായം ആദ്യമായി മീറ്റിംഗിൽ പറഞ്ഞ സീൻ ഓർക്കുമ്പോൾ എനിക്കും ചിരിവരും. ചെറുചിരിയോടെ ആ സീൻ ഞാനോർത്തു. ബ്രിന്ദയുടെ നാവു സ്ലിപ് ആയി ‘ചാകണം’ എന്നുള്ളത് ‘ചാണകം ‘ എന്നായിപ്പോയി. പിന്നെ ബ്രിന്ദയുടെ അവസ്ഥ പറയേണ്ടല്ലോ ? R ബ്രിന്ദ, C ബ്രിന്ദായായി.

പ്ലാൻ ചെയ്ത പോലെ ചിന്ന ജനുവരി പതിനാലു രാത്രി നാട്ടിൽപോയി. അവളുടെ തിരക്കും എന്റെ തിരക്കും കാരണം പതിനഞ്ചിനു വീട്ടിൽ എത്തിയത് അറിയിച്ചതിൽ പിന്നെ പതിനേഴാം തീയതി രാവിലെ ഗെറ്റ് ടുഗെതർ മീറ്റിംഗ് റെഡി ആയ ഫോട്ടോ അയച്ചപ്പോൾ ആണ് ഞാൻ വിളിച്ചത്. നല്ല ഭംഗിയുള്ള സാരിയൊക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടെന്ന കോംപ്ലെമെന്റും ഒരു ഉമ്മയുമൊക്കെ കൊടുത്തു call കട്ട് ചെയ്തു ഞാൻ ഓഫീസിലെ തിരക്കിലേക്ക് മടങ്ങി.

അന്ന് വൈകിട്ട് ഞാൻ റൂമിൽ തന്നെ ഇരുന്നു. ക്രിക്കറ്റ് ലൈവ് ഉണ്ടായിരുന്നത് കൊണ്ട് ക്ലബ്ബിൽ പോയില്ല. ഒൻപതു മണി ആയപ്പോൾ ചിന്നയുടെ വീഡിയോ കാൾ Botimമിൽ. കാൾ എടുത്തെങ്കിലും കളിയിൽ ശ്രദ്ധിച്ചിരുന്നതുകൊണ്ടു ചിന്ന പറയുന്നത് അത്ര ശ്രദ്ധിച്ചില്ല. അവൾ കാൾ കട്ട് ചെയ്തിട്ട് പോയി. കളിയുടെ ആവേശത്തിൽ ഞാൻ ഉടനെ തിരിച്ചു വിളിക്കാനും പോയില്ല.

കളികഴിഞ്ഞു ഞാൻ തിരിച്ചു വിളിച്ചു, അവൾ എടുത്തില്ല. പിറ്റേന്ന് വൈകിട്ടാണ് തിരിച്ചു ഫ്ലൈറ്റ് അപ്പോൾ നാളെ വിളിക്കാം എന്ന് കരുതി ഫുഡ് വിളിച്ചു പറഞ്ഞു. കഴിച്ചിട്ട് ഞാൻ കിടന്നു.

പിറ്റേന്ന് രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഷഫാൻ ഇന്റർകോമിൽ വിളിച്ചു ചോദിച്ചു. “ചിന്ന എന്താ റിട്ടേൺ നീട്ടിയത് ?” .

“ആരുപറഞ്ഞു?”

എന്ന് ഞാൻ തിരിച്ചു ചോദിക്കുന്നതിനൊപ്പം എന്റെ മെസ്സേജുകളും നോക്കി. ചിന്ന ഇന്നലെ തന്നെ മെസ്സേജ് ഇട്ടിരിക്കുന്നു “ഞാൻ നാളെ റിട്ടേൺ ഇല്ല, ഇന്നലെ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് വരാം എന്ന് “.

എനിക്ക് തലചുറ്റും പോലെ തോന്നി. ഒന്നാമത് അവൾ പെട്ടെന്ന് പോയതുകൊണ്ട് കമ്പനി കാര്യങ്ങൾ അല്പമൊന്നു ഉലഞ്ഞിട്ടുണ്ട്. അവളുടെ ഉത്തരവാദിത്വത്തിൽ പൊയ്ക്കൊണ്ടിരുന്ന കാര്യങ്ങളൊന്നും എനിക്കിതുവരെ നോക്കേണ്ടി വന്നിട്ടില്ല. കമ്പനിയിൽ രണ്ടുപേർക്കും ഒരേപോലെ ഉത്തരവാദിത്വം ഉണ്ട്. ദേഷ്യം കൊണ്ട് എനിക്ക് കണ്ണുകാണാൻ വയ്യാതായി. ഷഫാൻ എന്തോ സംസാരിക്കുണ്ടെന്നു എനിക്ക് കേൾക്കാം. പക്ഷെ ഞാൻ ഒന്നും കേൾക്കുന്നില്ല. ഞാൻ ഫോൺ വലിച്ചെറിഞ്ഞു. മേശയിൽ കൈകൊടുത്തു കുനിഞ്ഞിരുന്നു.

ഇന്നലെയവൾ എന്താണ് പറഞ്ഞെതെന്നു ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല, എത്ര ശ്രമിച്ചിട്ടും ഒരു വാക്ക് പോലും ഓർത്തെടുക്കാൻ പറ്റുന്നില്ല. എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല, ഷഫാന്റെ ‘മച്ചി’. വിളി കേട്ടാണ് ബോധം വന്നത്. കഴുത്തു നല്ല വേദന. കൈകൊണ്ടു കഴുത്തു ഒന്ന് തടവി സെറ്റ് ആക്കിട്ടു അവനെ നോക്കിചോദിച്ചു: ”മ് എന്താ ?”.

അവൻ പറഞ്ഞു “മച്ചി, നീ ഇത്രയ്ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല, ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ?”
എനിക്ക് അവൻ എന്താണ് സംസാരിക്കുന്നതു എന്ന് മനസിലായില്ല. “നീ എന്താ ഉദ്ദേശിക്കുന്നതെന്ന് ?” ചോദിയ്ക്കാൻ എന്റെ മനസ്സനുവദിച്ചുമില്ല.

എന്റെ ഭാര്യയുടെ കാര്യം അവന്റെ വായിൽ നിന്ന് കേൾക്കാനുള്ള മഹാനസ്കതയൊന്നും എനിക്കില്ല. ചിന്ന ഇന്നലെ എന്താണ് ചോദിച്ചതെന്നു ഓർമ്മയില്ലാത്തതു കൊണ്ട് അവനെ ഒഴിവാക്കി ഞാൻ വീട്ടിലേക്കു തിരിച്ചു.

വർക്ക് ഏരിയ വന്നപ്പോൾ എല്ലാരും എന്നെ നോക്കുന്നു. ആ നോട്ടത്തിൽ എന്തോ പന്തികേടുള്ള പോലെ തോന്നി. ചിന്ന തിരിച്ചു വരാൻ താമസിക്കും എന്ന വിവരം എന്നേക്കാൾ മുന്നേ ടീം അറിഞ്ഞിരിക്കുന്നു എന്ന് ഞാൻ ഊഹിച്ചു.

ഞാൻ വേഗം പുറത്തു കടന്നു. കാറിൽ ഇരിന്നു ചിന്നയെ വിളിച്ചു. അവൾ കാൾ എടുത്തിട്ട് ചോദിച്ചു:
“കണ്ണാ! പറ, നീ അത് കണ്ടില്ലായിരുന്നോ?”

“നിനക്കതു ഫീൽ ചെയ്തില്ലായിരുന്നോ?”

“എന്ത് നിയതെന്നോട് പറഞ്ഞില്ല”?. കുറെ ചോദ്യങ്ങൾ ഒരുമിച്ചു.

ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു വളരെ soft ആയി ചോദിച്ചു:

“ചിന്നാ, നീ എന്തിനെ കുറിച്ചാണ് ഈ സംസാരിക്കുന്നത് ? ഇന്നലെ കളി കാണുന്നതിനിടക്ക് നീ സംസാരിച്ചതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. നിനക്കറിയാവുന്നതല്ലേ, ക്രിക്കറ്റ് കാണാൻ ഇരുന്നാൽ പിന്നെ കളി കഴിയാതെ ഞാൻ ഒന്നും ശ്രദ്ധിക്കില്ല എന്ന്?”

“അതൊക്കെ പോട്ടെ. ആ കാര്യങ്ങളൊക്കെ ഇങ്ങു വന്നിട്ട് സംസാരിക്കാം. ഇന്നത്തെ ഫ്ലൈറ്റ് എന്തായാലും മിസ് ആയി. നാളെത്തെ ഫസ്റ്റ് അവൈലബിൾ വണ്ടി ബുക്ക് ചെയ്തിട്ട് എനിക്ക് ടിക്കറ്റ് ഇട് “.

അവൾ “ഇല്ലാ” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എനിക്ക് ദേഷ്യം ഇരട്ടി ആയി.

അവൾക്കു voice മെസ്സേജ് അയച്ചു:

“Ok. തോന്നുമ്പോൾ വന്നാൽ മതി. ഞാൻ ഇവിടെ തന്നെ കാണും “.

എന്റെ ഈ മെസ്സേജിനാണ് ഏതാണ്ട് ഒന്നര മാസം കഴിഞ്ഞു മാർച്ച് എട്ടിന് അവൾ മറുപടി അയച്ചിരിക്കുന്നത്
ദിവസങ്ങൾ കഴിയും തോറും അവൾ കൂടെയില്ലാത്തതിന്റെ ജോലിഭാരം കൂടി കൂടി വന്നുകൊണ്ടിരുന്നു. എന്നാലും വേറൊരാൾക്ക് ആ ഉത്തരവാദിത്വങ്ങൾ കൊടുക്കാൻ ഞാൻ തയ്യാറായില്ല. സ്ഥിരമുള്ള പിണക്കങ്ങൾക്കപ്പുറം കൂടുതലൊന്നും ഞാൻ കണ്ടുമില്ല.

ചിന്ന അവളെ സ്വയം പരിചയപ്പെടുത്താൻ ‘ഭാര്യ’ എന്ന വാക്ക് വളരെ അപൂർവമായേ ഉപയോഗിക്കാറുള്ളൂ. മിക്കവാറും ‘ഞാൻ കണ്ണന്റെ ചിന്ന ‘ എന്നാണ് സ്വയം പരിചയപെടുത്തുന്നതും പറയുന്നതും. ജോലിയുടെ സമ്മർദം കൂടിയ ദിവസങ്ങളിൽ രാത്രി കിടക്കുമ്പോൾ അവൾ പറയും “കണ്ണാ, ഞാൻ കണ്ണന്റെ ചിന്നയാണ്, എന്റെ ജീവൻ കണ്ണന്റെ കൈകളിലിൽ ആണ്. കണ്ണൻ അത് മുറുക്കും തോറും എനിക്ക് ശ്വാസം മുട്ടും. അതൊന്നു നിവർത്തി എന്നെ തലോടു കണ്ണാ, help me to sleep calmly “.

ഞാൻ നല്ല മൂഡിലാണെങ്കിൽ അവളെ വലിച്ചു ചേർത്തുപിടിച്ചു ഉറങ്ങും. അല്ലെങ്കിൽ ഒരു ചീത്തയും വിളിച്ചു “You please grow up! പ്രായം ഇത്രയും ആയി അവൾ പ്രേമിക്കാൻ നടക്കുന്നു ” എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു കിടക്കും.

അതുകഴിഞ്ഞു മൂക്കുചീറ്റലുകൾ എനിക്ക് കേൾക്കാമെങ്കിലും ഞാൻ തിരിഞ്ഞു നോക്കാറില്ല. അവൾ ഇങ്ങോട്ടു വരണം അതാണ് എന്റെ ആവിശ്യം. വന്നാൽ ഞാൻ പൊളിക്കും അതങ്ങനെയാണ്. അത് അവൾക്കും നന്നായി അറിയാം.

രണ്ടുപേരും വിട്ടുവീഴ്ചക്കു തയ്യാറാകാത്ത രാത്രി വഴക്കുകൾ മിക്കവാറും രാവിലെ അവളുടെ ഗുഡ് മോർണിംഗ് കിസ്സിൽ തീരും.

അങ്ങനെയുള്ള എന്റെ ചിന്ന എങ്ങനെ ഇത്രയും നാൾ ഞാൻ ഇല്ലാതെ? ശരിക്കും എന്റെ ഈഗോ അല്ലെ ഇതൊക്കെ.

അവൾക്കു എന്ത് പറ്റി?

അവൾ എന്തിനാ എന്റെ അടുത്തുന്നു മാറിനിൽകുന്നതെന്നു ഈ രണ്ടു വർഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ആരോടെങ്കിലും ഞാൻ തിരക്കിയോ? ഇല്ല. അവളെ വിളിക്കാൻ ശ്രമിച്ചോ ? ഇല്ല. പക്ഷെ, ആരും എന്നോട് അതെകുറിച്ച് സംസാരിക്കാത്തത് എന്താകും?

ഈ ഇടയായി മാസത്തിൽ ഒരിക്കലൊക്കെയേ എന്റെ വീട്ടിൽ പോലും വിളിക്കാൻ പറ്റുന്നുണ്ടായിരുന്നോളു. അച്ഛനുമമ്മയോടും കുശലാന്വേഷങ്ങളൊക്കെ നടത്തി, സംഭാഷണം തുടർന്ന് ചിന്നയിലേക്കെത്താതെ വേഗം അവസാനിപ്പിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവളെ കുറിച്ച് അവരും ചോദിക്കാറില്ലല്ലോ എന്നത് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവൾ എന്റെ വീട്ടിൽ ഇല്ലന്ന് എനിക്കുറപ്പായിരുന്നു. അച്ഛനുമമ്മയും ഒറ്റക്കായതുകൊണ്ടു CCTV അഞ്ചുവർഷം മുന്നേ വച്ചതാണ്. ഇടയ്ക്കിടയ്ക്ക് ഞാനതു നോക്കുന്നുമുണ്ട്. അതിനർത്ഥം അവൾക്കു എല്ലാരുമായും communication ഉണ്ട് എന്നല്ലേ ?

അപ്പോൾ ?

എന്റെ ശരീരത്തിൽ ഒരു ഇലക്ട്രിക്ക് ഷോക്ക് അടിച്ചപോലെ തോന്നി. എനിക്ക് പലതും relate ചെയ്യാൻ തോന്നി. വിട്ടുപോയ വരികൾ കൂട്ടിച്ചേർക്കാൻ വഴിതെളിഞ്ഞപോലെ ഒരു ഊർജ്ജം ശരീരത്തിലോട്ടു വന്നു . സൂര്യന്റെ ചൂട് കടുത്തു.

ഞാൻ പാർക്കിഗിലോട്ട് നടന്നു. ഇപ്പോൾ കുറച്ചു വണ്ടികൾ ഉണ്ട് . വണ്ടിയിൽ കയറി AC ഓൺ ചെയ്തു സീറ്റ് വലിച്ചിട്ടു കിടന്നു.

ചിന്ന പോയതുമുതൽ ഇപ്പോൾ ഷഫാനോട് സംസാരിച്ചവരെയുള്ള സംഭവങ്ങൾ ഒന്നൊന്നായി ഓർത്തെടുത്തു ബന്ധിപ്പിക്കാൻ ശ്രമിച്ചു. ഷഫാനെ തിരിച്ചുവിളിച്ചു നാളെ രാവിലെ ഒൻപതു മണിക്ക് eShop product ടീമിന്റെ urgent മീറ്റിംഗ് വേണമെന്നും ഇത് വരെയുള്ള QA റിപ്പോർട്ടും അവതരിപ്പിക്കണം എന്ന് പറഞ്ഞു.

എന്തൊക്കയോ കണ്ടു പിടിച്ച ഒരു ഭാവം എന്റെ മുഖത്തു വന്നത് ഞാൻ അനുഭവിക്കാൻ തുടങ്ങി. വീട്ടിൽ എത്തി ആഹാരം കഴിച്ചു ലാപ്ടോപ്പും എടുത്തു ബാൽക്കണി പോയി. രാവിലത്തെ വെയിൽ മാറിയിട്ടുണ്ട്.
ഒരു സിഗരറ്റും കത്തിച്ചു, കഴിഞ്ഞ രണ്ടു വർഷത്തെ സോഫ്റ്റ്വെയറിന്റെ എല്ലാ loggs ഉം archive ചെയ്തത് തിരയാൻ തുടങ്ങി.

ചിന്ന ഒരു ഇമെയിൽ വഴിയോ മെസ്സേജ് വഴിയോ ടീമിനോട് സംസാരിച്ച ഒരു രേഖയും ഇല്ല . ഇനി സ്വകാര്യമായി സഹായിച്ചിട്ടുണ്ടെങ്കിൽ പോലും ചിന്നയുടെ പേര് ഒരു ചാറ്റ് മെസ്സേജ്ലിലും പരാമർശിക്കുന്നില്ല. നേരത്തെ കിട്ടിയ ഊർജ്ജം ചോർന്നു വരുന്നത് ഞാനറിഞ്ഞു.

ഇന്ന് രാവിലത്തെ ഷഫാന്റെ മറുപടി പിന്നെയും ഓർത്തു ‘ഞങ്ങൾ എല്ലാ SLA യും ETA ഉം മീറ്റ് ചെയ്തിട്ടുണ്ട് ‘ .
eShop Productൽ നിന്നും കാശു ഒരു മുടക്കവും ഇല്ലാതെ വരുന്നത് കൊണ്ട് ഞാൻ Product ഓഡിറ്റ് ചെയ്യുന്നില്ലായിരുന്നുവെന്നതാണ് സത്യം. എന്റെ കഴിവുകേടാണ്. ഞാൻ സ്വയം തിരുത്തണം.
എന്തായാലും നാളത്തെ മീറ്റിംഗ് അതാണ് എന്റെ അവസാന പ്രതീക്ഷ. ശേ ! അങ്ങനെ വിചാരിക്കാൻ പാടുണ്ടോ ? എന്റെ ഈഗോ അല്ലെ ഇപ്പോഴും പ്രവർത്തിക്കുന്നത്. അവസാന പ്രതീക്ഷ എന്ന് പറയാൻ ഞാൻ എന്തെങ്കിലും ശ്രമം നടത്തിയോ? ആരോടെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചോ ? ഇല്ല , അപ്പോൾ പിന്നെ എങ്ങനെ അവസാന പ്രതീക്ഷ എന്ന് പറയാൻ പറ്റും.

ഞാൻ ശരിക്കും ചിന്നയെ സ്നേഹിച്ചിട്ടുണ്ടോ ? കോളേജിൽ പഠിക്കുമ്പോൾ അവളാണ് ആദ്യം ഇഷ്ട്ടം പറഞ്ഞത്. അന്ന് തൊട്ടു ഇന്ന് ഈ നിമിഷം വരെ എല്ലാ കാര്യങ്ങളിലും അവളാണ് മുൻകൈ എടുക്കുന്നത്. ഞാൻ അങ്ങനെ ഇരിക്കും. ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും ഞാൻ മുൻകൈ എടുത്ത സന്ദർഭങ്ങൾ ഓർമ്മ വരുന്നില്ല. എന്റെ രണ്ടു കുറവുകൾ ഒഴിച്ചാൽ ഞാൻ പൂർണ്ണ പുരുഷൻ എന്ന് അവൾ പറയുന്നത് ഞാൻ സ്വകാര്യമായി ആസ്വദിക്കാറുണ്ടായിരുന്നു. അതുകൊണ്ടാകുമോ എല്ലാം എന്റടുത്തേക്കു അറിഞ്ഞു വരണം എന്ന് സ്വയം വിശ്വസിക്കുന്നത് അല്ലെങ്കിൽ ആഹ്രഹിക്കുന്നതു. ഞാൻ വിചാരിക്കുമ്പോലെ കാര്യങ്ങൾ നടക്കണം എന്നൊക്കെ തോന്നുന്നത്.

എന്തായാലും എനിക്ക് ചിന്നയെ വേണം. അവളെ എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു കൂട്ടി വരണം.
അത് തീരുമാനിച്ചു ബാല്കണിയിൽ നിന്നും എണിറ്റു വന്നു TV ഓൺ ചെയ്തപ്പോൾ നദാലിന്റെ ദുബായ് ഓപ്പൺ heighlights. പെട്ടെന്ന് ഉഷാറായി അത് കണ്ടിരുന്നു. ഊണ് കഴിഞ്ഞു ഒന്ന് മയങ്ങി എണിറ്റു വെറുതെ TV കണ്ടിരുന്നു. നേരത്തെ അത്താഴവും കഴിച്ചു കിടന്നു. ഉറക്കം വരുന്നില്ല.

ചിന്നയെ എനിക്ക് ശരിക്കും മിസ് ചെയ്യുന്നു. എന്തെങ്കിലും ചെയ്തേ പറ്റു. അല്ലെങ്കിൽ എനിക്ക് എന്നെ തന്നെ നഷ്ടമാകുമെന്ന് ശരിക്കും മനസിലായി.

(തുടരും..)

തിരുവനന്തപുരം സ്വദേശിനി. യു എ ഇ യിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രഥമ കഥയാണ്