പുറക്കാവിൽ പല ഋതുക്കൾ മാറി വന്നു. ഇക്കുറി കാലാവസ്ഥ മാറാറായിട്ടും പുറക്കാവു ചുട്ടുപൊള്ളി പഴുത്തു തന്നെ കിടന്നു. വേനൽമഴയുടെ ഗ൪ഭം പേറി പടിഞ്ഞാറൻ കാറ്റുകൾ കണ്ണെഴുതി നിന്നു. എന്നാൽ, അവിടെ വെയിൽ പെയ്യുകയായിരുന്നു. ചായ്പിനകത്തു ഉച്ചവെയിലിന്റെ നിരാസത്തിൽ നനഞ്ഞുകിടന്ന ഇരവിക്കു മേലേ മേൽക്കൂരയിൽ നിന്നു നിലാവു പൊഴിഞ്ഞതുപോലെ തോന്നി. തണുത്ത വെയിലോ എന്ന് അയാളെ അദ്ഭുതപ്പെടുത്തി. പല വിചാരങ്ങളിൽ നിന്നുണ൪ന്ന ഇരവി മേലേക്കു നോക്കി. ആരുടേയോ പ്രേതം അവിടെ ഇരിപ്പുണ്ടായിരുന്നു.. കൈയിൽ നിന്നു ചൂടില്ലാത്ത വെയിലൊഴുകി.
“ തന്ത അയ്യാത്തൻ എങ്കേ പോയിര്ക്ക്..ഇങ്കയേ വിട്ടിട്ടു പോയിട്ടാളാ…?” പുറക്കാവിൽ അയ്യാത്തന്റെ അസാന്നിധ്യം അറിയാവുന്ന രണ്ടാമത്തെ ആളാണു പ്രേതം. അല്ലെങ്കിലും പ്രേതം കാണാത്തതായിട്ട് എന്തിരിക്കുന്നു.
“ അയ്യാത്തന്ക്ക് ഒര് തീ൪ത്തയാത്തറയിര്ക്ക്….” ഇരവി പ്രേതത്തിന്റെ ആകാംക്ഷ കൂട്ടാനായി പറഞ്ഞു.
“ പളണിയാ തിര്പ്പതിയാ…?”
“ രണ്ട്മല്ലൈ…ഗുര് തേടിപ്പോയിറ്ക്ക്…”
“ അപ്പടിയാ…” പ്രേതം എന്തോ ഒന്നുകൂടി പറയാനിരുന്നു. പിന്നെ അതു വേണ്ടെന്ന് വച്ചു. “ ഞാറ്പൊരയ്ക്ക് പോക വേണ്ടാമാ…?”
“ നാളെ പോഹലാം..ഇന്ന് ഇങ്കേത്താൻ…”
“ യാരാവത് വരുകിറാ൪കലാ…?”
“ യാര്മില്ലൈ പേയത്താനേ…”
ഒന്നും കാണാതെ പ്രേതം അങ്ങനെ ചോദിക്കാനിടയില്ലെന്ന് ഇരവിക്കു തോന്നി. പലകാലജ്ഞാനിയാണ്…ജീവൻ എന്ന പരിമിതിയില്ലാത്തത്..മരണം എന്ന കടമ്പ കടന്നത്. അങ്ങോട്ടും ഇങ്ങോട്ടും യഥേഷ്ടം കാലം മാറാൻ സാധിക്കുന്നത്. അങ്ങനെ ചോദിക്കാൻ എന്താണു കാരണം എന്നു ചോദിക്കേണ്ടിയിരുന്നു. ഇനിയാരെങ്കിലും വരാനിരിക്കുന്നുണ്ടോ…? ഇരവിയുടെ മനസിലേക്കു പല മുഖങ്ങൾ ആധി പൂണ്ടു. ജന്മാന്തരങ്ങൾക്കിടയിലുള്ള തന്റെ ഒളിയിടം ഒറ്റുപ്പെട്ടുപോയോ എന്നായൾ സംശയിച്ചു. ഏതു നിമിഷവും സ്വന്തം ഭാവനയിൽ പിടിച്ചു ലക്ഷ്മിക്കു കയറിവരാവുന്നതേയുള്ളൂ..അവളുടെ പ്രവൃത്തികളും ഒരിക്കലും പ്രവചിക്കാൻ സാധിക്കാത്തതാകുന്നു. മറ്റൊരു മുഖം തെളിഞ്ഞതു ബോധാനന്ദ സ്വാമിയുടെ..പിന്നെ മുഖങ്ങളറിഞ്ഞുകൂടാത്ത പോലീസുകാരുടെ…ആരുമാവാം..ആരും വരാതിരിക്കാം.
ചിലപ്പോൾ മടങ്ങിവരുന്ന അയ്യാത്തന്റെ തലവെട്ടം ബസിടത്തു കണ്ടതാവാം..അല്ലെങ്കിൽ പ്രേതത്തിന്റെ വെറും തോന്നലാവാം…തന്നെ ശങ്കരന്നായരുടെ ഞാറ്റുപുരയിലേക്കു കൊണ്ടുപോകാനുള്ള ശ്രമമാവാം. എന്തുമാവാം. എന്തുമാവാതിരിക്കാം.. പുറക്കാവിലെ പല ജന്മം നീണ്ട ജീവിതം പഠിപ്പിച്ചുതന്നെ ബോധ്യങ്ങളാണ്.
“ ഇരുന്താല്ം യാരോ വരുകിരാ൪കൾ…” പ്രേതം മേൽക്കൂരയ്ക്കു മീതെയിരുന്നു വിരുന്നു വിളിക്കുന്നതു പോലെ പറഞ്ഞു.
“ അത് യാര്…?” ഒരു കാര്യം തീ൪ച്ചായായിരിക്കുന്നു. ആരോ വരുന്നുണ്ട്.
“ അത് അന്ത പുതിശ് ഓത്ത്പള്ളിക്കാക്ം..” ഇരവി കുറച്ചു നേരത്തേക്ക് ആശ്വസിച്ചു. അസറുമൊതലിയാരുടെ ഓത്ത്പള്ളി വ൪ഷങ്ങൾക്കു മുമ്പ് പുതുക്കിപ്പണിതിരിക്കുന്നു. അങ്ങോട്ടു പലരും വരികയും പോകുകയും ചെയ്യുന്നുണ്ട്. അങ്ങോട്ടുള്ള ആരെങ്കിലും ആയിരിക്കാം…അതുകൊണ്ടാണു പ്രേതത്തിനു പരിചയമില്ലാത്തത്.
“ അല്ലൈ.. ഇങ്കേത്താൻ …”
“ യാര്….?”
“ തെരിയലേ…” പ്രേതം നിസ്സഹായത പ്രകടിപ്പിച്ചു. അങ്ങനെ വരാൻ വഴിയില്ല. പ്രേതത്തിനു മനപ്പാഠമല്ലാത്ത മുഖമേതുണ്ട് പുറക്കാവിൽ..അത് ഏതു കാലത്തേയും..
“ പാത്ത് ശൊല്ല്ങ്കോ….”
“ അപ്പടിയാ…തെരിഞ്ചിത്..അത് അന്ത ഐസുമ്മയാക്ക്ം…” പിന്നെ ഒരു നിമിഷം പ്രേതം അവിടെ തങ്ങിനിന്നില്ല. കരിമ്പനക്കാട്ടിലേക്കോ മാടൻമലയിലേക്കോ അതു പറന്നുപോയി.
മുത്തുബീവിയാരാണെന്ന് ഇരവിക്ക് അറിയാമായിരുന്നില്ല. അയ്യാത്തനും പ്രേതവും ചന്ദ്രമോഹന്നായരും ഉരുക്കഴിച്ച പുറക്കാവു പുരാവൃത്തങ്ങളിലൊന്നും മുത്തു ബീവി ഉണ്ടായിരുന്നില്ല. അവ൪ ജനിച്ചിട്ടോ മരിച്ചിട്ടോ ഉണ്ടായിരുന്നില്ല. ജീവിക്കുന്നുമുണ്ടായില്ല. പുറക്കാവിൽ കഴിഞ്ഞ മാസങ്ങൾ കൊണ്ട് ഇരവി പഠിച്ചതു പല ജന്മങ്ങളെയായിരുന്നു. അതിൽ എവിടെയും മുത്തുബീവി ജീവിച്ചിരുന്നില്ല.
പ്രേതം പറഞ്ഞതു ശരിയായിരുന്നു. തൊടി കടന്നെത്തിയ മുത്തുബീവി ചായ്പിനകത്തേക്കു കയറി.
“ ഇരിക്കിൻ മുത്തുബീ…” ഇരവി ചിരപരിചിതയായ ആളോടെന്ന പോലെ പറഞ്ഞു. ഇപ്പോൾ പരിചയം തോന്നുന്നുണ്ട്. അതെ, അവ൪ മുൻപൊരിക്കൽ കണ്ണുകുത്തുമഷിയെഴുതാനായി വന്നിരുന്നു.
“ മാണ്ട മേഷ്ട്രരേ, ഞാനിവ്ട നിന്നാളാ….” മുത്തുബി വി ചായ്പിനകത്തെ ഇരുട്ടിൽ പൊരുത്തപ്പെടാൻ മടിച്ചു.
“ ഇരിക്ക്, മുത്തുബീ…”
“ എന്ന എങ്കന തെരിയ്ം…?”
“ അതെന്ത് ശോദ്യമാണ്…കണ്ണുകുത്തുമഷി ഒണങ്ങീട്ട്ല്ല…”
“ ഞാമ്മിചാര്ച്ച് മറന്ന്പോയിന്ന്…”
“ അതെങ്ങന മുത്തുബീ…” ഇരവി അവരെ പല കാലത്തിലേക്കു നടത്തി.
“ യാ റഹമാൻ…അത് മട്ട്ം അല്ല. ഞാൻ റഹിയാക്ക്ം…” മുത്തുബീവി പറഞ്ഞു. “
“ എനക്ക് പലേത്ം പറയാന്ണ്ട് മേഷ്ട്രരേ… പുറക്കാവില ഏറ്റവ്ം ഹൂറിയാര്ന്ന്. തോന ബാല്യക്കാര് ഒറക്ക്ം കളഞ്ഞ്…
റഹിയയുടെ കഥ വിശദമായി കേട്ടിരിക്കുന്നു ഇരവി… പുറക്കാവിന്റെ സിരകളെ തീപ്പിടിപ്പിച്ച കാട്ടുതീ..…വൃദ്ധദാമ്പത്യവും അകാലവൈധവ്യവും വന്നപ്പോൾ തോന്നിയതു പോലെ ജീവിച്ചു. അസറുമൊതലിയാരുടെ നിഴൽ പറ്റി നിന്ന അവൾ പുറക്കാവിലെ ഓരോ പുരാവൃത്തത്തിലും അയാളെക്കാളും നിറഞ്ഞുനിന്നു. ആറഹിയയാണോ മുന്നിൽ നിൽക്കുന്നത് എന്ന് ഇരവി സംശയിച്ചു. കൊല്ലക്കണക്കിലൊന്നും പുറക്കാവിന്റെ നേരുകളെ വിലയിരുത്താനാവില്ല. പുറക്കാവിന് അതിന്റേതായ ഒരു ഘടികാരമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. സ്വന്തം കാലക്കണക്കുണ്ട്. സ്വന്തമായി കലണ്ടറുണ്ട്…ലോകത്തിന്റെ സമയക്രമമല്ല അവിടെ..
പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്നവരുണ്ട്. ജനിക്കുമ്പോഴേ മരിച്ചുതുടങ്ങുന്നവരും..കാലമെത്ര കഴിഞ്ഞാലും റഹിയയ്ക്ക് ഒരിക്കലും പ്രായമാകുന്നില്ല. അവൾക്കായി ചമ്പകമരങ്ങൾ മണങ്ങളെ പൊഴിച്ചുകൊണ്ടിരിക്കും. പള്ളിക്കുളത്തിലെ ഓളങ്ങളും ഈ൪പ്പവും കാത്തുകിടക്കും. അതിലെ തവളകളും നീ൪ക്കോലികളും അവൾക്കൊപ്പം നീരാടും. സേട്ടുവിന്റെ പള്ളിക്കകത്തെ ഇരുട്ടിനോട് ഒട്ടിക്കിടക്കുന്ന വെളിച്ചത്തിൽ നിസാമുമാ൪ ഈറനഴിച്ചുകളയാൻ തിടുക്കപ്പെടും. പുറക്കാവിനു ശേഷവും റഹിയ തുടരും. മടിച്ചുമടിച്ചു മുത്തുബീവി ബെഞ്ചുകളിലൊന്നിൽ ഇരുന്നു.
“ എന്ത് യോസനൈ മേഷ്ട്രരേ…?” അയ്യാത്തൻ പറഞ്ഞുപറഞ്ഞു താൻ പുറക്കാവിലെ ഏതോ കാലത്തെ മേഷ്ട്രരായി മാറിയിരിക്കുന്നു. ആരും അങ്ങനെ വിളിച്ചു. ഇരവി മുത്തുബീവിയ്ക്കടുത്തേക്കു നടന്നു. അവളുടെ കവിളിൽ കൈവെള്ള ചേ൪ത്തു. പോയ കാലത്തിന്റെ മിനുസം അപ്പോഴും ബാക്കി. തൊലിപ്പുറത്തെ സ്നിഗ്ദ്ധത ബാക്കി. കാതിൽ ചൂടിയ ചമ്പകപ്പൂക്കൾ സ്വ൪ഗീയ മണമുതി൪ത്തു. കൈയിലെ നീലഞരമ്പുകൾ മടക്കിവച്ച കുപ്പായക്കൈയുടെ ഉള്ളിലേക്ക് ഒളിച്ചുകളിക്കുന്നു. കാതിലപ്പൂക്കുലയിൽ നിന്നു കാലം വീണുടഞ്ഞിരിക്കുന്നു. പുറക്കാവിലെ ഊടുവഴികളിൽ അവളുടെ ചടുലമായ കാലടികൾ ഓടിനടന്നു.
“ എന്നാ മേഷ്ട്രരേ…?”
ഇരവി മുത്തുബീവിയെന്ന റഹിയയുടെ മടിയിലേക്കു തല ചേ൪ത്തു. അരക്കെട്ടിൽ നിന്നു ജന്മകാമനയുടെ കുളമ്പടികൾ ഉയ൪ന്നു.. റഹിയയുടെ അടിവയറ്റിൽ ആയിരക്കണക്കിനു ചമ്പകപ്പൂക്കൾ പൊഴിഞ്ഞുവീഴുന്ന ഒച്ച ഇരവി കേട്ടു. തിടുക്കത്തിന്റെ ആരവങ്ങളൊഴിഞ്ഞ ഊഷരമായ പാപഭൂമിക…വരണ്ട കാറ്റുകൾ അയാളിൽ ജ്ഞാനപീഡകളുണ്ടാക്കി. അനാഥത്വം ഇരവിയെ പാപസ്നാനം ചെയ്തെടുത്തു.
പെട്ടെന്നു റഹിയ ഇരവിയെ കെട്ടിപ്പുണ൪ന്നുകൊണ്ടു പറഞ്ഞു.
“ നീയെന്ക്ക് പൊറക്കാത പോന മഹനാക്ക്ം….”
ഒരു തുള്ളി കണ്ണീരു വീണ് ഇരവിയുടെ നെറ്റിത്തടം പൊള്ളി. ഞെട്ടിയെഴുന്നേറ്റു. അയാളുടെ ഉൾക്കണ്ണുകൾ പല കാലങ്ങൾ കണ്ടു. അയാൾ റഹിയയെ സൂക്ഷിച്ചുനോക്കി.
“ നീ റഹിയയല്ലൈ…ആനാ മുത്തുബീവയാക്ക്ം…”
“ നീ ശൊല്ലിയത് ശെരിയാക്ക്ം, മകനേ…” മുത്തുബീവി പറഞ്ഞു. “ അസറുമൊതലിയാരുടെ മകള് മുത്തുബീവി..മൂന്ന് കെട്ടിയോരമ്മാര്ണ്ടായി. രണ്ടാള് മയ്യത്തായി. മൂന്നാമത്തേള് ദേശാടനക്കാരനായ തങ്ങള് പക്കി…അയാള് ഇട്ടെറിഞ്ഞ്ട്ട്ം പോയി…മൂന്നാല് മക്കളെപ്പെറ്റ്…മൂത്തോനിക്ക് മീൻപണ്യാണ്…കോയ്ക്കോട്ട് ചെന്നറ്റ് പെടക്ക്ന്ന മീൻകൊണ്ടന്ന് കൊടക്കം..രണ്ടാമത്തേത് സൈനബി..മുക്കത്തേക്ക് കെട്ടിച്ച് വിട്ട്..അത് തങ്ങള് പക്കീന്റ വകേലാണ്..മൂന്നാമത്തേത്, എടക്ക് മുങ്ങ്ം…തിരിച്ചോര്മ്പഴ്ക്ക് ഊദ്ബത്തീന്റം കുന്തിര്ക്കത്ത്ന്റം മണാണ്. എന്താണെന്ന് ചോയ്ച്ചിറ്റ് മറൂപടീല്ല…എപ്പള്ം മുണ്ടാട്ടം മുട്ടീറ്റാണ്..ഇപ്പളത്ത ഓത്ത്പള്ളി മൊല്ലാക്ക എടയ്ക്ക് ബിളിച്ച് ഊതിക്ക്ണ്ട്..അതാണ് മുത്തുബി മേഷ്ട്രരേ…”
ഇത്രയുമാണു റഹിയയുടെ യഥാ൪ഥ ജീവിതമെന്ന് ഇരവി അറിഞ്ഞു. ഒരേ കാലത്തു രണ്ടു ജന്മങ്ങൾ ജീവിച്ചുതീ൪ക്കുന്നു…അതിലേതാണു ഉണ്മയെന്നും ഏതാണു പൊയ്യ് എന്നും അറിയില്ല. അവ൪ക്ക് അത് അറിയേണ്ട ആവശ്യവുമില്ല. പുറക്കാവിൽ ഒരേ സമയം മൂന്നും നാലും ജന്മങ്ങൾ ജീവിച്ചുതീ൪ക്കുന്നവരുണ്ട്…ആരുടേയോ പ്രേതത്തെ പോലെ..
“ നീങ്ക മുത്തുബീവി അല്ലൈ….” ഒരു വെളിപാടു കൊണ്ടെന്ന പോലെ ഇരവി പറഞ്ഞു. “ നീ റഹിയ തന്നെയാക്ക്ം…”
റഹിയയായി മുത്തുബീവി പൂത്ത ചമ്പകം പോലെ തളി൪ത്തു. അവർ മീനമാസത്തിലെ നീ൪ച്ചോല പോലെ മെലിഞ്ഞു. ഇരുവ൪ക്കുമിടയിലെ ജീവിതത്തിന്റെ നൈരന്തര്യം ഇരവി അറിഞ്ഞു.
റഹിയ പടിയിറങ്ങി ഏറെക്കഴിഞ്ഞ ശേഷം ചായ്പിന്റെ മേൽപ്പൊക്കത്തിൽ നിന്ന് ആരുടേയോ പ്രേതം വീണ്ടും എങ്ങോട്ടോ പറന്നകന്നു. അതെപ്പോഴാണു വീണ്ടുമത് അവിടെ വന്നു ചേക്കേറിയതെന്ന് ഇരവി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ശങ്കരന്നായരുടെ ഞാറ്റുപുരയിൽ നിന്ന് ഒരു പതിതശബ്ദം വന്ന് അയാളെ പൊതിഞ്ഞുനിന്നു. അമ൪ത്തപ്പെട്ട നിലവിളി പോലെ ഉണ്ടായിരുന്നു അത്. ഞാറ്റുപുരയുടെ കാലം അയാളെ പിൻവിളി വിളിക്കുകയായിരുന്നു. ജനിതകഘടികാരത്തിന്റെ മിടിപ്പു പോലെയുണ്ടായിരുന്നു. പോയ കാലം തന്നെ ചേ൪ത്തുനി൪ത്തുകയാണെന്ന് ഇരവി അറിഞ്ഞു.
ഗുരുവിനെ തേടിയിറങ്ങിയ അയ്യാത്തൻ എന്നു തിരിച്ചെത്തുമെന്ന് മൂൻകൂ൪ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതു ഗുരുവിനെ കണ്ടെത്തുന്നതുവരെ എന്നയാളൊരു കണക്കുവച്ചിരുന്നു. അയ്യാത്തൻ എന്നെന്നേക്കുമായി പുറപ്പെട്ടുപോയതാണെന്നൊരു വിചാരം ഏതോ രാത്രിയിൽ ഇരവിയുടെ മനസിലേക്കു പാറിവീണു. ഇനിയൊരു മടക്കമുണ്ടാകില്ല. ഇപ്പോൾ തന്നെ പോയിട്ട് ഒരാഴ്ചയോളം കഴിഞ്ഞിരിക്കുന്നു. അതോ ഒരു മാസമോ…? അവനവനെ കണ്ടെത്തുന്നതിനുള്ള യാത്രയിൽ സമയമില്ലെന്ന് ഇരവി ഉറക്കത്തിൽ തിരിഞ്ഞുകിടന്നു.
ഏതോ ഒരു ദിവസം ഒരാൾ ഇരവിയുടെ സ്വപ്നത്തിലേക്കു കയറിവന്നു. തീരെ പ്രതീക്ഷിക്കാതെയായിരുന്നു അത്.
“ നാനൊര് കാരിയം ശൊല്ലറ്ത്ക്ക് വന്ത്..മേഷ്ട്രരേ.” അത് അയ്യാത്തനായിരുന്നു.
“ ഏത്ക്ക് കനൈവിൽ വന്തത്…?” അയാൾ തൊട്ടടുത്ത് ഇരുട്ടിൽ കിടക്കുന്നില്ലല്ലോ എന്നതോ൪ക്കാതെ ഇരവി ചോദിച്ചു.
“ നാൻ ഗുര് പാത്താച്ച്…അത്ക്ക്ടെ ഒര് ചിന്ന വിഷയം…”
“ പറഞ്ചാല്ം അയ്യാവരേ…”
“ യെനക്ക് പറയേണ്ടതായ വിഷയം അല്ലൈ…ഉങ്കള് പെരിയ മേഷ്ട്രര്…ആനാല്ം അന്ത പൊണ്ണിനേ ചായ്പില് കുടിവെച്ച്റ്ക്കേല്ലിയേ…”
“ ഏത് പൊണ്ണ്…?”
“ ആ..തെരിയാത്…റഹിയയാക്ക്ം..ഒര് വേള മൈതിലിയാക്ക്ം…”
“ അപ്പടി ഒണ്ണ്മില്ലൈ…”
“ ആനാ ആകട്ട്ം. നീങ്ക പെരിയ പടിപ്പ് വെച്ച ആളാക്ക്ം…” അയ്യാത്തൻ സ്വപ്നത്തിൽ അണഞ്ഞു. ഇരവിയുടെ ഉറക്കവും കെട്ടുപോയിരുന്നു. അയാൾ ഇരുട്ടിന്റെ മേലാപ്പിലേക്കു കണ്ണുകൾ തുറിച്ചു. ചായ്പിൽ നടന്ന കാര്യങ്ങൾ ആരാണ് ചേമ്പും ചേങ്ങലയും വച്ച് അയ്യാത്തന്റെ കാതിൽ ഓതിക്കൊടുത്തിട്ടുണ്ടായിരിക്കുക..? അയാളുടെ കണ്ണിൽ ഇരുട്ടുകുത്തി. “ അന്ത പ്രേതമാക്ക്ം. മറ്റ് യാര്…?”ആ നിമിഷം രാത്രിയുടെ മേലോടിൽ നിന്നു പ്രേതം നരിച്ചീറുപോല ഇരുട്ടു തുഴഞ്ഞുപോയി…