അയ്യാത്തൻ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതോ താൻ അയാളെ കൂട്ടിക്കൊണ്ടുപോകുകയാണോ…ആര് ആ൪ക്കാണു വഴികാട്ടുന്നത്..ആര് ആ൪ക്കാണു ക൪മബന്ധങ്ങളുടെ അജ്ഞാതമായ വഴികൾ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നത്…? വഴിയേറെയുണ്ട് എന്ന് ഇരവിക്കു തോന്നി. പുറക്കാവിലെത്തിയപ്പോഴും പിന്നേയും പ്രലോഭനത്തിന്റെ കൈചൂണ്ടികൾ തലച്ചോറിൽ ഉന്മാദിച്ചു.
വെയിൽ മുളക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആകാശത്തു ചൂടിന്റെ വിത്തുകൾ മുളപൊട്ടാറായി കിടക്കുന്നു. എങ്ങോട്ടാണു പോക്ക് എന്ന് അയ്യാത്തൻ പറഞ്ഞിരുന്നില്ല. അയാൾ അത് വലിയൊരു രഹസ്യം പോലെ ചേ൪ത്തുപിടിച്ചു.
“ ദോ, ഇന്ത വഴി താനേ…?” ഇരവി പെട്ടെന്ന് നടത്തത്തിന് ഒരു പുതിയ ദിശ ചൂണ്ടിക്കാണിച്ചുകൊടുത്തു. അത് അയ്യാത്തനെ ഞെട്ടിച്ചു, ശരിക്കും. അതിന്റെ അദ്ഭുതം അയാളുടെ മുഖത്തു തെളിഞ്ഞു. നെറ്റിയിലെ വരകൾ ഒന്നുകൂടി ചുരുണ്ടു.
“ അത് മേഷ്ട്രര്ക്ക് എപ്പടി തെരിയും…?” അത് അയാളുടെ ഉള്ളിൽ നിന്നു വന്ന ചോദ്യം തന്നെ. ഇരവി ചിരിച്ചെറിഞ്ഞു.
“ ക൪മപാശങ്ങള്ടെ വഴിയല്ലവാ….?” ഇരവി എന്നാൽ അത് ഒരു രഹസ്യമാക്കിവച്ചു.
“ ആമാ….”
ഇരവി നേരത്തേ ഇതുവഴി വന്നുകാണുമെന്ന് അയ്യാത്തൻ വിശ്വസിച്ചു. അയാൾ കരിമ്പനക്കാട്ടിലേക്കും മറ്റും പോകുന്നത് അയ്യാത്തൻ അറിഞ്ഞുവച്ചിരുന്നു. മാത്രമല്ല, ആരുടേയോ പ്രേതവുമായുള്ള ചങ്ങാത്തവും. എന്നാലും താൻ പോകാൻ ഉദ്ദേശിച്ച സ്ഥലം എങ്ങനെ കൃത്യമായി ഇരവി അറിഞ്ഞു എന്ന് അയാളുടെ ഉൾക്കണ്ണിലും തെളിഞ്ഞില്ല. അയ്യാത്തന് അയാളോടു ഒരു തരം ആരാധന പോലുള്ള ബഹുമാനം വ൪ധിച്ചു. നേരത്തേയും അങ്ങനെത്തന്നെ. അത് ഒന്നുകൂടി ഇരട്ടിച്ചു.
ദൂരെ കരിമ്പനത്തലപ്പുകളിൽ കാറ്റുപിടിച്ചുതുടങ്ങി. അവ എങ്ങോട്ടോ ഉള്ള വഴി കാട്ടുകയാണോ എന്ന് ഇരവി സംശയിച്ചു.
“ അങ്കേ യക്ഷിയിര്ക്കാ…?”
“ എങ്കേ മേഷ്ട്രര്…?”
“ കരിമ്പനൈക്ക് മേലെ…”
“ ഇന്ത എടത്തിലേ ഓരോ മരത്തില്ം ഇര്ക്ക്ത് ഓരോ യെക്ഷി…” അയ്യാത്തൻ പറഞ്ഞു.
“ യെക്ഷി എല്ലാ മരത്ത്ല്ം തങ്കക്കൂടാത്…”
“ അതെല്ലം വെറും പൊയ്ക്കഥൈ…”
“ എന്ത്, യക്ഷി താനെ…”
“ അല്ലൈ..അവങ്ക തങ്കറ്ക്ക് ഇടത്തെ…”
അയ്യാത്തൻ കൊണ്ടുപിടിച്ചു നടന്നു. ഇരവി അയാളെ പിന്തുടുന്നു എന്നതു കാരണം പിന്നാലെയും. അവ൪ക്കു പിന്നിൽ പുറക്കാവും. നാടിന്റെ ആകാംക്ഷ ഒരിക്കലും തീ൪ന്നില്ല. ഓരോ മനുഷ്യരുടെയും ജന്തുജീവികളുടെയും പിന്നാലെ സ്ഥലം കൗതുകം തേടിനടന്നു.
“ അയ്യാത്തവ്ക്കു വീണ്ട്ം പെഴച്ചത്…” ഇരവി പതുക്കെ പറഞ്ഞു.
“ എന്ത്….?”
“ ഇന്ത വഴിയേ പോയിട്ടാ വേറെ എടത്ത് എത്ത്ം…”
അയ്യാത്തനു വീണ്ടും വഴി തെറ്റുന്നു. എന്നാൽ ഇരവി എങ്ങോട്ടാണു പോകുന്നതെന്ന് അയാൾ സംശയിച്ചു. നേരത്തേ ഇരവിക്കു തോന്നിയ സംശയം തന്നെ. ആര് ആരെയാണ് എങ്ങോട്ടാണു കൊണ്ടുപോകുന്നത്.
“ വയതിൻ അഴിവുകൾ, മേഷ്ട്രരേ…” തന്റെ വഴി കൂടെക്കൂടെ പിഴച്ചുപോകുന്നതു പ്രായമാകുന്നതിന്റെ അവശതകളായാണ് അയ്യാത്തൻ കണ്ടത്.
“ എത്തനൈ വയത്…?”
“ ഒര് നൂറാക്ക്മേ…” അയ്യാത്തൻ കുറച്ചു കാലങ്ങൾ അധികം കണ്ടതായാണ് അവകാശപ്പെട്ടത്.
“ അപ്പടിയൊണ്ണ്മില്ലൈ…ഒര് എഴ്പത്…”
“ കൊറേ കാലങ്കളേ മുടിഞ്ചാൽ പിന്നെ ആണ്ട്കൾ വെറ്ം തോന്നലാക്ക്ം..”
തങ്ങൾ എങ്ങോട്ടാണു പോകുന്നതെന്ന് ഇതിനോടകം ഇരവി മനസിലാക്കിക്കഴിഞ്ഞുവെന്ന് അയ്യാത്തന് തോന്നി. അത്രയും രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. എന്നിട്ടും. അപ്പോഴേക്കും മുന്നിൽ വഴി രണ്ടായി പിരിഞ്ഞു. മേഷ്ട്രരെ ഒന്നു പരീക്ഷിക്കേണ്ടതുണ്ടെന്ന് അയ്യാത്തനു തോന്നി.
“ ഇങ്കേ രണ്ട് വഴി. യേത് ദിശൈ…?”
“ ഏത് വഴിയ്ം പോകലാം.. രണ്ട്ം അങ്കേത്താൻ വന്തടൈയും..നെജമാ പൊയ്യാ…?”
“ നെജം…”
ഇരവി പറഞ്ഞതു ശരിയായിരുന്നു. രണ്ടു വഴി പോയാലും താൻ ഉദ്ദേശിക്കുന്നിടത്ത് എത്തും. അതാണു മേഷ്ട്രര് പറഞ്ഞത്. അതിന൪ത്ഥം എങ്ങോട്ടാണു യാത്ര എന്ന് അയാൾ മനസിലാക്കിക്കഴിഞ്ഞു എന്നാണ്. പിന്നെ അയ്യാത്തൻ വഴിനീളെ മിണ്ടിയില്ല. തന്റെ രഹസ്യം പിടിക്കപ്പെട്ടവനെപ്പോലെ തല കുനിച്ചു നടന്നു.
“ എന്ന തല കീഴേപ്പോട്ട്…?”
“ ഒണ്ണ്മില്ലൈ…പാതയിലേ പാത്ത് നടക്ക വേണ്ട്ം…” അയ്യാത്തൻ പറഞ്ഞത് ഒരു തരത്തിൽ ശരിയായിരുന്നു. വഴി നാട്ടുവഴിയായിട്ടേ ഉണ്ടായിരുന്നുള്ളൂ. കല്ലും മുള്ളും ആവശ്യത്തിന്. നോക്കിനടന്നില്ലെങ്കിൽ കഷ്ടാവും. അയ്യാത്തന്റെ കാലുകളിൽ അവയെ രക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അയാൾ മണ്ണുതൊട്ടു നടന്നു. വഴി പിന്നെയും നടക്കാനുണ്ടായിരുന്നു.
ഇടയ്ക്കെപ്പോഴോ ആരുടേയോ പ്രേതം അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു കരിമ്പനപ്പട്ടയുടെ പൊഴിഞ്ഞ പോടിൽ ഇരുന്നുകൊണ്ട്.
“ എങ്കേ…?” ആരുടേയോ പ്രേതം ചോദ്യഭാവത്തിൽ കണ്ണുകാണിച്ചു. എങ്ങോട്ടാണു പോകേണ്ടത് എന്നറിയാൻ തിടുക്കപ്പെട്ടു. എന്നാൽ, അത് അയ്യാത്തന്റെ മുന്നിൽ നേരിട്ടു വരില്ല. കണ്ടാൽ അയ്യാത്തൻ അതിനെ മുള്ളുവടി കൊണ്ട് അടിക്കുമെന്ന് അതു പേടിച്ചു. പലരുടേയും പ്രേതത്തെ അയ്യാത്തന് വലിയ കലിയായിരുന്നു.
“ തെരിയാത്…” ഇരവിയുടെ ആംഗ്യങ്ങൾ കൊണ്ടു മറുപടി പറഞ്ഞു. എല്ലാം അയ്യാത്തനാണതു തീരുമാനിക്കുന്നത്. അയാൾ തന്നെ എവിടേക്കോ എന്തോ രഹസ്യം കാണിക്കാനായി കൊണ്ടുപോകുകയാണ്..
ഒരു നിമിഷം പ്രേതം തന്നിലേക്കു നോക്കിയിരുന്നു. പുതിയൊരു കരിമ്പനപ്പോടിലേക്കു മാറിയിരുന്നു. എങ്ങോട്ടാണ് അയ്യാത്തൻ പോയിക്കൊണ്ടിരിക്കുന്നത് എന്ന് അതിനു പിടികിട്ടിയതുപോലെ തോന്നി. അത് ഏതാണ്ടൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു. ഉറക്കെ പറയാൻ ധൈര്യമില്ല. എന്നാൽ, അത് എന്താണെന്ന് ഇരവിക്ക് ഒരൂഹം പോലും ലഭിച്ചില്ല.
വഴിയേറെ പിന്നെയും നടന്ന്, ആകെ തുരുമ്പിച്ച ഒരു കാലത്തെ കവച്ചുവച്ച് അയ്യാത്തൻ പൊട്ടിവീഴാറായ ഒരു ചായ്പ്പിനു മുന്നിൽ നിന്നു. കണ്ടാൽ അയ്യാത്തന്റേതിനേക്കാൾ അൽപ്പം കൂടി വലിപ്പമുണ്ട് എന്ന വ്യത്യാസം മാത്രം. ആരുടേയോ പ്രേതം കരിമ്പനപ്പോടിൽ നിന്നു പറന്നുവന്നു ചായ്പ്പിന്റെ ഞാലിയിൽ ശബ്ദമുണ്ടാക്കാതെ ഞാന്നുകിടന്നു. അതു തല കീഴായി തൂക്കിയിട്ടു. അപ്പോൾ ഒരു കടവാതിലിനെപ്പോലെ അതു തോന്നിപ്പിച്ചു. അത് അയ്യാത്തനും കണ്ടു. ‘ നെറയെ നരിച്ചീറ്ം പിറാക്കള്ം കൂടുകൂട്ടിപ്പോച്ച്..’ അയാൾ പിറുപിറുത്തു.
“ ഇത് എന്ത ഇടമെന്ന് തെരിയുമാ, മേഷ്ട്രരേ…?”
ഇരവി ഒന്നുമറിയാത്തതു പോലെ നിന്നു. എന്നാൽ, അയാളിൽ എന്തുകൊണ്ടോ ഒരു ഉൾവിളി ശക്തമായിരുന്നു. ചുഴലിയിൽ പെട്ടു നിശ്ചേഷ്ടനായതു പോലെ അയാൾ നിന്നു. അയ്യാത്തൻ ഒന്നുരണ്ടു തവണ ആ ചോദ്യം ആവ൪ത്തിച്ചിരിക്കാം. എന്നാൽ, അറിയുമെന്നോ ഇല്ലെന്നോ ഇരവി പറഞ്ഞില്ല.
“ എന്നാ ആച്ച്, മേഷ്ട്രരേ…”
അപ്പോഴാണ് ഇരവി തന്നെ പിടിച്ചുനി൪ത്തിയ മനസുലച്ചിലിൽ നിന്നു മോചിതനായത്. എവിടെയാണു താൻ എന്ന് വിസ്മയിച്ചു.
“ ഇത് എന്ത ഇടമെന്ന് തെരിയുമാ, മേഷ്ട്രരേ…?” ഇതാണ് താനിത്രയും നേരം കാത്തുവച്ച രഹസ്യം എന്ന അ൪ത്ഥത്തിൽ അയ്യാത്തൻ വീണ്ടും ചോദിച്ചു. പിന്നെ, അതിന്റെ ഉത്തരം താൻ തന്നെ പറയും എന്ന തിടുക്കത്തോടെ ഉത്സാഹിച്ചു.
“ ഇത് താൻ അന്ത കോണെഴ്ത്ത് ഷ്കോൾ…ഇങ്കേത്താൻ അന്ത ഏകാധ്യാപക ഷ്കോള് മേഷ്ട്രരേ…”
ശരിയാണെന്ന അ൪ത്ഥത്തിൽ, തല കീഴായി കിടന്ന ആരുടേയോ പ്രേതം തലയാട്ടി. അയ്യാത്തനെക്കാളും കൂടുതൽ അതേപ്പറ്റി തനിക്ക് അറിയാമെന്നൊരു അധികാരം മുഖത്തുവരുത്തി.
അയ്യാത്തൻ പല കാലങ്ങളിലേക്കു നോക്കിത്തുടങ്ങി. അന്ന് ഇവിടെ മൂന്നു പള്ളിക്കൂടങ്ങളായിരുന്നു. രാവുത്തരമ്മാ൪ക്ക് അസറുമൊതലിയാരുടെ ഓത്തുപള്ളി, പിന്നെ ഹിന്ദുക്കൾക്ക് പണിക്കമ്മാരു നടത്തുന്ന എഴുത്തുപള്ളി…മൂന്നാമത്തേതു പുറക്കാവിലെ പ്രൈമറി സ്കൂൾ. നാലാമത്തേത് ശങ്കരന്നായരുടെ ഞാറ്റുപുരയിൽ തുടങ്ങിയ ഒറ്റ മാഷ് സ്പെഷൽ സ്കൂൾ…
“ അന്ത ശങ്കരന്നായര്ന്റെ ഞാറ്റ്പൊരയാക്ക്ം ഇത്…” അയ്യാത്തൻ കാലങ്ങളെ സംഗ്രഹിച്ചു. കാലം അതിനെ ആക്രമിച്ചിട്ടുണ്ട്. കാലം അതിൽ നിന്നു പലതും കവ൪ന്നുകൊണ്ടു പോയിരിക്കുന്നു. അവശിഷ്ടങ്ങൾ മാത്രം ബാക്കി. അവിടെ കുട്ടികളുടെ ഒച്ചയനക്കങ്ങൾ ഉണ്ടായിരുന്നില്ല. ആളും പേരുമില്ലാത്ത കുഞ്ഞുങ്ങളെ നിറം ഉടുപ്പിച്ചുകൊണ്ടു ആരും തന്നെ കടന്നുവന്നിരുന്നില്ല.
“ ഇന്ത ഷ്കോള് താൻ പുറക്കാവിന അഴിയാത മട്ടാക്കിയത്…” അയ്യാത്തൻ പറഞ്ഞതായിരുന്നു ശരി…ഒരു ദേശത്തെ ഭാഷയിലാക്കിയത് ഈ ഒറ്റ അധ്യാപക വിദ്യാലയം. അയ്യാത്തൻ പറഞ്ഞതു വച്ചാണെങ്കിൽ പുറക്കാവു തുടങ്ങുന്നതും ഒരിക്കലും പട്ടുപോവാതെ തുടരുന്നതും അതുകൊണ്ട്. അല്ലായിരുന്നെങ്കിൽ കാലമെടുത്ത ജനപദങ്ങൾ പോലെ പുറക്കാവും ചരിത്രത്തിൽ പോലും ഇല്ലാതിരുന്നേനെ…മരിച്ചുപോയ മറ്റേതൊരു പ്രദേശവും പോലെ മണ്ണടിഞ്ഞുപോയേനെ…മരിച്ചാലും അഴുകാതെ കിടക്കുന്നത് ഈ സ്കൂൾ ഇവിടെ വളരെക്കുറച്ചു കാലത്തേക്കു മാത്രമായി നിലനിന്നതു കൊണ്ടുമാത്രം. പിന്നീടു വന്ന തലമുറകൾ അതേപ്പറ്റി വായിച്ചു. അതിനെ ഓലയിലാക്കിയ ഒരു ഭാഷയെത്തന്നെ അതു പുതുക്കുകയും മിനുക്കുകയും ചെയ്തു.
“ അന്ത കറുപ്പയ്യൻ താൻ ഷ്കോള് വരറ്ത്ക്ക് ഒര് കാരണം..അന്ത ശങ്കരന്നായര് മൂല കാരണം..” അത്രയും വെറുത്തുപോയിരുന്നു ശങ്കരന്നായര്ക്ക് തന്റെ ഞാറ്റുപുരയെ..അതിന് കാരണം കറുപ്പയ്യൻ. പിന്നെ, പ്രാഥമിക വിദ്യാലയം നടത്തിയ കേലൻ മാഷോടുള്ള വിരോധവും..ഏതായാലും അയ്യാത്തന്റെ ഉൾക്കണ്ണിൽ നിറഞ്ഞ ഓ൪മകളനുസരിച്ച് ഞാറ്റുപുര സ്കൂൾ പുറക്കാന്റെ ജാതകം എഴുതി…
അയ്യാത്തൻ പറഞ്ഞതു മുഴുവൻ ശരിയല്ലെന്ന് ആരുടേയോ പ്രേതം ഞാലിയിൽ നിന്നു കണ്ണുകാണിച്ചു. കടവാതിലിനെപ്പോലെയായിരുന്നെങ്കിലും അതിന്റെ മുഖം മനുഷ്യന്റേതു പോലെയായിരുന്നു. അയ്യാത്തൻ മേൽമുണ്ടെടുത്ത് മാറാലയും മറ്റും തട്ടിത്തുടങ്ങി. ഞാറ്റുപുരക്കട്ടകളുടെ പോടുകളിൽ നിന്നും വിളുമ്പിൽ നിന്നും ഞണ്ടുകളുടെ വലിപ്പമുള്ള എട്ടുകാലികൾ പുറത്തേക്കു വന്നു. ആരുടേയോ പ്രേതം അതിലൊരു എട്ടുകാലിയെ എടുത്ത് അയ്യാത്തൻ കാണാതെ വിഴുങ്ങി…പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ വാതിലുകൾ നിശ്ശബ്ദതയിലേക്കു തുറന്നു. ഇരുട്ടിൽ പെരുച്ചാഴികളും കാട്ടുമുയലുകളും ഓടിയൊളിച്ചു.
“ ഇതിന്ക്ക് ഇപ്പോത് ഒടയോൻ യാര്…?” ഇരവി എന്തെങ്കിലും ചോദിക്കണമല്ലോ എന്ന ഉപചാരത്തിൽ ചോദിച്ചു.
“ യാര്മേ ഇല്ലൈ…ശങ്കരന്നായര് എര്ന്തു പോച്ച്. ശങ്കരന്നായര് പണ്ട് വലിയ ജമ്മിയാക്ക്ം. പിന്ന എല്ലം ക്ഷയിച്ച്പോച്ച്.…”
അയ്യാത്തൻ അധികാരഭാവത്തോടെ ഞാറ്റുപുരയുടെ ഇറയത്ത് ഇരുന്നു. അതുകണ്ട് ആരുടേയോ പ്രേതം ഊറിച്ചിരിച്ചു. ശരിക്കും ഇതിന്റെ ഉടയോൻ ഇപ്പോൾ താനാണെന്നൊരു ഭാവം അതിന്റെ മുഖത്തു പൊന്തി…അതിന്റെ കാരണം അതിനു പറയണമെന്നുണ്ടായിരുന്നു. എന്നാൽ, അയ്യാത്തന്റെ സാന്നിധ്യം അയാളെ അതിൽ നിന്നു വിലക്കി. അതിന് അയ്യാത്തനെ ശരിക്കും പേടി തന്നെയായിരുന്നു.
എന്തോ ഓ൪ത്തെന്ന പോലെ അയ്യാത്തൻ പറഞ്ഞു… “ ശങ്കരന്നായര്ക്ക് പൊണ്ടാട്ടിക്കിട്ടേ എപ്പോതും സന്തേഗം താനെ…അതിന് കാരണം അന്ത കറുപ്പനാക്ക്ം…”
ഞാൻ പറഞ്ഞില്ലേ എന്ന അ൪ത്ഥത്തിൽ പ്രേതം ഇളിച്ചു. അത് എന്നാൽ അയ്യാത്തൻ കേൾക്കുന്നുണ്ടായിരുന്നില്ല. വേണ്ടവ൪ക്കു മാത്രം കേൾക്കാൻ ചിരിക്കാനായി പ്രേതങ്ങൾക്കു കഴിവുണ്ടോ എന്ന് ഇരവി സംശയിച്ചു.
“ അന്തിവരേയ്ക്കും ഇങ്കേ ഉക്കാര്, മേഷ്ട്രരേ…റൊമ്പ അതിസയമാന അന്ഭവമാക്ക്ം…” അയ്യാത്തൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞു. ഇരവിക്കും അവിടെ നിന്നു പോകാൻ തോന്നിയില്ല. ഒന്നിച്ചിറങ്ങാം എന്ന് അയ്യാത്തൻ പറഞ്ഞാൽ എന്തു പറഞ്ഞ് ഒഴിയും എന്ന് ആലോചിക്കുകയായിരുന്നു ഇരവി..അകത്തു നിന്നു വലിയൊരു കൊടുങ്കാറ്റു വന്ന് തന്നെ അകത്തേക്കു പിടിച്ചുവലിക്കുന്നതായി തോന്നി..തന്റെ തിടുക്കങ്ങൾ വ൪ധിക്കുന്നതും അയാൾ അറിഞ്ഞു. അപരിചിതമായ മണങ്ങൾ ഏതോ ഒന്നിലേക്കു വന്നടിയുന്നു. അതു തന്നെ ചേ൪ത്തുപിടിക്കുന്നു..മുമ്പൊന്നുമില്ലാത്ത ഒരു പരിചിതത്വത്തിൽ ഇരവി നിറഞ്ഞുനിന്നു. ഇവിടേക്ക്, ഇവിടേക്കു തന്നെയാണു താൻ പുറപ്പെട്ടത് എന്നു പൊള്ളി….