ടെലിവിഷം

വിശ്രമ മുറിയിൽ
എൻറെ മുന്നിൽ
വാ പിളർക്കുന്നൂ ടെലിവിഷൻ

കൂർത്ത പല്ലുകൾ
പുറത്തേക്ക് നീളുന്നു
കണ്ണുകൾ തുറിക്കുന്നു
നാവിൽ നിന്ന്
ചോര കിനിയുന്നു
ചെവിയടപ്പിക്കുന്ന
നിലവിളികൾ കൊണ്ട്
സത്യം മറയുന്നു

ടെലിവിഷനിൽ വാർത്തകൾക്ക്
പകരം വെറുപ്പിൻറെ ശവങ്ങൾ
വാർത്താവതാരകൻറെ മുഖത്ത്
ക്രൗര്യത്തിൻറെ ചുകപ്പ്
പരസ്യങ്ങൾക്ക് പാദസേവയുടെ
അലങ്കാരങ്ങൾ
നാല് മണിച്ചായക്കൊപ്പം
മയങ്ങാനുള്ള മരുന്നും

വിശ്രമ മുറി സ്നേഹത്തിൻറെ
തടങ്കൽ പാളയമാകുന്നു
ഗതികിട്ടാതെ അലയുന്ന സത്യങ്ങൾ
മുറിയിൽ നിലവിളിക്കുന്നു
അയൽക്കാരൻ ഭീതിയോടെ
എത്തിനോക്കുന്നു
അതിരുകളിൽ വെറുപ്പിൻറെ
വേലികളുയരുന്നു

ഇടക്ക് എത്തിനോക്കിയ
ഇടവേളക്കൊപ്പം
കഴുത്തിൽ മുറുകിയ ചങ്ങലയിൽ
കാണികൾ തൂങ്ങി മരിക്കുന്നു,
ഞാനും.

പയ്യന്നൂർ സ്വദേശി . ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്തു. ഒരു കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്.