ഞാനും നീയും തമ്മിൽ

ഇന്നലെ വരെ നീ എനിക്കാരുമായിരുന്നില്ല.
നിന്റെ വശ്യമായ പുഞ്ചിരി
എന്റെ മിഴികളെ തഴുകിയിട്ടില്ല.
നിന്റെ പേനത്തുമ്പിൽനിന്നടർന്നുവീണ
സുവർണ്ണ ലിപികൾ
എനിക്കായി സൗജന്യമൊന്നും നൽകിയില്ല..
നിന്നെ ഞാൻ അറിഞ്ഞിരുന്നില്ല സോദരാ..

ആത്മഹത്യയോ കൊലപാതകമോ  
വേർതിരിച്ചറിയുവാനാവാത്ത
നിന്റെ മരണം..
ഇന്നെനിക്കു നീ എല്ലാമാണ്.
ഈ നാടിന്റെ വിങ്ങലാണ്
ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത
മനുഷ്യരുടെ ഹൃദയത്തിൽ എരിഞ്ഞടങ്ങാത്ത കനലാണ് നീ

നിന്നെ മരണത്തിലേക്ക് തള്ളിവിട്ടത് ഞാനാണ്
നിന്നെ മാത്രമല്ല
നിന്നെപ്പോലെ ഒരായിരം പേരെ
ഞാൻ കൊന്നൊടുക്കിയിട്ടുണ്ട്
ഇനിയും എണ്ണമില്ലാത്തവർ
എന്റെ ആയുധത്താൽ കൊല്ലപ്പെടും.

നാവാണെന്റെ ആയുധം.
അധികാരമാണെന്റെ ശക്തി
അഹങ്കാര തിമിരം ബാധിച്ച അന്ധതയാണെന്റെ കവചം
പോയി മറയുക ഇരുകാലികളെ
ഇവിടം എന്റെയാണ്
എനിക്കുമാത്രം ഉള്ളതാണന്നറിയുക നിങ്ങൾ

കോട്ടയം സ്വദേശി. കേന്ദ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പോൾ എറണാകുളത്ത് താമസം