ടെക്നോളജി

എൻറെ മുന്നിൽ നിൽക്കുന്നത് രാമകൃഷ്ണനാണ് എന്ന് എനിക്ക് ഒട്ടും വിശ്വസിക്കാനാവുന്നില്ല. അവൻറെ കണ്ണുകൾ വല്ലാതെ കുഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് തീപാറിയിരുന്ന ആ കണ്ണുകളിൽ തണുത്ത ചാരം പോലെ മടുപ്പ് പടർന്നു കിടപ്പുണ്ട്. പണ്ട് കണ്ടിരുന്ന ആത്മവിശ്വാസം ഇപ്പോൾ അവിടെ കാണാനില്ല. അലസമായി പാറി നടക്കുന്ന മുടി ഏതാണ്ട് മുഴുവൻ തന്നെ വെളുത്തിരിക്കുന്നു. തലയുടെ പാതി വരെ കഷണ്ടി എത്തിയിട്ടുണ്ട്. ശരീരമാകെ ചടച്ച് മെലിഞ്ഞ് നിറം കെട്ടിട്ടുണ്ട്. പോരാത്തതിന് നിറം മങ്ങിയ ഒരു പഴഞ്ചൻ ഷർട്ടാണ് അവൻ ധരിച്ചിരുന്നത്. അത് ചുക്കിച്ചുളിഞ്ഞതും അങ്ങിങ്ങ് കീറിയതുമായിരുന്നു. പഴയ പാൻറിൻറെ അടിഭാഗം നിലത്തുരഞ്ഞ് കീറിത്തുടങ്ങിയിട്ടുണ്ട്. തോളിൽ ഒരു പഴയ തുണി സഞ്ചി തൂക്കിയിട്ടുണ്ട്. അത് അഴുക്ക് പുരണ്ടതും നിറം മങ്ങിയതുമായിരുന്നു. പണ്ട് വിലകൂടിയ തോൽ സഞ്ചിയായിരുന്നു അവൻറെ സഹചാരി. ഒരു വള്ളിച്ചെരിപ്പാണ് അവൻ ധരിച്ചിരുന്നത്. അത് തേഞ്ഞ് വള്ളികൾ പൊട്ടാറായിരിക്കുന്നു. അതിൻറെ പിൻഭാഗത്ത് തുള വീണ് തുടങ്ങിയിട്ടുണ്ട്. കാലിൽ പൊടിപുരണ്ട് നേരിയ തവിട്ട് നിറമായിട്ടുണ്ട്. അവ വെള്ളം കണ്ടിട്ട് എത്രയോ കാലമായത് പോലെ തോന്നിച്ചു. ശരിക്കും അത് രാമകൃഷ്ണനാണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. എൻറെ മനസ്സിലുണ്ടായിരുന്ന രാമകൃഷ്ണനായിരുന്നില്ല അത്. അവൻറെ ഒരു വൃത്തികെട്ട നിഴൽ മാത്രം.

റെയിൽവെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലാണ് അവനെ ഞാൻ കണ്ടത്. ഞാൻ ഇവിടെ വീണ്ടും താമസമാക്കിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. പണ്ട് ബേങ്കിൻറെ ഈ ശാഖയിൽ പണിയെടുത്തിരുന്ന കാലത്താണ് ഞാൻ ഇവിടെ താമസിച്ചിരുന്നത്. പിന്നീട് സ്ഥലം മാറിപ്പോയി. വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതേ നഗരത്തിലുള്ള മറ്റൊരു ശാഖയിലാണ് ഞാനിപ്പോൾ പണിയെടുക്കുന്നത്. വാടക വീടെടുത്ത് താമസം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. എല്ലാ ദിവസവും റെയിൽവെ സ്റ്റേഷന് മുന്നിലുള്ള ഈ വഴിയിലൂടെ നടന്നാണ് ഞാൻ ഓഫീസിലേക്ക് പോകുന്നതും തിരിച്ച് വീട്ടിലേക്ക് വരുന്നതും. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴിയാണെങ്കിലും നടക്കുന്നതിന് പറ്റിയ വഴിയാണിത്. വാഹനങ്ങളുടെ ശല്യം തീരെ ഉണ്ടാവില്ല. ഒറ്റക്കും തെറ്റക്കും പോകുന്ന മനുഷ്യർ മാത്രമുണ്ടാകും. പണി കഴിഞ്ഞ് സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടക്കുന്ന സാധുക്കളായ മനുഷ്യർ. റോഡിൻറെ മറ്റേ ഭാഗത്ത് ദിവസക്കൂലിക്കാർക്കായി കെട്ടിയ ചെറിയ നിരവധി വാടക വീടുകളിലെ താമസക്കാരാണ് അത് വഴി പോകുന്നവരിലേറെയും. അവരധികവും മറുനാടുകളിൽ നിന്ന് തൊഴിൽ തേടി വന്നവരാണ്. ധൃതി പിടിച്ചാണ് അവർ നടക്കുക. അവർ ചിലപ്പോൾ ഒറ്റക്കും ചിലപ്പോൾ കുടുംബവുമായിട്ടാണ് പണിക്ക് പോകുന്നത്. അവരുടെ കണ്ണുകളിൽ വീട്ടിൽ കാത്തിരിക്കുന്നവരെ കുറിച്ചുള്ള വേവലാതി ദൃശ്യമാവും. പലപ്പോഴും അവരുടെ കയ്യിലുള്ള സാധനങ്ങൾ വീട്ടിലെത്തിയിട്ട് വേണം എന്തെങ്കിലുമുണ്ടാക്കാൻ.

പക്ഷെ ഈ വഴിക്ക് ഒരു ചെറിയ കുഴപ്പമുണ്ട്. ഇതിൻറെ തുടക്കത്തിൽ വഴിയരികിലായി ഒരു മദ്യഷാപ്പുണ്ട്. അത് കൊണ്ട് ഇടവഴിയിൽ കുറച്ച് സ്ഥലത്ത് മദ്യപന്മാർ ഉണ്ടാവും. കൂട്ട്കൂടി മദ്യപിക്കുന്നവരും ഭക്ഷണസാധനങ്ങൾ പങ്ക് വെക്കുന്നവരും മറ്റുള്ളവരോട് മദ്യം യാചിക്കുന്നവരും ഒക്കെയായി വലിയ ബഹളമാണ്. അത് കൂടാതെ മദ്യപന്മാർ തെരുവിലേക്ക് എറിയുന്ന ഭക്ഷണശകലങ്ങൾ തിന്നാനെത്തുന്ന കുറച്ച് തെരുവ് പട്ടികളും അവിടെയുണ്ടാകും. എന്നിരുന്നാലും ഇതിലൂടെ നടക്കാൻ സുഖമാണ്. മദ്യ ഷാപ്പ് കഴിഞ്ഞാൽ ബാക്കി ഭാഗം മിക്കവാറും ശൂന്യമാണ്. അങ്ങിനെ നടന്ന് പോകുന്നതിനിടയിലാണ് രാമകൃഷ്ണനെ ഞാൻ കണ്ടത്. അയാൾക്ക് എന്നെ തിരിച്ചറിയാനൊന്നും കഴിഞ്ഞിട്ടില്ല എന്ന് ആ മുഖം കണ്ടാലറിയാം. ഏതോ വഴിപോക്കനോട് എന്ന പോലെ ദയാവായ്പിനായാണ് അയാൾ എൻറെ നേരെ കൈനീട്ടിയത്. ആ ശുഷ്കിച്ച കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ഒരു പെഗ് മദ്യമാണ് അയാൾക്ക് വേണ്ടിയിരുന്നത്.

രാമകൃഷ്ണന് എന്നെ മനസ്സിലായില്ല എന്നുറപ്പാണ്. ആ നരച്ച കണ്ണുകളിൽ അത് ദൃശ്യമായിരുന്നു. എന്നെ തിരിച്ചറിഞ്ഞപ്പോൾ പെട്ടെന്ന് ഭയത്തോടെ അവൻ കൈ പിൻവലിച്ചു. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ കൈകൂപ്പി നിന്നിടത്ത് നിന്ന് ഒരടി പിറകിലേക്ക് നീങ്ങി ഒതുങ്ങി നിന്നു. എന്നിട്ട് തീരെ ശക്തിയില്ലാത്ത സ്വരത്തിൽ പറഞ്ഞു:

“സാറോ? സാറെന്താ ഇവിടെ?”

ഞാൻ രാമകൃഷ്ണനെ എന്നോട് ചേർത്ത് പിടിച്ചു. നനഞ്ഞ് പോയ ഒരു കിളിയെ പോലെ അയാൾ എൻറെ കൈക്കുള്ളിൽ നാണത്തോടെ ഒതുങ്ങി നിന്നു. അയാൾക്ക് ഒട്ടും ശക്തിയുണ്ടായിരുന്നില്ല. ഒടിഞ്ഞ ഒരു വാഴത്തണ്ടാണ് അതെന്നാണ് എനിക്ക് തോന്നിയത്. കുഴഞ്ഞ് വീഴാതിരിക്കാൻ പാട് പെടുന്ന ഒരു ദുർബലനായ മനുഷ്യൻ.

പക്ഷെ ഈ കൈകൂപ്പി നിൽക്കുന്ന രാമകൃഷ്ണൻ എൻറെ പഴയ പരിചയക്കാരനായിരുന്നില്ല എന്ന് എനിക്ക് പെട്ടെന്ന് തോന്നി. പഴയ രാമകൃഷ്ണൻ തൻറേടിയും അഭിമാനിയുമായിരുന്നു. ചുറുചുറുക്കോടെ ഓടി നടന്നിരുന്ന ഒരു വാലിയക്കാരൻ. അയാൾക്ക് ആരോടും ഭിക്ഷ യാചിക്കാനാവുമായിരുന്നില്ല. അയാൾ ആരുടെ മുന്നിലും തല കുനിക്കുന്ന ആളുമായിരുന്നില്ല. അയാൾ ഒരു തൊഴിലാളിയായിരുന്നു, അഭിമാനമുള്ള ഒരു തൊഴിലാളി. അയാൾക്ക് പകരം വെക്കാൻ അന്ന് നഗരത്തിലാരുമുണ്ടായിരുന്നില്ല. ടൈപ്പ് റൈറ്റർ നന്നാക്കലായിരുന്നു അയാളുടെ ജോലി. ടൈപ്പ് റൈറ്റർ ആപ്പീസുകളെ ഭരിച്ചിരുന്ന അക്കാലത്തെ പ്രസിദ്ധമായ ഗോദ്റെജ് ടൈപ്പ് റൈറ്ററിൻറെ ജില്ലയിലെ ഏക ടെക്നീഷൻ ആയിരുന്നു അയാൾ. വെറും ടെക്നീഷൻ മാത്രമായിരുന്നില്ല അയാൾ. ടൈപ്പ് റൈറ്ററുകളുടെ ഹൃദയം അറിയുന്നവനായിരുന്നു അയാൾ. അയാളുടെ നിണ്ട വിരലുകൾ സ്പർശിച്ചാൽ ഏത് ടൈപ്പ് റൈറ്ററും ചലിക്കും. സാന്ദ്രമായ ഒരു സംഗീതം പൊഴിച്ച് അത് തൂവെള്ളക്കടലാസിൽ അക്ഷരങ്ങളുടെ ചിത്രങ്ങൾ രേഖപ്പെടുത്തും. അവ സന്ദേശങ്ങളായി പറന്ന് പോകും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്. അതിൽ കണ്ണീരിൻറെ നനവുള്ളവയുണ്ടാകും. പ്രണയത്തിൻറെ ലോലഹൃദയങ്ങളുണ്ടാകും. ഉത്തരവാദിത്തത്തിൻറെ നിർദേശങ്ങളുണ്ടാകും. വിരഹങ്ങളുടെ നനവുണ്ടാകും. കഷ്ടപ്പാടുകളുടെ വേദനയുണ്ടാവും. അത് കൊണ്ട് തന്നെ എനിക്ക് രാമകൃഷ്ണനെ കാണുമ്പോൾ ആ വിരലുകൾ കാണുമ്പോൾ ഒരു മാന്ത്രികൻറെ രൂപം ഓർമയിൽ വരും. അയാൾ ടൈപ്പ് റൈറ്ററുകളുടെ മാന്ത്രികനായിരുന്നു. പണ്ടെങ്ങോ വായിച്ച ഒരു കഥയിലെ കുട്ടികളെ ഓടക്കുഴലൂതി ആവാഹിച്ച് കൊണ്ടു പോയിരുന്ന മാന്ത്രികനെ പോലെ രാമകൃഷ്ണൻ ടൈപ്പ് റൈറ്ററുകളെ അയാളുടെ വിരലുകൾ കൊണ്ട് ആവാഹിച്ച് നിർത്തി. അവ അയാളുടെ മുന്നിൽ നൃത്തം വെച്ചു. അയാളുടെ നിർദ്ദേശാനുസരണം അവ ഉണരുകയും മയങ്ങുകയും ചെയ്തു. അക്ഷരങ്ങൾ കൊണ്ട് അത് ലോകത്തെ തന്നെ പുനർസൃഷ്ടിച്ചു. ഒരു വേള ലോകം തന്നെ ഭരിച്ചിരുന്ന ആജാനുബാഹുവായ യന്ത്രമാണ് അതെന്ന് പലപ്പോഴും തോന്നി. അവ വിചാരിച്ചാൽ ലോകം മുഴുവൻ നിശ്ചലമാകും. നിർദ്ദേശങ്ങൾ ലഭിക്കാതെ അതിർത്തികളിൽ പട്ടാളക്കാരും, ആശുപത്രികളിൽ വൈദ്യന്മാരും നിന്ന് പോകും. പോലീസുകാർക്ക് പകരം കള്ളന്മാർ നാട് ഭരിക്കും. പക്ഷെ അതൊക്കെ തടയാൻ രാമകൃഷ്ണനുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ അയാൾക്ക് നിന്ന് തിരിയാൻ ഒട്ടും സമയമുണ്ടായിരുന്നില്ല. അയാൾ എപ്പോഴും തിരക്കിലായിരിക്കും. ജില്ലയിലെ തന്നെ എല്ലാ ആപ്പീസുകളിൽ നിന്നും അയാളെ തേടി ഫോൺ കോളുകൾ പ്രവഹിച്ചു. അയാളുടെ ആപ്പീസിലെ ഫോൺ നിർത്താതെ ചിലച്ചു. അക്കാലത്ത് മൊബൈൽ ഫോൺ ഇല്ലായിരുന്നു. രാമകൃഷ്ണനെ വിളിക്കാൻ കമ്പനി പ്രത്യേകം ഒരു ഫോൺ കണക്ഷൻ തന്നെ എടുത്തിരുന്നുവത്രേ. ലാൻറ് ഫോൺ കൈകാര്യം ചെയ്തിരുന്ന രണ്ട് ഓപ്പറേറ്റർമാർ അമിതഭാരം കാരണം ജോലി രാജി വെച്ച് സ്ഥലം വിട്ടു പോയി എന്ന് തമാശയായി അക്കാലത്ത് ആളുകൾ പറയാറുണ്ടായിരുന്നു.

ഞാൻ അന്ന് ജനറൽ മാനേജറുടെ അസിസ്റ്റൻറായിരുന്നു. ഞങ്ങളുടെ ആപ്പീസിലെ ഏക ടൈപ്പിസ്റ്റ്. എൻറെ പണിയായുധം ടൈപ്പ് റൈറ്ററാണ്. അത് പണിമുടക്കിയാൽ എൻറെ “പണി പോകും” എന്നായിരുന്നു അവസ്ഥ . ജി എമ്മിനോട് ഞാൻ പല തവണ അഭ്യർഥിച്ചിട്ടുണ്ട് മറ്റൊന്ന് കൂടി വാങ്ങാൻ. എന്നാൽ എൻറെ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. ബാങ്കിൻറെ പണം ചിലവാക്കാൻ അദ്ദേഹത്തിന് വലിയ മടിയായിരുന്നു. അത് കൊണ്ട് ഒറ്റ ടൈപ്പ് റൈറ്ററിൽ ഞാൻ എൻറെ ദുരിത ജീവിതം തള്ളിനീക്കി. അപ്പോഴൊക്കെ രാമകൃഷ്ണനായിരുന്നു എൻറെ ധൈര്യം.

എനിക്ക് ഒരു ദിവസം തന്നെ നിരവധി കത്തുകളാണ് തയ്യാറാക്കേണ്ടിയിരുന്നത്. എല്ലാം അങ്ങേയറ്റം പ്രാധാന്യമുള്ളതും. അന്നന്നത്തെ കത്തുകൾ അന്നന്ന് അയച്ചില്ലെങ്കിൽ അതിൻറെ പൊല്ലാപ്പ് കുറച്ചൊന്നുമല്ല. അങ്ങിനെ നിൽക്കുമ്പോഴായിരിക്കും ടൈപ്പ് റൈറ്റർ പണിമുടക്കുക. പിന്നെ രാമകൃഷ്ണൻറെ സഹായമില്ലാതെ രക്ഷയില്ല. അത് കൊണ്ട് തന്നെ എനിക്ക് അവനോട് അത്രയധികം അടുപ്പമുണ്ടായിരുന്നു. വി ഐ പി കൾക്കായി ബേങ്ക് തയ്യാറാക്കി അയക്കുന്ന സമ്മാനങ്ങളൊക്കെ ജി എം അറിയാതെ അടിച്ചെടുത്ത് ഞാൻ രാമകൃഷ്ണന് കൊടുക്കും. പിന്നെ സർവീസ് ചെയ്താൽ സാദാ ഫീസിന് പുറമേ എൻറെ സ്പെഷൽ ട്രീറ്റ് വേറെയും. അത് പണമായി തന്നെ ഞാൻ ഒപ്പിച്ച് കൊടുക്കും. പിന്നെ വല്ലപ്പോഴും ഒന്നോ രണ്ടോ വീശുന്ന എന്നോടൊപ്പം ഞാൻ അവനെയും കൂട്ടും. അത് കൊണ്ട് തന്നെ എപ്പോൾ വിളിച്ചാലും അവൻ വരും. എൻറെ പണിക്ക് പ്രത്യേക ശ്രദ്ധയാണ് അവന്. മുകളിൽ നിന്നുള്ള ചീത്ത പറച്ചിൽ അത് കൊണ്ട് തന്നെ വലിയ തോതിൽ എന്നെ തേടി വരാറില്ല.

അങ്ങിനെയിരിക്കെ പുതിയ ടെക്നോളജികൾ വന്നു. ആദ്യം എലക്ട്രോണിക്ക് ടൈപ്പ് റൈറ്ററുകൾ. പിന്നീട് കമ്പ്യൂട്ടറുകളും. അവയൊക്കെ പഴയ മെക്കാനിക്കൽ ടൈപ്പ് റൈറ്ററുകളുടെ അന്തകനായി. അവയുടെ ആക്രമണത്തിൽ ടൈപ്പ് റൈറ്ററുകൾ സാവകാശം നാട് നീങ്ങി. രാമകൃഷ്ണന് തിരക്കൊഴിയാൻ തുടങ്ങി. മിക്ക ദിവസങ്ങളിലും അവൻ എൻറെ ആപ്പീസിൽ വരാൻ തുടങ്ങി. എന്നെ കണ്ട് പരിഭവങ്ങളും കഷ്ടപ്പാടും പറഞ്ഞ് അയാൾ ആശ്വാസം കൊണ്ടു. മറ്റെന്തെങ്കിലും പണിയെടുക്കാൻ അയാൾക്ക് സാധ്യമായിരുന്നില്ല. അയാളുടെ ജീവിതം ടൈപ്പ് റൈറ്ററുകളുടെ കട്ടകളിൽ അത്രമേൽ കുരുങ്ങിപ്പോയിരുന്നു. അയാൾക്ക് അവയോട് പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്നതായി എനിക്ക് തോന്നി. അഥവാ ടൈപ്പ് റൈറ്ററുകളുടെ മനുഷ്യരൂപമായിരുന്നു രാമകൃഷ്ണൻ. അത് കൊണ്ട് തന്നെ ടൈപ്പ് റൈറ്ററുകൾക്കൊപ്പം രാമകൃഷ്ണനും ആർക്കും വേണ്ടാത്ത ഉപകരണമായി മാറി. അയാളുടെ അപ്പീസിലെ ടെലഫോൺ അതിൻറെ ജോലി അവസാനിപ്പിച്ച് മൂലയിലെവിടെയോ വിശ്രമിച്ചു.

ആയിടക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി. ഒരു ദിവസം ഞാൻ അവിടം വിട്ടു. സ്ഥലംമാറിപ്പോകുന്നതിൻറെ രണ്ട് ദിവസം മുൻപ് ഞാൻ രാമകൃഷ്ണനോടൊപ്പം ബാറിൽ കയറി. അന്ന് അയാൾ കണക്കില്ലാതെ മദ്യം അകത്താക്കി. ഞാൻ തടഞ്ഞതേ ഇല്ല. കുറെ കഴിഞ്ഞപ്പോൾ രാമകൃഷ്ണൻ ഒരു കുട്ടിയെ പോലെ വിതുമ്പിക്കരയാൻ തുടങ്ങി. അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. പിന്നീട് അയാൾ ഒന്നും പറയാതെ ബാർ വിട്ടു. ആർക്കും വേണ്ടാത്ത ഒരു ടൈപ്പ് റൈറ്റർ പോലെ അയാൾ ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ടു. അതിന് ശേഷം ഇപ്പോഴാണ് ഞാൻ അവനെ കാണുന്നത്. പക്ഷെ ലോകം മുന്നോട്ട് തന്നെ പോയി. ആ വികാസത്തിൽ പിന്നെയും എത്രയോ രാമകൃഷ്ണന്മാർ എരിഞ്ഞടങ്ങിയിട്ടുണ്ടാവും. ഓരോ കണ്ടുപിടിത്തങ്ങളും അനാഥമാക്കുന്ന നിരവധി മനുഷ്യരുടെ കണ്ണീർ കഥകളിൽ മറ്റൊരു നമ്പറായി അവൻ. കാലത്തിൻറെ ചക്രങ്ങൾക്കടിയിൽ എത്ര രാമകൃഷ്ണന്മാർ ഇത് പോലെ ഞെരിഞ്ഞടങ്ങിയിട്ടുണ്ടാവും. മുന്നോട്ട് കുതിക്കുന്നവർ ഉണ്ടോ ഇത് വല്ലതും അറിയുന്നു. അല്ലെങ്കിലും അറിഞ്ഞിട്ട് എന്ത് കാര്യം ?. മാറ്റങ്ങളെ തടയാൻ ആർക്ക് കഴിയും.

രാമകൃഷ്ണനെയും കൂട്ടി ഞാൻ എൻറെ പഴയ ബാറിലേക്ക് നടന്നു. അവൻറെ മെലിഞ്ഞ കൈകൾ അപ്പോൾ എൻറെ കൈപ്പിടിയിൽ കിടന്ന് ചെറുതായി വിറക്കുന്നുണ്ടായിരുന്നു, മരിക്കാൻ തുടങ്ങുന്ന ഒരു പക്ഷിക്കുഞ്ഞിൻറെ അവസാനത്തെ ഹൃദയമിടിപ്പായാണ് അത് എനിക്ക് തോന്നിയത്.

പയ്യന്നൂർ സ്വദേശി . ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്തു. ഒരു കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്.