ഉറക്കങ്ങളെ ഉണർത്തിയും
ഉണർവ്വുകൾക്ക് ആവേശം നല്കിയും
ആവർത്തനം കൊണ്ട് സ്വഭാവം നശിച്ച്
ഭാവം നഷ്ടപ്പെട്ട ഒരു രാജ്യമാണ് ഞാൻ.
ജലത്തിന്റെ ആരവത്താൽ ഉരുണ്ടും തേഞ്ഞും
സദാ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന
ഉരുളൻകല്ലുകൾ പോലെയുള്ളതാണെന്നിലെ നിയമം.
ഓരോ ചലനവും മാറ്റവും എനിക്ക്
പുതുവേഷം നല്കുന്നുണ്ടെന്ന് ധരിക്കുന്നവളാണ്
പക്ഷേ
ഓരോ വേഷവും എന്റെ ശാശ്വതമായൊരു
വേഷമായി മാറുകയാണെന്നുള്ളത്
എൻറെ തെറ്റിദ്ധരാണ മാത്രമാണത്രേ.
എൻറെയിടങ്ങൾ മുഴുവൻ ആവർത്തനമായിരുന്നെന്ന്
പൊള്ളത്തരം കൊണ്ട് അറിഞ്ഞിരുന്നില്ല
എനിക്ക് വേഷങ്ങളേ ഉള്ളൂ
സ്വഭാവമില്ല
ഉച്ചരിക്കാനേ കഴിയൂ
സംസാരിക്കാൻ കഴിയില്ല.
എന്നിൽ യാത്രയേ ഉള്ളൂ പുരോഗമനം ഇല്ല
ഓരോ ചലനത്തിനും മാറ്റമുണ്ടായിട്ടും
ബോധമില്ലായിരുന്നു
വികാരമില്ലായിരുന്നു
വേദനയോ ദു:ഖമോ ഇല്ലായിരുന്നു.
ആവർത്തനത്തിൻറെ ഭൂമികയിൽ
പൊള്ളയായ വേഷങ്ങൾക്ക്
പരിണാമത്തിന്റെ അരങ്ങിൽ
മാറ്റം വരാത്ത
രാഷ്ട്രീയമായിരുന്നു എന്റേത്.
അഗാധവും മോചനമില്ലാത്തതുമായ
അവസ്ഥയിലേക്ക്,
ഇരുട്ടിലേക്ക്,
നിശ്ചലതയിലേക്ക്,
അനിശ്ചിതത്വത്തിലേക്ക്,
മരണത്തിലേക്ക്
ഊർന്നിറങ്ങയാണ്.
അതേ
ഞാനെന്ന രാജ്യം നിസ്സഹായതയുടെ
ജനാധിപത്യമാണ്.