പ്രെഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിൽ കടും നിറത്തിലുള്ള രണ്ടു സമാന്തര രേഖകൾ തെളിഞ്ഞുവരുന്നത് സംഗീത നിസംഗതയോടെ നോക്കി നിന്നു. മാറ്റിയ കോപ്പർടിക്കു പകരം പുതിയത് ഇട്ടിട്ടില്ലെന്ന് അവൾ റഫീഖിനോട് പറഞ്ഞതാണ്. ഈയിടെയായി തനിക്ക് ഈവക കാര്യങ്ങളിൽ താൽപ്പര്യം തീരെയില്ല എന്ന പരാതിയായിരുന്നു മറുപടി.
സാധാരണ അവളെക്കാൾ നന്നായി കാര്യങ്ങൾ വിശകലനം ചെയ്യുന്നതും മുൻകരുതലുകൾ എടുക്കുന്നതും റഫീഖാണ്. അതുകൊണ്ട് തന്റെ ജോലി അത്രയും കുറഞ്ഞുകിട്ടിയല്ലോ എന്നവൾ പലപ്പോഴും സന്തോഷിച്ചിരുന്നു.
തെറ്റ് അവളുടേതാണ്. പഴയത് എടുത്തു മാറ്റുമ്പോൾ ഒരാഴ്ച കഴിഞ്ഞ് വരാനുള്ള ഡോക്ടറുടെ നിർദ്ദേശം ജോലിത്തിരക്കിന്റെ പേരിൽ ആദ്യം അവഗണിച്ചത് അവൾ തന്നെയാണ്. പിന്നെ പീരിയഡ്സ്. അതുകഴിഞ്ഞപ്പോൾ പതിവ് ആയുർവേദ ചികിത്സയ്ക്കായി റഫീഖിന്റെ ഉമ്മയുടെ വരവായി. അതിനിടയിൽ സമയം കണ്ടെത്തി ഡോക്ടറെ ചെന്നു കാണാമായിരുന്നു അവൾക്ക്. പുതിയതിനു ശേഷമുള്ള ശാരീകാസ്വസ്ഥകളെക്കുറിച്ച് ഓർത്തപ്പോൾ ഇത്തിരി കഴിയട്ടെ എന്ന് മടിച്ചു. അങ്ങിനെ കരുതാനിടയാക്കിയ തന്റെ ഉദാസീനതയെ അവൾ ശപിച്ചു.
കഴിഞ്ഞ തവണത്തെ ഇൻസേർഷനു ശേഷം ഡോക്ടറെ കണ്ടപ്പോൾ പ്രസവം നിർത്താമോ എന്നവൾ ചോദിച്ചിരുന്നു. നാൽപ്പത് വയസ്സിനു താഴെ പ്രായവും ഒരു കുട്ടിയും മാത്രമുള്ള അമ്മമാർക്ക് താനത് നിർദേശിക്കില്ല എന്ന് തോളറ്റം വച്ച് വെട്ടിയ മുടി മുക്കാലും നരച്ച ഡോക്ടർ ഗൗരവം പൂണ്ടു. അപ്പോൾ എതിർവശത്തെ ചുമരിൽ പതിച്ചിരുന്ന, ഏക പൊന്നോമനയെ കെട്ടിപ്പിടിച്ച് ചിരിക്കുന്ന മാതാപിതാക്കളുടെ “നാമൊന്ന് നമുക്കൊന്ന് ” എന്നെഴുതിയ പോസ്റ്ററിലേക്ക് സംഗീത വെറുതെയൊന്നു നോക്കി. അതുകണ്ട് ഡോക്ടറുടെ പുറകിൽ പരിശോധനാ കട്ടിലിൽ ചാരിനിൽക്കുകയായിരുന്ന നേഴ്സ് കൈയിലിരുന്ന റൈറ്റിങ്ങ് പാഡിലേക്ക് മുഖം താഴ്ത്തി അമർത്തിച്ചിരിക്കുന്നത് അവൾ കണ്ടിരുന്നു.
വിവാഹത്തിനു മുമ്പും പിമ്പും കുട്ടികൾ റഫീഖിന്റെയും അവളുടെയും സംസാരങ്ങളിൽ ഇടം പിടിച്ചിരുന്നു. കുട്ടികൾ വേണ്ട എന്ന അഭിപ്രായക്കാരനായിയുന്നു റഫീഖ്. കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. “ഇത്രയേറെ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് ഒരു ജീവൻ കുറഞ്ഞിരുന്നാൽ അത്രയും നന്ന്” അയാൾ പറഞ്ഞു.” കുട്ടികൾക്കൊപ്പം സൗജന്യമായി കിട്ടുന്ന ഒന്നാണ് സ്വാർത്ഥത.” പിന്നീടൊരിക്കൽ അയാളിലെ ബുദ്ധിജീവി പ്രവചിച്ചു. പക്ഷേ, തന്നോട് ചേർന്നുറങ്ങുന്ന തളിരിളം മേനിയും ഇളം നിറങ്ങളുള്ള കുട്ടിയുടുപ്പും സൗമ്യവും സ്നിഗ്ധവുമായ ബേബി സോപ്പിന്റെ നനുത്ത സുഗന്ധവും അവളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതുകൊണ്ട് ഗർഭം ധരിക്കാനും പ്രസവിക്കാനും വളർത്താനും ശേഷിയുണ്ടെങ്കിൽ ഒന്നല്ല എത്ര കുട്ടികൾ വേണമെങ്കിലും ആവാം എന്ന് അവളും വാദിച്ചു. സൗണ്ട് ഓഫ് മ്യൂസിക്കിലെ മരിയയെപ്പോലെ – ഒരമ്മ മരിയ. “കുട്ടികൾ വേണമെന്ന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ, നമുക്ക് ദത്തെടുക്കാം,” റഫീഖിലെ പ്രായോഗിക ജീവി മറ്റൊരു ദിവസം തലപൊക്കി. അന്നവൾ വല്ലാതെ കോപിച്ചു.
കടും നിറമുള്ള സമാന്തര രേഖകൾ ഇതിനു മുൻപ് തെളിഞ്ഞു വന്ന ആ ദിവസത്തെപ്പറ്റി അവളോർത്തു. വിവാഹം കഴിഞ്ഞ് അഞ്ചാമത്തെ വർഷം. കൃത്യമായി പറഞ്ഞാൽ അവളുടെ ഇരുപത്തിഒൻപതാം പിറന്നാളിന്റെ പിറ്റേന്ന്. കുട്ടികൾ ആകാം എന്നു തീരുമാനിച്ച് ഏതാനും ആഴ്ചകൾക്കുശേഷം. മനസ്സിൽ കുളിർമഴ പെയ്യിച്ച സമാന്തര രേഖകൾ. “കൺഗ്രാജുലേഷൻസ്! യു ഗയ്‌സ് ആർ സൂപ്പർ ഫെർടൈൽ” അറിഞ്ഞപ്പോൾ സ്നേഹിതർ കളി പറഞ്ഞു. “ഇതിപ്പോ സ്വിച്ചിട്ടപോലെയാണല്ലോ, അതിനും വേണം ഒരു ഭാഗ്യം” ഐ വി എഫ് ട്രീറ്റ്‌മെന്റുമായി കഴിയുന്ന സുഹൃദ് ദമ്പതികൾ അസൂയപ്പെട്ടു. തയ്യാറെടുപ്പിനായി ഡോക്ടർ അവൾക്കു നൽകിയ കടും നീല ചില്ലു കുപ്പിയിലെ വിറ്റാമിൻ ഗുളികകൾ തങ്ങളുടെ കഴിവെന്നോർത്ത് ഊറ്റം കൊണ്ടു!
റഫീഖിൽ വന്ന മാറ്റമായിരുന്നു അവിശ്വസനീയം. എത്ര പെട്ടെന്നാണ് അയാൾ തഴക്കം വന്ന ഗർഭശുശ്രുഷകയുടെ വേഷമണിഞ്ഞത്! ഡോക്ടറെ കാണേണ്ട ഇടവേളകളൾ കൃത്യമായി ഓർത്തുവയ്ക്കാനും, അപ്പോഴെല്ലാം ഉത്സാഹത്തോടെ അവളെ അനുഗമിക്കാനും, വൈകുന്നേരങ്ങളിൽ അവളോടൊന്നിച്ച് നടക്കാനും അയാൾ സമയം കണ്ടെത്തി. അവൾക്ക് പഴങ്ങളോടായിരുന്നു കമ്പം. മധുരനാരങ്ങ മുതൽ മാംഗോസ്റ്റീൻ വരെ പട്ടണത്തിൽ കിട്ടാവുന്ന എല്ലാ പഴങ്ങളും അയാൾ അവരുടെ തീൻമേശയിൽ നിരത്തി. ഒരു വേള അയാൾ വീടൊരു പഴത്തോട്ടമാക്കി മാറ്റിക്കളയുമോ എന്നു പോലും അവൾ ശങ്കിച്ചു. ഓഫീസിൽ ഇടയ്ക്കിടെ വിളിച്ച് ജ്യൂസ് കുടിച്ചോ എന്ന് ചോദിക്കുകയും ഭക്ഷണം കഴിക്കാൻ മറക്കരുത് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ അവർ തമ്മിൽ കൊച്ചു പിണക്കങ്ങൾ പോലും ഉണ്ടായി. അവൾക്ക് ലോകത്തെല്ലാത്തിനോടും വല്ലാത്ത സ്നേഹം തോന്നിയ സമയമായിരുന്നു അത്. സാധാരണ ഗർഭിണികളിൽ കാണാറുള്ള ആലസ്യമോ ആവലാതികളോ ആശങ്കകളോ ഒന്നും അവൾക്കുണ്ടായിരുന്നില്ല. തികച്ചും ശാന്തമായൊരു ഗർഭകാലം. ഓപ്പറേഷന്റെ സമയത്തുപോലും അനസ്തേഷ്യയിൽ മയങ്ങാതെ ഡോക്ടറോടും നേഴ്സ്മാരോടും വാതോരാതെ സംസാരിച്ചിരുന്നു അവൾ. ആശുപത്രിയെക്കുറിച്ച് ഓർത്തതും, പൊടുന്നനെ, ചോദ്യാവലികളും തെറാപ്പിസ്റ്റുകളുടെ മുഖങ്ങളും അവളെ വല്ലാത്തൊരു മടുപ്പിലേക്ക് കൂട്ടികൊണ്ടു പോയി.
സ്ട്രിപ്പ് ചവറ്റുകുട്ടയിലെക്കെറിഞ്ഞ് സംഗീത ജോലിയിലേക്ക് തിരിച്ചു പോയി. അനുവാദമില്ലാതെ തലയിൽ നിന്നിറങ്ങി ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയുന്ന ഓർമ്മകൾ കടുത്ത തലവേദനയായി മാറുമെന്നായപ്പോൾ നല്ല സുഖമില്ല എന്നു കാണിച്ച് ലീവിനുള്ള ഇ-മെയിൽ ഓഫീസിലേക്കയയ്ച്ചു.” കെട്ടുപിണഞ്ഞ ചിന്തകളുടെ ഊരാക്കുരുക്കഴിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് കട്ടിലിൽ മൂടിപ്പുതച്ചു കിടന്നു. അച്ചുവിനെ വിളിക്കാൻ സമയമായി, ചേച്ചി പോകുന്നില്ലേ?” എന്നു ചോദിച്ച് ജോലിക്കാരി പെൺകുട്ടി വന്നു വിളിക്കുന്നത് വരെ ആ കിടപ്പ് തുടർന്നു.
ഒൻപതു വയസ്സുള്ള അച്ചു മൂന്നാം ക്ലാസ്സുകാരനാണ്. അവൻ പഠിക്കുന്ന മൂന്നാമത്തെ സ്കൂളാണിത്. മൂന്നൂറിൽത്താഴെ കുട്ടികൾ പഠിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ. പക്ഷേ റോഡരുകിലെ വാഹനങ്ങളുടെ എണ്ണം കണ്ടാൽ അങ്ങിനെ തോന്നുകയില്ല. കുട്ടിക്ക് ഒന്നെന്ന കണക്കിൽ ബി എം ഡബ്ലിയു മുതൽ ഓട്ടോറിക്ഷകൾ വരെയുണ്ട്. സ്കൂളിന് സ്വന്തമായുള്ള മഹീന്ദ്രയുടെ മിനി ബസ്സും വാനും പകുതിയോളം സീറ്റും ഒഴിച്ചിട്ടുകൊണ്ടാണ് വർഷം മുഴുവൻ ഓടുന്നത്. ഈ വർഷം മുതൽ അച്ചുവിനെ സ്കൂൾ ബസ്സിൽ വിടണം എന്നവൾ കരുതിയതാണ്. എന്നും രാവിലെയും വൈകുന്നേരവും തിരക്കേറിയ ഹൈവേ മുറിച്ചു കടന്ന് ബസ്സ്റ്റോപ്പിൽ ചെന്നു നിൽക്കുന്നത് അച്ചുവിനെ സംബന്ധിച്ചിടത്തോളം ആപകടം ക്ഷണിച്ചു വരുത്തലാണ്. റഫീക്ക് വിലക്കി.
റോഡിൽ നിന്നും സ്കൂൾ കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴി കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന അമ്മമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം വരെ അവളും അവരോടൊപ്പം ചേരുകയായിരുന്നു പതിവ്. മാർക്കുകൾ, ഗ്രേഡുകൾ, ഡാൻസ്, പാട്ട്, അബാക്കസ്, സ്ക്കേറ്റിംഗ്, കരാട്ടെ , സ്പെല്ലിങ് ബീ, ട്യൂഷൻ, സ്കോളർഷിപ്പ് പരീക്ഷകൾ, എൻട്രൻസ് കോച്ചിംഗ് അങ്ങിനെയങ്ങിനെ നീണ്ടുപോകുന്ന വിശേഷങ്ങൾ. ഭാവിയിലെ ജീവിതമത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ! ഭൂമിയുടെ സ്പന്ദനങ്ങളെ നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങൾ! ഒരു വരണ്ട ചിരിയോടെ എല്ലാം കേട്ടുനിൽക്കുമ്പോൾ അച്ചുവിനേയും കൊണ്ട് നിങ്ങളുടെ വീട്ടിൽ കളിക്കാൻ വരട്ടെ എന്ന് ചോദിക്കാൻ സംഗീത വെമ്പും. വിചിത്രമെന്നു തോന്നുമെങ്കിലും അത്തരമൊരു ചോദ്യത്തിനുള്ള പഴുത് അവൾക്കൊരിക്കലും ലഭിച്ചില്ല.
കൂടിളകിയ ഉറുമ്പുകളെപ്പോലെ ചിന്തകൾ വീണ്ടും പരക്കം പായാൻ തുടങ്ങവേ സ്ക്കൂളിൽ ബെല്ലടിച്ചു. ഒരു നെടുവീർപ്പോടെ സംഗീത കാറിൽ നിന്നും പുറത്തിറങ്ങി. കൊച്ചു ബാഗും കുടയും ഊണു സഞ്ചിയുമായി അമ്മമാരുടെ കൈയിൽ തൂങ്ങി ക്ലാസ്സിലെ അന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പെൺകുട്ടികൾ. ടീച്ചർ കൈയിൽ വരച്ച നക്ഷത്രം മായാതെ സൂക്ഷിച്ച് അച്ഛനെ കാണിക്കുന്ന ഒരു മിടുക്കൻ. ഇനിയൊരു യുഗം തമ്മിൽ കാണാൻ കഴിയില്ല എന്ന മട്ടിൽ കൂട്ടുകാരോട് റ്റാ റ്റാ പറയുന്ന വേറെ ചിലർ. ബാഗും കുടയും നിലത്തുവച്ച് അമ്മയുടെ കൈയിലെ പ്ലാസ്റ്റിക്ക് ബാഗിൽ നാലുമണിപ്പലഹാരം ആകാംഷയോടെ തിരയുന്ന മറ്റു ചിലർ. കിട്ടിയ ഇത്തിരി സമയംകൊണ്ട് ഗ്രൗണ്ടിലെ ഊഞ്ഞാലിലും സ്ലൈഡിലും സീസോയിലും കയറി മറിയുന്ന വേറെ ചിലർ. ഇവർക്കിടയിൽ എവിടെയായിരിക്കും അച്ചുവിന്റെ സ്ഥാനം? തന്റെ അനാവശ്യ ചിന്തകളെ കുടഞ്ഞെറിഞ്ഞ് അവർക്കിടയിലൂടെ മൂന്നാം ക്ലാസ്സിനെ ലക്ഷ്യമാക്കി അവൾ നടന്നു.
അച്ചുവിനേയും കൊണ്ട് തിരിച്ചു പോരുമ്പോൾ, വാരാന്ത്യങ്ങളിൽ അവർ ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ കയറി. ഹോട്ടലിനോട് ചേർന്ന ഡേകെയർ സെന്ററിന്റെ മുറ്റത്ത് കുട്ടികൾ കളിച്ചു തിമിർക്കുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് ദൈവം ഒരു കടുത്ത പക്ഷപാതിയാണെന്ന് അവൾക്കു തോന്നുക. പതിവില്ലാതെ, ആ നേരത്ത് അവളെയും സ്കൂൾ യൂണിഫോമിലുള്ള അച്ചുവിനെയും കണ്ട് “സാർ എങ്കെ” എന്നു ചോദിച്ചുകൊണ്ട് പരിചയക്കാരനായ വെയിറ്റർ ഓടി വന്നു. ഓർഡറെടുക്കുമ്പോൾ “ഉങ്കൾക്ക് ഒന്നും വേണ്ടാമാ” എന്നയാൾ ഉപചാരപൂർവ്വം ചോദിച്ചു. അച്ചു ഓർഡർ ചെയ്ത മസാലദോശ കൊണ്ടു വയ്ക്കുമ്പോൾ “എന്നാ മാഡം, ഒടമ്പ് സരിയിലേ” എന്ന് ആ വെയ്റ്റർ വീണ്ടും അടുപ്പം കാട്ടി. അവൾക്കയാളോട് അകാരണമായി ദേഷ്യം തോന്നി. അയാളെയെന്നല്ല ലോകത്തെ ഒന്നടങ്കം ആ നിമിഷം അവൾ വെറുത്തു.
“തനിക്കെന്താ സുഖമില്ലേ? അതോ ഇന്നും ആ മാനേജരുമായി ഉടക്കിയോ?” ജോലിക്കാരി പെൺകുട്ടി ഉണ്ടാക്കിക്കൊടുത്ത ചായ ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവയ്ക്കുമ്പോൾ അവളുടെ മുഖവും തുളച്ചു കയറിയ വിക്സിന്റെ മണവും ശ്രദ്ധിച്ചിട്ടാവണം റഫീഖ് അതു ചോദിച്ചത്.
“ലീവ് എടുത്തു.” അവൾ പറഞ്ഞു. “സ്ട്രിപ്പ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് മെസ്സേജ് അയച്ചിരുന്നു. കണ്ടില്ലേ?” അവൾ ചോദിച്ചു. “മോനെ വിളിക്കാൻ പോയവഴി ലാബിൽ കയറി. യൂറിൻ ടെസ്റ്റിന് കൊടുത്തിട്ടുണ്ട്.” അവൾ
അയാൾക്കെതിരേയുള്ള കസേരയിൽ ഇരുന്നു.
റഫീഖ് കുറേ നേരത്തെക്ക് ഒന്നും മിണ്ടിയില്ല. നിശബ്ദനായി അവളെ നോക്കി. അയാളുടെ ഹൃദയത്തിൽ ഇളകിമറിയുന്ന സങ്കടക്കടലിന്റെ തിരയൊച്ചകൾ അവൾക്കു കേൾക്കാം. അയാളുടെ സിരകളിലൂടെ പതഞ്ഞൊഴുകി കണ്ണുകളിൽ അടിഞ്ഞുകൂടി ചുണ്ടുകളെ വിറകൊള്ളിക്കുന്ന ഭയം അവളുടേതു കൂടിയാണ്.
രണ്ടു വയസ്സായിട്ടും അച്ചുവിന്റെ സംസാരം ഒറ്റ വാക്കുകളിൽ മാത്രം ഒതുങ്ങിയപ്പോഴാണ് ആകുലതകൾ ആദ്യമായി അവളിൽ തലപൊക്കിയത്. അമ്മയോടും ഉമ്മയോടും റഫീഖിനോടും അച്ചുവിനെ നോക്കുന്ന ഡോക്ടറോടും പരാതി പറഞ്ഞു. പക്ഷേ എല്ലാവരും അതവളുടെ അനാവശ്യ വേവലാതിയാണെന്ന് കുറ്റപ്പെടുത്തി. “നീ ആ പരമേശ്വരനെ നോക്ക്. അവൻ ആറു വയസ്സുകഴിഞ്ഞാണ് സംസാരിക്കാൻ തുടങ്ങിയത്. അതും തിരുവള്ളൂർ കാവിൽ നാവും നാരായവും നേർന്നിട്ട്. ആ സുമത്തിന്റെ മോനെ നോക്ക്. മൂന്നു വയസ്സുവരെ ഒന്നും മിണ്ടാതിരുന്ന ചെക്കൻ ഇപ്പോൾ മണി മണി പോലെയല്ലേ സംസാരിക്കുന്നത്.” അമ്മ ചുറ്റുവട്ടത്തു നിന്നുള്ള ഉദാഹരണങ്ങൾ നിരത്തി. “അവന്റെ ചെവിക്ക് കൊഴപ്പൊന്നും ഇല്ലല്ലോ. ആവശ്യത്തിന് വാക്കുകളും പറയും. പിന്നെ ഓരോ കുട്ടികളും ഓരോ വിധല്ലേ. അതിന് നീയിങ്ങനെ ബേജാറാവാനൊന്നില്ല” ഉമ്മ പറഞ്ഞു. “ഇത് കടിഞ്ഞൂൽ കുഞ്ഞിനെ വളർത്തുന്ന എല്ലാവരുടെയും പ്രശ്നമാണ് ” കൂട്ടുകാരും പറഞ്ഞു. “വനിതാ മാസികൾ വായിക്കുന്നതും ടിവി കാണുന്നതും കുറച്ചാൽ ഇത്തരം ചിന്തകൾക്ക് നല്ല ആശ്വാസം കിട്ടും” കുട്ടികളുടെ ഡോക്ടർ പോലും അവളെ പരിഹസിച്ചു.
വീണ്ടും ഏതാനും മാസങ്ങളെടുത്തു അച്ചുവിന് ഓട്ടിസമാണെന്ന് തിരിച്ചറിയാൻ. തെറാപ്പിക്കുവേണ്ടി കാത്തിരിക്കുന്ന ഇടവേളകളിലാണ് അവൾ ആ അമ്മ ഹൃദയങ്ങളെ കണ്ടത്. അമ്മയെപ്പോലും തിരിച്ചറിയാൻ കഴിയാത്ത, വാക്കുകൾ അന്യമായ, ശബ്ദങ്ങളെ ഭയപ്പെടുന്ന, കളിക്കൂട്ടുകാരെ തേടാത്ത, ആവർത്തന വിരസമായ സംസാരവും ചേഷ്ടകളുമായി, അവയവങ്ങളെ വരുതിയിൽ നിർത്താൻ പാടുപ്പെടുന്ന, സാമൂഹിക സൂചകങ്ങൾക്കു മുമ്പിൽ പതറി നിൽക്കുന്ന ഒരു കൂട്ടം കുഞ്ഞിക്കൈകളുടെ ഉടമസ്ഥരായ അമ്മ ഹൃദയങ്ങൾ. ആ കുഞ്ഞിക്കൈകളിൽ പലതും സഹോദരങ്ങളുടേതായിരുന്നു.
“നമുക്കിതു വേണ്ട” വീശിയടിക്കാൻ സാധ്യതയുള്ള അന്തമില്ലാത്ത കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെടാനുള്ള തിടുക്കത്തിൽ റഫീഖ് പറഞ്ഞു. സങ്കടത്തിന്റെ അതിരുകൾ പിന്നിട്ട് കണ്ണീർ പൊടിയുമെന്ന ഭയത്താലാകണം പറഞ്ഞു തീർന്നതും പാടകെട്ടിയ ചായക്കപ്പ് മേശപ്പുറത്തുപേക്ഷിച്ച് അയാൾ എഴുന്നേറ്റു പോയി. മേശയുടെ അങ്ങേത്തലക്കൽ അച്ചു അപ്പോഴും ഒരൊറ്റത്തോണി മാത്രം ഒഴുകിനടക്കുന്ന അവന്റെ വിശാലമായ കടലിന് നീലനിറം പകരുകയായിരുന്നു.
വാരാന്ത്യത്തിൽ, ഇടതടവില്ലാതെ വന്നു പോകുന്ന പല വലിപ്പമുള്ള വയറുകളേയും നോക്കി, അലിവും വാത്സല്യവും പടരുന്ന അന്തരീക്ഷത്തിൽ തങ്ങളുടെ ഊഴവും കാത്തിരിക്കുമ്പോൾ ഇളം നിറങ്ങളുള്ള കുഞ്ഞുടുപ്പും നനുത്ത മേനിയും ബേബി പൗഡറിന്റെ നേർത്ത സുഗന്ധവും വീണ്ടും തുള്ളിത്തെറിച്ച് അവൾക്കരികിലേക്ക് കടന്നു വന്നു. പിന്നെ അവളുടെ കുറിഞ്ഞിപ്പൂച്ചയെപ്പോലെ തങ്ങളെ ഓമനിക്കൂ എന്നമട്ടിൽ മുട്ടിയിരുമ്മി അവൾക്കരികിൽ കാത്തുനിന്നു. അപ്പോഴാണ് നഴ്‌സ് വാതിൽ തുറന്ന് പുറത്തേക്കു തലനീട്ടി അവളുടെ പേര് വിളിച്ചത്.
മുടി വട്ടത്തിൽ കെട്ടിവച്ച് വലിയൊരു കുങ്കുമപ്പൊട്ടുതൊട്ട് കണ്ണട വച്ച ഡോക്ടർ അവരെ ചിരിയോടെ സ്വീകരിച്ചു. പക്ഷേ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് കേട്ടതും ആ മുഖത്തെ പ്രസന്നഭാവം മാഞ്ഞു. റഫീഖ് കാര്യകാരണങ്ങൾ ആ മഴക്കാറിനു കീഴിൽ നിരത്തി വച്ചു. എത്ര പെട്ടെന്നാണ് സാധ്യതകളെക്കുറിച്ചും ഈശ്വരനെക്കുറിച്ചും മാത്രം സംസാരിക്കുന്ന ഒരു സന്യാസിനിയായി ഡോക്ടർ മാറിയത്! ഒരു ഭാഗ്യപരീക്ഷണത്തിന് ത്രാണിയില്ലെന്ന് റഫീഖ് വിഷമിച്ചു. ഈശ്വരൻ ഒരു തികഞ്ഞ പക്ഷപാതിയാണ് സംഗീത ആത്മഗതം ചെയ്തു. അപ്പോഴൊക്കെയും മുറിയിലുണ്ടായിരുന്ന നഴ്സിന്റെ സഹതാപക്കണ്ണുകൾ അവരെ ഉഴിഞ്ഞുകൊണ്ടിരിക്കുന്നു. ഡോക്ടറുടെ ഉണ്ടക്കണ്ണുകൾക്ക് നീണ്ടു വന്ന് തന്റെ ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ പരിശോധിക്കാൻ ആയെങ്കിലെന്ന് അവൾ ആശിച്ചു പോയി. ആ ആശയിലെ ദൈന്യത തെറ്റിദ്ധരിച്ചതു കൊണ്ടാകണം ഗുളികൾ കുറിച്ചു നൽകുമ്പോൾ കഴിക്കുന്നതിനു മുൻപ് ഒന്നു കൂടി ആലോചിക്കണമെന്ന് ഡോക്ടർ അവരോട് പറഞ്ഞത്.
രാത്രിയിൽ, പതിവില്ലാതെ, അമർത്തിയടച്ച ജനൽപ്പാളികൾ കടന്നെത്തിയ അയല്പക്കത്തെ കുഞ്ഞിന്റെ കരച്ചിൽ അവളെ ഉണർത്തി. വിശന്നിട്ടാവണം അതു കരഞ്ഞത്. വൈകാതെ ആ കരച്ചിലൊരു നേർത്ത മൂളലായി മാറി. അവൾ അടുത്തു കിടന്നുറങ്ങുന്ന അച്ചുവിനെ വാത്സല്യപൂർവ്വം ചേർത്തണച്ചു. കുഞ്ഞുടുപ്പുകൾ ഉറങ്ങിക്കിടന്ന അവൾക്കു ചുറ്റും മോഹവലയങ്ങൾ തീർത്തു.
വാങ്ങികൊണ്ടു വന്ന ഗുളികകൾ മേശപ്പുറത്തു തന്നെ അവളെയും കാത്തിരുന്നു. അതു കാണുമ്പോഴെല്ലാം, തീരുമാനിച്ചു കഴിഞ്ഞിട്ട് വീണ്ടും താമസിപ്പിക്കുന്നതെന്തിനെന്ന് റഫീഖ് കടുപ്പിച്ചു.
എന്നിട്ടും കുട്ടിയുടുപ്പുകളും ബേബി പൗഡറിന്റെ നേർത്ത സുഗന്ധവും അവളെ വിട്ടുപോകാൻ കൂട്ടാക്കിയില്ല. അച്ചുവിനെ പഠിപ്പിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴും അവ അവളുടെ ഏകാഗ്രതയെ കെടുത്തി. അച്ചു അവളുടെ ശ്രദ്ധയില്ലായ്മയെക്കുറിച്ച് പരാതിപ്പെട്ടില്ല. അവൻ പതിവുപോലെ കളിപ്പാട്ടങ്ങൾ അവയുടെ നിറങ്ങൾക്കനുസരിച്ച് അടുക്കി വയ്ക്കുകയും, തീവണ്ടി കാണണമെന്ന് വാശിപിടിക്കുകയും, ചിത്രം വരയ്ക്കുകയും, അവളുടെ നെഞ്ചിൽ കിടന്നുറങ്ങുകയും ചെയ്തു.
അന്നും ഉച്ചമയക്കത്തിൽ അവൾ ആ ഇരട്ടക്കുട്ടികളെ സ്വപനം കണ്ടു. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്. അവരിൽ ഒരാൾ ഒരേ നിറമുള്ള ടോയ്ക്കാറുകൾ മുറിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരത്തിവച്ച് കളിക്കുകയായിരുന്നു. അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് മറ്റേ കുട്ടി ഒരു കത്തിയുമായി അച്ചുവിനു പുറകേ പായുന്നു. അവൾ ഞെട്ടിയുണർന്നു. കിടക്കയിൽ തെളിഞ്ഞു വരുന്ന ചോരപ്പടർപ്പുകൾ. എഴുന്നേറ്റ് കുളിമുറിയിലേക്കോടി. ഒഴുകിയിറങ്ങുന്ന ഊതനിറം കലർന്ന ചോരപ്പുഴയ്ക്ക് മുഖം കൊടുക്കാതെ ഷവറിനടിയിൽ ചെന്നു നിന്ന് പൈപ്പ് തുറന്നു. വിട്ടൊഴിയുന്ന ഭയം കുറ്റബോധത്തിന്റെ വേഷമണിയും മുൻപ് അവൾ കണ്ണുകൾ ഇറുക്കിയച്ചു.
അപ്പോൾ അച്ചു സ്കൂളിലും റഫീഖ് ഓഫീസിലുമായിരുന്നു