ഞാൻ കണ്ട തൂവാനത്തുമ്പികൾ

മലയാള സിനിമയുടെ തട്ടകത്തിലേക്ക് കഥകളുടെ തമ്പുരാൻ പദ്മരാജന്റെ തൂവാനത്തുമ്പികൾ പറന്നിറങ്ങിയിട്ട് 34 വർഷം. ഓരോ പ്രായത്തിലും വീണ്ടും കാണുമ്പോൾ വ്യത്യസ്ത ആസ്വാദന അനുഭവം തരുന്ന ഇതുപോലൊരു സിനിമ ലോക സിനിമയിൽ തന്നെ മറ്റൊന്നുണ്ടോ എന്നു സംശയമാണ്.

ആദ്യമായി തൂവാനത്തുമ്പികൾ കാണുമ്പോൾ എനിക്ക് പത്തു വയസ്സോ മറ്റോ ആണ്‌ പ്രായം. അന്ന് കണ്ടപ്പോൾ മോഹൻലാൽ തേങ്ങ എണ്ണുന്ന സമയത്ത് അയൽക്കാരനായ ജഗതി വഴക്കിടാൻ വരുന്നതും പിന്നീട് ജഗതിയെ കാറിൽ കയറ്റി മോഹൻലാൽ കൈകാര്യം ചെയ്യുന്നതുമായ സീനുകൾ ഒക്കെയാണ് മനസ്സിൽ പതിഞ്ഞത്. സ്കൂളിൽ നാം കണ്ട  സിനിമാ വിശേഷങ്ങൾ പങ്കിടുമ്പോൾ  സിനിമയിലെ നർമ്മ രംഗങ്ങങ്ങളും സംഘട്ടന രംഗങ്ങളുമായിരിക്കും കുഞ്ഞു മനസ്സിൽ എപ്പോഴും ഉണ്ടാകുന്നത്.

കുറച്ചു കൂടി വളർന്നു കൗമാര പ്രായമായപ്പോഴേക്കും പല കോണിൽ നിന്നും മലയാളത്തിലെ ക്ലാസ്സിക്‌ സിനിമകളുടെ ലിസ്റ്റിൽ പലയിടത്തും  തൂവാനത്തുമ്പികൾ ചർച്ച ചെയ്യപ്പെടുന്നത് കേൾക്കാനിടയായി. പക്ഷെ അപ്പോഴും എന്റെ ഓർമ്മയിൽ ജഗതിയുടെ കോമഡി രംഗങ്ങൾ മാത്രമേ സിനിമയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്നുള്ളൂ. ഇതിത്ര വലിയ ക്ലാസ്സിക്‌ ആണോ എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. ഒന്നുകൂടി കാണാം എന്നു വിചാരിച്ചാൽ ഇന്നത്തെ പോലെ മനസ്സിൽ വിചാരിക്കുന്ന സിനിമ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലഘട്ടവുമല്ല അന്ന്. പിന്നീട് എപ്പോഴോ ടീവിയിൽ സിനിമ വന്നപ്പോൾ യാദൃശ്ചികമായി വീണ്ടും സിനിമ കാണാൻ അവസരം ലഭിച്ചു. അന്ന് ഞാൻ കണ്ട തൂവാനത്തുമ്പികൾ പത്തുവയസ്സുള്ള ഒരു കുട്ടി കണ്ട ജഗതി – മോഹൻലാൽ തമാശ മാത്രമുള്ള ഒരു സിനിമ അല്ലായിരുന്നു. ഒരു ആക്ഷൻ സീൻ പോലുമില്ലാതെ മണ്ണാർത്തൊടി ജയകൃഷ്ണന്റെ ഹീറോയിസം ഏതൊരു കൗമാരക്കാരനെയും ഹരം കൊള്ളിക്കുന്ന ഒന്നായിരുന്നു. “മ്മക്ക് ഒരു നാരങ്ങാ വെള്ളം കാച്ചിയാലോ? “എന്നു പറഞ്ഞു ഋഷിയെയും കൂട്ടി പോയി നാരങ്ങാ വെള്ളത്തിൽ ഐസ് ഇട്ടില്ലെന്നു പറഞ്ഞു കടക്കാരനോട് ഉടക്കി ബാറിൽ പോയി ഡേവിഡേട്ടനോട് “കിങ്ഫിഷർ ഉണ്ടാ ചിൽഡ് ” എന്നു ചോദിക്കുന്ന നായകനിലൂടെ ഹീറോയിസം കാണിക്കുന്ന പപ്പേട്ടന്റെ രചനാ പാടവം അന്നുവരെയുള്ള സിനിമകളിലെ നായകന്റെ ഹീറോയിക് ഇമേജുകളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു. ഉദകപോള എന്ന തന്റെ ചെറുകഥയിൽ ഉണ്ടായിരുന്ന  പട്ടണത്തിന്റെയും ഗ്രാമത്തിന്റെയും രീതികൾ പുലർത്തുന്ന രണ്ടു വ്യത്യസ്ത  കഥാപാത്രങ്ങളെ  സമന്വയിപ്പിച്ചു ദ്വന്ദ്വവ്യക്തിത്വങ്ങൾ പുലർത്തുന്ന ജയകൃഷ്ണൻ എന്ന  ഒറ്റ കഥാപാത്രമായി പപ്പേട്ടൻ തൂവാനതുമ്പികളിൽ അവതരിപ്പിച്ചപ്പോൾ കാലം കാത്തിരുന്നു കരിക്കട്ടയെ വജ്രമാക്കുന്ന പോലെ ജയകൃഷ്ണനെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ലാലേട്ടനും. അതി മനോഹരമായി തന്നെ ലാലേട്ടൻ ആ വേഷം കൈകാര്യം ചെയ്യുകയും ചെയ്തു.

പിന്നെയും കാലം കടന്നു പോയി. ഒരു യുവാവായി ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ ശേഷം വീണ്ടും തൂവാനത്തുമ്പികൾ കാണാൻ ഇടയായി. ക്ലാരയും ജയകൃഷ്ണനും ജോൺസൻ മാഷിന്റെ പശ്ചാത്തല  സംഗീതവുമൊക്കെ മഴയുടെ തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങിയത് ആ കാഴ്ചയിലാണ്. ആദ്യ രണ്ടു കാഴ്ചയിൽ നിന്നും ലഭിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു ഇപ്രാവശ്യം ലഭിച്ചത്. പിന്നീട് എത്രയോ പ്രാവശ്യം തൂവാനത്തുമ്പികൾ കണ്ടു. ഓരോ കാഴ്ചയിലും എന്തെങ്കിലും ഒക്കെ പുതിയതും വ്യത്യസ്തവുമായ അനുഭവം തരാൻ സാധിക്കുന്നൂ എന്നതാണ് തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ ഞാൻ കണ്ട പ്രത്യേകത. ചിലപ്പോൾ അത് കഴിഞ്ഞ കാഴ്ചയിൽ നമ്മൾ കാണാതെ പോയ ഒരു ഡയലോഗാവാം, ജയകൃഷ്ണന്റെയോ തങ്ങളുടെയോ, ഋഷിയുടെയോ, രാധയുടെയോ, ക്ലാരയുടെയോ ഒക്കെ ചില മാനറിസങ്ങളാകാം. തൂലികയിലൂടെ മാത്രം ജനിച്ച മദർ സുപ്പീരിയർ പോലുമാകാം.

ഈ സിനിമയോട് ആഭിമുഖ്യം ഉള്ളവർ ഒരുമിച്ചിരുന്നു ഈ ചിത്രം കാണാനും ഒരിക്കൽ അവസരം ലഭിച്ചു. അന്ന് ഞങ്ങൾ ശ്രദ്ധിച്ച ഒരു ഡയലോഗ് പറയാം. ഋഷിയോട്  ബാറിൽ മദ്യം കഴിച്ചു നിൽക്കുമ്പോൾ ജയകൃഷ്ണന്റെ പട്ടണത്തിലെ കൂട്ടുകാർ ജോലിയെ പറ്റി ചോദിക്കുന്നുണ്ട്. അപ്പോൾ ടൗണിൽ ദേവി ഇലക്ട്രിക്കൽസ്‌ എന്നൊരു ഷോപ്പ് നടത്തുന്നു എന്നു ഋഷി മറുപടി പറയുമ്പോൾ  “ദേവി ഇലക്ട്രിക്കൽസോ – ദേവിക്കും ഇലക്ട്രിസിറ്റിയോ” എന്നൊരു ചോദ്യമുണ്ട്. ഇതുപോലെ ഈ ചിത്രത്തിലെ ഒരു നൂറു ഡയലോഗ് എങ്കിലും സിനിമാ ആസ്വാദകർക്ക് ഹൃദിസ്ഥമാണ്.

പദ്മരാജൻ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ സീനുകൾ വർഷങ്ങൾ കഴിഞ്ഞും ആ സിനിമയെ പറ്റി ഓർക്കുമ്പോൾ മുന്നിലുള്ള ഒരു സ്‌ക്രീനിൽ കാണുന്ന പോലെ മനസ്സിൽ തെളിഞ്ഞുവരും എന്നുള്ളതാണ്. മറ്റു പല സംവിധായകരും അവരുടെ  സിനിമകൾ നമ്മേ കണ്ണിലൂടെ കാണിച്ചു വിസ്മയിപ്പിക്കുമ്പോൾ പദ്മരാജൻ പ്രേക്ഷകനെ സിനിമ കാണിക്കുന്നത് അയാളുടെ ഹൃദയത്തിലൂടെയാണ് എന്നു തോന്നിയിട്ടുണ്ട്. നാം അറിയാതെ ആ കഥാപാത്രങ്ങളും സീനുകളും എല്ലാം നമ്മുടെ മസ്തിഷ്കത്തിൽ രജിസ്റ്റർ ചെയ്യപ്പെടുകയും നാം ഓർക്കുമ്പോൾ ഹൃദയത്തിൽ സിനിമ അനുഭവപ്പെടുകയും ചെയ്യുന്ന വല്ലാത്ത ഒരു ആഖ്യാനരീതി. ഒരു പക്ഷെ ഇതിൽ അസൂയ പൂണ്ടു ഗന്ധർവന്മാർ അദ്ദേഹത്തെ നേരത്തെ അവരുടെ ലോകത്തേക്ക് ക്ഷണിച്ചതാകാം. പലവട്ടം കണ്ടതാണെങ്കിലും സീനുകളും ഡയലോഗുകളും എല്ലാം ഉള്ളിൽ ഉണ്ടെങ്കിലും ഇന്നു ഒന്നുകൂടി തൂവാനത്തുമ്പികൾ കാണണം. കാരണം പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ഈ ചിത്രം. ഓരോ വട്ടം കാണുമ്പോഴും പുതിയ  എന്തെങ്കിലും ഒരനുഭവം ഈ സിനിമക്ക് തരാനുണ്ടാകും.

തിരുവന്തപുരം, കിളിമാനൂർ സ്വദേശി. കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു.