ഞാനൊന്നെഴുതിത്തുടങ്ങുമ്പോൾ…

ഒളിച്ചുവച്ചയൊരക്ഷരത്തിന്റെയാത്മാവിൽ
ഞാനെന്നെയെഴുതിച്ചേർക്കട്ടേ!

വേർപാടിന്റെ
നോവുപെയ്യുന്ന
ചൂട്ടുകെട്ടുകൾ
വെളിച്ചം വീശിയിറകാട്ടിത്തിരിച്ചു പോകുന്നു.
കാറ്റിറങ്ങാത്ത
രാത്രികളെത്തേടി
സ്വേദകണങ്ങളലയുന്നു.

ഊടും പാവും നെയ്യുന്ന
ചിന്തകളിൽ
നവരസങ്ങളുടെ
ജീർണ്ണിച്ചുപോകാത്ത
ഇടവഴികളുണ്ട്.
കാലങ്ങൾ തോൽവിയുടെ
ശൂന്യത നികത്തുന്നു.
അക്ഷരപ്രാസങ്ങൾ
മതിലുകളിലാലേഖനം
ചെയ്യപ്പെടുന്നു.

കൂരിരുട്ടു വലയംചെയ്ത
കുറ്റിച്ചെടികളിലാത്മാവിലെ
സ്വരങ്ങൾ
പിച്ചവയ്ക്കുന്നു.
നിന്നെയോർക്കാത്ത
പകലുകളെ
ചില്ലക്ഷരങ്ങളാലൂഞ്ഞാലു
കെട്ടിയന്തിച്ചോപ്പിലാറാടിക്കുന്നു.

ജ്ഞാനമേറിയോരക്ഷരങ്ങൾ
മതിഭ്രമത്താലെന്നെ നോക്കുന്നു.
ഭ്രമണപഥം തേടി
ശിരോവസ്ത്രത്തിലൊളിക്കുന്നു.

മൃത്യുവെന്നെയപഹരിക്കും മുന്നേ
നീയിറുത്ത മഷിത്തണ്ടിനാലന്നു
മാഞ്ഞുപോയ
വരികളെയിനി ഞാൻ
പുനരുജ്ജീവിപ്പിക്കട്ടേ!
സചേതനതൻ മൊഴിമുത്തുകൾ
വിരൽത്തുമ്പിനാൽ
ഞാനൊന്നെഴുതിത്തുടങ്ങട്ടേ!

സ്വദേശം ഒറ്റപ്പാലം.ചെന്നൈയിൽ താമസം. മലയാളം മിഷൻ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. സംഗീതം, നൃത്തം, എംബ്രോയ്ഡറി, ഗ്ലാസ്സ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് എന്നിവയാണ് ഒഴിവുസമയ വിനോദങ്ങൾ . കവിതകൾ പൂക്കും കാലം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.