ഉച്ചവെയിലിന്റെ തിമിരം മുറിച്ചു കാടും പടലും പറിച്ചുകെട്ടി വീണ്ടുമൊരു വാഹനം കണ്ണുകുത്തുപുരയുടെ ചായ്പിനും തൊടിക്കുമപ്പുറം ഊടുവഴികൾ കടന്നെത്തി. അവിടെ ഒരു വാഹനമോ എന്നത് നേരത്തേ ഇല്ലാതായതിനാൽ ഇരവി തിടുക്കപ്പെട്ടില്ല. അതു ചിലപ്പോൾ കതിരവന്റെ ആംബുലൻസ് തന്നെയാകാം..അല്ലെങ്കിൽ അയ്യാത്തൻ തീ൪ത്ഥയാത്ര കഴിഞ്ഞുവരും വഴി ഒരു വാഹനം പിടിച്ചിരിക്കാം. പാലക്കാട്ടു നിന്നോ അതിനപ്പുറത്തു നിന്നോ…ഇത്രയും പെട്ടെന്നു ഗുരുവിനെ കണ്ടെത്തി മടങ്ങിയോ എന്ന സന്ദേഹം മാത്രമായിരുന്നു ബാക്കി നിന്നത്..
കുറ്റിത്തഴപ്പുകൾക്കു മീതെ കതിരവന്റെ തല ഉയ൪ന്നുനിന്നു. അയാൾ വല്ലാതെ ഉഷ്ണിച്ചിരുന്നു. മേഷ്ഷേ എന്നു വിളിച്ചുകൊണ്ടു ചായ്പിലേക്ക് എടുത്തുചാടി.
“ മൂത്താറ്ക്ക് ഒര് അപകടം…നേരെ ഇങ്കട്ട് കൊണ്ടോന്നു…” കതിരവൻ വലിയ വായിലേ കരഞ്ഞു.
“ എങ്കിട്ടേ….? എപ്പോത്…” ഇരവിയുടെ പരവേശം തിളച്ചു.
“ ഇപ്പത്താൻ…ഇപ്പഴ്ം കൊഞ്ചം ശ്വാസം വലിക്കിത്.. മേഷ്ട്രര്..ഒക്കനെ ആശുപത്രി എത്തണം…ഒന്ന്മാകലേ….” എന്നാൽ പിന്നെ നേരെ ആശുപത്രിയിലെത്തിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്.
അപ്പോൾ കതിരവൻ പറഞ്ഞു… “ എന്നാല്ം ഒന്ന് പറഞ്ചിട്ട്….”
ഇരവി സ്വയം ആംബുലൻസിനുള്ളിലേക്കു വലിച്ചെറിഞ്ഞു…. “ ശീഘ്രം കതിരേ…ശീഘ്രം..”
പുറക്കാവു കഴിഞ്ഞു നൂറിലോ നൂറ്റിമുപ്പതിലോ കത്തിക്കയറുമ്പോഴാണു കതിരവൻ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അതിനൊരു കുറ്റസമ്മതമൊഴിയുടെ ഒച്ചയായിരുന്നുവെന്ന് ഇരവിക്കു തോന്നി. അയ്യാത്തൻ പിന്നിലെ സ്ട്രെച്ചറിൽ കുഴഞ്ഞുകിടക്കുകയാണ്. പലവട്ടം മൂക്കിനു താഴെ വിരൽവച്ചും നെഞ്ചിനു മീതെ ചെവിയടുക്കിയും നോക്കിയതാണ്. നേരിയ തോതിൽ ശ്വാസം കഴിക്കുന്നുണ്ടെന്ന് അയാൾ തോന്നി. നേരെ പാലക്കാട്ടേക്കു വിട്ടോ എന്നായിരുന്നു ഇരവി പറഞ്ഞിരുന്നത്. എന്നാൽ കതിരവൻ പോയിക്കൊണ്ടിരുന്നതു പാലക്കാട്ടേക്കല്ല എന്നു മനസിലാക്കുമ്പോഴേക്കും കിലോമീറ്ററുകൾ കൊഴിഞ്ഞിരുന്നു.
“ മേഷ്ഷേ…ഇപ്പ പാലക്കാട്ട്ക്ക് റോഡില്‍ നല്ല ബ്ലോക്കാക്ക്ം…വേറെം ആശുപത്രിണ്ട്…” പുറക്കാവിടുത്തുള്ള ആശുപത്രികളെക്കുറിച്ചു തനിക്കു വിവരം കമ്മിയാണെന്ന് ഏറ്റവും കൂടുതൽ അറിയുന്നതു കതിരവൻ തന്നെയായിരുന്നു.
“ എന്നാ വിട്ടോ…പാക്കലാം…” എന്നേ ഇരവിക്കു പറയാൻ സാധിച്ചുള്ളൂ.
“ ഞാൻ ശീതൻമുക്ക് വഴി വീശിയെട്ത്ത് വരുവേര്ന്ന്.. പിന്നില്‍ ഒര് ടെമ്പോ കെടന്ന് പണിയ്ന്ന്ണ്ടാര്ന്നു. ഞാൻ വിടില്ല. വെക്കനെ പാലക്കാട്ട് എത്ത്ണ്ട്വാണ്…ഒര് ഡെഡ് ബോഡീണ്ടേ…അതോണ്ട് ഞാന്ം ചവിട്ടിവിട്ടേ…അതാ ടെമ്പോയ്ക്കാ പിടിച്ചില്ല. അവൻ കേറി മറിയാന്‍ കൊറേ നേരായി നോക്ക്ണ്…എന്നാ ആയ്ക്കോട്ടേന്ന് ഞാന്ം..ഞാൻ മോളിലെ കരച്ചിൽ മ്യൂസിക്ക്ം വിട്ടു. എന്ന്ട്ട്ം ഒര് കമ്പക്കൊറവൂല്ല ശവത്തിന്…”
ഇരവി എല്ലാം കേട്ടുകൊണ്ടിരുന്നു. അയാൾക്കു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇടയ്ക്കൊന്ന് നി൪ത്തി വീണ്ടും അയ്യാത്തന്റെ മൂക്കും നെഞ്ചും പിടിച്ചുനോക്കി. നേരിയ പെടച്ചില്ണ്ട്..കതിരവൻ വീണ്ടും നൂറ്റമ്പതിൽ കത്തിക്കുമ്പോൾ വീണ്ടും വാക്കുകൾ വന്നുവീണു.
“ പിന്നങ്ങട് കോട്ടാത്തറ കഴിഞ്ഞപ്പഴ് മേഷ്ഷേ, ടെമ്പോക്കാ൪ൻ ഒര് വെട്ടിച്ചാ കേറ്റല്…നമ്മള് കുണ്ടീലാ തീട്ടം മേപ്പത്തട്ട്ക്ക് പോയി. അത്ര വളക്കലാര്ന്നു. ഞാനാ കണ്ണങ്ക്ട് പൊത്തിപ്പോയി. സ്റ്റെയറിങ്ങേ പിടിവിട്ടില്ല. ടെമ്പോക്കാരൻ ഇടിച്ചാ കേറിപ്പോയി. കോട്ടാത്തരേം കഴിഞ്ഞ് പല്ലശ്ശനത്ത്പ്യഷാണ് റോഡില്‍ ഇടിച്ച് തെറിപ്പിച്ച് കെട്ത്തീര്ക്ക്ന്ന്. ആരോ ഒരാളേന്നേ വിചാരിച്ച്ള്ള്…നി൪ത്താതെ പോയാലോന്ന് നെനച്ച്. അപ്പഴ് ഒര് മഞ്ഞശ്ശീല റോഡിന്നാ മാറിക്കെടക്ക്ന്ന്…എനി മൂത്താറോ മറ്റ്യാന്നോമ്മാ എന്നൊര് ചങ്കിടിച്ച്ല്.”
“ അയ്യാത്തൻ വന്ത് ഒര് തീ൪ഥാടനത്തീലാര്ന്ന്..” താൻ എല്ലാം കേൾക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ ഇരവി പറഞ്ഞു.
“ അതന്ന കണ്ടാല്ം മൻസിലാവ്ം..കമിഴ്ന്ന് കെട്ക്കാര്ന്ന്. കൊഴച്ചിട്ട് നോക്ക്യപ്പ മൂത്താറ്…പിടിച്ച പിടിയാലെ ചായ്പിലേക്ക് വന്ന്. ഒര് ആൾത്താമസം വേണ്ടേ ആശൂത്രി ചെല്ല്മ്പ്ഴ്…”
അപ്പോൾ അങ്ങനെയാണു സംഭവം നടന്നിരിക്കുന്നത്…അയ്യാത്തനെ ഒരു ടെംപോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എന്നാൽ ദേഹത്തു ചോരപ്പാടൊന്നും അധികമില്ല. ഇടിച്ചുതെറിപ്പിച്ചതിന്റെ ഷോക്കിൽ മയങ്ങിപ്പോയതാവും.
കതിരവൻ വീണ്ടും ആംബൂലൻസ് വീശിയെടുത്തു. അയാളെ കാത്തുനിൽക്കുന്ന ശവത്തെ പ്രതി അയാൾ ടെൻഷനിലാണെന്നു തോന്നി. അതു മനസിലാക്കാം. ..പിന്നെ മൂത്താറ് അപകടത്തിൽ പെടുകയും ചെയ്തിരിക്കുന്നു.
എന്നാൽ ഇരവിക്കു മനസിലാകാത്ത ഒരേയൊരു കാര്യം അയാൾ എങ്ങോട്ടേക്കാണു വണ്ടിയോടിക്കുന്നത് എന്നായിരുന്നു. അത് അയാളുടെ ഉള്ളിൽ കിടന്നു തികട്ടി. അവസാനം അതയാൾ ഛ൪ദ്ദിക്കുകയും ചെയ്തു.
“ എങ്ങോട്ടാണ്ട്രാ കതിരവാ…എനീപ്പ ആശുത്രി എങ്കേയിര്ക്ക്….?”
“ ഇര്ക്ക് മേഷ്ഷേ..താലൂക്ക് കീലൂക്ക് ആശുത്രീന്നാ വെലിയ തൊന്തരവ്…പോലീസ്..കേസ്.. അപ്പടിയെല്ലം..ചികിച്ചയേ കിട്ട്ത്റ്ക്ക് താമസം വെരുവേ…”
ശരിയായിരിക്കാം. ഈ ഭാഗങ്ങളിൽ അങ്ങനെയാവും കാര്യങ്ങൾ..ഏതായാലും ആശുപത്രികളെ പറ്റി തന്നേക്കാളും കൂടുതൽ കതിരവന്‍ അറിയാം..ഇരവി വിചാരിച്ചു.
“ ഇത് വന്ത് എന്ന ദിശൈ..കണ്ണേ…?” എന്നാലും അയാൾ കൊണ്ടുപോകുന്നത് എവിടേക്കാണെന്ന് അറിയണമല്ലോ..
“ ഇങ്കേത്താൻ മേഷ്ഷേ… അട്ത്തന്നെ..എനി ഏറിയാൽ ഒര് അഞ്ച് കിലോമീറ്ററാക്ക്ം…”
“ അന്ത സമയത്തിലേ പാലക്കാട്ട് ചെന്നുപാരുമേ…?”
“ ഇല്ല, മേഷ്ഷേ…ഇപ്പോത് കോവൈ എയ൪പോ൪ട്ട്ക്ക് റൊമ്പ രാസ്തി ട്രാഫിക്ക്…”
“ അത്ക്കാകെ മോള്ല് വെച്ചിര്ക്ക്ല്ലേ ലൈറ്റ് സൈറൺ…”
“ അതൊന്ന്ം മെച്ചമില്ലേ….യാരുമേ സൈഡ് തരുവില്ല…”
കതിരവൻ പറഞ്ഞ അഞ്ചു കിലോമീറ്റ൪ എപ്പോഴോ കഴിഞ്ഞുപോയിരുന്നു. ഇരവി കൂടുതൽ അക്ഷമ പ്രകടിപ്പിച്ചു. സ്ഥലത്തെ ആശുപത്രികളെപ്പറ്റി ഇതുവരെ വിചാരിച്ചുവയ്ക്കാത്തതു വലിയ കഷ്ടമായെന്ന് അയാൾക്കു തോന്നി.
“ എങ്കേയിന്ത ഊര്…” ഇരവി പിന്നെയും വെപ്രാളം തിളപ്പിച്ചു.
“ പക്കത്തിലേ താൻ, മേഷ്ഷേ…” കതിരവൻ കത്തിച്ചുവിട്ടുകൊണ്ടു പറഞ്ഞു. ഒരു വളവു കൂടി വീശിയെടുത്ത ശേഷം പറഞ്ഞു. “ മേഷ്ഷേ…ഒര് രണ്ട് നിമിഷം…തൊണ്ടയിലേ ഒര് കിര്കിരുപ്പ്…”
അയാൾ അടുത്തു തന്നെയുള്ള വലിച്ചുകെട്ടിയ പടുതയ്ക്കു മുന്നിൽ ആംബുലൻസ് നി൪ത്തി.
“ കലന്താണ്ണേ..ഒരേ ഷോഡ…” ഇരവി കേൾക്കുന്നതിനേക്കാളും ഒച്ചയിൽ അയാൾ കാറി.
പടുതയ്ക്കകത്തു തിടുക്കത്തിലുള്ള ചലനം ഉണ്ടായി…പിന്നിലേക്കു നോക്കി ഇരവി…നെഞ്ചിൻകൂട് അപ്പോഴും ദു൪ബലമായി ഉയ൪ന്നുതാഴുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അയ്യാത്തന്റെ മുഖത്തെ മണ്ണും പടലവും തൂത്തുകളഞ്ഞു. കടയിൽ നിന്ന് ഒരു ഷോഡ വാങ്ങി മുഖം കഴുവി. അപ്പോൾ ചുണ്ടുകൾ അനങ്ങുന്നതായി തോന്നി. ഒന്നുരണ്ടു തുള്ളി ഷോഡ ചുണ്ടിൽ ഒഴിച്ചുകൊടുത്തു. അതു പുറത്തേക്കു തുളുമ്പി…കതിരവന്റെ രണ്ടു നിമിഷം അരമണിക്കൂറെങ്കിലും കഴിഞ്ഞിരിക്കുന്നതായി തോന്നി. അയാൾ ആംബുലൻസിൽ നിന്നിറങ്ങി പടുതയ്ക്കകത്തേക്കു വെക്കപ്പെട്ടു.
“ കലന്താ.. മേഷ്ഷ്ക്ക്ം കൊട് ഒര് ഷോഡ…” കതിരവൻ ഏതാണ്ടു മിനുങ്ങിക്കഴിഞ്ഞിരുന്നു എന്നു മനസിലായി.
“ കതിരേ…അയ്യാവെ സീക്രമാ ഹോസ്പിറ്റലില്‍….” ഇരവി വാക്കുകൾ വേഗത്തിലാക്കി.
“ മേഷ്ഷേ…അയ്യാവുക്ക് ഒണ്ണ്മേ ആവാത്…പക്കത്തിലേ ഹോസ്പിറ്റല്‍ റൊമ്പ പ്രമാദം…സത്തുപോയിട്ടവര്ക്കിട്ടം ഉയിര് കൊട്ക്കറേൻ….” കതിരവനു വാക്കുകൾ കുഴഞ്ഞുതുടങ്ങിയിരുന്നു.
അതേത് ആശുപത്രി എന്ന് കലന്തൻ കണ്ണുമിളിച്ചു..
“ നിങ്ങഴ്ം ഓരോ അവണീഷ് പൂശ്ങ്കേ…യെല്ലാം തെരിഞ്ചുപോകുമേ…?
കതിരവൻ കനിയാതെ ഇനി അയ്യാത്തൻ ആശുപത്രി കാണില്ലെന്ന് ഇരവി സന്ദേഹിച്ചു. അതുകൊണ്ട് അയാളെ പരമാവധി സന്തോഷിപ്പിച്ചുനി൪ത്തുകയാണ് ഉചിതം..ഇരവിയും ഓരോ അവണീഷ് ഷോഡ പറഞ്ഞു. അതു കലന്തനെയാണ് ഉണ൪ത്തിയത്…
“ അത് യേത് എരന്ത്പോയവൻന്ന് യോസിക്കറേൻ….” അവണീഷിനു പുറത്തു കലന്തനു സന്ദേഹമേറി.
“ അത് ഒര് നീണ്ട കഥൈ….” കതിരവൻ ആ കഥ പറയാൻ ഓ൪മകളെ തടുത്തുകൂട്ടി.
“ വെക്കം കതിരേ…അയ്യാത്തൻ അങ്കേ ഊ൪ധൻ വലിക്കിത്…” ഇരവി ഒന്നുകൂടി ഓ൪മിപ്പിച്ചു.
“ രണ്ട് നിമിഷ്ം മേഷ്ഷേ…അതു വന്ത്…ഒര് രണ്ട് വരശത്തിക്ക് മുന്നാടി…പാലക്കാട്ട് ജില്ലാശുപത്രീന്ന് ഒര് ശവം…ഒര് പെണ്ണിന്റ..നല്ല അളഹാന പൊണ്ണ്…ചെറുപ്പത്തിലേ ചത്തുപോയിട്ടാ…നാൻ വന്ത് തമിഴൂരില ഒര് ആശൂത്രിയിര്ക്ക്. അങ്കേ കൊണ്ടേചെന്ന്…സത്ത്പോയ അന്ത പൊണ്ണിന ഉയിരാ വെച്ച് കൊട്ത്ത്ക്ക് അങ്കേത്താൻ ഡോട്ടറ്…പഴഞ്ചാ നിമ്മതി വരേലാ…നേരാ കണ്ണാലേ പാക്കണം…ഞാങ്കണ്ട്ട്ട്ണ്ട്…മേഷ്ഷേ..കണ്ട്ട്ട്ണ്ട്…”
ഇരവിയും കലന്തനും കൂടി ഒരു ആംബുലൻസിനെയും അതിന്റെ സ്റ്റിയറിങ്ങിനെയും കതിരവന്റെ കൈയിൽ പിടിച്ച് ഏൽപ്പിക്കുകയായിരുന്നു. “ ഇത്ക്ക്ം പഴ്ത്ത് ഇങ്കേയിര്ന്ത് പോയിര്ക്ക് മേഷ്ഷേ…”
“ യാര് പോയിര്ക്ക്….?” ഇരവിയുടെ വാക്കുകളും കുഴഞ്ഞു.
“ അവന്താൻ…ഇന്ത കതിരൻ…അവൻ ആംബിലെൻസോട യമരാജനാക്ക്ം….”
കതിരവൻ പിന്നെ തിരിഞ്ഞുനോക്കിയില്ല. വഴിയിലൂടെയും വഴിയില്ലാതിടങ്ങളിലൂടെയും ആംബുലൻസ് ചീറി. മൈൽക്കുറ്റികളും ഊരുപേര് ബോ൪ഡുകളും മണ്ണിൽ ഒളിച്ചിരുന്നു.
“ അവങ്ക കെടയ്ക്ക്മേ കതിരേ…?” ഇടയ്ക്കെപ്പോഴെ ഇരവി ചോദിച്ചു.
“ യാര് മേഷ്ഷേ….?”
“ സാവുകൾക്ക് ഉയിര് കൊടുപ്പോര്…അന്ത ഡോക്കിട്ട൪….?”
“ നെജമാ, കെടയ്ക്ക്ം മേഷ്ഷേ…?”
“ എന്നാൽ കത്തിച്ച് വിട് നെന്റെ ശകടം…”
“ ആമാ..ആമാ…”
അയാൾ വീണ്ടും നൂറിൽ നിന്ന് ഇരുന്നൂറിലേക്കോ അതിനു മീതേയ്ക്കോ വേഗം ആഞ്ഞുചവിട്ടി…പിന്നിൽ കിടന്ന് അയ്യാത്തൻ പലവട്ടം കിടുങ്ങി…അയാൾ തങ്ങളുടെ ഒപ്പം വന്നിരിക്കുന്നതായി ഇരവിക്കും കതിരവനും തോന്നി. അടുത്ത നിമിഷം ഇല്ലെന്നും. മറയുന്നതിനു മുമ്പേ അയ്യാത്തൻ ഇരവിയോടു മാത്രമായി ചെവിയിൽ പറഞ്ഞു. “ എങ്കയോ പാത്ത മാതിരി…”
ആ നിമിഷം ആംബുലൻസിനു ചിറകുകൾ മുളച്ചു. വേഗത്തിൽ നിന്നു വേഗത്തിലേക്ക് അതു പറന്നു. ഇടവിട്ട് അതൊരു കുതിരയെപ്പോലെ ചിനച്ചു. അതിന്റെ ലാടം മുറ്റിയ കാലുകൾ എന്നാൽ, ഭൂമിയിൽ തൊടുന്നുണ്ടായിരുന്നില്ല. വിശാലമായ ആകാശത്തിലെ തണുത്തുറഞ്ഞ ഏതോ സീമയിലേക്ക് കുതിച്ചു പറന്നു.
(നോവൽ അവസാനിക്കുന്നു )