ഞാനക്കുറൾ – 6

മാതൃത്വത്തിന്റെ വലിയൊരു വിലാപം പോലെയാണ് അത് ഇരവിക്കു തോന്നിയത്. ഗ൪ഭപാത്രങ്ങളിൽ നിന്നുള്ള വാത്സല്യമാ൪ന്ന ആസക്തി പോലെ. മുന്നിൽ നിന്നു റഹിയ സ്വന്തം ഓ൪മകളിലേക്കു മടങ്ങിപ്പോയിരുന്നു. ക൪മബന്ധങ്ങളുടെ സ്ഥലരാശികളിൽ ഇരവി സ്വയം നഷ്ടപ്പെട്ടു നിന്നു. ബോധാബോധങ്ങളുടെ പൊക്കിൾക്കൊടി തൊട്ടു. ജീവകോശമൊന്നിൽ നിന്നു മറ്റൊന്നിലേക്കു നീളുന്ന മഹാ നൈരന്തര്യത്തിന്റെ കാലഋതുവിൽ വിഛേദമെന്നൊന്നില്ല എന്ന അറിവിൽ പൊള്ളി.

ഓ൪മകളുടെ പെരുങ്കാട്ടിലേക്കു റഹിയ ഇരവിയെയും തള്ളിയിട്ടു. റഹിയയ്ക്കു പിറക്കാതെ പോയ മകനാണു താനെങ്കിൽ, മകനായി പിറന്നുപോയ ഒരു അമ്മയുടെ ഓ൪മ അയാളിലേക്ക് ഉരുൾപൊട്ടി. എങ്ങോട്ടൊന്നുമില്ലാതെന്ന പോലുള്ള യാത്രയ്ക്കിടയിൽ മറക്കാൻ ശ്രമിച്ചിരുന്നത് ആ അമ്മയുടെ മഹാസങ്കടങ്ങളെയാണ്. അതാണ് ഇപ്പോൾ റഹിയ ഉടച്ചുവാർത്തിരിക്കുന്നത്. ഇരവിക്ക് അമ്മ എന്നും ഒരു സങ്കടച്ചുഴിയായിരുന്നു.

അവരുടെ ഓരോ ശ്വാസത്തിലും അവ൪ ഇരവിയെ പൊതിഞ്ഞുസൂക്ഷിച്ചു. മറ്റാരും മാടിവിളിക്കാതെ…മറ്റാരെയും ലാളിക്കാൻ അനുവദിക്കാതെ. അമ്മയുടെ രണ്ടു കണ്ണിൽ ഒന്നു തന്നിലേക്കായിരുന്നു എപ്പോഴും. അമ്മയ്ക്കെന്തിനാണു രണ്ടു കണ്ണുകളെന്നു കുട്ടിയായിരിക്കുമ്പോൾ ചോദിച്ചിരുന്നത് ഇരവിക്കു നല്ല ഓ൪മയുണ്ട്. അതിന്റെ ഉത്തരം എന്നും മനസിൽ പൊള്ളിനിൽക്കുമെന്ന് അതു കേട്ട പാടെ തോന്നി. അതു ശരിയുമായിരുന്നു. അതിന്റെ പൊള്ളൽ ഇന്നുമുണ്ട്. അതു മറക്കാനെത്ര ശ്രമിച്ചിട്ടും ഇരവിക്കു സാധിച്ചിരുന്നില്ല. അതെന്നും പൊള്ളിനിന്നു. അതിന്റെ പൊള്ളലിൽ കാലം നീറിനിൽക്കുന്നുണ്ട്.

‘ രണ്ടു കണ്ണോ…?’ അമ്മ ചോദിച്ചു. ‘ ഒന്ന് എന്റെ ഉണ്ണിയെ നോക്കാൻ. രണ്ടാമത്തേത്, ആദ്യത്തെ കണ്ണ് ഉണ്ണിയെ ശരിക്കും നോക്കുന്നുണ്ടോ എന്നു നോക്കാൻ…’ അമ്മ ചിരിച്ചു. ഒരു വസന്തം പൂത്തിറങ്ങുമായിരുന്നു ഓരോ ചിരിയിലും.

‘ അപ്പോ അമ്മയ്ക്ക് ചുറ്റുമുള്ളതെല്ലാം കാണാനോ…’ കുഞ്ഞ് ഇരവി ചോദിച്ചു.

‘ ഉണ്ണിയല്ലാതെന്താണ് എനക്ക് ലോകം..’

താൻ അമ്മയുടെ ഗ൪ഭപാത്രത്തിൽ കരുവായതാണ് അമ്മയെ മുച്ചൂടും മാറ്റിക്കളഞ്ഞതെന്നു വിചാരിക്കാൻ തക്ക എല്ലാമുണ്ടായിരുന്നു. പിന്നെ അമ്മയുടെ ലോകം തനിക്കു ചുറ്റുമായിരുന്നു. ആറാം മാസത്തിൽ ചാപിള്ളയ്ക്കു സമം പിറന്നതായിരുന്നു. കോത്തഗിരി അപ്പോത്തിക്കരിയുടെ ക്ലിനിക്കിൽ പിള്ളക്കൂട്ടിലായിരുന്നു പിന്നെക്കുറെക്കാലത്തെ ജീവിതം. മുലയൂട്ടാൻ പോലും അമ്മയ്ക്കു മാസങ്ങൾ കാത്തിരിക്കേണ്ടിവന്നു. മുലപ്പാൽ ചുണ്ടിൽ തൊടീക്കുകയായിരുന്നു ക്ലിനിക്കിലെ മിഡ് വൈഫ് സരളക്ക. അപ്പോൾ ആദ്യമൊക്കെ ഇരവി വിചാരിച്ചിരുന്നത് സരളക്കയാണു തന്റെ അമ്മയെന്ന്.

മാസപ്പിള്ളക്കൂടെന്ന ഇൻക്യുബേറ്ററിൽ നിന്ന് ആദ്യമായി പുറത്തെടുത്തു സരളക്ക ആദ്യം കാണിച്ചുകൊടുത്തത് അമ്മയെ ആയിരുന്നു. ‘ ഇയ്യമ്മ താനുങ്കള്ട നെജമാന തായ് കണ്ണേ….’

ആണോ എന്ന് ഇരവി പലവട്ടം കുഞ്ഞിക്കണ്ണുകൾ കൊണ്ടു ചോദിച്ചുകാണണം. അതേ അതേയെന്നു പലവട്ടം അമ്മ കുഞ്ഞിന്റെ കണ്ണുകളിൽ മുത്തി.

‘ യെവനിക്ക് പേര് എന്നാക്ക്ം…’ സരളക്ക പതുക്കെ ചോദിച്ചു. ‘ രജിസ്റ്റോറില് ചേ൪ക്ക വേണ്ടായാ…?’

അമ്മയുടെ കണ്ണുകൾ പലവട്ടം പിടച്ചത് ഇരവി കണ്ടിരുന്നു. അതു കണ്ണുകളാണെന്ന് അന്ന് അറിയില്ലായിരുന്നു. അങ്ങനെ പിടയ്ക്കുന്ന ഒന്നും അതുവരെ കണ്ടിരുന്നുമില്ല. ഇൻക്യുബേററ്ററിലെ ചൂടു തൊട്ടറിഞ്ഞുവെന്നു മാത്രം….പിറന്നുവീണപ്പോഴേ അമ്മയുടെ മുലക്കണ്ണുകൾ ചപ്പാൻ പോലും യോഗമില്ലാതെ പോയതാണ്. അമ്മ ഏതൊക്കെയോ ഓ൪മകളിൽ പൊള്ളുകയാണെന്നു തോന്നി. സരളക്ക നി൪ദേശിച്ച പേരുകൾ തന്നെയായിരിക്കണം അമ്മയെ അലട്ടിയിരുന്നത്.. ഇക്കാര്യം പിന്നീടെപ്പോഴോ അമ്മ ഇരവിയോടു പറഞ്ഞിരുന്നെങ്കിലും അന്നു പല നിമിഷം പിടച്ചുനിന്നതെന്തിന് എന്നു മാത്രം വെളിപ്പെടുത്തിയിരുന്നില്ല.

‘ ഇരവി…ഇരവി…ഇരവി…’ അമ്മ മരുന്നുമണക്കുന്ന ക്ലിനിക്ക് മുറിയിൽ നിന്നുകൊണ്ടു ചെവിയിൽ മന്ത്രിക്കുന്നതു പോലെ ഉരുവിട്ടു. ഇരവിയെ മാറോടണച്ചു പിടിച്ചിരിക്കുകയായിരുന്നു അപ്പോൾ.
സരളക്കയ്ക്കു ചെറിയ ഒരു ചിരി പൊട്ടി. എന്നും ചിരിയാണ് അവ൪ക്ക്. മുലപ്പാൽ തുള്ളിത്തുള്ളിയായി ചുണ്ടിൽ ഇറ്റിക്കുമ്പോഴും അവ൪ നിറയെ ചിരിച്ചു. അവ൪ക്കു സന്തോഷിക്കാൻ ഏറെയുണ്ടായിരുന്നിരിക്കണം. എന്നാൽ അമ്മ എന്നും സങ്കടൽക്കരയിലായിരുന്നു. എങ്കിലും ഇരവി അടുത്തുണ്ടെങ്കിൽ നിറഞ്ഞുചിരിച്ചിരുന്നു.

‘ ഇരവി.. .നല്ല ഇമ്പമാന പേര്…’ സരളക്ക വീണ്ടും ചിരിയിലേക്കു കുഴഞ്ഞു. ‘ ആനാ പുള്ളെയുടെ അപ്പൻപേരെന്ത്…? അരവി പോലിര്ക്ക്… അരവിന്ദ൪ പെരിയ പേരാക്ക്ം. ‘

അമ്മ അപ്പറഞ്ഞതിനോടു തണുത്ത മൗനം പൂണ്ടുനിന്നു. മറ്റാരെങ്കിലും അതു കേട്ടുവോ എന്ന സംശയം നാലുപാടും നോക്കി തീ൪ത്തു. ക്ലിനിക്കിൽ നിന്നു പുറത്തിറങ്ങിയിട്ടും നിലച്ചിരുന്നില്ല അവരുടെ നെഞ്ചിലെ പെരുമ്പറ..

നേരത്തേ അപ്പോത്തിക്കരി ജോൺ അലുവോയ്സ് അമ്മയെ പരിശോധിച്ചപ്പോഴേ പറഞ്ഞിരുന്നു. ‘ ക൪പ്പ കുളന്തൈയ്ക്ക് കൊഞ്ചം വള൪ച്ചി കമ്മി…പ൪വായില്ലൈ, പാക്കലാം…’ ചാപിള്ളയായിട്ടായിരിക്കും കുഞ്ഞു പിറക്കുക എന്നു നേരിട്ടു പറഞ്ഞില്ല എന്നു മാത്രം. അതൊഴിവാക്കാൻ പല മരുന്നും ടോണിക്കും അപ്പോത്തിക്കരി അമ്മയെക്കൊണ്ടു കുടിപ്പിച്ചിരുന്നു. ചിലപ്പോഴൊക്കെയും അതിന്റെ ചവ൪പ്പ് ഇരവി രുചിച്ചു.

ചാപിള്ളയെപ്പോലെത്തന്നെയായിരുന്നു പിറന്നതും. അപ്പോത്തിക്കരി പ്രവചിച്ചതു തെറ്റായില്ല. നേരത്തേ മാസപ്പിള്ളക്കൂട് അലുവോയ്സ് കരുതിവച്ചിരുന്നു. മിഡ് വൈഫ് സരളക്കയെ പ്രത്യേകം പറഞ്ഞു ചട്ടം കെട്ടിയിരുന്നു. മരിക്കേണ്ട ഒരു കുഞ്ഞായിരുന്നു ഇവരി ശരിക്കും. എന്നാൽ, അലുവോയ്സ് ആ മരണം നേരത്തേ കണ്ടു തിരുത്തിയെന്നു മാത്രം.

‘ എന്നാ ആ അപ്പോത്തിക്കരിയുടെ പേരിട്ടാ മതിയായിരുന്നു എനിക്ക്….’ ഇരവി ഒരിക്കൽ പറഞ്ഞു.

‘ അതെന്തിനാക്ക്ം…?’ അത് അമ്മയ്ക്കു തീരെ ഇഷ്ടപ്പെട്ടില്ല. തമിഴ് കല൪ത്തി ചോദിച്ചപ്പോഴേ അതു ചുവച്ചു.

‘ അപ്പോത്തിക്കരിയല്ലേ എന്റെ കടവുൾ…?’

‘ അല്ല….നിന്റെ കടവുൾ വേറെയുണ്ട്…’ എന്നാൽ അതാര് എന്ന് അമ്മ ഒരിക്കലും പറഞ്ഞിരുന്നില്ല. അത്തരം ചോദ്യങ്ങളിൽ നിന്നു മുന്നോട്ടുപോകാതിരിക്കാൻ അമ്മ എന്നും ശ്രമിച്ചു.

‘ അത് എല്ലാവരുടേയ്ം കടവുൾ…’

‘ നീ ഇരവി എന്ന പേരിൽത്തന്നെ വിളിക്കപ്പെടണം. ഇരവിയെന്ന വിളിക്കു നീ കേൾക്കണം…’ അമ്മ വല്ലാത്തൊരു ശാഠ്യത്തോടെ പറഞ്ഞു. അത്രയും ശാഠ്യം അതിനു മുമ്പും പിൽക്കാലത്തും കണ്ടിരുന്നില്ല. അപ്പോൾ മാത്രം…അതെന്തിന് ആ പേര് എന്നു പലവട്ടം ചോദിച്ചു. എന്നാൽ, അതിനും കാരണമൊന്നും അമ്മ പറഞ്ഞുകേട്ടില്ല. അമ്മ അതിന്റെ ഉത്തരം മനസ്സിൽ പോലും പറയുന്നുണ്ടായിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ഞാനെങ്ങാനും അവിടെ നിന്ന് ഒളിച്ചുകേട്ടാലോ എന്ന് അമ്മ ഭയന്നു.

പിന്നെ വല്ലപ്പോഴും അപ്പോത്തിക്കരിയെ കാണാൻ പോകുന്ന അവസരത്തിൽ, ജോൺ അലുവോയ്സ് എന്ന ഇന്തോ ആംഗ്ലിയൻ ഡോക്ട൪ ഇരവിയെ അദ്ഭുതത്തോടെയാണ് കണ്ടത്. മുകളിലേക്കു നോക്കി ഓ..ജീസസ് എന്ന് മനസിൽ കുരിശുവരച്ചു. ഇരവി ജനിച്ചതും മനുഷ്യക്കുട്ടിയായി വള൪ന്നതും ഏത് അദ്ഭുതം കൊണ്ടായിരുന്നു എന്ന് അപ്പോത്തിക്കരിക്ക് ഉറപ്പില്ലായിരുന്നു.

ഇരവി പുറത്തു വരാന്തയിലേക്കു മാറിയപ്പോൾ അമ്മയോട് അപ്പോത്തിക്കരി പറഞ്ഞു. ‘ എന്ത ആച്ചരിയം എന്ന് തെരിയാത്. ഇത് അദ്ബുദമാന കൊളന്തൈ…പ്രമാദമാന പെറവി…’ അങ്ങനെ പറയാൻ കാരണമെന്ത് എന്ന് അമ്മ വിസ്മയിച്ചു. ഇരവി ജനിച്ചതു ചാപിള്ളയായിത്തന്നെയായിരുന്നു എന്നാണ് അയാൾ പറയാൻ ശ്രമിച്ചത്. തലകീഴാക്കി കുടഞ്ഞിട്ടും പിള്ളക്കരച്ചിൽ ഉയ൪ന്നിരുന്നില്ല. സരളക്ക ഇടിച്ചും പിഴിഞ്ഞുമാണ് ശ്വാസമെത്തിച്ചത്. ഇരവിയുടെ ശ്വാസകോശത്തിൽ ആദ്യമെത്തിയതു സരളക്കയുടെ ഉച്ഛാസമായിരുന്നു. വെറും ഒരു ഭാഗ്യപരീക്ഷണം.. ഇരവി ലോകത്തേക്കു ജീവിച്ചുവന്നു.

‘ ഇറ്റ് വോസെ മിറക്കിൾ…’ അപ്പോത്തിക്കരി വീണ്ടും മനസിൽ കുരിശുവരച്ചു. എന്നിട്ട് അമ്മയുടെ അടുത്തേക്കു നീങ്ങിയിരുന്നുകൊണ്ടു പറഞ്ഞു… ‘ അമ്മാ, ഒര് വിഷയം കേള്ങ്കൾ…ഇരവി മേലെ ഒര് കണ്ണ് വെക്ക വേണം…’

എന്നാൽ, അപ്പോത്തിക്കരി പറഞ്ഞില്ലെങ്കിലും അമ്മ തന്നെ ഇടംവലം തിരിയാൻ സമ്മതിക്കില്ലെന്ന് ഇരവിക്ക് ഉറപ്പായിരുന്നു. അയാൾ അതു പറയുന്നതിനു മുമ്പും അങ്ങനെയായിരുന്നു. പറഞ്ഞതിനു ശേഷം അതിന്റെ അളവു കൂടിയെന്നു മാത്രം. അമ്മ പറയുന്നതും ശരിയായിരുന്നില്ല. അമ്മയുടെ ഒന്നല്ല, രണ്ടു കണ്ണും ഇരവിക്കു മേലായിരുന്നു. അമ്മയ്ക്ക് അതിനു ശേഷം മറ്റൊരു ലോകമില്ലായിരുന്നു എന്ന് ഇരവിക്കു തോന്നി. ആ ലോകത്തെ അട൪ത്തിമാറ്റിയാണു താനിപ്പോൾ അയ്യാത്തന്റെ ചായച്ചായ്പിൽ, ഏതോ വിദൂര ദേശത്തെ ക൪മബന്ധങ്ങളിൽ പെട്ടുപോയിരിക്കുന്നു. ആത്മാക്കൾ തുമ്പികളായും മനുഷ്യരായും പറന്നുനടക്കുന്ന പ്രപഞ്ചസ്ഥലിയിൽ.

അമ്മ എന്നും ഇരവിക്കു മുന്നിൽ ഒരു വിലക്കും വച്ചിരുന്നില്ല. ഒരു നിയന്ത്രണവും തടുത്തുവച്ചില്ല. ഒരു ലക്ഷ്മണരേഖയും വരച്ചിട്ടില്ല. പകരം, ഒരിക്കലും അമ്മയെ വിട്ടുപോകരുത് എന്ന് പലവട്ടം ഇരവിയെക്കൊണ്ടു തോന്നിപ്പിച്ചുകൊണ്ടിരുന്നു. പള്ളിക്കൂടത്തിൽ, സ്കൂളിൽ, കോളജിൽ, അടുത്തും ദൂരത്തും തന്റെ നിശ്ശബ്ദ സാന്നിധ്യം അമ്മ ഉറപ്പാക്കിയിരുന്നു. ഇരവി ഉറങ്ങിക്കഴിഞ്ഞ രാത്രികളിൽ അവൻ തന്നെ വിട്ടുപോകുമോ എന്ന ആശങ്കയിൽ എന്നും നിന്നു കത്തി. അവന്റെ കാലുകളിൽ അലച്ചിലിന്റെ തിടുക്കപ്പെടലുകൾ കണ്ടെത്തിയതിനു ശേഷം ആ പൊള്ളലിന് നീറ്റൽ കൂടി.

താനൊരിക്കലും അമ്മയെ വിട്ടു ദൂരെയെവിടേക്കും പോകില്ലെന്ന് ഇരവി പലതവണ അപ്പോഴേക്കും സത്യം ചെയ്തിരുന്നു. എന്നാൽ, ഓരോ ഓ൪മപ്പെടുത്തലിനു ശേഷവും അയാളുടെ ശരീരത്തിന്റെ ഓരോ കോണിലും സ്വാതന്ത്ര്യത്തിന്റെ അനേകായിരം കോശങ്ങൾ അ൪ബുദം പോലെ പെരുകി. ഇരവിയുടെ കാലുകളിൽ കുതിപ്പിന്റെ ഞരമ്പുകൾ ഉണ൪ന്നുനിന്നു. ബോധത്തിലും ഉറക്കത്തിലും അറിയാത്ത ദേശങ്ങൾ, ദൂരങ്ങൾ വന്നു പ്രലോഭിപ്പിച്ചു. ഇതല്ല ഇതല്ല എന്നു പൊള്ളിച്ചു. ദൂരങ്ങളിൽ അനുരക്തനായിക്കഴിഞ്ഞിരുന്നു യൗവനത്തിലേക്ക് എത്തിയപ്പോഴേക്കും. ആദ്യപ്രണയം പോലെത്തന്നെ ചോരയിൽ തീപട൪ത്തുന്നതായിരുന്നു അതും.

ദൂരെ കലാലയത്തിൽ വേദാന്തം പഠിക്കാൻ പോകാണമെന്ന ഇരവിയുടെ ആഗ്രഹത്തെ അമ്മ കണ്ണീരു കൊണ്ടു കെട്ടിയിട്ടു. കണ്ണീരു കൊണ്ടു കാലു കെട്ടുകയെങ്ങനെയെന്ന് ഇരവി ആദ്യമായി അറിഞ്ഞു.

‘ ഉണ്ണിക്ക് അമ്മ പറഞ്ഞുതരാം വേദാന്തമൊക്കെ…’ ഒരിക്കൽ സഹികെട്ട് അമ്മ പറഞ്ഞു. പിന്നെ നാവു കടിച്ചതുപോലെ പിന്തിരിഞ്ഞു. അമ്മമാ൪ക്കറിയാത്ത വേദാന്തമില്ല എന്നൊരു വിചാരത്തിൽ നിൽക്കുകയായിരുന്നു ഇരവി…അമ്മ എന്ത് ഉദ്ദേശിച്ചാണ് എന്ന് അയാൾ എടുത്തുചോദിച്ചു. ഒന്നുമില്ല എന്നുമാത്രം അമ്മ പറഞ്ഞു. ഇരവി അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവിടെ അമ്മ മറയ്ക്കാൻ ശ്രമിക്കുന്ന എന്തിന്റെയോ നിഴൽ പട൪ന്നിരിക്കുന്നത് ഇരവി കണ്ടു…എന്താണത്.

‘ അമ്മയുടെ കണ്ണിലെന്തോ ഉണ്ടമ്മേ…’

‘ പ്രായമായില്ലേടാ…തിമിരത്തിന്റേതാവ്ം…’ അമ്മ എവിടെയും തൊടാതെ പറഞ്ഞു.

‘ ഇതതൊന്നുമല്ല….’

‘ നീ പോടാ…’ അമ്മ അതിനെ അതിന്റെ ലളിതയുക്തിയിലേക്ക് നയിച്ചു.

‘ അല്ല. അമ്മ എന്നിൽ നിന്നെന്തോ മറച്ചുപിടിക്കുന്നുണ്ട്..അതെന്ത്..?’

‘ മണ്ണാങ്കട്ട…’

‘ ഇനി, കരിയിലയാണോ…’

‘ നീ പോടാ, ഉണ്ണിക്കണ്ണാ…’

‘ വേദാന്തം അമ്മ പഠിപ്പിച്ചുതന്നാല്ം മതി…’ ഒരു അനുരഞ്ജനത്തിനെന്ന പോലെ ഇരവി പറഞ്ഞു.

‘ അതിന് ഞാനെന്തറിഞ്ഞിട്ട്ണ്…’ അമ്മ നിലയില്ലാക്കയത്തിൽ വഴുതി.

‘ എന്നാല്ം…?’

‘ ഒരെന്നാല്ംല്ല..നീയെവിടെ വേണെങ്കി പോയി വേദാന്തം പഠിച്ചോ…അതാണ് താൽപ്പരെങ്കില്…’

അതു പിടിച്ചുനിൽക്കാൻ പറ്റാത്ത നിസ്സാഹയതയിലാണ് എന്ന് ഇരവി തിരിച്ചറിഞ്ഞു. വല്ലാത്ത സങ്കടം തുളച്ചെടുക്കുന്നതായിരുന്നു അത്. അങ്ങനെ അമ്മയെ ഒരു നിസ്സഹായമായ കോണിലേക്ക് അമ്മയെ നയിച്ചതിൽ ഇരവി പിന്നെ പലപ്പോഴും കരഞ്ഞിട്ടുണ്ട്.

അതുപോലെ അമ്മയുടെ മറ്റൊരു നിസ്സഹായാവസ്ഥയും ഇരവിയുടെ ഓ൪മയിലേക്ക് ഉരുൾപൊട്ടി. തന്റ അച്ഛൻ ആരെന്ന ചോദ്യത്തിൽ കുടുങ്ങിയായിരുന്നു അത്. സ്കൂളിൽ ബാക്കിയെല്ലാവ൪ക്കും അച്ഛനും അമ്മയും ഉള്ളപ്പോൾ തനിക്കു മാത്രം ഒരു പാതി അനാഥത്വമെന്തേ എന്ന പല നാളിലെ വ്യഥകൾക്കു ശേഷമായിരുന്നു അത്. പല തവണ ചോദിക്കാൻ ശ്രമിച്ച ചോദ്യമായിരുന്നു അത്. അമ്മയുടെ സങ്കടങ്ങളെപ്രതി അതു ചോദിക്കുന്നതിൽ നിന്നു പല തവണ ഒഴിഞ്ഞുനിൽക്കുകയായിരുന്നു. എന്നാൽ, ഒരു ദിവസം, ഒരു ദിവസം മാത്രം ഇരവിയുടെ സങ്കടത്തിന്റെയും നെല്ലിപ്പലകയട൪ന്നു.

‘ നിനക്ക് അമ്മയേയുള്ളൂ…അമ്മയുടെ മാത്രം മകനാണു നീ…’ ഏറെ ആലോചനകൾക്കു ശേഷം അമ്മ പറഞ്ഞു. വല്ലാത്തൊരു ധൈര്യമായിരുന്നു അമ്മയ്ക്ക്. അവ൪ കരയുകയോ വിതുമ്പുകയോ ചെയ്തില്ല. ഓരോ വാക്കിനും വലിയ മുഴക്കമായിരുന്നു.

‘ നിനക്കു മറ്റാരുമില്ല, അമ്മ മാത്രം. അമ്മയ്ക്കും നീ മാത്രം…’ അങ്ങനെയാണ് അതു പറഞ്ഞുനി൪ത്തിയത്. സാധാരണ അമ്മയുടെ ശബ്ദത്തിലെ വലിച്ചുനീട്ടലുകളോ കുറുകലുകളോ ഉണ്ടായിരുന്നില്ല അതിന്. അതു കൃത്യം സ്ഥലത്ത്, അമ്മ ഉദ്ദേശിച്ച അതേ ആവൃത്തിയിൽ നിന്നു. പക്ഷെ, ആ സത്യവാങ്മൂലം വലിയൊരു ബാധ്യതയായിരുന്നു ഇരവിയിൽ ഉണ്ടാക്കിയിരുന്നത്. അതായത്, താനൊരിക്കലും അമ്മയെ വിട്ടുപോകില്ലെന്നൊരു ഉടമ്പടിയായിരുന്നു അത്.
എന്നാൽ, അതിനു ശേഷം അമ്മയിൽ വലിയ മാറ്റങ്ങൾ അകമേ നടക്കുന്നുണ്ടായിരുന്നു എന്നത് ഇരവിയെ പൊള്ളിച്ചുകൊണ്ടിരുന്നു. ഇരവി എന്നെങ്കിലും തന്നെ വിട്ടുപോവുമെന്ന അവ൪ കൂടുതലായി വിശ്വസിക്കാൻ തുടങ്ങിയതോടെയാണത്.

ദൂരെ കോളജിൽ പഠിക്കാൻ വീടു വിട്ടിറങ്ങിയപ്പോൾ അമ്മ മുന്നേപ്പോലെ അസ്വസ്ഥയായിരുന്നില്ല എന്നു ഇരവി കണ്ടു. ദിവസവും രാവിലെ പോയി വൈകുന്നേരം വരാൻ പറ്റില്ലേ എന്നു തിരക്കുക മാത്രമായിരുന്നു. എന്നാൽ, പിന്നെ അതിനേ നേരമുണ്ടാകൂ എന്ന് അമ്മ സ്വയം ബോധവതിയായി. ഹോസ്റ്റലിൽ നിന്നോളു … എന്നാൽ, എന്നു പറഞ്ഞപ്പോൾ മനസു മറച്ചുപിടിച്ചിരുന്നു എന്നു തന്നെയാണ് ഇരവിയെ എക്കാലത്തും വേട്ടയാടിയിരുന്ന ഒരു വസ്തുത. അതിൽ നിന്ന് അയാൾക്ക് ഒരിക്കലും രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. ഇവിടെ ഇപ്പോൾ പുറക്കാവിലെ കണ്ണുകുത്തുപുരയിൽ ഇരിക്കുമ്പോഴും. ഓരോന്നും മനസിന്റെ താഴേയ്ക്കു താഴേയ്ക്കു മറച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. റഹിയയാണ് കെട്ടിനി൪ത്തിയ ഓ൪മപ്പെയ്ത്തിൽ വിള്ളൽ ഉണ്ടാക്കിയത്.

ഹോസ്റ്റലിലേക്ക് ഓരോ പഴുതു നോക്കി അമ്മ കാര്യസ്ഥന്മാരെ പറഞ്ഞയക്കുമായിരുന്നു. ‘ ഒന്നും വിശേഷിച്ചില്ല, കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് ഒന്ന് കാണണംന്ന്ണ്ട്…ഈ ആഴ്ചന്തിക്ക് ഒന്നത്രടം വരെ വരാൻ തൊര്യപ്പെട്മോ ആവോ..’ എന്നു ചോദിച്ചു ചാത്തു നായരും കേളപ്പനും പല വട്ടം തൃശ്ശിവപേരൂ൪ക്കും ഒറ്റപ്പാലത്തേക്കും വഴി താണ്ടി. ‘ വരാം, വരുന്നുണ്ട്…’ എന്ന് ഓരോരോ മറുപടികളിൽ അവ൪ മടങ്ങിപ്പോയി. ഹോസ്റ്റലിൽ നിന്നു ദിക്കറിയാത്ത വഴികൾ പോയി മടങ്ങിയെത്തിയിട്ടേ ഉണ്ടാവൂ പലപ്പോഴും അവരെത്തുമ്പോഴേക്കും. ഇരവിയുടെ മൊത്തം പരവേശവും പ്രകൃതിയും കണ്ട് അവരോരോന്ന് ഊഹിക്കുമായിരുന്നു. എന്നാൽ, കുഞ്ഞുലക്ഷ്മിയമ്മയ്ക്കു മുന്നിൽ അതെല്ലാം പല കഥകളായി മാറിയിരുന്നു.

കൃഷ്ണോപ്പയുടെ മകൾ ലക്ഷ്മിയായിരുന്നു അമ്മയുടെ മറ്റൊരു തുറുപ്പ്. ‘ ലക്ഷ്മിക്കൊര് തൊണ കൊടക്കേണ്ടേടാ….’ എന്നൊക്കെയുള്ള വിചാരങ്ങളൊക്കെ ‘ ലക്ഷ്മിക്കിന്നാള്ം വന്ന്ട്ട്ണ്ട് മദിരാശീന്ന് ഒരൂട്ടം ആൾക്കാര്…എന്നാ കൃഷ്ണന് അത്ര താൽപ്പര്യില്ലാത്രെ…’ തുടങ്ങിയ കൂടുതൽ പിടിമുറുക്കലുകളിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ, ലക്ഷ്മിക്ക് ഇരവിയുടെ പ്രയാണങ്ങളും പ്രലോഭനങ്ങളും പറഞ്ഞാൽ മനസിലാവുമായിരുന്നു. ഇതല്ല ഇതല്ല എന്ന് ആരോ കാതിൽ പറഞ്ഞുവയ്ക്കുന്നതിന്റെ പൊരുൾ. ആ പ്രലോഭനങ്ങൾക്ക് ഒരു പിതൃശാഠ്യത്തിന്റെ മുറുക്കം…ലക്ഷ്മി ഓരോ കഥകളുണ്ടാക്കി കുഞ്ഞിലക്ഷ്മിയമ്മയോടു പറഞ്ഞുതുടങ്ങിയിരുന്നു. ആ കഥകളിലാണ് അമ്മ ജീവിക്കുന്നതു തന്നെ.. മകൻ ഒരിക്കലും തിരിച്ചുവരില്ല എന്നു തോന്നിപ്പിക്കാത്തതായിരുന്നു ആ കഥകളെല്ലാം.

ലക്ഷ്മി ഇപ്പോൾ പറയുന്ന കഥയേതായിരിക്കുമെന്ന കാര്യത്തിൽ ഇരവിക്ക് ഒരൂഹവും ഉണ്ടായിരുന്നില്ല. അമ്മയുടെ മകൻ കത്തെഴുതിയിരുന്നു, വൈകാതെ വരുന്നുണ്ടെന്ന്…എന്നോ മറ്റോ തുടങ്ങുന്ന ഒരു കഥയായിരിക്കാം. അല്ലെങ്കിൽ, അമ്മയുടെ മകൻ ആളുകളുടെ കണ്ണിൽ നിന്നു പൂക്കാലങ്ങൾ പുറത്തെടുക്കുന്ന പണിക്കു ചേ൪ന്നിരിക്കുകയാണ് എന്നോ…ലീവ് കിട്ടിയാൽ വന്ന് അമ്മയെ കൂടെക്കൊണ്ടുപോവുമത്രെ എന്നു നിറം കൂട്ടി വരയ്ക്കുകയായിരിക്കും ലക്ഷ്മി തന്റെ കഥകളെ…

അമ്മയുടെ മകൻ ക൪മബന്ധങ്ങളുടെ തുട൪ച്ചയിൽ ഇഴ ചേ൪ക്കപ്പെട്ടുവെന്നോ ഇനിയൊരിക്കലും അവിടെ നിന്നു മടങ്ങില്ല എന്നോ ഒരിക്കലും ലക്ഷ്മിയുടെ കഥകളിൽ ഉണ്ടാകില്ല. അവളുടെ കഥകൾ എന്നും ശുഭപര്യവസായികൾ തന്നെയായിരിക്കും. എന്നാൽ, ഓരോ കഥയ്ക്കു ശേഷവും അവളുടെ മനസ് കാറിക്കരഞ്ഞുനിൽക്കുന്നത് അമ്മ കാണില്ല. കാണിക്കില്ല ലക്ഷ്മി..ഈയൊരു അലച്ചിൽ ഇരവിയോടെ അവസാനിക്കുന്നതാണു നല്ലത് എന്ന് അവൾ പറഞ്ഞത് മറന്നിട്ടുണ്ടായിരുന്നില്ല. ഇരവിയുടെ കണ്ണുകളിൽ സങ്കടം പെയ്തു. പാടില്ലാത്തതാണ്. എല്ലാം ഉപേക്ഷിക്കേണ്ടവനാണ്. കിരീടവും ചെങ്കോലും കമണ്ഡലുവും ദേഹിയും ഒടുക്കം ദേഹവും…

ഉച്ചച്ചൂടിൽ നിന്ന് അകത്തേക്കു കയറിവന്നു അയ്യാത്തൻ. അയാളെ വെയിൽ നല്ലവണ്ണം ഉണക്കിയിരുന്നു.

‘ യാര് മേഷ്ട്രരേ..ഒര് വെയിൽപ്പക്കി…?’ ആരോ ചായ്പ്പിൽ നിന്നു തണലിലേക്കു പാറുന്നത് അയാൾ കണ്ടുകാണണം…വെയിലത്തു വന്ന പക്ഷിയാരാണ് എന്ന ചോദ്യവും കൊള്ളാം. ഏതോ വഴി പോയി ഗതിപിടിച്ചുവന്നതിന്റെ ഒരു ലക്ഷണമുണ്ട്.

‘ മേഷ്ട്രരേ…മമ്പറത്ത്ന്ന്ം യാക്കേരേന്ന്ം കണ്ണുകുത്ത്ന് ആള്ം വെര്ം…’ ആ സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. അയാൾ തോൾത്തോ൪ത്ത് ആ സന്തോഷം അധികം പോവാത്ത രീതിയിൽ മുഖം അമ൪ത്തിത്തുടച്ചു.

‘ യാര് വന്തിര്ന്തത് മേഷ്ട്രരേ…’

‘ ഒര് പൊണ്ണ്…അന്ത റഹിയയാക്ക്ം….’ ഇരവി ശബ്ദം താഴ്ത്തി പറഞ്ഞു.

‘ കണ്ണ്കുത്ത്ത്ക്ക്….?’

‘ തന്നെ…’

‘ ആഹാ…നടക്കട്ട്ം നടക്കട്ടം..’ അയ്യാത്തൻ ചായ്പിലെ മുറിക്കകത്തേക്കു കയറുന്നതിനിടയിൽ ഇരവിയുടെ മുഖത്തേക്കുറ്റു നോക്കി.

‘ എന്നാച്ച് മേഷ്ട്രരേ…കണ്ണില് സങ്കടം പീള കെട്ടിയിറ്ക്ക്. വേദനിപ്പിച്ചത് യെന്ത്…’ മേഷ്ട്രരുടെ കണ്ണിൽ കണ്ണീരാണെന്ന് അയ്യാത്തൻ മനഃപൂ൪വം വിശ്വസിച്ചില്ല. അയാളുടെ വിശ്വാസത്തിൽ ഒരിക്കലും ഗുര്ംവും മേഷ്ട്രര്മാരും കരയാറില്ല.

ഒന്നുമില്ലെന്ന അ൪ഥത്തിൽ ഇരവി തോൾ കുലുക്കി. വലിയവ൪ക്കു മഹാസങ്കടങ്ങളുണ്ടാകാം എന്ന് അയ്യാത്തൻ തന്നോടു തന്നെ പറഞ്ഞു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.