ടെസ്റ്റ് ഡാറ്റാ (നോവലൈറ്റ് ) – 2

ആറുമണിക്ക് അലാറം അടിച്ചപ്പോൾ തന്നെ ഓഫ് ചെയ്തു എണീറ്റു. പെട്ടെന്ന് റെഡി ആയതു പോലെ തോന്നി. അമ്മച്ചി ധിറുതി പിടിച്ചു ഇഡ്ഡലിയും ചമ്മന്തിയും ചായയുമൊക്കെ തയ്യാറാക്കി തന്നു. വേഗം കഴിച്ചെന്നു വരുത്തി ഓഫീസിലേക്ക് തിരിച്ചു. ഞായറാഴ്ച ആയതു കൊണ്ട് ഓഫീസിൽ നേരത്തെ എത്തും എന്ന് ഉറപ്പായിരുന്നു. ട്രാഫിക് ഇല്ല. 8 :30 ആയപ്പോൾ എത്തി.

മുന്നിലെ പാർക്കിംഗ് ഫ്രീ ആയിരുന്നത് കൊണ്ട് പുറകിലെ കമ്പനി പാർക്കിംഗിൽ പോയില്ല. ഏറിയാൽ ഒരു മണിക്കൂർ അതിനുള്ളിൽ മീറ്റിംഗ് കഴിയും എന്നൊക്കെ വിചാരിച്ചു ബിസിനസ് സെന്ററിലേയ്ക്ക് നടന്നു. സെക്യൂരിറ്റിയുടെ ഗുഡ് മോർണിംഗ് നു മറുപടിയും കൊടുത്തു മുന്നോട്ടു പോയി.

ഓഫീസിലേക്ക് കയറിയ ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി. ചിന്നടീമിലെ എല്ലാരും ഉണ്ട്, ചിന്ന ഒഴികെ. പതിനൊന്നു പേർ. ഷഫാൻ നും QC ടീം ലീഡും മാത്രമേ കാണു എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എല്ലാവര്ക്കും ഗുഡ് മോർണിംഗ് പറഞ്ഞു 9 മണിക്ക് തന്നെ മീറ്റിംഗ് തുടങ്ങാം എന്ന് പറഞ്ഞു ഞാൻ ക്യാബിനിലേക്കു പോയി.

ഷഫാൻ പുറകെ വരും എന്ന് ഞാൻ കരുതി പക്ഷെ വന്നില്ല. ക്യാബിനിൽ കയറി വെള്ളം കുടിച്ചിട്ട് ലാപ്ടോപ്പും എടുത്തു മീറ്റിംഗ് റൂമിൽ എത്തി. എല്ലാവരെയും ഒന്ന് കൂടെ വിഷ് ചെയ്തിട്ട് എനിക്ക് വേണ്ടി മാറ്റിയിട്ടിരുന്ന കസേരയിൽ ഇരിക്കാതെ ടീമിനു ഒപ്പമുള്ള ഒരു കസേരയിൽ പോയിരുന്നു.

ചിന്നയുണ്ടെങ്കിൽ ഞാൻ മീറ്റിംഗ് റൂമിൽ കയറുമ്പോൾ അവളുടെ ഒരു നോട്ടം ഉണ്ട്. ആ നോട്ടത്തിൽ നിന്നും മീറ്റിൻഗിന്റെ സമ്മറി എനിക്ക് വായിച്ചെടുക്കാൻ പറ്റുമായിരുന്നു. അതിൽ ഞാൻ എപ്പഴും അഹങ്കരിച്ചിരുന്നു. അവളുടെ മനസ് എന്റെ കയ്യിൽ ആണെന്ന്.

പക്ഷെ എനിക്ക് എവിടെയാണ് പിഴച്ചത്. അവളെ ഞാൻ ശരിക്കും മനസ്സിലാക്കിയില്ലേ? അതോ അവൾ ശരിക്കും എന്റെടത്തു മനസ് തുറന്നിരുന്നില്ലേ? എല്ലാ മീറ്റിംഗിലും ചിന്നയെ മിസ് ചെയ്തിരുന്നെകിലും ഇന്ന് എനിക്ക് ശരിക്കും വേദനിക്കുന്നു.

അതൊന്നും പുറത്തു കാണിക്കാതെ ഷഫാനോട് തുടങ്ങാൻ കൈ കാണിച്ചു. ഷഫാൻ പ്രസന്റേഷൻ തുടങ്ങി. എനിക്ക് മനസിലായി ഇവൻ നല്ല തയ്യാറെടുപ്പു നടത്തിരിക്കുന്നു എന്ന്. സാധാരണ ഉള്ള പ്രശനങ്ങളൊന്നും ഇന്നില്ല.

ഞാൻ ഇന്നലെ രാവിലെയാണല്ലോ മീറ്റിംഗ് വേണം എന്ന് പറഞ്ഞത്. ഇത്ര പെട്ടെന്ന് ഇവൻ എല്ലാം തയ്യാറാക്കിയോ? ഒരു പത്തു മിനിറ്റു കൊണ്ട് ഷഫാൻ റിപ്പോർട്ടിന്റെ ആമുഖം അവതരിപ്പിച്ചു കഴിഞ്ഞു. ഇനി ടീം ലീഡർമാരുടെ ഊഴം ആണ്. മാത്യൂസ്, സോഫ്റ്റ് സ്പോക്കൺ ആണ്. അത് കാരണം അവനെ ടീം ലീഡിനു മുകളിലേക്ക് പരിഗണിക്കാൻ ചിന്നക്കു താല്പര്യം ഇല്ലായിരുന്നു. പക്ഷെ അവനും അത് ആവിശ്യപെട്ടില്ല എന്നതാണ് സത്യം. ഞാൻ പ്രതീക്ഷിച്ചതൊന്നുമില്ലാതെ മാത്യൂസും തന്റെ ഊഴം നന്നായി അവതരിപ്പിച്ചു മടങ്ങി.

അടുത്ത് വന്നത് QC ലീഡ് ആണ്. യഥാർത്ഥത്തിൽ QC ടീം ലീഡിന്റെ അവതരണം മാത്രമേ ആവശ്യം ഉണ്ടായിരുന്നോളു. പക്ഷെ ചിന്ന ടീം പ്രോട്ടോകോൾ മാറി ഒന്നും ചെയ്യില്ല.

നിത്യ, അഞ്ചു വര്ഷം ആയി ചിന്നയുടെ സോഫ്റ്റ്വെയർന്റെ ഗുണനിലവാര നിയന്ത്രണം ഈ തലയിൽ കൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

നിത്യയോട് ഒരു കാര്യവും നമുക്ക് അവ്യക്തമായ പറഞ്ഞു പോകാൻ പറ്റില്ല. ഓരോന്നിനും വിശദാംശം വ്യക്തമാക്കണം. അങ്ങോട്ട് കൊടുക്കുന്നതിനു അവൾ പ്രതീക്ഷിക്കുന്ന ഫലം തിരിച്ചു കിട്ടും വരെ ഡെവലപ്പേഴ്സ്ന്റെ അടുത്തുനിന്നു പോകില്ല. ചിലപ്പോൾ ഡെവലപ്പേഴ്സുമായി നല്ല യുദ്ധം തന്നെയുണ്ടാകാറുണ്ട്. പക്ഷെ ക്ലൈൻറ് റിവ്യു വരുമ്പോൾ എല്ലാരും നിത്യയെ പുകഴ്ത്തും. അടുത്തായി ഉണ്ടായ ബഗ്സിനെകുറിച്ചാണ് നിത്യ പ്രസന്റേഷൻ ചെയ്യുന്നത്. Last product release version ടെസ്റ്റ് റിപ്പോർട്ടിൽ Special remarks ഒന്നും തന്നെ ഇല്ലാത്ത perfect QC release ആണ് ഇപ്പോൾ പ്രൊഡക്ഷനിൽ ഉള്ളത്. അത് കാരണം ഈ bug പുതിയ ടിക്കറ്റിൽ അന്വേഷിക്കണം എന്ന് നിത്യ പറഞ്ഞു നിറുത്തി.

അപ്പോൾ ഞാൻ നിത്യയോട് ചോദിച്ചു “ So you want to open a new ticket for this bug?”.

“Yup ചേട്ടാ “, നിത്യ മറുപടി പറഞ്ഞു .

“ഓക്കേ, then open a new ticket” എന്ന് ഞാൻ മറുപടി പറഞ്ഞതും പുറകിൽ നിന്നും ആരോ ദീർഘശ്വാസം വിടുന്ന പോലെ തോന്നി.

ഞാൻ പെട്ടെന്ന് ചോദിച്ചു , “Who done QA “?

“മണിക്കുട്ടൻ “, നിത്യ പറഞ്ഞു.

ഞാൻ തിരിഞ്ഞു നോക്കിയിട്ടു ചോദിച്ചു “മണിക്കുട്ടാ, എനിക്ക് ടെസ്റ്റ് ഡാറ്റാ ഒന്ന് കാണണമല്ലോ “

“എസ് ചേട്ടാ , ഇപ്പോൾ തന്നെ ആപ്പ് കണക്ട് ചെയ്യാം”, എന്ന് പറഞ്ഞു അവൻ ചാടി എണിറ്റു ഡയസ് ലേക്ക് പോയി.

മൂന്ന് വർഷമേ ആയിട്ടുള്ളു മണിക്കുട്ടൻ ചിന്ന ടീമിൽ ചേർന്നിട്ട്. ചിന്നയുടെ പുറകെ നടന്നു കടന്നുകൂടിയതാണ്. അവനു എടുത്തുചാട്ടം കുറച്ചു കൂടുതൽ ആണ്. അതാണ് ചിന്നക്കു അവനെ കുറിച്ചുള്ള പരാതി. ആ ചാട്ടം അവൻ ഇപ്പോഴും കാണിച്ചു എന്ന് ഷഫാന്റെയും നിത്യയുടേയും മാത്യൂസിന്റെയും മുഖഭാവം കണ്ടപ്പോൾ മനസിലായി.

“മച്ചി, ടെസ്റ്റ് ഡാറ്റയിൽ സെൻസർ ചെയ്യാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല”, ഷഫാൻ മുൻകൂർ ജാമ്യമെടുത്തു.

ഞാൻ ചോദിച്ചു “മണിക്കുട്ടാ, ഞാൻ സമയം തരാം, സെൻസർ ചെയ്യണോ ?”.

“വേണ്ട ചേട്ടാ. ഷഫാനിക്ക വെറുതെ അപവാദം പറയുന്നതാ”, മണിക്കുട്ടൻ കുറച്ചു ഉറപ്പിച്ചു പറഞ്ഞു.

“ഓക്കേ, റൺ ചെയ്യൂ “, ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

ആപ്പ് പ്രസന്റേഷൻ പുരോഗമിക്കെ എനിക്ക് മനസിലായി ഞാൻ വിചാരിച്ച പോലെ ഒന്നുമില്ല. ചിന്നയുടെ സഹായമോ സാന്നിധ്യമോ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല.

“മണിക്കുട്ടാ, ഒരു റെജിസ്ട്രേഷൻ ചെയ്തേ “, ഞാൻ ഇതൊക്കെ മനസ്സിലാകുന്നുണ്ട് എന്ന് അറിയിക്കാൻ വെറുതെ പറഞ്ഞതാണ്.

OTP വെരിഫിക്കേഷൻ കഴിഞ്ഞു Profile picture upload ചെയ്യാൻ ഗാലറി സ്ക്രീനിൽ തെളിഞ്ഞു. കായലിന്റെയും, കടലിന്റെയും, പാടങ്ങളുടെയും, താറാവുകളുടെയും ഒക്കെ ചേർന്ന് കുറെ നൊസ്റ്റാൾജിക് പടങ്ങൾ.

അതിൽ ഒരു പടത്തിൽ ചൂണ്ടയിൽ പിടിച്ചിരിക്കുന്ന ഒരു കൈ മിന്നായം പോലെ ഞാൻ കണ്ടു. മണിക്കുട്ടൻ പെട്ടെന്ന് പ്രൊഫൈൽ ഇമേജ് വേറെ സെലക്ട് ചെയ്തത് കാരണം എനിക്ക് കൂടുതൽ ഒന്നും കാണാൻ പറ്റിയില്ല. ആ സ്ക്രീൻ കഴിഞ്ഞപ്പോ ഷഫാന്റെ മുഖത്ത് ഒരു ആശ്വാസം വന്ന പോലെ എനിക്ക് തോന്നി.

അവന്റെ ആ മുഖഭാവം ഒരു തീപ്പൊരി ആയി എന്റെ മനസ്സിൽ വീണു. ഇത് ഒരു കച്ചിത്തുരുമ്പായി എനിക്ക് തോന്നി. ഞാൻ എണിറ്റു നേരെ മുന്നോട്ടു പോയി പ്രോജെക്ടറിന്റെ അടുത്ത് നിന്നു. ഞാൻ പെട്ടെന്ന് അടുത്തെത്തിയത് കൊണ്ട് മണിക്കുട്ടന് ഫോൺ എടുക്കാൻ സമയം കിട്ടിയില്ല.

എല്ലാപേരോടും നന്ദിയും പുതിയ ടിക്കറ്റ് ഓപ്പൺ ചെയ്തു ബഗ്ഗ് എത്രയും പെട്ടെന്ന് ക്ലോസ് ചെയ്യാൻ നിത്യയോടും പറയുന്നതിനൊപ്പം ഞാൻ ആ ടെസ്റ്റ് device കയ്യിൽ എടുത്തു പോക്കറ്റിൽ ഇട്ടു.

ടീമിലുണ്ടായ അസ്വസ്ഥത ഞാൻ ശരിക്കും മനസിലാക്കി. എല്ലാരോടും ബൈ പറഞ്ഞു ക്യാബിനിൽ പോയി വണ്ടിയുടെ ചാവിയും എടുത്തു പുറത്തു പാർക്കിങ്ങിലേക്കു വന്നു. വണ്ടിയെടുത്തു ഞാൻ പറക്കുകയാണോ എന്ന് എനിക്ക് തോന്നി പോയി.

വീട്ടിൽ വന്നു നേരെ റൂമിൽ പോയി വാതിൽ അടച്ചു ടെസ്റ്റ് ഫോൺ എടുത്തു ഗാല്ലറി നോക്കി. ചൂണ്ടയിടുന്ന കൈ കണ്ട ഇമേജ് എടുത്തു. zoom ചെയ്തു നോക്കി. മോതിരവിരലിൽ കല്ല് മോതിരം. എന്റെ ഹൃദയമിടിപ്പ് കൂടി. ഇമേജ് അത്ര വ്യക്തം അല്ല.

പക്ഷെ ഈ കൈകൾ ചിന്നയുടെ അല്ലെന്നു ഉറപ്പായിരുന്നു. ഇത് കറുത്ത് കരുവാളിച്ച നഖങ്ങളൊക്കെ വൃത്തികേടായ ഒരു കൈ. ഇതിൽ തടിച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന കറുത്ത ഞരമ്പുകൾ കാണാം. മെലിഞ്ഞിട്ടാണെകിലും അവളുടെ കൈകൾ നല്ല ഭംഗിയുള്ളതാണ്. അതുമാത്രം അല്ല ചിന്ന നല്ല വെളുത്തിട്ടാണ്.

കന്യാകുമാരിയിൽവച്ചു അവളുടെ വിരലിലിട്ട കല്ലുമോതിരം കൃത്യമായ ഓർമ്മയില്ലെങ്കിലും ഈ മോതിരം എന്തോ എന്നെ അറിയിക്കാൻ ശ്രമിക്കുമ്പോലെ തോന്നിയെനിക്ക്. എന്റെ അടിവയറിൽ ഒരു വേലിയേറ്റം ഉണ്ടാക്കാൻ ഈ പടത്തിനു കഴിഞ്ഞു. നോക്കുംതോറും അത് എന്നെ വലിച്ചുകൊണ്ടു പോകുന്നപോലെ. എന്റെ ശരീരം തളർന്നു പോയി. ആ സ്ഥലം എവിടെ എന്ന് മനസിലാക്കാൻ പറ്റുന്നില്ല.

ഫോൺ കണക്ട് ചെയ്തു ഗൂഗിൾ ഇമേജസ് നോക്കി. മോതിരമിട്ട കൈയുടെ image അപ്ലോഡ് ചെയ്തപ്പോൾ ഗൂഗിൾ യാതൊരു ബന്ധവും ഇല്ലത്ത search results തന്നു . ഇമേജിന് ക്ലാരിറ്റിയില്ല എന്നറിയാമെങ്കിലും, ലൊക്കേഷൻ കിട്ടാൻ വഴിയുണ്ടോ എന്നാണ് ഞാൻ ശ്രമിച്ചു നോക്കിയത്.

ഇമേജസ് ഓരോന്നായിട്രൈ ചെയ്തു നോക്കി. ഒരു ഇമേജ് കൊടുത്തപ്പോൾ അത് ഗൂഗിൾ മാപ്പിൽ കുമരകം ലൊക്കേറ്റ് ചെയ്തു.

എന്റെ മനസു എന്തിനോ വേണ്ടി ത്രസിക്കുന്നപോലെ തോന്നി. ഞാൻ മണിക്കുട്ടനെ വിളിച്ചു പറഞ്ഞു test device എന്റെ കയ്യിലായി പോയി ഒരാഴ്ച ഞാൻ സ്ഥലത്തു കാണില്ല, device റൂമിൽ വന്നെടുത്തുകൊണ്ടു പോകാൻ പറഞ്ഞു.

അവനെ ഒറ്റയ്ക്ക് എന്റെ അടുത്ത് എത്തിക്കുക ആയിരുന്നു എന്റെ ലക്ഷ്യം. ഒരു മണിക്കൂറിനുള്ളിൽ മണിക്കുട്ടൻ എത്തി. കുടിക്കാൻ അമ്മച്ചി ജ്യൂസ് കൊടുത്തു. അവനെ ബാൽക്കണിയിലേക്ക് കൂട്ടികൊണ്ട് പോയി.

ഒരു സിഗരറ്റും കൊടുത്തിട്ടു നേരിട്ട് വിഷയത്തിലേക്കു കടന്നു. ആ ഇമേജ് എടുത്തു കാണിച്ചിട്ട് ചോദിച്ചു ഈ ഫോട്ടോ ആരുടെ ആണ് എന്ന്. അവൻ മുഖത്ത് മഞ്ഞ പച്ച വെള്ള നിറങ്ങളെല്ലാം ഒരുമിച്ചു മിന്നിമറയുന്നത് ഞാൻ കണ്ടു. അവൻ ഒന്നും മിണ്ടുന്നില്ല.

“മണിക്കുട്ടാ! ..ഈ test data ആരുടെ ഇമേജ് ആണ്, ഇത് പറയുകയല്ലാതെ വേറെ വഴിയില്ല നിനക്ക് ” ഞാൻ തീർത്തു പറഞ്ഞു.

കുറച്ചു സമയത്തിനു ശേഷം അവൻ പറഞ്ഞു ,

“അണ്ണാ , ഇത് ചിന്ന അക്കാവിന്റെ ആണ് “.

ശക്തമായ ഒരു അടിയേറ്റ പോലെ തോന്നി എനിക്ക്. എന്റെ ശരീരം തിളച്ചു മറിഞ്ഞു.

പക്ഷെ ഒരു വികാരവും പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു “നിനക്ക് എങ്ങനെ കിട്ടി ” .

“അണ്ണാ , ഈ ഇമേജസ് എല്ലാം ചിന്നാക്കാ എടുത്തതാണ്. ഈ ഫോൺ ചിന്ന അക്കയുടേതാണ്. എന്റെ test device പോയപ്പോൾ അക്ക കൊറിയർ ചെയ്തു എന്നാണ് ഷഫാനിക്ക പറഞ്ഞത്. അക്ക എടുത്ത ഫോട്ടോസ് ആയതു കൊണ്ട് ഡിലീറ്റ് ആകരുത് എന്ന് പറഞ്ഞിരുന്നു.”

എനിക്ക് ഞാൻ ഇല്ലാതാകുന്ന പോലെ തോന്നി. അവന്റെ മുന്നിൽ എന്റെ അവസ്ഥ മോശം ആകും മുന്നേ അവനോടു പറഞ്ഞു

“ഓക്കേ മണിക്കുട്ടൻ പൊക്കോ, ഞാൻ ഡിവൈസ് ഓഫീസിൽ കൊടുത്തേക്കാം.” .

അവൻ “ഒകെ അണ്ണാ “, എന്ന് പറഞ്ഞു വേഗം ഫ്ലാറ്റ് വിട്ടു പോയി.

ഈ വിവരം ഞാൻ അറിഞ്ഞ സ്ഥിതിക്ക് ഓഫീസിൽ എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഞാൻ അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ തയ്യാറായില്ല.

ചിന്ന എവിടെ ? ചിന്ന കുമരകത്തുണ്ടോ ?. അവൾ എന്തിനു അവിടെ ? image date നോക്കി. ഒരു വർഷം മുന്നേയുള്ള ഇമേജസ് ആണ്. അതിനർത്ഥം ഇപ്പോൾ അവൾ ഈ സ്ഥലത്തു ഉണ്ടാകും എന്ന് ഉറപ്പില്ല.

അവളുടെ അവസാന ചാറ്റ് മെസ്സേജ് പിന്നെയും തികട്ടി വന്നു .

കുമരകത്തു ഞങ്ങൾക്ക് സ്ഥിരം ബോട്ട് നൽകാറുള്ള ശശിയണ്ണന് ഈ ഇമേജസ് അയച്ചു കൊടുത്തിട്ടു ചോദിച്ചു ഇതൊക്കെ അവിടെയുള്ള സ്ഥലം ആണോ ? ഞാൻ ഉടനെ വരുന്നുണ്ട് എന്നുംപറഞ്ഞു. മറുപടി പെട്ടെന്ന് കിട്ടില്ല എന്നറിഞ്ഞു തന്നെയാണ് അയച്ചത്.

അത് കഴിഞ്ഞു നാട്ടിലേക്കുള്ള ടിക്കറ്റ് നോക്കി. ഇല്ല, ഓൺലൈൻ ടിക്കറ്റ് ഒന്നും ലഭ്യമല്ല. പെട്ടെന്ന് ട്രാവൽ ബാഗ് സെറ്റ് ആക്കി.

ഫ്രഷ് ആയി അടുക്കളയിൽ പോയി അമ്മച്ചിക്ക് കുറച്ചു കാശും കൊടുത്തിട്ടു പറഞ്ഞു,

“ഞാൻ ഒന്ന് നാട്ടിൽ പോണു , എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി” എന്ന് പറഞ്ഞു ഷഫാന്റെ നമ്പറും കൊടുത്തു. അവർ എന്തൊ ചോദിക്കാനായി വരുന്നപോലെ തോന്നി പക്ഷെ കൂടുതൽ ഒന്നും ചോദിച്ചില്ല.

ഞാൻ താഴെവന്നു ടാക്സിയിൽ നേരെ എയർ പോർട്ടിലേക്കു പോയി. കൗണ്ടറിൽ പോയി ടിക്കറ്റ് എടുത്തു ചെക്ക് ഇൻ ആക്കി. എനിക്ക് ചിറകുണ്ടായിന്നെങ്കിൽ എന്നു ഞാൻ അതിയായി ആഗ്രഹിച്ചു .

പക്ഷെ പറന്നവിടെയെത്തിയിട്ടു ചിന്നയെ എവിടെ തെരയും? നെടുമ്പാശേരിയിൽ നിന്നും പുറത്തു വന്നു നേരെ പവനൻന്റെ വീട്ടിലേക്കു ടാക്സി വിട്ടു. പവനൻ വീട്ടിൽ ഉണ്ടാകുമോ എന്ന് പോലും ഞാൻ ഒന്ന് വിളിച്ചു നോക്കിയില്ല. ഇന്നലെതൊട്ടു കാര്യങ്ങൾ അപ്പോൾ തോന്നുന്നപോലെയാണ് ഞാൻ ചെയ്യുന്നത്. ആരോ പറഞ്ഞു തരും പോലെ. ആരോ ഗൈഡ് ചെയ്യാൻ ഉള്ള പോലെ ഒരു തോന്നൽ.

ചിന്നയെ തിരക്കാൻ ആദ്യം കന്യാകുമാരിക്ക് പോണം എന്ന് ഫ്ലൈറ്റിൽ വച്ചുതന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ടാക്സി പിടിച്ചപ്പോൾ തോന്നി എന്തായാലും കൊച്ചിയിലെത്തിയല്ലോ അപ്പോൾ പവനനെയും കൂട്ടി പോകാം എന്ന് കരുതിയാണ് നേരെ ആലപ്പുഴയ്ക്ക് വണ്ടിവിടാൻ പറഞ്ഞത്.

ആറിന്റെ അക്കരെയാണ് അവന്റെ വീട്. വള്ളത്തിലെ പോകാൻ പറ്റു. ടാക്സി ഡ്രൈവറോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ആദ്യം കണ്ട പെട്ടിക്കടയിലേക്കു പോയി സിഗരറ്റു വാങ്ങുന്നതിനൊപ്പം പവനൻന്റെ കാര്യം ചോദിച്ചു.

അപ്പോൾ “ദാ.. ഇതല്ലേ നിങ്ങള് ചോദിച്ച ആൾ ” എന്നുപറഞ്ഞു എന്റെ പുറകിലേക്ക് അയാൾ ചൂണ്ടി കാണിച്ചിട്ട് ഒരു വിസിൽ കൊടുത്തു.

ഞാൻ തിരിഞ്ഞു നോക്കിയതും പവനൻ തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. എന്നെ കണ്ടതും കൈയിൽ ഇരുന്ന പാൽ പത്രം തറയിൽ വച്ച് ഓടി വന്നു.

“രാവിലെ എത്തിയല്ലേ ?”, പവനൻ ചോദിച്ചു.

ഞാനൊന്നു ഞെട്ടി “നീയെങ്ങനെയറിഞ്ഞു ? ഞാൻ നിന്നെ ഞെട്ടിക്കാനാണ് വന്നത് “. ചിരിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു.

“കണ്ണാ, ചിന്നമ്മ ഇന്നലെരാത്രി വിളിച്ചു പറഞ്ഞു, നീ രാവിലെ എത്താൻ ചാൻസുണ്ടെന്നും, വന്നാൽ കൂട്ടി ചെല്ലണം എന്ന് “

അവന്റെ മറുപടി ഞാൻ മുഴുവൻ കേട്ടില്ല, ഞാൻ പുറകിലേക്ക് മറിഞ്ഞു വീഴാൻ പോയി, പവനൻ പെട്ടെന്ന് പിടിച്ചു.

“ഉറക്കം ശരിയാകാത്തതാണ്, വാ പോകാം”.

അങ്ങനെ സംഭവിച്ചതുകൊണ്ടു ചിന്ന എവിടെയെന്നു ചോദിയ്ക്കാൻ അപ്പോൾ പറ്റിയില്ല. എന്നെ പിടിച്ചു കൊണ്ട് നടക്കാൻ തുടങ്ങിയവൻ.

ഞാൻ പറഞ്ഞു:

“ടാക്സി വിട്ടില്ല “

ഉടനെ ഡ്രൈവറെ വിളിച്ചു ബാഗ് എടുത്തു, ടാക്സി ചാർജും കൊടുത്തു മടക്കി. എന്നെ പതുകെ പിടിച്ചു വള്ളത്തിൽ കയറ്റി അവന്റെ വീട്ടിലേക്കു തുഴഞ്ഞു.

വല്ലാതെ ഒരു ഫീലിംഗ് ആണ് അവന്റെ വീടിരിക്കുന്ന ഈ പ്രദേശം. വീടിന്റെ പുറകു ഭാഗം നീണ്ട നെൽപ്പാടം ആണ് , മുൻവശം കായൽ. ഇടതും വലതും കായലിനെയും പാടങ്ങളെയും വേർതിരിക്കുന്ന വരമ്പാണ്. കൃത്യമായി പറഞ്ഞാൽ “കണ്ണെഴുതി പൊട്ടും തൊട്ടു ” സിനിമ ലൊക്കേഷൻ പോലെയാണ്. കുറച്ചു വീടുകൾ മാത്രമേ ഇവിടെയുള്ളു. എന്തുകൊണ്ടോ ഈ പ്രദേശം ഞങ്ങൾക്ക് ഒരുപോലെ ഏറ്റവും പ്രിയപ്പെട്ടതാണ്.

രണ്ടാൾക്കും ഒരുപോലെ ഇഷ്ട്ടമുള്ള മറ്റൊരുസ്ഥലം ഇസ്താംബുൾ ഉം അവിടത്തെ Hamam (Turkish steam Bath) ഉം ആണ്. പുതുവത്സര അവധിയാത്രകൾ മിക്കവാറും ഇസ്തംബൂൾ തന്നെ ആകും. അടുത്ത ഒരു വർഷത്തേക്കുള്ള പുനരുജ്ജീവിപ്പിക്കൽ ആ യാത്രകളിൽ ഞങ്ങൾക്ക് കിട്ടാറുണ്ട്.

യാത്രകളിൽ കുട്ടികളുടെ ബഹളം കാണുമ്പോൾ അവൾ പറയുണ്ട്, “പിള്ളേർക്ക് ഈ യാത്രയുടെ ബുദ്ധിമുട്ടു വല്ലതും അറിയണോ, അവർക്കു അങ്ങ് കളിച്ചാൽമതിയല്ലേ കണ്ണാ?”.

വിവാഹം കഴിഞ്ഞിട്ട് ഇരുപതുവർഷം കഴിഞ്ഞു. ഞങ്ങൾ കണ്ടുമുട്ടിയിട്ടു ഇരുപത്തിയാറു വർഷവും. ഈ കാലയളവിൽ ഒരിക്കൽ പോലും രണ്ടുപേരും കുട്ടികൾ ഇല്ലാത്തതിന്റെ സങ്കടം പങ്കുവച്ചിട്ടില്ല. കുട്ടികൾ ഒരു വിഷയമായി രണ്ടാൾക്കിടയിലും വന്നിട്ടില്ല.

കുടുംബത്തിലും കൂട്ടുകാർക്കിടയിലും ഈ വിഷയം സംസാരമാകുമ്പോൾ ഞാൻ സന്ദർഭോചിതമായി മറുപടി പറയുമെങ്കിലും ചിന്നക്കു ഒരു ഉത്തരമേ ഉള്ളു എല്ലാപേരോടും “നിങ്ങളുടെ പിള്ളേരെ വിൽക്കുന്നുണ്ടെങ്കിൽ പറയണേ, ഞങ്ങൾ വാങ്ങിക്കോളാം” എന്ന്.

ഞാൻ പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ സംസാരിക്കുന്നതു എന്തെങ്കിലും പറഞ്ഞു ഒഴിവാക്കികൂടെ എന്ന്.

അതിനു മറുപടി “ഞാൻ കണ്ണന്റെ ചിന്നയാണ്. കണ്ണന് ഇതിൽ സംസാരിക്കാനില്ലെങ്കിൽ പിന്നെ ഒരാളും ഇതിനെ കുറിച്ച് ആവലാതിപെടേണ്ട കാര്യം ഇല്ല. ഇനി ഒരിക്കൽ കൂടെ ചോദിക്കില്ലല്ലോ ” .

പിന്നെ പിന്നെ ആരും ഇതേക്കുറിച്ചു അവളോട് ചോദിക്കാതെയായി. അങ്ങയെന്നുള്ള എന്റെ ചിന്ന ഇപ്പോൾ എവിടെയാണ്?.

ഇസ്തംബൂൾ മനസിൽവന്നപ്പോൾ ഓർത്തു, പാസ്പോര്ട്ട് കൈയിലുണ്ട് പുറത്തേക്കു പോയിട്ടുണ്ടോ?

എന്തായാലും പവനനു വിവരം അറിയാമെന്നുറപ്പായസ്ഥിതിക്ക് വീടെത്തും വരെ കാത്തിരിക്കാം. വള്ളത്തിൽ ഞാനും പവനനും മാത്രമേയുള്ളു. പക്ഷെ അവന്റെ സ്ഥിരം സംസാരമൊന്നുമില്ല. ഞാൻ അങ്ങേയറ്റം കലുഷിതമായ മാനസികാവസ്ഥയിലാണെങ്കിലും, അവനെ അതറിയിക്കേണ്ടന്നു കരുതി.

“ഇവിടെയൊന്നും മാറിയിട്ടില്ലല്ലോ?” ഞാൻ സംസാരം തുടങ്ങിവച്ചു. പിന്നെ ഞങ്ങൾ അക്കരെ എത്തുന്നത് വരെ ആനുകാലിക രാഷ്ട്രീയ ചർച്ച നടത്തി.

വള്ളത്തിൽ നിന്നിറങ്ങി നേരെ അവന്റെ വീട്ടിലേക്കാണ് എന്നെ കൂട്ടികൊണ്ടു പോയത്. ഞങ്ങൾ സ്ഥിരം താമസിക്കുന്ന ഔട്ട് ഹൌസ് തൊട്ടടുത്താണ്. ഗസ്റ്റ് കാണും അതാകും വീട്ടിൽ പോകുന്നത് വിചാരിച്ചു ഞാനും പുറകെ നടന്നു.

ഒന്ന് ഫ്രഷ് ആയി ചായയും കുടിച്ചു സിഗരറ്റ് വിട്ടു പുറത്തു നിൽക്കുമ്പോൾ പവനൻ വന്നു . “പോകാം “, ഞാൻ ചോദിച്ചു”

എങ്ങോട്ട് ?”.

“ചിന്നമ്മയുടെ അടുത്ത് “

വായിലേക്ക് എടുത്ത പുക വിടണോ കുടിക്കണോ എന്ന ഒരവസ്ഥ.

എന്റെ ഈഗോ തോറ്റുകൊടുത്തില്ല.

“അതിനു അവൾ എവിടെ ?” നല്ല കടുത്ത സ്വരത്തിൽ തന്നെ ചോദിച്ചു.

അവൻ സൈഡിലെ ഔട്ട് ഹൗസിലേക്ക് ചൂണ്ടി കാണിച്ചു. എന്റെ ശ്വാസം നിലച്ചപോലെ തോന്നി. ഞാൻ നിന്നയിടത്തു താണുപോകും പോലെ.

“അവൾ ഇവിടെ? ” എന്ന് ഞാൻ ചോദിച്ചത് എനിക്ക് തോന്നി . എന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാനായില്ലെന്നു.

പവനൻ എന്റെ കൈ പിടിച്ചു പതുക്കെ അവിടേക്കു നടന്നു. പത്തടി വച്ചപ്പോഴേക്കും അവിടെയെത്തി. വാതിൽ തുറന്നു കിടപ്പുണ്ട്. പവനൻ എന്റെ കൈയിൽ നിന്നും പിടി വിട്ടിട്ടില്ല.

കയറിയപ്പോൾ തന്നെ നേരെ പുറത്തേക്കുള്ള വഴിയിൽ പടങ്ങൾക്ക് അഭിമുഖമായി ഒരു കസേരയിൽ ആരോ ഇരിക്കുന്നത് കാണാം, ഒരു വെള്ള ഗൗൺ പോലെ എന്തോ ഇട്ടിട്ടുണ്ട്. ഏതോ ഗസ്റ്റ് ആകും എന്ന് ഞാൻ കരുതി. അവിടെ വേറെയും മുറികളുണ്ടെന്നു എനിക്കറിയാം.

പക്ഷെ പവനൻ എന്നെ ആ കസേരക്കടുത്തേക്കാണ് കൂട്ടികൊണ്ടു പോകുന്നത് എന്ന് മനസിലായി. അടുത്തെത്തും മുന്നേ ആ രൂപത്തിന്റെ വലുത് കൈ ഞാൻ കണ്ടു.

കല്ലുവച്ച മോതിരം. ഞാൻ പിന്നെ മുന്നോട്ടു കാൽ വച്ചില്ല.

പവനൻ എന്റെ കൈയിൽ നിന്നും കൈ വിട്ടു.

ചിന്ന പൊട്ടിചിരിച്ചുകൊണ്ടു എണിറ്റു എന്നെ നോക്കി പറഞ്ഞു

“Test data, എന്നെ ചതിച്ചു, അല്ലെങ്കിൽ കണ്ണൻ എന്നെ കുറച്ചു കൂടെ അടിപൊളി ആയിട്ടേ കാണുമായിരുന്നുള്ളു “.

എനിക്ക് കണ്ണിലേക്കു ഇരുട്ടു കയറും പോലെ തോന്നി. എന്റെ മുന്നിൽ നിൽക്കുന്നത് ഒരു രൂപം ആണെന്നെ പറയാൻ പറ്റു. നല്ല തടിച്ച ഒരു ശരീരം.

അവളുടെ ശബ്ദം മാത്രമേ ഞാൻ തിരിച്ചറിഞ്ഞോളൂ. അവളുടെ രൂപം എനിക്ക് തീർത്തും അവ്യക്തമായിരുന്നു. അപരിചിതവും.

“മോളെ ..എന്തായിത്”

എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ രാവിലെ കടവത്തു വച്ചു സംഭവിച്ചത് പോലെ ഞാൻ മറിഞ്ഞു വീണു. ഇപ്രാവശ്യം ഞാൻ ശരിക്കും വീണു. പാവനനോ, ചിന്നക്കൊ എന്നെ തടഞ്ഞു നിർത്താൻ പറ്റിയില്ല. മുഖത്ത് വെള്ളം വീണപ്പോൾ ഞാൻ കണ്ണുതുറന്നു. ചിന്ന അടുത്തുണ്ട്. ഇപ്പോൾ എനിക്കവളുടെ മുഖം വ്യക്തമായി കാണാം.

മുഖത്തു ഒരു മുടിയുമില്ല.

അവളുടെ നീണ്ട കൺപീലികൾ ഇല്ല.

പുരികം ഇല്ല.

തലയിൽ കാശ്മീരി തരംഗ പോലെ ഒരു ഷാൾ കെട്ടിയിട്ടുണ്ട്.

അതുകൊണ്ടു അവളുടെ തോളറ്റം വരെയുള്ള മുടി കാണാൻ പറ്റുന്നില്ല. അലിഷാ ചിനായിയുടെ ‘ made In India ‘ റിലീസ് ചെയ്തപ്പഴേ ചിന്ന ആ സ്റ്റൈൽ ആണ്. വിവാഹത്തിന് പോലും ഹെയർ സ്റ്റൈൽ മാറ്റിയില്ലായിരുന്നു.

അവൾ എന്റെ കൈ പിടിച്ചിട്ടുണ്ട്. പക്ഷെ ചിന്നയുടെ സാമിപ്യം എനിക്ക് അനുഭവപ്പെടുന്നില്ല.

ഞാൻ പതുകെ എണീറ്റിരുന്നു. അപ്പോഴേക്കും പവനൻ എന്തോ സംസാരിച്ചിട്ട് പുറത്തു പോയി.

ഞാൻ വായുവിൽ ഇരിക്കുമ്പോലെ തോന്നി. ഒന്നും ഉൾകൊള്ളാൻ പറ്റുന്നില്ല. തൊണ്ട നേരെയാക്കി ചോദിച്ചു.

“മോളെ , എന്തായിതൊക്കെ? എനിക്ക് പ്രഷർ താങ്ങാൻ വയ്യ. I may fall down again”. അവൾ കൂടുതൽ എന്റടുത്തേക്കു ചാഞ്ഞു നെറ്റിയിൽ ഉമ്മവച്ചു. അപ്പോൾ ശരിക്കും ഞാൻ ചിന്നയുടെ സാമിപ്യം അറിഞ്ഞു. പക്ഷെ ഈ രൂപം അത് ഉൾകൊള്ളാൻ പറ്റുന്നില്ല. അവളുടെ രണ്ടു കൈകളും കൂട്ടിഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ചിട്ട് അവളുടെ വലതു കൈത്തണ്ടയിലേക്കു നോക്കി .

ടെസ്റ്റ് ഡാറ്റായിൽ കണ്ട അതേ കൈ. ഞരമ്പുകൾ കറുത്ത് തടിച്ചു കറുത്ത് കരുവാളിച്ച്‌ നഖങ്ങളൊക്കെ പൊട്ടിയും ഇളകിപോയും ഇരിക്കുന്നു. ഇടതുകൈത്തണ്ടയിൽ ഒരു മുറിവ് കെട്ടിവച്ചിരിക്കുന്നു. അതിൽ മഞ്ഞ കളർ കാണാം.

ഇടതു കൈ പതുക്കെ നിവർത്തി വച്ചിട്ട് ചോദിച്ചു :

“നിനക്കെന്താ ആക്സിഡന്റ് വല്ലതും പറ്റിയിയായിരുന്നോ “? പതുക്കെ ചോദിച്ചു. ചിന്ന പൊട്ടിച്ചിരിച്ചു. “എന്റെ കണ്ണാ, എന്റെ ഈ കോലം കണ്ടിട്ട് എനിക്ക് ആക്സിഡന്റ് ആണെന്നാണോ തോന്നുന്നത് ?”

“Baby I’m a cancer patient , Breast Cancer”.

എന്റെ തൊണ്ട ശരിക്കും വരണ്ടു. ഞാൻ അവളുടെ കൈകളിൽ ഇറുക്കി പിടിച്ചു. അവൾ തുടരുകയാണ് .

“നിനക്ക് ഇത്രയ്ക്കു വിവരം ഇല്ലാതെ പോയല്ലോ കണ്ണാ? .നിന്റെ ഈ വിവരക്കേടാണ് എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്”.

എനിക്ക് പിന്നെയും നെഞ്ചിടിപ്പ് കൂടി. “ഞാൻ എന്ത് ചെയ്തു മോളെ ?” എന്ന് ഇടറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു.

“കണ്ണാ, ഞാൻ കുറച്ചു നാളായി periods time നടുവേദന കൂടുതലെന്ന് പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടോ?.നീ ഹോട്ട് വാട്ടർബാഗ് നടുവിൽ വച്ച് തരും. അപ്പോൾ ഞാൻ പറയാറില്ലേ അവിടെ അല്ല വേദന, ഇവിടെ പുറം ഭാഗത്താണെന്ന് ?”

“അപ്പോഴൊക്കെ നീ എന്നെ കളിയാക്കാറില്ലേ?”

“ശരീരഭാഗങ്ങളുടെ പേര് പോലും എനിക്ക് നേരെയറിയില്ലന്നു.”

“അത് വലതു ബ്രേസ്റ്റിലെ കാൻസർ ഗ്രോത്ത് കൊണ്ടാണ് അതിനു നേരെ പുറകിൽ വേദന വന്നിരുന്നത്. ഇപ്പോൾ അത് മാറി”.

അവൾ പറഞ്ഞതൊക്കെ കേട്ടെന്നേയുള്ളു, ഒന്നും ശരിക്കു മനസിലാക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

പിന്നെയും ചോദിച്ചു

“ഞാൻ എന്ത് വിവരക്കേടാണ് കാണിച്ചത് ?”. അവൾ പതുകെ എന്റെ കൈ വിട്ടെണീറ്റു അല്പം മാറികിടന്ന ഈസി ചെയറിൽ പോയിരുന്നു.

“അധിക സമയം നിവർന്നിരിക്കാൻ ഇരിക്കാൻ വയ്യ കണ്ണാ .. ഒരു കഴപ്പുണ്ട് അത് പതുക്കെയേ മാറുകയുള്ളൂ. “
അവൾ തുടർന്നു. “വിവരക്കേട് എന്ന് പറഞ്ഞത് എന്റെ ശരീരഭാഗങ്ങളിൽ വരുന്ന മാറ്റങ്ങൾ എന്നെക്കാൾ മുന്നേ നീയാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്”.

അവൾ തുടരുകയാണ്:

“ക്ലാസ് റീയൂണിയൻന്റെ അന്ന് രാവിലെ എനിക്ക് periods ആയി. പുറം വേദന തുടങ്ങി”.
ഉത്ഘാടന ചടങ്ങു കഴിയും വരെ എങ്ങനെയോ പിടിച്ചു നിന്നു. അതുകഴിഞ്ഞു ഞാൻ നേരെ ഹോസ്പിറ്റലിൽ പോയി. അസുഖം നടുവേദനയെന്നു പറഞ്ഞപ്പോൾ അവർ ഓർത്തോ ഒപി ടിക്കറ്റ് തന്നു. ഞാൻ ഒരു മണിക്കൂർ വെയിറ്റ് ചെയ്തിട്ടും ഡോക്ടർ ഒപി യിലെത്തിയില്ല”

“എന്റെ നേരെ ഫ്രണ്ടിൽ ഡോക്ടർ അർച്ചനയുടെ നെയിം ബോർഡ് കണ്ടു. അമ്മയുടെ ജി പി ഡോക്ടർ ഇല്ലേ? അവർ”

“വേദന അസഹനീയമായതുകൊണ്ടു വേറെയൊന്നും ചിന്തിച്ചില്ല. നേരെ G.P ഡോക്ടറെ പോയിക്കണ്ടു. കാര്യങ്ങൾ പറഞ്ഞു”

“എന്നോട് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പറയുന്നതിനിടക്ക് ഡോക്ടർ ഒപി ടിക്കറ്റ് മാറ്റാൻ വിളിച്ചു പറഞ്ഞു. നട്ടെല്ലിന്റെ ഓരോ ഭാഗത്തും അവര് പ്രസ് ചെയ്തിട്ട് ചോദിച്ചു”

‘എവിടെ വേദനയുണ്ടോ’ എവിടെ വേദനയുണ്ടോ’ എന്ന് . ഞാൻ ഇല്ലന്ന് മറുപടി പറഞ്ഞു”. “കൈ പുറകോട്ടു മടക്കി പുറംഭാഗം കാണിച്ചിട്ട് ഇതിനുള്ളിലാണ് വേദനയെന്നു പറഞ്ഞു. ഡോക്ടർ എന്റെ വലതു മാറിടത്തിന് പുറകിലായി വരുന്ന ഭാഗത്തു നന്നായി അമർത്തി ചോദിച്ചു

“ഇപ്പോൾ വേദനയുണ്ടോ “?

ഞാൻ പറഞ്ഞു “ഡോക്ടർ അമർത്തുന്നിടത്തല്ല വേദനയെന്നും, അതിനുമുള്ളിലാണ് വേദനയെന്നും പറഞ്ഞു. “
പെട്ടെന്ന് ഡോക്ടർ എന്റെ മുൻഭാഗത്തേക്ക് വന്നു. വലതു മാറിടത്തിൽ മൊത്തത്തിൽ പരിശോധിച്ചിട്ടു, നിപ്പിളിൽ പിടിച്ചിട്ടു ഞെക്കി.

എന്നിട്ടു ചോദിച്ചു , ഈ തടിപ്പ് എത്രനാളായെന്ന്”

“ഞാൻ അപ്പോഴാണ് നിപ്പിളിന്റെ ഒരു ഭാഗം നല്ല തടിച്ചു ഒരു അൽപ്പം മടങ്ങിയ പോലെ കണ്ടത്. ഞാൻ ഇതുവരെ ഇത് ശ്രദ്ധിച്ചിട്ടില്ലെന്നു പറഞ്ഞു. ഡോക്ടർ പിന്നെയും ചോദിച്ചു എന്തെങ്കിലും ഡിസ്ചാർജ് വന്നതായി ഓർക്കുന്നുണ്ടോന്നു, ഇല്ലന്ന് ഞാൻ മറുപടിയും പറഞ്ഞു.”

ചിന്ന ഇതൊക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു കഥ കേൾക്കുന്ന കൗതുകത്തോടെയാണ് ഞാൻ എല്ലാം കേട്ടിരുന്നത്. എന്നാൽ ഈ പറഞ്ഞ ഭാഗം എന്നെ അടിമുടി ഇളക്കി.

ഞാൻ പെട്ടെന്ന് പറഞ്ഞു. ” ചിന്നാ ബ്രസ്റ്റിൽ ഡിസ്ചാർജ് വന്നിരുന്നു, നിപ്പിളിൽ തടിപ്പും ഞാൻ അറിഞ്ഞതാ. പക്ഷെ അത് നിന്നോട് പറയാൻ എനിക്ക് തോന്നിയില്ല”

“ആദ്യമായി വായിൽ പാലുപോലെ എന്തോ വന്നപ്പോൾ എനിക്ക് കൗതുകമായി. നിന്നോട് പറയാതെ ഞാൻ ഗൂഗിൾ നോക്കി. പ്രസിവിച്ചില്ലെങ്കിലും ചിലപ്പോൾ സ്ത്രീകളിൽ പാലുചുരത്താറുണ്ട് എന്നുമനസിലാക്കിയ ഞാൻ അത് നിന്നിൽ നിന്നും ഒളിച്ചു വച്ചതാണ് മോളെ.”

“പിന്നെ ആ തടിപ്പ് , അത് നിനക്ക് പ്രായമാകുന്നതിന്റെ ഭാഗമായിരിക്കുമെന്നും വിചാരിച്ചു ഞാൻ. നിന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി പറഞ്ഞില്ല”.

അവൾ ചെറുതായൊന്നു ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു. നേരെ ജനാലക്കരികിലേക്കു നടക്കുന്നതിനിടയിൽ പറഞ്ഞു…

“ഇതാണ് ഞാൻ അന്ന് രാത്രി botim വീഡിയോ കാൾ ചെയ്തു ചോദിച്ചത് “.

“നിനക്ക് അന്ന് ക്രിക്കറ്റ് കളിയായിരുന്നു പ്രാധാന്യം. ആ വാശിയിൽ പിന്നെ എനിക്ക് നിന്നെയൊന്നും അറിയിക്കേണ്ടന്നു തോന്നി.”

“കണ്ണന്റെ ആ ഇഗ്നോറൻസ് ഇപ്പോൾ സ്ത്രീയെന്ന എന്റെ ഐഡന്റിറ്റിയെ ചെത്തിക്കളഞ്ഞു.”

“അതുമാത്രമല്ല നാല്പത്തിമൂന്നാം വയസ്സിൽ ഞാൻ വയസായി. ഇനി എനിക്ക് മാസമുറ വരില്ല.എപ്പോഴെങ്കിലും ഒരു കുഞ്ഞുണ്ടാകുമെന്ന അവസാന പ്രതീക്ഷയും പോയി”.

ആദ്യമായി കുട്ടികളില്ലത്തതിന്റെ വേദന അവൾ പറയുന്നത് എന്റെ ചെവിയിൽ ആണിയടിച്ചു കയറ്റും പോലെ തോന്നി. അവൾക്കു ക്യാന്സറാണെന്നു പറഞ്ഞ വേദനയെക്കാളും ഭീകരമായിത്തോന്നി.

എന്റെ ഇഗ്നോറൻസിന് എന്റെ ചിന്ന കൊടുക്കേണ്ടിവന്ന വില. അവൾക്കുണ്ടായ നഷ്ടം. അല്ല ഞങ്ങൾക്കുണ്ടായ നഷ്ടം, ഓർക്കുംതോറും എന്റെ തലയിൽനിന്നു തീ പുറത്തേക്കു വരുന്നപോലെ തോന്നി.

അവൾ തുടർന്നു…”ഒരു ആറു മാസത്തെ വളർച്ചയുണ്ടായിരുന്നു ക്യാൻസറിന്”

“മാത്രമല്ല അത് പെട്ടെന്ന് വ്യാപിക്കുന്ന ടൈപ്പ് ആണെന്നും കൂടെ തിരിച്ചറിഞ്ഞതോടെ ചികിത്സ വേഗം തുടങ്ങാൻ മെഡിക്കൽ ടീം റെക്കമെൻഡ് ചെയ്തു “.

“RCCയിൽ അമ്പിളി വേണ്ടപോലെ എല്ലാം സമയാസമയം ചെയ്തു. ആശുപത്രി അഡ്മിൻസ്ട്രഷൻ കാര്യങ്ങൾ മുഴുവനും അവൾ തന്നെയാ ചെയ്തേ.”

രോഗനിർണ്ണയം ഉറപ്പാക്കിയതിനു ശേഷം ഞാൻ ഡോക്ടർ അർച്ചനയെ പോയി കണ്ടിരുന്നു. അന്ന് ഡോക്ടർ എന്നെ മോട്ടിവേറ്റ് ചെയ്യാൻ കുറെ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ പറഞ്ഞു….”മുപ്പതു വയസുകഴിഞ്ഞാൽ സ്ത്രീകൾ നമ്മുടെ ശരീരം സ്വയം നോക്കാൻ മാസത്തിൽ കുറഞ്ഞത് ഒരു മുപ്പതു മിനിറ്റെങ്കിലും മാറ്റിവെക്കണം. “

“സൗഹ്രദവും ഉഷ്മളവുമായ ദാമ്പത്യമെങ്കിൽ ഭർത്താവു മനസുവച്ചാലും മതി, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കാനും നമ്മുടെ ശ്രദ്ധയിൽ കൊണ്ടു വരാനും.”

“പക്ഷെ ലോകത്തെവിടെയായാലും സ്ത്രീക്ക് പ്രായമേറുന്തോറും പുരുഷന്റെ ശ്രദ്ധ കാര്യം നടത്തുകയെന്നതുമാത്രമാണ് -just flush it . നമുക്ക് എന്ത് ഫീൽ ചെയ്യുന്നു എന്ന് ചിന്തിക്കുന്നവർ അപൂർവം.”

ഞാൻ പെട്ടെന്ന് ‘കണ്ണൻ അങ്ങനയല്ല’ എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും ഡോക്ടർ പറഞ്ഞു: “ചിന്നയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. നിങ്ങൾ തമ്മിൽ നല്ല ബന്ധമാണ് എല്ലാരീതിയിലും എന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ, ഇവിടെ ഹസ്ബന്റിന്റെ ഇഗ്നോറൻസ് ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഈ മാറ്റം അയാൾ അറിയാതെ പോകില്ല”.

ഡോക്ടർ അത്രയും ഉറപ്പിച്ചു പറഞ്ഞത് കൊണ്ടാണ് നിന്നെയിത് അറിയിക്കേണ്ടന്നു ഞാൻ വാശി പിടിച്ചത്. ചികിൽസ കഴിയും വരെ ഇത് നീ അറിയരുത് എന്നാലെ ഞാൻ ട്രീറ്റ്‌മെന്റിനു വരൂ എന്ന് പിടിവാശി കാണിച്ചത് രണ്ടു വീട്ടുകാരും അംഗീകരിച്ചു.

“കണ്ണാ… ഇപ്പോൾ നിന്റെ ഈ ഏറ്റുപറച്ചിൽ ഡോക്ടർ പറഞ്ഞത് ശരിയാണെന്നു തെളിഞ്ഞു”

ഞാൻ എണിറ്റു അവളുടെ അടുത്തേക്ക് നടന്നു . ഞാൻ അടുത്തെത്തിയപ്പോഴേക്കും അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

എന്നിട്ടു പറഞ്ഞു ” ഇത്രയൊക്കെയായിട്ടും എനിക്കെന്റെ കണ്ണനെ വെറുക്കാൻ പറ്റിയില്ല. എനിക്കറിയാം ഞാൻ ഇല്ലാതെ നിനക്ക് പറ്റില്ലാന്ന്… എന്റെ വാശി ജയിക്കാൻ ഞാൻ നിന്റെ ഈഗോയിൽ പലരീതിയിലും എണ്ണഒഴിച്ചുകൊണ്ടേയിരുന്നു”.

“RCC യിൽ ആദ്യ ഘട്ടം ട്രീറ്റ്‌മെന്റ് കഴിഞ്ഞപ്പോഴേ പവനൻനെ വിളിച്ചു ഞാൻ ഇവിടേയ്ക്ക് വന്നു . തുളസിയമ്മ എന്റെകൂടെ ആയിരുന്നു.”

“അവിടെ നിന്റെ അവസ്ഥ മോശമായി വരുന്നതതറിഞ്ഞാണ് പവനനനോടു പറഞ്ഞു തുളസിയമ്മയെ അങ്ങോട്ട് വിട്ടത്”.

“എനിക്ക് ഇപ്പോൾ ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യാൻ പറ്റും. കിമോ തീയതി ആകുമ്പോൾ അമ്മമാർ ആരെങ്കിലും വന്നു എന്നെ കൊണ്ട് പോകും”.

അവൾ ഒന്ന് നിറുത്തി.

എന്റെ മനസിലെ വിട്ടുപോയ വരികളെല്ലാം ചേർന്നൊഴുകുന്നത് ഞാൻ അനുഭവിക്കാൻ തുടങ്ങി.
അവൾ എന്റെ നെഞ്ചിനു നേരെ മുഖമര്ത്തി പറഞ്ഞു..

“എന്നാലും കണ്ണാ! ആ ചേഞ്ച് എന്നോട് പറയാമായിരുന്നു “.

അതിനു മറുപടിയായി അവളെ വാരിപുണരാനല്ലാതെ ഒരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.

“ആഹാ! പതുക്കെ! കയ്യിലെ മുറിവ് ഉണങ്ങിയില്ല, കിമോ തുടങ്ങിയെ പിന്നെ ഷുഗർ കൂടുന്നു”.
അപ്പോഴാണ് അവളുടെ ഇടതു കയ്യിലെ മുറിവിനെ കുറിച്ച് ഞാൻ വീണ്ടും ബോധവാനായത്.

ഞാൻ ചോദിച്ചു, “ഇത് ?”.

“കിമോ മരുന്ന് തരാൻ കൈയിലെയും കാലിലേയും വെയിൻ ഒന്നും കിട്ടിയില്ല. അങ്ങനെയാ ഇതൊക്കെ പറ്റിയെ”. കരുവാളിച്ച കൈത്തണ്ടകൾ നീട്ടിക്കാണിച്ചു പറഞ്ഞു.

“പന്നെ മെഡിസിൻ തരാനായി Central line ഇട്ടു. അതിപ്പോൾ സെപ്റ്റിക് ആയി.” എന്റെ നെഞ്ചിലേക്ക് മുഖമമർത്തി അവൾ പറഞ്ഞു.

“ഒറ്റയ്ക്ക് ഈ യുദ്ധം ജയിച്ചു നിന്റെ മുന്നിൽ വരാനായിരുന്നു എന്റെ വാശിയും തീരുമാനവും. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായി ഓരോദിവസവും തളർന്നുവരുന്നതായി എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു കണ്ണൻ വന്നെങ്കിലെന്ന് “.

കഴിഞ്ഞ ഒരാഴ്ചയായി എനിക്കുണ്ടായ തികട്ടലുകൾ എന്തുകൊണ്ടായിരുന്നു എന്ന് എനിക്കു വ്യക്തമായി. പക്ഷെ അവളോട് പറയാൻ എന്തുകൊണ്ടോ അപ്പോഴും തോന്നിയില്ല. പറഞ്ഞാലും അവൾ വിശ്വസിക്കുമോ?

എന്തൊക്കെയായാലും എന്റെ ചിന്നയെ എന്നിലേക്ക് തന്നെ തിരിച്ചു എത്തിച്ച ആ ടെസ്റ്റ് ഡാറ്റായ്ക്ക് ഞാൻ മനസാ നന്ദിപറഞ്ഞു അവളുടെ പുറം തലോടി നിന്നു.

തിരുവനന്തപുരം സ്വദേശിനി. യു എ ഇ യിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രഥമ കഥയാണ്