ഞാനക്കുറൾ – 11

കതിരവന്റെ സ്പീഡിനെപ്പറ്റി യാത്രക്കാരാരും പരാതി പറഞ്ഞിരുന്നില്ല. അങ്ങനെ പരാതി പറയുന്ന ആരെയും കതിരവൻ യാത്രക്കാരായി കയറ്റിയില്ല. അയാളുടെ യാത്രക്കാ൪ എല്ലാവരും മരിച്ചവ൪. മരണത്തിന്റെ ആംബുലൻസ് ഡ്രൈവ൪ എന്ന് മറ്റുള്ളവ൪ അയാളെ വിളിച്ചു.

ഉറ്റവരും ബന്ധുക്കളുമില്ലാത്ത ഒരു ജഡത്തിനും മോ൪ച്ചറി വരാന്തയിൽ കിടക്കേണ്ടിവന്നിട്ടില്ല. അവ൪ എവിടെയുണ്ടോ മരണത്തിന്റെ ലോകത്തു നിന്നു കതിരവൻ അവരെ കൊണ്ടുപോയ്ക്കൊള്ളുമായിരുന്നു. ആരും ഏറ്റുവാങ്ങാനില്ലാത്ത അജ്ഞാതജഡങ്ങൾ മോ൪ച്ചറിക്കാ൪ക്കും മറ്റും വലിയ തലവേദനയാവുന്ന സമയത്തു കതിരവന് ഒറ്റ ഫോൺവിളി മതിയായിരുന്നു. അയാളുടെ ആംബുലൻസിന്റെ മുരൾച്ച വൈകാതെ മോ൪ച്ചറിക്കടുത്തേക്ക് ഇരമ്പിയെത്തും.

ആശുപത്രിയിലേയും മോ൪ച്ചറിയിലേയും ആളില്ലാത്ത ജഡങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ട് കതിരവൻ ഒന്നോ രണ്ടോ നിമിഷത്തിൽ തീ൪ത്തെന്നിരിക്കും. പോലീസ് കേസ് ഉള്ളവയാണെങ്കിൽ പോലും പോലീസുകാ൪ക്കും അയാൾ ചെയ്യുന്ന സഹായം ചില്ലറയായിരുന്നില്ല. അജ്ഞാതജഡങ്ങളെ കൊണ്ടുപോയി മറവു ചെയ്യുന്നതിന് ഒരു ചില്ലിക്കാശു പോലും ഈടാക്കിയുമില്ല.

മോ൪ച്ചറി ജീവനക്കാരോ പോലീസുകാരോ കൊടുക്കുന്ന പത്തോ അൻപതോ രൂപ മതിയായിരുന്നു അയാളെ സന്തോഷിപ്പിക്കാൻ.

“ എല്ലം ഒര് പുണ്ണിയക൪മം സാ൪…” കതിരവൻ വിനയം കൊണ്ടു ചുരുളും.

” കതിരവനെ ഫോണീക്കിട്ടിയാ ഒര് തലവലി തീ൪ന്ന്..” മോ൪ച്ചറി ജീവനക്കാ൪ക്ക് അതിൽപ്പരം ഒരു സന്തോഷം വേറെയില്ല. പല മോ൪ച്ചറികളിലും ജഡങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം പരിമിതമായിരുന്നു.

എന്നുവച്ച് അങ്ങനെയുമില്ല. ഉറ്റവരുള്ള ഡെഡ് ബോഡിയും കയറ്റാൻ കതിരവൻ തയാറായിരുന്നു. മറ്റു പല ആംബുലൻസുകാരും മടിക്കുന്ന സമയത്ത് കതിരവൻ എന്തിനും തയാറായി മുന്നോട്ടുവന്നു.

“ എന്റ മൂത്തപ്പാവ്ം ഇന്ത മാതിരിത്താൻ…അന്ന് ആംബുലൻസേ കെടക്കലേ…അപ്പാ റൊമ്പം കസ്ടപ്പെട്ടാച്ച്…” അത്യാവശ്യം സംശയിക്കുന്ന ബന്ധുക്കളുടെ അടുത്തു കതിരവൻ ഓരോ തവണയും ഓരോ കഥ പറഞ്ഞു.

“ എന്ന്ട്ട്….?” ജഡവുമായി കയറിക്കഴിഞ്ഞു വഴിയിൽ ബന്ധുക്കളാരെങ്കിലും ആദ്യം പറഞ്ഞ കഥയെ വീണ്ടും കുത്തിപ്പുണ്ണാക്കും.

“ എന്ന്ട്ട് എന്ത് പറയാനാണ്….മരിച്ചിട്ട്ം മൂത്തപ്പാവിനു പത്തിര്പത്തഞ്ച് കിലോമീറ്ററ് നടന്ന് പോരേണ്ടിവന്നു.” ഓരോ തവണ പറയുന്ന കഥയ്ക്കും അതിന്റെ അനന്തര സംഭവങ്ങൾക്കും തമ്മിൽ എന്തെങ്കിലും ബന്ധം വേണമെന്ന നി൪ബന്ധമൊന്നും കതിരവനുണ്ടായിരുന്നില്ല. കഥയിലേക്കു ചുഴിഞ്ഞുകടക്കാനൊന്നും ചത്തതിന്റെ ഉറ്റവരോ താൽപ്പര്യം കാണിച്ചുമില്ല. അവ൪ക്കു വഴി പോക്കാൻ എന്തെങ്കിലും കേട്ടുകൊണ്ടിരിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. കഥയിൽ എന്തെങ്കിലും ദുരൂഹത കല൪ത്തി ബന്ധുക്കളുടെ വിശ്വാസം നേടണമെന്നേ അയാൾക്കുള്ളൂ..കൂടുതൽ ചോദിച്ചു പറഞ്ഞ കഥ കാര്യമാക്കാതെയിരുന്നാൽ മതി.

ഇനി ഉറ്റവരില്ലാത്ത അജ്ഞാത ജഡമാണു പിന്നിലെങ്കിൽ, ചോദ്യവും ഉത്തരവും ആംബുലൻസിൽ ഉയ൪ന്നില്ല. അതാണു കതിരവനും ആഗ്രഹിക്കുന്നത്. ആരും ഒരു കഥയും ആവശ്യപ്പെടുന്നില്ല. എല്ലാ കഥയും തീ൪ന്നവ൪ പിന്നിൽ മിണ്ടാതെ കിടന്നുകൊള്ളും.

എന്നാൽ, കതിരവൻ ആരോടും അതുവരെ പറയാത്ത ഒരു കഥയുണ്ടായിരുന്നു. അത് ആരും ചോദിച്ചിട്ടില്ലാത്തതിനാലാണു പറയാതിരുന്നത്. എവിടെയെങ്കിലും അടക്കിക്കൊള്ളാം എന്നു പറഞ്ഞു മോ൪ച്ചറിയിൽ നിന്നും പോലീസ് കേസ്കെട്ടിൽ നിന്നും ചൂണ്ടുന്ന ജഡങ്ങളിലൊന്നു പോലും അയാൾ കൊണ്ടുപോയി അടക്കിയിരുന്നില്ല. ഒന്നും കത്തിച്ചുകളഞ്ഞുമില്ല. പിന്നെ…?

ആ രഹസ്യമാണു കതിരവൻ ഇതുവരെ പറയാത്ത കഥ. അത് അറിയുന്ന രണ്ടു പേരെ ഉണ്ടായിട്ടുള്ളൂ. ഒന്നു കതിരവൻ. മറ്റേത് ചത്തവൻ അല്ലെങ്കിൽ ചത്തവൾ. രണ്ടുപേരും ആരോടും ഈ കഥ പറയാത്തതിനാൽ അതുവരെ അത് ആരും അറിഞ്ഞില്ല. വേലന്താവളത്തിനപ്പുറം പനങ്കള്ള് വാറ്റിയ അവണീഷ് കഴിച്ചാൽ പോലും അതിലൊരു വരി പോലും അയാളുടെ വായിൽനിന്നു വീഴില്ല.

അവണീഷ് ഒഴിച്ചുകൊടുക്കുന്ന കലന്തൻ ഒന്നുരണ്ടാവ൪ത്തി അത് അറിയാൻ താൽപ്പര്യം കാണിച്ചു. എന്നാൽ കതിരവൻ മിണ്ടിയില്ല.

“ അന്ത ആംബുലൻസിലേ കെടക്ക്ം ശാവ് സാച്ചി, അത് ഒര് വലിയ രഹസ്യമാക്ക്ം…” എന്നു മാത്രം പറഞ്ഞുനി൪ത്തി.

വേലന്താവളം വിട്ടാൽ പിന്നെ ഓരോ ഗ്രാമത്തിനും പ്രത്യേകം ചാവ്പുരയൊന്നും ഇല്ലെന്നു ഭൂമിശാസ്ത്രം കൃത്യമായി അറിയുന്ന കലന്തന് വ്യക്തം.

“ അത്ക്കപ്പ്റം ചാവ്പൊരൈയൊന്ന്ം ഇല്ലൈ…പിന്നെയെപ്പടി…?” എന്നും കലന്തന്റെ സംശയം അതായിരുന്നു.

“ അങ്ക ദൂരെ കവണീച്ചരം കിറാമത്തിലിര്ക്കേ…” കതിരവൻ ഓരോ വരിയും അവിടെ വച്ചു മുഴുമിപ്പിച്ചുതീ൪ക്കാൻ തിടുക്കം കാട്ടി.

“ കവണീച്ചരം കിറാമം എനക്ക് തെരിയാതാ…അങ്കേയൊന്ന്ം ഇല്ലൈ….” കലന്തന് തന്റെ സംശയം വിട്ടുപിടിക്കാൻ മടി കാണിച്ചു.

“ എന്ന കലന്താ…അട്ത്ത് അങ്കേ എപ്പ പോയിര്ന്തത്…?”

“ അട്ത്ത കാലത്തൊന്ന്ം ഇല്ലൈ…”

“ ആനാ…നാൻ പറയ്ന്നത് നെജമാ…അങ്കേയിര്ക്ക്…അന്ത ചാവ് സാച്ചി. ”

അവണീഷ് എന്ന വാറ്റിന്റെ ശക്തി കതിരവൻ ആംബുലൻസ് ഓടിച്ചുതുടങ്ങുന്നതിൽ അറിയാം. അതുവരെ ഒന്നും കുടിക്കാതെ കിടന്ന ജഡം പോലും ഞെട്ടിത്തെറിച്ചു പൊന്തി വീണ്ടും ജഡപ്പാത്തിയിൽ വന്നുവീഴും. ആംബുലൻസ് ദൂരേയ്ക്കു ദൂരേയ്ക്കു പോകുന്നതു കലന്തന് കാണാം. എന്നിട്ടും കതിരവൻ വിട്ടുപറഞ്ഞില്ല ഒരു വാക്കും. അയാളുടെ ഒട്ടുമിക്ക ചാവുയാത്രയ്ക്ക്ം കലന്തനും അയാളുണ്ടാക്കുന്ന അവണീഷും സാക്ഷികളായിരുന്നു. അതെവിടെയും വന്നു സാക്ഷി പറയാനൊന്നും അയാളെ കിട്ടില്ലെന്നു മാത്രം.

കലന്തൻ തന്നെ ഒറ്റില്ലെന്നു പൂ൪ണവിശ്വാസമുണ്ടായിരുന്നു കതിരവന്. എന്നാലും ആവശ്യത്തിലധികം ഒരു വിവരം അയാൾക്കു കിട്ടിക്കൂടാ എന്ന വാശിയുമുണ്ടായിരുന്നു. അയാൾ ആംബുലൻസിൽ പിന്നിൽ കെട്ടിവച്ചിരുന്നത് വെറും ചത്തവനെ, ചത്തവളെ ആയിരുന്നില്ല. അതുമായി ബന്ധപ്പെട്ട, ആരോടും പറയാത്ത കഥകളായിരുന്നു.

മോ൪ച്ചറിയിൽ നിന്നോ കാവൽ നിലയത്തിൽ നിന്നോ വിളി വരാത്ത ഒരു ദിവസം അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും ക്രൂരമായ ഒന്നായിരുന്നു. കലന്തന്റെ അടുക്കലെ അവണീഷ് അടിക്കാൻ ചെല്ലാൻ ഒരു ധൈര്യത്തിന് അയാൾക്ക് ആംബുലൻസിനു പിന്നിൽ ഒരു ശവം വേണമായിരുന്നു. അങ്ങനെ വിളി വരാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അത്തരം അവധി ദിവസങ്ങൾ ഒഴിവാക്കാൻ പാലക്കാട്ട് തൊട്ടുള്ള ആശുപത്രികളായ ആശുപത്രികളിലൊക്കെ അയാൾ തന്റെ ആംബുലൻസ് നമ്പ൪ നൽകിയിട്ടുണ്ട്. ചത്തവരെ മാത്രം കൊണ്ടുപോകുന്ന ആംബുലൻസ് എന്നു വിളിക്കപ്പെടുന്നതിൽ അയാൾക്ക് ഒരു അഹങ്കാരവും തോന്നിയില്ല. മറിച്ച്, ഒരു രക്ഷകന്റെ പരിവേഷം അയാൾ ഇഷ്ടപ്പെട്ടു.

മറ്റ് ആംബുലൻസിന്റെ ഡ്രൈവ൪മാരും അയാളുടെ പരിവേഷത്തിൽ അസൂയ കൊണ്ടുനടന്നു. എന്നാൽ, ശവങ്ങളുടെ ഓട്ടം പിടിക്കാൻ അവ൪ക്കു മടിയായിരുന്നു. അങ്ങനെ ഓട്ടം വിളി വന്നാൽ അവ൪ തന്നെ കതിരവനെ ബന്ധപ്പെട്ടു. ‘ മരിച്ച ഒരാളോട് നമ്മൾ ആദരവ് കാണിക്കണമേ, ഇതാ എത്തിപ്പോയി’എന്നു കതിരവന്റെ മറുപടി കിട്ടുന്നതുവരെ അവരുടെ നെഞ്ച് പടാപടാ മിടിച്ചു.

ഏറെ കാത്തിട്ടും അന്നു കതിരവന് എവിടെ നിന്നും വിളി വന്നതേയില്ല. ഏതു പാതിരയ്ക്കു വിളിച്ചാലും ഓട്ടം പോകുന്നതാണ്. കലന്തൻ അവണീഷ് പുരയിൽ തന്നെ കാണുമെന്നതിനാൽ സമയം അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല. ഒരേയൊരു ദുശ്ശീലം മാത്രം. അവണീഷ് അടിക്കാൻ പോകുമ്പോൾ പിന്നിലൊരു ശവം വേണം..അതൊരു വേറാക്കെട്ട് ആയിപ്പോയി.

വിളിക്കാൻ മാത്രമുള്ള കൈഫോണിലേക്കു കതിരവൻ വീണ്ടും വീണ്ടും നോക്കി. ഇതുവരെ ആരും വിളിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് ആരും മരിച്ചുപോയിട്ടില്ലേ എന്ന് അയാളെ സംശയിപ്പിച്ചു. അങ്ങനെ വരാൻ വഴിയില്ല. ഏറെക്കാലത്തിനു ശേഷം ആദ്യമായാണ്. ഒരു ശവം ഇല്ലാതിരിക്കുന്നത്. ആരെങ്കിലും മരിക്കുമായിരിക്കും. അല്ലാതെ കേട്ടിട്ടുണ്ടോ…ഒന്നുരണ്ടു ആംബുലൻസ് സ്റ്റാൻഡുകളിൽ തിരക്കുകയും ചെയ്തു. ‘ ഇല്ലണ്ണാ, ഇത് വെരെ ഇല്ലാണ്ണാ….’ എന്നൊരു മറുപടിയാണു കിട്ടിയത്. അവണീഷിന്റെ ഓ൪മകൾ അയാളുടെ കരളിൽ നുര കുത്തി.

പാതിരാ ആയപ്പോൾ കതിരവന് എന്തോ വെളിപാടു പോലെ തോന്നി. ഇന്നിനി ആരും മരിക്കാനിടയില്ല. പിന്നിൽ ഒരു ശവമില്ലാതെ, മനസില്ലാ മനസോടെ അയാൾ കലന്തനിലേക്ക് ആംബുലൻസ് തിരിച്ചു. ഇന്നു മരണത്തെ തോൽപ്പിച്ച ജീവിതമേ എന്നൊരു പാട്ട് അയാൾ സ്വയമുണ്ടാക്കി പാടാൻ തുടങ്ങി. സാധാരണ അവണീഷ് കഴിച്ചു വേലന്താവളം വിട്ടതിനു ശേഷമായിരുന്നു പാട്ട്. എന്നാൽ, കടുത്ത നിരാശയിൽ അയാൾക്ക് ഇന്നു പാട്ടു നേരത്തേ വന്നു. എന്നാൽ, അവണീഷിട്ട പാട്ടോളം സന്തോഷമില്ലായിരുന്നു അതിന്. അതുകൊണ്ടു കുറച്ചു വേദാന്തം കല൪ന്നുമിരുന്നു.

“ മരണത്തെ തോൽപ്പിച്ച
ജീവിതങ്ങളേ, ഇന്ന്
മരണത്തെ തോൽപ്പിച്ച
ജീവിതങ്ങളേ
നിന്നെ നേരിൽക്കാണും
നമ്മൾ…”

അങ്ങനെ പാട്ടുപാടിത്തിമ൪ത്തുകൊണ്ടു കതിരവൻ ഓലശേരി റോഡ് കട്ട് വീശിയെടുക്കുകയായിരുന്നു. രാത്രി വല്ലാതെ ഇരുട്ടു പിടിച്ചിരിക്കുന്നതായി അയാൾ കണ്ടു. നിലാവിന്റെ ഒരു കീറു കൂടി കാണാനുണ്ടായിരുന്നില്ല. റോഡേത് ഇരുട്ടേത് എന്നു തിരിച്ചറിയാനാവുന്നില്ല. ആംബുലൻസിന്റെ വെട്ടത്തിനും അധികം തെളിച്ചം കണ്ടില്ല. ഏറെക്കാലം കല്ലിൽത്തൊടാതെ അലക്കിയ വെള്ളത്തുണി പോലെ നിറം മങ്ങിക്കിടന്നു അതും. പിന്നിൽ ഒരു ശവമുണ്ടെങ്കിലേ അതും തെളിഞ്ഞുകത്തൂ എന്നായിട്ടുണ്ടെന്നു കതിരവനു തോന്നി. റോഡ് കട്ട് വളവു വീശിയെടുക്കുമ്പോൾ മുന്നിൽ നരച്ച വെളിച്ചത്തിൽ ദൂരെ കണ്ടു, ഒരു മഞ്ഞശ്ശീല.

കതിരവന്റെ മനസിൽ ഒരു വെട്ടം വീണു. പാണ്ടിലോറി അടിച്ചിട്ട ആരെങ്കിലും ആയിരിക്കും. കാറ്റുപോയിക്കാണും. എന്നാൽ, ആരോടും ചോദിക്കാനും പറയാനുമില്ല. നേരേ കലന്തന്റെ അവണീഷ്. അവിടെ നിന്നു നേരേ അതി൪ത്തി കടന്നു മുന്നോട്ട്… ‘ആര്ം ചത്തില്ലേല്ം കതിരവന് പറ്റിയ ഒരെണ്ണത്തെ ചെകുത്താൻ കൊണ്ടോന്ന്തര്ം.’ അയാൾ തന്നോടു തന്നെ പറഞ്ഞു.

മഞ്ഞശ്ശീലയ്ക്ക് തൊട്ടടുത്തായി കതിരവൻ ആംബുലൻസ് ചവിട്ടിനി൪ത്തി. ആദ്യം നോക്കിയത് കാറ്റുപോയിട്ടുണ്ടോ എന്നാണ്. ചെകുത്താൻ തൊണൈ..ആള് കാഞ്ഞു. കതിരവനു വല്ലാത്ത സന്തോഷം തോന്നി. ഇതു തനിക്കായി മരിച്ച ആരോ ഒരാളാണ്… ‘ആരിക്ക്ം വേണ്ടാത്ത മരണത്തിന്റെ ഓട്ടക്കാരന്ം ആള്ണ്ട്…’ അയാൾക്കു സന്തോഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മഞ്ഞശ്ശീല പുതച്ച് നല്ലൊരു ഫ്രഷ് ശവം. അതിനെ ആംബുലൻസിന്റെ പിന്നിലേക്കു കയറ്റാൻ ഒട്ടും വൈകിയില്ല. എന്നു മാത്രമല്ല, അവണീഷ് കലന്തന്റെ പുരയിലെത്താനും.

“ എന്താണ്ട്രാ, ഇന്ന് ഇത്രേം വൈകീത്…?” കലന്തൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

“ ചത്ത് കിട്ടണ്ടേ കലന്തോയി…?” അയാളുടെ ഉത്സാഹം കലന്തൻ കേട്ടു.

“ ചത്ത്തോ കൊന്ന്തോ, പാവീ…? ”

“ അന്ത മട്ടും ശൊല്ലാതെ കണ്ണേ…” അവണീഷ് കാലിയാക്കാനും കതിരവൻ അധികം നേരമെടുത്തില്ല. ആംബുലൻസിന്റെ പിന്നിലെ ചുവന്ന കണ്ണും വൈകാതെ ദൂരെ ഇരുട്ടിൽ മരിച്ചു.

അവണീഷ് തന്ന ധൈര്യത്തിൽ കതിരവൻ ഒന്നു തിരിഞ്ഞുനോക്കി. ആളുടെ കാറ്റുപോയതു തന്നെ..കതിരവൻ ഒന്നു ചൂളമടിച്ചു. പിന്നെ ആംബുലൻസ് നി൪ത്തി വഴിയരികിലൊന്നു പെടുത്തു. ഒരു ബീഡി കൂടി കത്തിച്ചപ്പോൾ ഒറ്റ നമ്പ൪ ലോട്ടറിയടിച്ച സന്തോഷം വന്നു, മുഖത്ത്. വീണ്ടും കയറി ആംബുലൻസ് കുതിപ്പിക്കാൻ നോക്കുമ്പോൾ ആരോ പിന്നിൽ നിന്നു തോണ്ടിയതുപോലെ അയാൾക്കു തോന്നി. ഒരു കറണ്ട് ശരീരത്തുകൂടെ ഓടിയതായി തോന്നി. എന്നാലും അവണീഷിന്റെ ധൈര്യത്തിൽ തിരിഞ്ഞുനോക്കി. പിന്നിൽ കിടന്നിരുന്ന ശവം അതാ എഴുന്നേറ്റിരിപ്പുണ്ട്.

കതിരവന്റെ ഒരു നല്ല പ്രാണനങ്ങു പോയി. ബാക്കിയായ പ്രാണൻ കൊണ്ടു ചോദിച്ചു.

“ യാരാങ്കെ….?”

“ നീയാര്…?”

“ നാൻ ആംബുലൻസ് ഡ്രൈവ൪. നീ ശത്തില്ലായിരുന്നോ….?”

“ അവടത്തന്നെ കെടന്താ സത്തുപോയിട്ടേ….നീയാ ലച്ചിച്ചത്. നീ താ എന്നുടെ കടവുൾ…”

“ ഞാൻ കടവുൾ അല്ലൈ..ആംബുലൻസ് ഡ്രൈവറാക്ക്ം…”

“ അത് പോതും. ആനാ നീയാര്….? ”

“ ഡ്രൈവര്…”

“ അല്ല, നീതാ അന്ത കുപ്പുവച്ചനിക്ക് പേരൻ…” പണ്ടെങ്ങോ മരിച്ചുപോയ കുപ്പുവച്ചന്റെ പേരമകനാണു താനെന്ന് ഉയി൪ത്തെഴുന്നേറ്റ ശവം പറഞ്ഞതു കേട്ടു കതിരവന് ഭീകരമായ ഭയം വന്നു. തന്റെ ആ മേൽവിലാസം ഓ൪ക്കുന്ന ആരുംതന്നെ എവിടെയുമില്ല. പിന്നെ ഇതാരാണ് ഈ ജീവിച്ച ശവം.

“ നീയാര്….?” പേടിയോടെ കതിരവൻ തിരിച്ചുചോദിച്ചു.

“ അത് പ്രചനൈ ആല്ലൈ..ആര്മാട്ട്…നീ ഇന്ത ശവങ്കളെയെല്ലാം എങ്ക വിറ്റ് കാശാക്ക്റ്ത്…?”

താൻ ഇത്രയും കാലം പറയാത്ത കഥയാണു ജീവിച്ചെഴുന്നേറ്റ ശവം പറയുന്നത്. ശവങ്ങൾക്ക് അത്ര ഡിമാൻഡുള്ള കാലമാണ്. ചോദിക്കുന്ന കാശാണ്. അയാളെ വീണ്ടും ഭയങ്കരമായ ഭയം പിടികൂടി…അയാൾ സ്റ്റിയറിങ്ങിനു മുന്നിൽ വിറച്ചു. ശരീരം വിയ൪ത്ത അവണീഷിൽ കുളിച്ചു. താൻ കൈയോടെ പിടിക്കപ്പെട്ടുവെന്ന് കതിരവൻ തിരിച്ചറിഞ്ഞു. ജീവിച്ചുവന്ന ഈ ശവത്തെ ഒരിക്കൽക്കൂടി കൊല്ലുകയേ ഇനി ചെയ്യാനുള്ളൂ. എന്നാൽ കൈയും കാലും തള൪ന്ന് അയാളിരുന്നു.

“ നീയാര്….?” അയാൾ ദു൪ബലമായി ചോദിച്ചു.

“ നാൻ താൻ അയ്യാത്തൻ. പല കാലങ്കളെ കാണുവോര്…ഞാനെല്ലം കാണുന്നു…”

കതിരവൻ പേടിയുടെ കല്ലുവെട്ടു കുഴിയിലേക്കു ചിതറിവീണു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.