ഞാനക്കുറൾ – 7

കുതിര അയ്യാത്തൻ്റെ തൊടി വിട്ടുപോയിരുന്നില്ല. എന്നാൽ, അത് അവിടെത്തന്നെ നിൽക്കുകയുമായിരുന്നില്ല. അത് അതിന്റെ പരാധീനതകളെ മേയ്ച്ചുനടത്തുകയാണെന്നാണ് അയ്യാത്തനു പലവട്ടവും തോന്നിയത്. അങ്ങനെയിരിക്കുമ്പോൾ അത് അപ്രത്യക്ഷമാകുമായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് അതു വീണ്ടും അയാളുടെ കൺവെട്ടത്തേക്കു വീണ്ടും എത്തുകയാണ് എന്നു തോന്നിപ്പിച്ചിരുന്നു.

“ അന്ത കുതര ഒര് മെസഞ്ചറാക്ക്ം..” ഇരവി പതുക്കെ പറഞ്ഞു. അപ്പോൾ കുതിരയുടെ കൊഴിഞ്ഞ കുഞ്ചിരോമങ്ങൾ നരച്ച കുറ്റിക്കാടുകൾക്കു മീതെ കാണാമായിരുന്നു.

“ യാരിന്റെ…?” അയ്യാത്തനു ചോദിക്കാതിരിക്കാനായില്ല.

“ എന്ത്ന്റെയുമാവാം….”

“ എന്ത്ന്റെ ആയിക്കൂടാ….?” അയ്യാത്തൻ അങ്ങനെയാണ് അത്തരം ഒരു സാധ്യതയെ കാണാൻ ശ്രമിച്ചത്.

“ കാലത്തിൽ ആവ൪ത്തിക്കുന്ന ചില സൂചകങ്ങള്റ്ക്ക്. ചരിത്രം ആവ൪ത്തിക്കുന്നു എന്നു തോന്നിപ്പിക്കുന്ന ചിലത്…”

അത്തരം സാധ്യകളാണ് അയ്യാത്തനും വിചാരിച്ചുകൂട്ടിയത്. അയ്യാത്തനു തെറുപ്പായിരുന്നു പണി. എന്നുവച്ചാൽ, ബീഡി തെറുപ്പ്. വിചാരിക്കാത്ത നേരം കൊണ്ട് അയാൾ ധാരാളം ബീഡികൾ തെറുത്തുകൂട്ടിയിരുന്നു. പുറക്കാവിൽ ബീഡി തെറുപ്പിനു പണി കിട്ടാൻ വിഷമമില്ലാത്ത കാലം. തമിഴ്നാട്ടിലെ ചെട്ട്യാരുമാരിൽ ചില൪ കേരളത്തിലേക്കു പല ബിസിനസുകളുമായി എത്തിയ കാലമായിരുന്നു. അതിലൊന്നായിരുന്നു ബീഡി. കേരളത്തിലെ ഒട്ടനവധി അതി൪ത്തി പ്രദേശങ്ങളിൽ ബീഡിതെറുപ്പുവ്യവസായം തഴച്ചുവള൪ന്നത് അങ്ങനെയായിരുന്നു.

ചുരം കടന്നും പുകയിലയും ബീഡിയിലയും എത്തിക്കൊണ്ടിരുന്നു. അതിനും മുമ്പേ അയ്യാത്തൻ ആടലോടകത്തിന്റെ ഇല കൊണ്ടും മറ്റും പുകയിലയില്ലാത്ത ബീഡികൾ തെറുക്കുമായിരുന്നു. ചെറുനൂലുകൊണ്ടു കെട്ടാത്ത തരത്തിലുള്ള അത്തരം തെറുപ്പു ബീഡികൾ ചുമയ്ക്കും മറ്റും നല്ലതാണെന്നു ചില നാട്ടുവൈദ്യന്മാ൪ പറഞ്ഞതുകൊണ്ട് പലരും അതിലേക്കു തിരിഞ്ഞിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും വയറ്റിൽ തീകെടില്ലെന്ന് അയ്യാത്തൻ വൈകാതെ മനസിലാക്കി.

എന്നാൽ, പുറക്കാവു മേഖലയിൽ നൂലുകൊണ്ടു അരപ്പട്ട കെട്ടിയ ബീഡി തെറുപ്പു കമ്പിനികളായിരുന്നു കൂടുതൽ. എന്തോ അതിനോട് അയ്യാത്തന് അധികം താൽപ്പര്യം ഉണ്ടായില്ല. അക്കാലത്തു ബീഡി തെറുപ്പു മേഖലയിൽ കടുത്ത മത്സരമായിരുന്നു. മുതലാളിമാ൪ തമ്മിൽ, കമ്പിനികൾ തമ്മിൽ. നി൪മിതിയിലും വിപണനത്തിലും വിൽപ്പനതന്ത്രങ്ങളിലും പുതിയ രീതികൾ കൊണ്ടുവന്നിരുന്നു. ബീഡി തെറുത്തു കാണാൻ ഇമ്പമുള്ള പൊതിയിലാക്കി കൊടുക്കുന്നതും മറ്റും. പൊതിക്കു മുകളിൽ ചിത്രം നി൪ബന്ധമായിരുന്നു. ആ പേരിലായിരുന്നു അത് അറിയപ്പെട്ടിരുന്നതും. തീപ്പെട്ടിക്കും അങ്ങനെയായിരുന്നു. കുയിൽ മാ൪ക്ക് തീപ്പെട്ടി എന്നൊക്കെ..

ബീഡിപ്പൊതിയിൽ എന്നാൽ പൊകയിലക്കമ്പിനി ഉടമയുടെ ഫോട്ടോ തന്നെ വയ്ക്കുന്ന ഏ൪പ്പാടായിരുന്നു. ഫോട്ടോ ബീഡികൾ. അയ്യാവു മുതലിയാ൪ ഫോട്ടോ ബീഡികൾ തുടങ്ങിയവ. ലഹരി ആ ഫോട്ടോയ്ക്കനുസരിച്ചായിരുന്നു വലിക്കാരുടെ ചോരയിൽ പട൪ന്നിരുന്നത്. തലപ്പാക്കട്ടി മന്നാടിയാ൪ ഫെയിം ഫോട്ടോ ബീഡിക്കമ്പിനി പുറക്കാവിലും മങ്കരയിലും തെറുപ്പുചായ്പ് തുടങ്ങിയപ്പോൾ അയ്യാത്തൻ അങ്ങോട്ടു ചെന്നു. മറ്റെത്രയോ കമ്പിനികളുണ്ടായിട്ടും അതെന്തിന് മന്നാടിയാ൪ക്കു തന്റെ യൗവനം ഹോമിക്കാൻ തീരുമാനമെടുത്തു എന്നതു ചോദ്യം തന്നെ. അതിന് ഒരു ഉത്തരം മാത്രം.

“ തെറുപ്പ് തെരിയുമാ…” മന്നാടിയാരുടെ അവിടത്തെ കങ്കാണി ചോദിച്ചു.

“ തെരിയും…” അയ്യാത്തന് അതിൽ സംശയമൊന്നും ഉണ്ടായില്ല.

“ എന്ന തെളിവ്…?”

“ തെറ്പ്പിച്ച് കാണ്…”

നിന്ന നിൽപ്പിൽ ഇല മുറിച്ചുതള്ളി അയ്യാത്തൻ തെറുത്തെടുത്തത് എണ്ണിനോക്കാതെ കങ്കാണിക്കു പറ്റില്ലായിരുന്നു അത് എത്രയെണ്ണമായിരുന്നെന്ന്…

“ പ്രമാദം…ആനാ ഒര് പെഴവ് ഇര്ക്ക്….” അതു കങ്കാണി കണ്ടുപിടിക്കുമെന്ന് അയ്യാത്തന് അത്ര ഉറപ്പായിരുന്നു. അല്ലെങ്കിൽ കങ്കാണി വെക്ട്…

“ അത് പെഴവ് അല്ലൈ..” അയ്യാത്തൻ തനിക്കറിയാവുന്ന പൊട്ടു തമിഴ് പുറത്തെടുത്തു.

“ നെന്റെ ബീഡിക്ക് ഉട്ത്ത്കെട്ട് ഇല്ലൈ…” കങ്കാണി ഒരു വലിയ കണ്ടുപിടിത്തം നടത്തിയതു പോലെ പറഞ്ഞു. “ ബിഡിയെ അതാക്ക്റത് അതിന്റ ഉട്ത്ത്കെട്ട് താനെ..”

“ അല്ലൈ….” ബീഡിയെ അതാക്കുന്നത് അതിന്റെ അകത്തുള്ള കൃത്യമായ പുകയിലക്കണക്കാണ്. നൂലുകൊണ്ടുള്ള കെട്ട് ഇല്ലാതെ അയ്യാത്തന്റെ ഒരു സ്പെഷൽ ഇലമടക്കാണ് അതിനെ പിടിച്ചുനി൪ത്തുന്നത്.

“ മന്നാടിയാര് അയ്യാവ്ക്ക് നൂല് കാശ് എളവ്…”

കങ്കാണിക്ക് അത്രയും കണക്കു പോയിരുന്നില്ല. നൂലു കാശു ലാഭിക്കാൻ കഴിഞ്ഞാൽ ഒരു പൈസ കുറയ്ക്കാൻ കഴിയുമെന്നു മന്നാടിയാര് മൊതലാളിക്ക് പെട്ടെന്ന് കണക്കോടി. അതു പിന്നെ മന്നാടിയാ൪ തന്റെ ബീഡികളുടെ ഒരു ട്രെയ്ഡ് മാ൪ക്ക് ആക്കുകയായിരുന്നു.

നൂൽബന്ധമില്ലാത്ത തലപ്പാക്കട്ടി മന്നാടിയാ൪ ഫെയിം ഫോട്ടോ ബീഡികൾ എന്ന പേരിലാണു പിന്നെ അതു പരസ്യം ചെയ്യപ്പെട്ടത്. അക്കാലത്തു നോട്ടീസിലും മറ്റും അച്ചടിച്ചിരുന്നതും അങ്ങനെ. നൂൽബന്ധമില്ലാത്ത ബീഡികൾ പാലക്കാട് ഭാഗത്തും കൊങ്കുനാട്ടിലും വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. നൂലുകെട്ടിന്റെ ആവശ്യമില്ലാത്ത സ്പെഷൽ മടക്കുവിദ്യ അയ്യാത്തനിൽ നിന്നു പിന്നെ പലരും പഠിച്ചു. മന്നാടിയാര് അയ്യാവു തന്നെ നേരിട്ടു വന്ന് അയ്യാത്തനിൽ നിന്ന് അതു കണ്ടുമനസിലാക്കി. ലാഭിച്ച നൂലുകാശ് കൊണ്ട് ബീഡിക്കും രണ്ടണ കുറച്ചു. അത് അന്നത്തെ വലിയ വിപ്ലവം തന്നെയായി.

എന്നാൽ, അത് ഏറെക്കാലം നീണ്ടുനിന്നില്ല. പുറക്കാവിൽ നടന്ന ബീഡിക്കമ്പനി സമരത്തെത്തുട൪ന്നു പല കമ്പിനികളും പൊട്ടി. പുതിയ പാണ്ടിക്കമ്പിനികൾ വന്നു. ശീലം മാറി, വഴക്കം മാറി. തൊഴിലാളികളും മുതലാളിമാരും തമ്മിൽ തെറ്റി. മുതലാളിമാ൪ അവരുടെ തനിസ്വഭാവം കാണിച്ചു. തൊഴിലാളികളെ കൂലി കുറച്ചും പണി കളഞ്ഞും പട്ടിണിക്കിട്ടു. അന്നു രാത്രിക്കു രാത്രി അയ്യാത്തൻ തമിഴ്നാട്ടിൽ നിന്നു വന്ന ചരക്കു ലോറികളിലൊന്നു തിരിച്ചുപോയപ്പോൾ അതിലുണ്ടായിരുന്നു.

പിന്നെ പാണ്ടി, പഴണി, പൊള്ളാച്ചി, പല ഊരുകൾ, പല ദേശങ്ങൾ…വേറെ പണി പലതും നോക്കി ആദ്യമാദ്യം. ഒന്നും ചോരയ്ക്ക് പറ്റിയില്ല. അവസാനം വീണ്ടും തെറുപ്പിലേക്ക് തന്നെയെത്തി. ബീഡിക്കു മേൽ പുതിയ കണ്ടുപിടിത്തമൊന്നും അയാൾ തുട൪ന്നുനടത്തിയില്ല. നൂൽബന്ധമില്ലാത്ത തലപ്പാക്കട്ടി മന്നാടിയാ൪ ഫെയിം ഫോട്ടോ ബീഡിക്കമ്പിനി തന്നെ അയാൾക്ക് അവിടെ പണി കൊടുത്തില്ല.

“ അന്ത കേരളത്താൻ കമ്മൂണിഷ്ടാക്ക്ം…” തലപ്പാക്കട്ടി മന്നാടിയാ൪ക്ക് ആരിൽ നിന്നോ രഹസ്യവിവരം കിട്ടിയിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ പാ൪ട്ടി വേരോട്ടം പിടിച്ചുകഴിഞ്ഞിരിക്കുകയായിരുന്നു. ഒരു ഒഴ്പ്പാളി കച്ചി ഭരണം പിടിച്ചതൊന്നും മന്നാടിയാ൪ക്കു ദഹിപ്പിക്കാൻ സാധിച്ചിരുന്നില്ല.

“ അന്ത ചിവപ്പ് കൊടി ഇങ്കേയും വരപ്പോറേൻ…” ആ ഭീഷണിയിൽ അയ്യാത്തനു മുന്നിൽ പല കമ്പനികളുടെയും ഗെയ്റ്റുകളടഞ്ഞു. പിന്നെപ്പിന്നെ തെറുപ്പ് പണി ചെയ്യാൻ അയാൾക്കും സാധിച്ചില്ല.

“ പൊഹേല അല൪ശിയാക്ക്ം…” പുറക്കാവിൽ തിരിച്ചുവന്ന അയ്യാത്തൻ ആരോടോ പറഞ്ഞു.

“ എനി എന്താക്ക്ം…? ” അമ്പട്ടര് കുഞ്ഞ ചോദിച്ചു. അയാൾക്ക് ഒരു സഹായിയെ വേണമായിരുന്നു. നായമ്മാരുടെ വീടുകളിൽ ചെന്നു വടിക്കാൻ..

“ ഞാഒര് ചായമക്കാനി തൊടങ്കപ്പോറേൻ…” അയ്യാത്തൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“ എന്നു വച്ചാൽ…?” കുഞ്ഞയ്ക്ക് അയാളുടെ മുറിത്തമിഴ് മുഴുവൻ മനസിലായില്ല.

“ ഞാഒര് ചായമക്കാനി തൊടങ്ങാൻ പോകണ്…”

ചായമക്കാനി എന്നാലെന്താണെന്നു കുഞ്ഞയ്ക്കു കൃത്യമായി മനസിലായില്ല. എന്നാൽ, മടക്കുബീഡി പോലെ എന്തോ സൂത്രപ്പണിയാണെന്ന് അയാൾ ഊഹിച്ചു. ചായക്കടയായിരിക്കും എന്നു വിചാരിച്ചു.

ചായക്കട തന്നെയായിരുന്നു അയ്യാത്തന്റെ ചായമക്കാനി. പല തരം ചായകൾ പല രുചികളിൽ അയാൾ വിളമ്പി. പളണിയിൽ കുറച്ചുകാലം ചായക്കടയിൽ നിന്നിരുന്നു. അവിടെനിന്നു നോക്കിപ്പഠിച്ചതാണ്. പാലൊഴിച്ചത്, ഒഴിക്കാത്തത്, അടിക്കാത്തത്, വീശിയടിച്ചത്, സുലൈമാനി, പൊടിച്ചായ തുടങ്ങിയവ തമിഴ്നാട്ടിൽ നിന്നു പഴയ ചായച്ചണ്ടി ഉണക്കി നിറം ചേ൪ത്തുവരുന്ന ചായപ്പൊടിയിൽ നിന്ന് അയാൾ സൃഷ്ടിച്ചെടുത്തു. നാട്ടുകാ൪ കുശുമ്പും കുന്നായ്മയ്ക്കും പരദൂഷണത്തിനും കെട്ടുകഥയ്ക്കുമായി മക്കാനിയിൽ തടിച്ചും മെലിഞ്ഞും കൂടി. ആ മക്കാനിയുടെ നഷ്ടപ്രതാപമാണ് ഇന്നു കാണുന്ന ചായച്ചായ്പ്. കെട്ടുബീഡി പോലെ അതിന്റെയും ഹരം കാലം കെടുത്തി. കാലം അയ്യാത്തനോടു കാണിച്ചതു രണ്ടു ചതികളാണ്. അയാൾ തന്നിലേക്കു തന്നെ ഒഴിഞ്ഞുനിന്നതും കാലത്തിന്റെ ഈ ചതി കാരണം.

എന്നാൽ അയ്യാത്തൻ കാലത്തിനു മാപ്പുകൊടുത്തിരിക്കുകയായിരുന്നു. ആരോടും പ്രതികാരം ചെയ്യാനില്ലാത്ത ഒരു ജീവിതമാണ് അയാൾ എന്നും ആഗ്രഹിച്ചിരുന്നതും. പല നാടുകൾ ചുറ്റി, പല മണങ്ങൾ മണത്തു, പലതും കണ്ടു, കൊണ്ടു. ഒന്നും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചില്ലായിരുന്നു. ചായച്ചായ്പും ഉപേക്ഷിക്കണമെന്നൊരു മോഹം തോന്നിയിട്ടുതന്നെ കാലം കുറെയായി. പക്ഷെ, ഇനിയെങ്ങോട്ടും പോകാനില്ല. എങ്ങോട്ടും വരുവാനുമില്ല. എന്നാൽ, ആരോ വരാനുണ്ടെന്ന് അയാളെ വ൪ഷങ്ങളായി തോന്നിപ്പിച്ചിരുന്നു. ആരും വരാനില്ല എന്നിരിക്കിലും. ഒരാളുണ്ട്, ഒരാളുണ്ട് എന്ന് അയാളുടെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എല്ലാം തന്റെ തോന്നലാണെന്നു വിചാരിച്ചു നടന്നു.

പുറക്കാവിലേക്ക് എന്നാൽ പലരും വരുന്നുണ്ടായിരുന്നു. പാലക്കാട്ടേക്കുള്ള മെലിഞ്ഞ വഴി പളണിക്കുള്ള ഹൈവേയായി മാറി. പലരും വരുന്നുണ്ടായിരുന്നു. എന്നാൽ, ഒന്നും തന്റെ അടുത്തേക്കല്ല എന്നയാൾ വിശ്വസിച്ചു. എന്നാലും ആരോ വരാനുണ്ടെന്നു പറയുന്നുണ്ടായിരുന്നു. എന്നിട്ടും അയാൾ ആരെയും കാത്തിരിന്നുമില്ല.

“ ഇപ്പോത് രണ്ടാള്ക്കാര് വന്താച്ച്….” അയ്യാത്തൻ തന്നോടു തന്നെ പറഞ്ഞത് കുറച്ച് അധികം ശബ്ദത്തിലായി. ഇരവി അത് അയാൾ നേരത്തേ എപ്പോഴോ പറഞ്ഞുകൊണ്ടിരുന്നതിന്റെ തുട൪ച്ചയായാണു കേട്ടത്.

“ യാര് രണ്ട്….?”

“ മേഷ്ട്രര്ം അന്ത കുതരയും…” പാതി തമാശ കല൪ത്താതെയാണ് അയാൾ അതു പറഞ്ഞതെങ്കിലും ഇരവി ചിരിച്ചുപോയി.

“ എന്നെയും കുതിരയാക്കീട്ടാ…അതോ മ്റ്ഗത്തെ മന്സനാക്കിട്ടാ…?”

“ തെരിയാത്…”

“ അതാണ് ഞാമ്മുന്നാടിയാ പറഞ്ഞത്..”

“ അത് യെന്ത്…?”

“ അന്ത കുതിരൈ ഒര് സൂചനയാക്ക്ം…”

“ തെരിയാത്…യേതോ ആപത്ത് വര്കിറത്…”

“ ഏയ്..അങ്ങനെ വിശാരിക്ക വേണ്ട, അയ്യാ…”

“ പിന്നെ…?”

“ നീ അന്ത കുതിരയെ പാത്ത് ശൊല്ല്…”

വെളിയിടത്തുനിന്നു തന്നെ പേടിപ്പിച്ചു വെരട്ടിവിട്ടതെങ്കിലും അയ്യാത്തനു കുതിര നേ൪ക്കുനേരെ കണ്ണുകൊടുത്തിരുന്നില്ല. മേഷ്ട്രര് കുതിരയെ ശരിക്കും നോക്കണമെന്നു പറഞ്ഞതു ശരിയാണെന്ന് അയാൾ വിചാരിച്ചു. കുതിരയെ കണ്ടു എന്നതു നേരു തന്നെ. എന്നാൽ കുതിരയെ ശരിക്കും കണ്ടില്ല. തലയുയ൪ത്തിനോക്കുമ്പോൾ അതു കുറ്റിക്കാട്ടുനരപ്പിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

“ പാര്ങ്കോ മേഷ്ട്രരേ…അത് മറഞ്ചുപോച്ച്…”

അയ്യാത്തനും കുതിരയും തമ്മിലുള്ള ഒളിച്ചുകളി തുടരുകയായിരുന്നു. ഇരവി അതിനെ വലിയൊരു അ൪ഥത്തിലാണു കാണാൻ ശ്രമിച്ചത്. ആ കുതിര അയ്യാത്തനെ ചതിച്ചുകളഞ്ഞ കാലമായിട്ട് ഇരവി സങ്കൽപ്പിച്ചുനോക്കി. അവ൪ തമ്മിൽ ഇന്നലത്തെപ്പോലെ ഒളിച്ചുകളിക്കുകയാണ്. ഒരിക്കലെങ്കിലും നോ൪ക്കുനേ൪ വരാതിരിക്കില്ല. അങ്ങനെ പറഞ്ഞ് അയാൾ അയ്യാത്തനെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു കാര്യം മാത്രം പറഞ്ഞില്ല. ആ കുതിര അയാളെ രണ്ടുവട്ടം ചതിച്ച കാലം തന്നെയാണെന്ന്.

മേഷ്ട്രര് പറഞ്ഞതു സത്യം തന്നെയായിരുന്നു. അയ്യാത്തനും കുതിരയും നേ൪ക്കു നേ൪ വരുമെന്ന്. യാക്കരയിലേക്കുള്ള പല യാത്രകളിലൊന്നിൽ തിരിച്ചുവരുന്ന ഊടുവഴിയിൽ കുതിര നേരെ മുന്നിൽ നിന്നു. അതിൽക്കൂടുതൽ വഴിക്കു വീതിയുണ്ടായിരുന്നില്ല. കുതിര തന്നെ കാത്തുനിൽക്കുകയാണെന്നു തന്നെ അയ്യാത്തനു തോന്നി. അതിനെ അവഗണിച്ചു കടന്നുപോകാൻ വഴിവീതിയില്ല.

അവ൪ പരസ്പരം നേ൪ക്കു നേ൪ നിന്നു കണ്ണുകളിലേക്കുറ്റുനോക്കി. പെട്ടെന്നു കണ്ണുകുത്തുമഷിയുടെ ഹിമത്തണുപ്പ് അയ്യാത്തന്റെ കണ്ണിലേക്ക് ഊറിവന്നു. കുപ്പായത്തിന്റെ കീറിത്തുന്നലുകൾക്കിടയിലൂടെ നിലാവ് ഇറങ്ങിവരുന്നതു പോലെയാണ് ആ ഉച്ചച്ചൂടിലും അയ്യാത്തനു തോന്നിയത്.

അയാളുടെ കണ്ണുകൾ പല കാലങ്ങൾ കണ്ടു. അതിന്റെ ദൃഷ്ടാന്തം കുതിരക്കണ്ണുകളിലുണ്ടായിരുന്നു. അയാൾ എന്തുകൊണ്ടോ മലക്കുകളുടെ പുരാണമോ൪ത്തു. കണ്ണുകൾ മാടൻമലയുടെ ദിശയിലേക്ക് ആകാശത്തേക്കു നീണ്ടു. പനി ബാധിതനെപ്പോലെ അയാൾ ഊടുവഴിയിൽ തളർന്നു വീണു.

കണ്ണുകുത്തുപുരയുടെ തൊടിയിൽ ആളനക്കം കേട്ടപ്പോൾ ഇരവി തല പൊന്തിച്ചുനോക്കി. അയ്യാത്തനെ തറയിൽ ഇറക്കിക്കിടത്തി തിരിച്ചുപോകുന്ന കുതിരയുടെ പിൻഭാഗമാണ് അയാൾക്കു കാണാൻ കഴിഞ്ഞത്.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.