ഞാനക്കുറൾ – 8

പൊള്ളിയട൪ന്ന ഉഷ്ണപ്പകലിൽ നിന്ന് എരിതീയിലേക്ക് ഇരവിയുടെ ഉറക്കം വീണു. മേലാകെ വിയ൪ത്ത അയാളുടെ ഉടലിനു മുകളിലേക്കു നിലാവിന്റെ ഒരു ചീള് എത്തിനോക്കി. ചായ്പ്പിൽ രണ്ടു ബെഞ്ചുകൾ കൂട്ടിയിട്ടായിരുന്നു അയാളുടെ ഉറക്കം. യാക്കരയിലും വണ്ടിപ്പേട്ടയിൽ വരെയും പോയിട്ടും അയ്യാത്തന് ഇരവിക്കൊരു മടക്കുകട്ടിൽ തരപ്പെടുത്താനായില്ല. അതിൽ അയാൾക്ക് ആലോചിക്കുംതോറും കുണ്ഠിതം ഏറിയും കുറഞ്ഞും ഇരുന്നു.

‘എന്ന നിധിവച്ച എടത്തിലേ ആളാക്ക്ം…ഇന്ത പട്തി..എന്നാ വിധിയാക്ക്ം.…’ അയ്യാത്തൻ ഇരവിയുടെ ഉറക്കം കണ്ടു പല രാത്രിയിലും ഒച്ചയുണ്ടാക്കതെ ഉള്ളിൽ കരഞ്ഞു. ആ൪ക്കു വേണ്ടിയും കാത്തിരിക്കുന്നുണ്ടായിരുന്നില്ല തന്നെത്തേടി എത്തിയതാണ്. എന്നിട്ടും അത്യാവശ്യ കിടപ്പുകോപ്പുകൾ പോലും അയാൾക്ക് എത്തിക്കാനാവുന്നില്ല എന്നതിൽ അയാൾ സങ്കടവും കരച്ചിലും വന്നിരുന്നു. മടക്കുകട്ടിൽ കിട്ടിയില്ലെങ്കിൽ അയാൾക്കായി മടക്കില്ലാത്ത ഒരു കട്ടിൽ തന്നെ താൻ വാങ്ങിവരുന്നതായി അയാൾ സ്വപ്നം കണ്ടെന്നിരിക്കും.

ഒരു സ്വപ്നം അയ്യാത്തനെ ഞെട്ടിക്കുക തന്നെ ചെയ്തു. അതിൽ യാക്കരയിൽ നിന്നും തണ്ണീ൪പന്തലിൽ നിന്നും മമ്പറത്തുനിന്നും മറ്റുമായി ഒരേ സമയം പത്തു കട്ടിലുകളാണ് അയാൾ ചുമട്ടുകാരെക്കൊണ്ട് എടുപ്പിച്ച് ചായ്പിലെത്തിച്ചത്. തൊടിയിൽ പത്തു കട്ടിലുകൾ നിരന്നുകിടന്നു.

‘ഓത്താറെ, നീ വിടുതി തൊടങ്കപ്പോകറയാ…?’ തമിഴ് പക്കത്തു നിന്നു വന്ന ചുമട്ടുകാരിലൊരാൾ ചോദിച്ചു.

‘വിടുതിയാ…അതെന്ന…?’

‘ഛത്തരം….’

ആരു കണ്ടാലും തോന്നുമായിരുന്നു. അയ്യാത്തൻ പുറക്കാവിൽ സത്രം തുടങ്ങാൻ പോകുന്നുണ്ടെന്ന്. പളണിയിലും മറ്റും അയ്യാത്തൻ തന്നെ അത്തരം കട്ടിലുസത്രത്തിൽ ജീവിച്ചിട്ടുണ്ട്. ഒരു കട്ടിൽ മാത്രമായിരുന്നു അന്തിയുറങ്ങുന്നവനു വാടകയ്ക്കു നൽകുമായിരുന്നത്. രാവിലെയായാൽ ആ ബന്ധം തീരും…

‘ഇല്ലൈയെടാ പാവീ…തൊടങ്ക്മ്പോത് അറിയിക്കലാം…’ അയ്യാത്തൻ സ്വപ്നത്തിൽ പറഞ്ഞു. പത്തുകട്ടിലുകളിൽ ഏതും മേഷ്ട്രര്ക്ക് ഉപയോഗിക്കാമായിരുന്നു. ഇരവി തന്നെ സ്വപ്നത്തിൽ വന്നു കണ്ട് അദ്ഭുതപ്പെട്ടു.

‘എനക്ക് ഓരോ കൈയ്യ്ം കാല്ം ഓരോന്നില് കെട്ത്താം…’ ഇരവി പറഞ്ഞു.

അതു കേട്ടപ്പോഴും അയ്യാത്തനു വലിയ സങ്കടമാണു തോന്നിയത്. അയാൾ സ്വപ്നത്തിലും കരഞ്ഞു. സ്വപ്നത്തിനു പുറത്തേക്കും കരച്ചിൽ ഒഴുകികൊണ്ടിരുന്നു. അയാൾ വലിയ വായിലേ നിലവിളിക്കുന്നത് ഇരവി കേട്ടു. എന്തെങ്കിൽ അസുഖം വന്നുവോ എന്നയാൾ സംശയിച്ചു.

‘ഒന്ന്ംല്ലവേ…കനവിലും വന്തത്. പെരിയ ഷങ്കടം..മേഷ്ട്രരേ…’ അയ്യാത്തൻ പറഞ്ഞു. അതു തന്നെക്കുറിച്ചുള്ള സങ്കടമായിരിക്കണം എന്ന് ഇരവി ഊഹിച്ചു. എന്നാൽ അതു ചോദിച്ചില്ല. പകരം,

‘എന്നവോ ചെത്തം കേട്ട്…മരസാധനങ്ങള്ടം മറ്റ്…’

‘അത് ഒര് പെരിയ കഥയാക്ക്ം…’ തന്റെ സ്വപ്നത്തിലെ ശബ്ദം മേഷ്ട്രര് എങ്ങനെ കേട്ടു എന്ന് അയ്യാത്തൻ വീണ്ടും സന്ദേഹിച്ചു. ‘പറ്റ്ം. പറ്റ്ം…മേഷ്ട്രര്മാര്ക്ക് ഏത്ം മുടിയും…’

ഇരവിയുടെ അനാഥത്വവും ദാരിദ്ര്യവും പേറിയുള്ള കിടപ്പും ഉറക്കവും കണ്ടു പല രാത്രികളിലും അയ്യാത്തൻ ഉള്ളുരുകിക്കിടന്നു. എന്തു വില കൊടുത്തിട്ടായാലും അതു പൊള്ളാച്ചിച്ചന്തയിൽ നിന്നായാലും ഒരു കട്ടിൽ വാങ്ങുക തന്നെ ചെയ്യും എന്നു നിശ്ചയിച്ച രാത്രി തൊട്ടാണ് അയാൾക്കു ശരിക്കും ഉറക്കം കെട്ടിത്തുടങ്ങിയത്. അയാളുടെ മഹാസങ്കടത്തിന്റെ ഓരം പറ്റി ഇരവിയും ഉറങ്ങി. പുറത്തെ പൊള്ളൽ തൊലിപ്പുറം മാത്രം പൊള്ളിക്കാൻ അനുവദിച്ചുകൊണ്ട്.

ആ ഉറക്കത്തിനിടയിലാണ് ഒരു നിലാക്കീറ് ഒരു രാത്രിയിൽ അയാളെ വന്നു തൊട്ടത്. അത് അയാളുടെ മീതേയ്ക്കു കുടഞ്ഞിട്ട പോലെയായിരുന്നു. നിലാവിന്റെ തഴുകൽ അറിഞ്ഞ് അയാൾ ഉണ൪ന്നു. മുകളിലേക്കു നോക്കി. മേലെ പനമ്പുതട്ടിക്കിടയിലൂടെ പാൽവെളിച്ചം ചോ൪ന്നൊലിക്കുന്നു.. പനമ്പുതട്ടി കെട്ടിമേയ്ക്കാൻ അയ്യാത്തന് ഇനിയും കാലമെടുത്തേക്കുമെന്ന് അയാൾ ഉറപ്പിച്ചു. ഇപ്പോൾ തന്റെ ചെലവു കൂടി അയാളുടേതായിരിക്കുന്നു.

എന്നാൽ, പനമ്പുതട്ടിയിൽ ഒരു വലിയ തമോദ്വാരം ഉണ്ടാക്കിയതു കെട്ടിമേച്ചിലിനുള്ള കാലതാമസമല്ലെന്നും അതു പുറക്കാവിൽ അലഞ്ഞുനടക്കുന്ന ആരുടേയോ പ്രേതത്തിന്റെ പണിയാണെന്നു തിരിച്ചറിയാൻ ഏതാനും സെക്കൻഡുകളേ വേണ്ടിവന്നുള്ളൂ. ഇരുട്ടിന്റെ ഓട്ടയിൽ കൂടി ആരുടേയോ പ്രേതം ഇരവിയെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു.

‘ഇന്ന് ആര്ട പ്രേതമാക്ക്ം….?’ ഇരവി ചോദിച്ചു. അധികം ഒച്ച ഉയ൪ത്താതെ..അയ്യാത്തൻ അതു കേൾക്കാൻ പാടില്ലെന്ന് അയാൾക്കു ശാഠ്യമുണ്ടായിരുന്നു.

‘ആര്ടെയുമാക്ക്ം…ശൊല്ല്ങ്കേ…യാര്ടെ ആകണം…’ പ്രേതം നിലാവു നനഞ്ഞ ഒച്ചയിൽ പറഞ്ഞു.

‘ അയ്യാത്തന്റെ പ്രേതമാക്ക്മേ….’

‘ മുടിയാത്. …ഞാൻ ചത്തവര്ടെ താൻ പ്രേതം…നെജമാനിര്ക്ക്ന്ന ആൾക്ക് യേത്ക്ക് പ്രേതമേ…?’

‘അതെന്ന…? ” ഇരവി ബെഞ്ചുകെട്ടിൽ നിന്ന് എഴുന്നേൽക്കാതെ ചോദിച്ചു. അയാളുടെ ഉറക്കം പഴണിമല കടന്നിരുന്നു.

‘നിസാമുതര്ക്ക് അവരു താനെ അവരോട പ്രേതം…”

‘എന്നാ നിസാമുദ്ദീൻ്റെ പ്രേതമാക്ക്മേ….”

‘ മുടിയാത്….രാവുത്തര്മ്മാര്ക്ക് അവര്ട താൻ ആൽമാവ്ം പ്രേതവ്ം ഇറ്ക്ക്….അന്ത നിസാമുദ്ദീൻ വന്ത് ശെയ്ഖ് തങ്ങള്ട ഖാലിയാര്..’

‘ ആനാ…’

‘ഒന്ന്ന് രണ്ട് പ്രേതം മുടിയാത്….എന്നാല് പലയാഴ്കള്ക്ക് ഒര് പ്രേതം ചാതിയം…’ ഇരുട്ടിന്റെ ഓട്ടയുടെ അരികിൽ നിന്നും ആരുടേയോ പ്രേതം ചായ്പിലേക്ക് ഒഴുകിയിറങ്ങിവന്നു. പുറക്കാവിലെ ജീവമരണങ്ങളുടെ രഹസ്യങ്ങളിലേക്ക് ഇരവി വെളിപ്പെട്ടു. മരണത്തിന്റെ പിൽക്കാലങ്ങളുടെ അറിയാത്ത ലോകത്തിലേക്കു ജ്വരബാധിതനെപ്പോലെ പ്രവേശിച്ചു. അവിടെ പലയാളുകൾക്കു തന്നെ ഒരു പ്രേതം സാധ്യമാവുന്നു. ഒരാൾക്കു തന്നെ രണ്ടു പ്രേതങ്ങൾ സാധ്യമല്ലാതാവുന്നു. രാവുത്തരമ്മാ൪ക്കു പ്രേതവും പിശാചും ജിന്നുകളും അദൃശ്യനേത്രങ്ങളുടെ മുന്നിലേക്കു പ്രത്യക്ഷമാവുന്നു. ഇല്ലാതെയാവുന്നു. രാവുത്തരമ്മാ൪ക്ക്, മനുഷ്യരെപ്പോലെ ഭൂമിയിൽ ജീവിക്കുന്ന സൃഷ്ടികളിൽ ഒന്നാണു ജിന്ന്, മലക്കുകൾ വേറെ…

ജീവിച്ചിരിക്കുന്നവരുടെ പ്രേതമാവാൻ കഴിയാത്ത പുറക്കാവിലെ പ്രേതങ്ങൾ. അവരുടെ പല ജീവിതങ്ങൾ…താൻ സ്വപ്നം കാണുകയാണോ എന്ന് ഇരവി വിചാരിച്ചു. അല്ലെങ്കിൽ ഈ നട്ടപ്പാതിരയിൽ തന്റെ മേലേക്ക് നിലാവു കുത്തിയൊലിക്കപ്പെടേണ്ട സാഹചര്യം എന്തിരിക്കുന്നു.

ആരുടേയോ പ്രേതം ഇരവിക്ക് അടുത്ത ബെഞ്ചിൽ വന്നിരുന്നു. അത് ഇരവിയെ തൊട്ടു. നേരത്തെ പെയ്ത നിലാവിന്റെ തണുപ്പ് അതിന്റെ വിരലുകൾക്കുണ്ടായിരുന്നു. സാധാരണ പ്രേതകഥകളിലേതു പോലെ പൊള്ളിക്കുന്ന അനുഭവമായിരുന്നില്ല അത്. അനുസരണയുള്ള പ്രേതത്തെപ്പോലെ ആരുടേയോ പ്രേതമിരുന്നു.

‘എന്റ കൂട് വന്നിട്.’ പ്രേതം പതുക്കെ ഇരവിയോടു പറഞ്ഞു. ഒട്ടും തിടുക്കമുണ്ടായിരുന്നില്ല അതിന്റെ ശബ്ദത്തിന് എന്ന് ഇരവി കേട്ടു.

‘എങ്കേ…? ‘

‘അത് രകചിയം…’

‘അത്ക്കെന്നാ…’

‘കൂട് വന്നിട്…നേരിലേ ചെൻന്ന് പാര്…’

‘ നീങ്ക യാര്ട പ്രേതമാക്ക്ം…അപ്പടിയാനാ എപ്പടി നമ്പത്….’

‘ ഇന്ത എടത്തിലെ പ്രേതത്തെ നമ്പുവത് പൊയ് അല്ലൈ…’

‘ആനാല്ം നീ യാര്ക്ക് പ്രേതം…?’

‘നാൻ ഇന്നേക്ക് ശങ്കരന്നായര്ട പ്രേതമാക്ക്ം…’

‘ അത് യാര്….?’

‘ പെരിയ ജമ്മിയാക്ക്ം…അവര്ട ഞാറ്റ്പൊരേലെ അന്ത ഷ്കോള് ഇര്ന്തത്…’ പ്രേതം ഇരവിയെ പുറക്കാവിന്റെ ജന്മനൈരന്തര്യത്തിലേക്കു വഴിനടത്തി. അവിടെ ക൪മബന്ധങ്ങളുടെ ജ്വരബാധ അയാളെ ആവേശിച്ചു. അതിന്റെ തൊടിയിൽ ആത്മാക്കൾ തുമ്പികളായി പറന്നുനടന്നു. പിന്നെയവ സേട്ടുവിന്റെ പള്ളിക്കുളത്തിലേക്കും പൂക്കളെ അടിമുടി ഞെട്ടറ്റുവീഴിക്കുന്ന ചെമ്പകമരക്കാടുകളിലേക്കും പറന്നുപോയി.

‘ ശങ്കരന്നായര്ട പ്രേതം എന്നെ എങ്ക കൂട്ടീട്ട് പോകിറ്ത്..?’

‘ കൂട് വന്തിട്ട് പാര്, മേഷ്ട്രര്….’ ആരുടേയോ പ്രേതം തന്നെയും മേഷ്ട്രരേ എന്നു വിളിക്കുന്നതു ശീലമാക്കിയെന്ന് ഇരവിക്കു തോന്നി.

‘ നാൻ വന്ത് മേഷ്ട്രര് ഒന്ന്മല്ലൈ…’ പ്രേതത്തെ ഒന്ന തിരുത്താമെന്ന മട്ടിൽ ഇരവി പറഞ്ഞു.

‘ തെരിയ്ം…ഒര് പ്രേതത്ത്ക്ക് രണ്ട് കാലം തെരിയ്ം. വരാമ്പോണത് മട്ടുമില്ലൈ….’ ഒരു പ്രേതത്തിനു വാരൻ പോകുന്ന കാലത്തെക്കുറിച്ച് അറിയില്ലെന്ന് ഇരവി വിശ്വസിച്ചില്ല. അതു ചിലപ്പോൾ ആരുടേയോ— ഇന്നു ശങ്കരന്നായരുടെ- പ്രേതം അറിവില്ലായ്മ കൊണ്ടു പറഞ്ഞതാവാനേ തരമുള്ളൂ എന്ന് ഇരവി വിചാരിച്ചു. അല്ലെങ്കിൽ താൻ ക൪മബന്ധങ്ങളുടെ കാണാച്ചരടുകൾ പറ്റി എന്നെങ്കിലും പുറക്കാവിൽ എത്തുമെന്ന് എങ്ങനെയാണ് ആരുടേയോ പ്രേതം തിരിച്ചറിഞ്ഞത്. തിരുക്കഴ്ംകുണ്ട്രത്തിൽ പോതാനന്ദ സ്വാമികൾ എന്നൊരു ഗുര് ഇല്ലെന്നു കൃത്യമായി മനസിലാക്കിയത്. ചിലപ്പോൾ ശങ്കരന്നായര്ടെ പ്രേതത്തിനു സ്വന്തം കഴിവുകളെപ്പറ്റി സ്വയംബോധം ഇല്ലായിരിക്കാം.

‘ ശീഘ്രം വാങ്കേ…അവങ്ക യാര്ക്ക് വേണ്ടിയ്ം കാത്തിര്ക്ക മുടിയാത്….’

‘ യാര്…’

‘ കൂട് വന്ത് പാര്, മേഷ്ട്രര്…’ ശങ്കരന്നായരുടെ പ്രേതം അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞ നിലാവിലേക്ക് ഊളിയിട്ടു. തൊടിയുടെ അരികുകൾ കറുത്തു തന്നെയായിരുന്നു. ആരുടേയോ പ്രേതം തന്നെ ഉണ൪ത്താൻ വേണ്ടിമാത്രം നിലാവു നിറച്ച ആകാശവുമായി വന്നതാണെന്ന് അത് ഇരവിയെ സംശയിച്ചു. വരൂ വരൂ എന്നു പ്രേതം തിടുക്കം കൂട്ടി. ദുരെ പിന്നെയും രാത്രി ഇരുണ്ടുകിടന്നു. അയ്യാത്തന്റെ കൂ൪ക്കം വലിച്ചുകൊണ്ടിരിക്കുന്ന ഉറക്കം കവച്ചുകടന്ന് ഇരവി പുറത്തേക്കു കടന്നിരുന്നെങ്കിലും.

എങ്ങോട്ടാണു പ്രേതം തന്നെക്കൂട്ടിക്കൊണ്ടു പോവുന്നതെന്നു പലതവണ സംശയം ചൊറിഞ്ഞിട്ടും ഇരവി ചോദിച്ചില്ല. മുന്നിലേക്ക് ഇരുട്ടിലേക്കു തന്നെയാണ് അതു പോകുന്നത്.

‘കണ്ണു പുടിക്കലൈ….’ ഇരവി പിറുപിറുത്തു. അയാൾക്കു സാമാന്യം നന്നായി കാണുന്നുണ്ടായിരുന്നെങ്കിലും. അല്ലെങ്കിലും ഇരുട്ടിൽ അയാൾക്കു കൂടുതൽ കാഴ്ചശക്തിയുണ്ടായിരുന്നു. താൻ പതുക്കെ പുലിയായോ പൂച്ചയായോ മാറിക്കൊണ്ടിരിക്കുകയാണോ എന്നു സംശയിച്ച നാളുകൾ ഉണ്ടായിരുന്നു. അത് ഇരവി ഇരുട്ടിലും ഓ൪ത്തു.

‘ എന്ത സന്ദേകം പോലെ…?’ ഇരുട്ടിൽ പ്രേതം പിറുപിറുത്തു.

‘ അന്തഗാരം…’

‘ ഇതാ വന്താച്ച്.’ പ്രേതം ഏതോ ദിശയിലേക്കു കൈകൾ വീശിയൊഴിച്ചു. അപ്പോൾ അവിടെ നിലാവുദിച്ചു. പാലു പോലെ നരച്ച നിലാവിൽ ഓരോ പുല്ലും കല്ലും കാണാമായിരുന്നു. പുറക്കാവിന്റെ ഇരുട്ടിൽ ഓടിക്കളിക്കുകയായിരുന്ന പല്ലിയും കൂരനും മാടനും ആ നിലാവിൽ വെളിപ്പെട്ടു. ഇരുട്ടുവീണുകഴിഞ്ഞാൽ ഊ൪ജസ്വലമാവുന്ന പുറക്കാവിലെ വരണ്ട സ്ഥലികളിൽ തീനിനും ഇണയ്ക്കും വേണ്ടി സകലമാന ഇരുട്ടുജീവികളും അയാൾക്കു മുന്നിൽ വെളിപ്പെട്ടു. അവിടത്തെ രാത്രികൾ ഉറങ്ങാൻ മാത്രമായിരുന്നില്ല. മാടനും മറുതയും പ്രേതങ്ങളും ഇരുട്ടുജീവികളും അവരുടേതായ സ്ഥലരാശികളിൽ അവരെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

ശങ്കരന്നായര്ട പ്രേതം മറ്റൊരിടത്തേക്കു കൈകൾ വീശി. അപ്പോൾ അവിടെ ചന്ദ്രനുദിച്ചു. പാൽനിലാവുമൊന്ത തട്ടിമറിഞ്ഞതുപോലെ ചന്ദ്രകാന്തം വിട൪ന്നു. ദൂരെ മലയുടെ അടിവാരങ്ങളിൽ മാടനും മറുതയും കൂരാനും മുയലുകളും കേഴയും മാനും മേഞ്ഞുനടന്നു. ഇതു കാണിക്കാനാണോ ശങ്കരന്നായര്ട പ്രേതം തന്നെ കൊണ്ടുവന്നിരിക്കുന്നതെന്ന് ഇരവി സംശയിച്ചു. ഇതല്ല, ഇതൊന്നുമല്ല എന്നു മനസു പറഞ്ഞു. അതു വായിച്ചിട്ടെന്ന പോലെ പ്രേതം പറഞ്ഞു.

‘ ഇത് താൻ ഇങ്കേയിട്ട രാത്രി രകചിയം…’

‘ നേരത്തെ ഇത് മനമാ പാത്തിര്ക്ക്…’

‘ അത് യെപ്പടി…? നീയ്ം ഒര് പ്രേതമാക്ക്മാ…?’

‘ അല്ലൈ…ഞായിങ്കേ വന്ത് ശേരണ്ടിയവൻ താൻ…’

‘ അതെപ്പടി…?’

‘ അത് താൻ ക൪മപാസം…’ ക൪മബന്ധത്തിന്റെ തുട൪ച്ചയും നൈരന്തര്യവും തന്നെക്കാളും അധികം അറിയുന്നത് ഒരു പ്രേതത്തിനു തന്നെ.

‘ ഇപ്പ ശൊന്നത് ഉക്ക്തി…നീങ്ക ഏത് ജമ്മത്തില്ം മേഷ്ട്രര് താനെ.’

പ്രേതം യുക്തിയെക്കുറിച്ചു സംസാരിക്കുന്നു എന്നതു തമാശയായി ഇരവിക്കു തോന്നി. എന്നാൽ, പുറക്കാവിൽ യുക്തിയും വിശ്വാസവും ഒരു പോലെയാണെന്ന് അയാൾക്കു തോന്നി. രണ്ടിനെയും വേറിട്ടു കാണേണ്ടതുമില്ല.

അപ്പോൾ പ്രേതം വേറെ ഒരു ദിശയിലേക്കു കൈകൾ വീശി….ആ ഭാഗത്ത് അപ്പോൾ നിലാവു പൂത്തിറങ്ങി. ആ വെള്ളിക്കാഴ്ചയിൽ ഇരവിയുടെ കണ്ണുകൾക്കു മുന്നിൽ, രണ്ടു രൂപങ്ങൾ തെളിഞ്ഞു. രണ്ടു ചുവന്ന തോന്നലുകൾ പോലെയാണ് അതു തോന്നിയത്. നിറമുള്ള തോന്നലുകളോ എന്ന് ഇരവി അദ്ഭുതപ്പെടാൻ തുടങ്ങുകയായിരുന്നു.

‘ പാത്തിയാ…ഇതിന് വേണ്ടിത്താൻ മേഷ്ട്രരെ ഒക്കിവന്തത്….’ പ്രേതം പറഞ്ഞു.

‘ അവര് യാര്…?’

‘ അവങ്ക താൻ ഏഴ്ലമ്പാലക്കല യെച്ചിയും കരിമ്പനത്തലപ്പോത യച്ചിയും’ ഏഴിലംപാലയിലെ യക്ഷിയും കരിമ്പന മേലെ യക്ഷിയും.

‘ അവര്ക്ക് എന്ന സമ്പന്തം….?’

‘ അവങ്ക ഇന്ത പുറക്കാവില ഇരണ്ട് പ്രമാദമാന യെച്ചിയാക്ക്ം…അറ്പത്തിയെട്ട് രാത്രിയിലൊര് വട്ടം ഇന്തമാതിരി ഉപചാരം ചൊല്ലി പിരിഞ്ചുപോകും….’

രണ്ടു യക്ഷിമാരും അന്യോന്യം വന്ദിച്ചും ആദരിച്ചും ഉപചാരം ചൊല്ലിപ്പിരിയുന്നു പുറക്കാവിലെ രാത്രികളിൽ..അറുപത്തിയെട്ടുദിവസം കൂടുമ്പോൾ.

‘ ഇന്നേക്ക് അന്ത അറ്പത്തിയെട്ട്ം രാത്തിരി….തേ൪ക്കടശ്ശി അമാവാസി..മന്സമ്മാരിക്ക് പാക്ക മുടിയലൈ…കണ്ണ് കെട്ട് പോക്ക്ം…’

പെട്ടെന്ന് ഒരു അന്ധകാരം വന്നു തന്റെ കണ്ണുകളെ മൂടുന്നതായി ഇരവിക്കു തോന്നി. ബോധത്തിനും തിരിച്ചറിവിനും മീതെ ഒരു രാത്രി വന്നു ഒച്ചയോടെ വീഴുന്നത്.

‘ കവലപ്പെടാതീങ്ക…മേഷ്ട്രരെ നാൻ കൊഞ്ചനേരത്തേക്ക് ഒര് പ്രേതമാക്കിയിര്ക്ക്…ഇത് മേഷ്ട്രര്ടെ പ്രേതമാക്ക്ം…മേഷ്ട്രര് അന്ത അയ്യാവ്ത്തന്റ ചായ്പിലേ തൂങ്ക്റ്ത്…’ ശങ്കരന്നായര്ട പ്രേതം ഒരു പൊള്ളച്ചിരി ചിരിച്ചു.

ഉണ്മയേത് മായയേത് എന്ന ജ്വരസന്നിധിയിൽ ഇരവി പനിച്ചുനിന്നു. സത്യമേത് മിഥ്യയേത് എന്ന പൊള്ളലിൽ…രണ്ടുമാവാം എന്ന സമവായത്തിൽ ഒരേസമയം നനഞ്ഞും നിന്നു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.