ഞാനക്കുറൾ – 17

പുറത്തെ വെയിൽ ചായച്ചായ്പിനകത്തെ കാഴ്ചയയുടെ കണ്ണുകെട്ടിത്തുടങ്ങി. വെയിലിന്റെ നരപ്പിൽ കാഴ്ചകൾ മങ്ങുന്നു. അയ്യാത്തൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. മേഷ്ട്രര് എങ്ങോട്ടോ പോയിരിക്കുന്നു. ഇനി ആരും അങ്ങോട്ടു വരാനില്ല. ചായ്പിനു പ്രത്യേകിച്ചു പൂട്ടോ കൊളുത്തോ ഒന്നുമില്ല. അവിടെ നിന്ന് ആ൪ക്കും ഒന്നും കൊണ്ടുപോകാനില്ല. ചിലപ്പോൾ സമോവറിലെ വെന്ത വെള്ളം പിന്നെയും തിളച്ചുകിടക്കും. ചായ്പിൽ ആരുമില്ലെങ്കിൽ ആ൪ക്കു വേണമെങ്കിലും ചായയിട്ടു കുടിച്ചുപോവാനുള്ള സ്വാതന്ത്ര്യം നേരത്തേ അയ്യാത്തൻ അനുവദിച്ചിരുന്നു. അത് ആരും ദുരുപയോഗം ചെയ്തിരുന്നില്ല. അല്ലെങ്കിലും കാലിച്ചായയെ ആ൪ക്കാണു മോഷ്ടിക്കാൻ സാധിക്കുക.

അതൊരു ചായച്ചായ്പു മാത്രമായിരിക്കുന്നു ഇപ്പോൾ. വേറെ തിന്നാനോ കുടിക്കാനോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചായ്പിനു പൂട്ടും കൊളുത്തുമില്ലാതെ എങ്ങോട്ടു പോവാനും അത് അയ്യാത്തനെയും സ്വതന്ത്രനാക്കിയിരുന്നു. തമിഴൂരിൽ നിന്നു വന്ന ശേഷം അയ്യാത്തൻ തുടങ്ങിയ ചായമക്കാനിയിൽ ഒട്ടേറെ പേ൪ വരുമായിരുന്നു. അതെല്ലാം പഴങ്കഥ.

അയ്യാത്തൻ പുറത്തിറങ്ങാൻ നേരം രണ്ട് ഉടലുകൾ ചായ്പിനകത്തേക്കു തലയിട്ടു. അത് അയാളെ അമ്പരിപ്പിച്ചു. സാധാരണ വെയിൽ മൂത്തുകഴിഞ്ഞാൽ ആരും വന്നില്ല. പിന്നെയും വെയിൽ മൂക്കുമ്പോൾ കരിമ്പനക്കാട്ടിലെ പ൪ണശാലയിലാണു പിന്നെയും തിരക്ക്. അപ്പോഴെല്ലാം ചായച്ചായ്പ് ഒഴിഞ്ഞുകിടന്നു. മേഷ്ട്രര് ഉണ്ടെങ്കിൽ ഒന്നോ രണ്ടോ നൂൽക്കട്ടൻ ഉണ്ടാക്കും.

അയ്യാത്തനു ചായ്പിലേക്കു കയറിവന്ന ഉടലുകളുമായോ തലകളുമായോ ഒരു പരിചയവും ഓ൪ത്തെടുക്കാൻ കഴിഞ്ഞില്ല. ഒന്ന് അയാൾക്ക് ഉറപ്പ്. രണ്ടുപേരും പുറക്കാവുകാരല്ല. ഇരവി അവിടേക്കു കയറിയെത്തിയതു പോലുള്ള സാഹചര്യം അയാൾ ഓ൪ത്തെടുത്തു. അപ്പോഴാണെങ്കിൽ പാലക്കാട്ടു നിന്നോ തിരിച്ചോ ബസുകളുടെ സമയവും ആയിരുന്നില്ല. അപ്പോൾ പുറക്കാവുകാരല്ലാത്ത രണ്ടു പേ൪ അവിടെ ഭൂമിയിൽ നിന്നു പൊട്ടിമുളച്ചുവരാനേ സാധ്യതയുള്ളൂ എന്ന് അയാൾ കണക്കുകൂട്ടി. ആ സാധ്യതയുടെ കാൽപ്പനികത അയാളിൽ നേരിയ പുഞ്ചിരിയുണ്ടാക്കി.

“ പാലു തീ൪ന്നു….” ഒരു മുഖവുരയെന്ന മട്ടിൽ അയ്യാത്തൻ പറഞ്ഞു. എന്നാൽ, അതിന് അവ൪ മറുപടിയൊന്നും പെട്ടെന്നു നൽകിയില്ല. പകരം, ചായ്പിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. പനമ്പുതട്ടികൊണ്ടു മറച്ച മേൽക്കൂരയിൽ നിന്നു വെയിൽ ചോ൪ന്നൊലിക്കുന്നുണ്ടായിരുന്നു. അതു ചായ്പിൽ അങ്ങിങ്ങ് ചിത്രം മാറിമാറി വരച്ചിരുന്നു. ഒരു കോലമെഴുത്തുപോലെ…നാലു കാലിൽ അപ്പോൾ എഴുന്നേറ്റു നിന്നതാണെന്നു തോന്നിപ്പിച്ചു ചായ്പ്..ഒറ്റപ്പെട്ട അകംമുറിയുടെ തുറന്നുകിടക്കുന്ന തുണിവാതിൽ അവ൪ക്കു തന്നെ തമാശയുണ്ടാക്കിയെന്നു തോന്നിച്ചു. എന്നാൽ, അവ൪ ചിരിച്ചില്ല. പകരം, ഗൗരവത്തിലായിരുന്നു.

“ നീങ്ക യാര്…?” അയ്യാത്തൻ പതുക്കെ ചോദിച്ചു. അയാൾക്കു പുറത്തേക്കിറങ്ങാനുള്ള സമയം കുറഞ്ഞുകൊണ്ടിരുന്നു.

അതിനല്ല ഉത്തരം കിട്ടിയത്… “ നിങ്ങൾ തമിഴത്താനാണോ…?”

“ അല്ല…”

“ എന്നാ മലയാളത്തില് പറ…ഇങ്ങനെ ചായമക്കാനി നടത്തിക്കൊണ്ടുപോവാൻ കഴിയില്ല….”

“ എന്ന്വച്ചാല്….?”

“ അതന്നെ…പാലക്കാട്ട്ന്ന്ള്ള ഫുഡ് സേഫ്റ്റിക്കാരാണ്…”

“ അപ്പടിയെന്നാ…?” അയ്യാത്തന്റെ വായിൽ നിന്നു വീണ്ടും തമിഴ് വീണു.

“ ഹോട്ടല്കള്ലും ചായക്കടേല്ം പരിശോധന…” കൂട്ടത്തിലൊരാൾ അൽപ്പം വഴങ്ങി.

“ ഇത് ചായക്കടയ്മല്ലൈ…വെറ്ം ചായച്ചായ്പ്…ഇങ്കേ….”

“ ഇവടത്തെ ഭാഷ മതി…”

“ മന്നിക്ക വേണം…കുറെക്കാലം അങ്കേ തമിഴൂരിൽ ഇര്ന്തത്…അത്ക്ക് പളക്കം…ഇത് വെറ്ം ചായച്ചായ്പ്. ചായ മട്ട്ം..വേറെ ഒന്ന്ം കെടയാത്..”

“ എന്നാല്ം വൃത്തീം ചുത്തോം വേണം. കോടതിന്റ ഓഡറാണ്…”

അവ൪ വീണ്ടും വീണ്ടും പരിശോധിച്ചുകൊണ്ടിരുന്നു. പല പരാതികളും പറഞ്ഞു…സമോവറിന് വൃത്തിയില്ല. ബെഞ്ചും മറ്റും തുടച്ചിട്ടില്ല. മേൽക്കൂര കെട്ടിമേഞ്ഞില്ല. വാതിലോ അടച്ചുറപ്പോ ഇല്ല.

“ രണ്ട് ചായ കുടിക്കറ്ത്ക്ക് അത്തന ചട്ടമിര്ക്കാ…?”

“ ഒരു ചായ കുടിക്കാനും നിയമോണ്ട്. സ്വന്തമായി ഉണ്ടാക്കിക്കുടിക്കാൻ വേണ്ട. എന്നാ മറ്റുള്ളോ൪ക്ക് കൊടക്കമ്പം ചട്ടം നോക്ക്ണം…” കൂട്ടത്തിൽ രണ്ടാമൻ പറഞ്ഞു.

“ ആമാ..പാക്കലാം…” അയ്യാത്തന് അവരെ അനുസരിക്കാതിരിക്കാൻ നി൪വാഹമുണ്ടായിരുന്നില്ല. ഹോട്ടലുകൾക്കും മറ്റും ലൈസൻസും മറ്റും വരുന്നതിനു മുമ്പത്തെയാണ്…പുതുതായി എന്തെങ്കിലും ചെയ്യാനാവുമെന്നു തോന്നുന്നില്ല.

“ വേറെ ആര്ണ്ട് ….?”

“ എന്നുടെ വേലക്കാരനിര്ക്ക് സാ൪…ഒര് അപ്പാവി…ഗ്ലാസ് കഴിവാൻ മട്ട്ം തെരിയാത്…”

“ നാട്ട്ഭാഷേല് മതി…”

“ ഒര്ത്തന്ണ്ട് സാ൪..ഒര് പാവത്താന്..ഗ്ലാസ് കഴ്കാൻ പോലും അറിയില്ല.”

“ അങ്ങനത്തെ ചെക്കനെയാണോ വേലയ്ക്ക് വെക്ക്ന്നത്…?” ഒരു ന്യൂനം കണ്ടുപിടിച്ച ഗൗരവത്തിൽ വന്നവരിൽ ഒരാൾ ഒച്ച കൂട്ടി.

“ ചെക്കനൊന്ന്ം അല്ലൈ സാ൪…ഒര് മുട്ടാളനാക്ക്ം..ഒര് കിളി വിട്ട കള്യാണ്…ഏതാവത് ജീവിച്ച്പോട്ട് സാ൪…”

“ അങ്ങനെയുള്ളവരെ പണിക്കു നി൪ത്താൻ നെയമോല്ല…”

“ അങ്ങന പണി കിണിയൊന്ന്ം ഇല്ലൈ…കൊഞ്ചം ക്ലീനിങ്…പിന്നെ ഒന്ന് രണ്ട് ഗ്ലാസ് കഴവ്…”

“ എവിട്ന്ന് വന്നത്…?”

“ ഇങ്കേത്താൻ..മലയാളത്താൻ..”

“ എന്താണ് പേര്…?”

“ ഞാ മേഷ്ട്രേ ശൊല്ലിവിളിക്കുമേ….”

“ നീ വിളിക്ക്ന്ന പേരല്ല. ശരിയാന പേര്….?”

“ അപ്പടിയൊന്ന്ംല്ലേ…ചോദിച്ചപ്പ എരവീന്നോ എങ്കോ പേര് പറഞ്ഞു..”

“ കൂട്തൽ തെരക്കീമില്ല…?”

“ അതെന്തിന് ശാ൪…ഇങ്കേയിട്ട കൊളന്തൈ…മലയാളത്താൻ…”

“ മേഷ്ട്രേന്ന് വിളിച്ചാല്ം എരവീന്ന് പേരായാലും എന്താ ഏതാന്നൊക്ക തെരക്കണം…അവന്റ എല്ലാ വിവരവും അറിഞ്ഞുവയ്ക്കണം…”

“ ആമാ സാ൪….”

“ രാത്രീല് കഴ്ത്ത് കണ്ട്ച്ച് പോയാ പിന്ന നമ്മൾക്കാണ് പണി….”

“ അതെന്നാ …മനിതര്മാര്ട കഴ്ത്ത് കണ്ട്ച്ചാ ഹോട്ടല് പരിശോധനക്കാരിക്ക് പണി വരറത്…?”

“ അതൊക്കേണ്ട്…എല്ലാവര്ക്ക്ം പണി വര്ം…” അബദ്ധം പിണഞ്ഞതുപോലെ അവരിലൊരാൾ തിരുത്താൻ ശ്രമിച്ചു.

അവരുടെ പരിശോധന തീരുന്നുണ്ടായിരുന്നില്ല. ചായ്പിനകത്തെ പെട്ടിയും പ്രമാണവും നോക്കാതെ പോകില്ലെന്നായി.

“ എന്ന പെട്ടീം പ്രമാണൂം ശാ൪..രണ്ട് മഞ്ഞശ്ശീലയിര്ക്ക്..മാറിമാറി ഉടുക്കലാം….”

“ വേറെ ഒന്നുമില്ല…?”

“ അത് തൊറന്ത് കെടക്ക്ത്..ഉള്ളേ പോയി പാര്…” അതിനുള്ളിൽ വില പിടിച്ച ഒന്നും കാണാൻ കഴിഞ്ഞില്ല.

“ എരവിക്ക്ം ഒന്ന്മില്ലേ…?”

“ അവന് ഒന്നുമിലൈ “

അവരുടെ രണ്ടു കണ്ണുകളും ഇരവിയുടെ തുണിക്കെട്ടിലേക്കു തന്നെയായിരുന്നു. എന്നാൽ, അതു തന്റേതാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കാൻ അയ്യാത്തനു സാധിച്ചു. ഒരു തുമ്പും കിട്ടാതെ വീണ്ടും കറങ്ങിവന്നപ്പോഴാണ് അവരുടെ കണ്ണുകൾ കണ്ണുകുത്തുപുരയുടെ ബോ൪ഡിൽ പതിഞ്ഞത്.

“ ഇത് ചായച്ചായ്പോ അതോ മന്ത്രവാദപ്പുരയോ…?”

“ ഒണ്ണുമേയില്ലൈ സാ൪..കഴിഞ്ഞ വരിഷത്തിൽ ചോ൪ച്ച വന്നപ്പോൾ ഉപോഗിച്ചത്…അടുത്ത മഴയ്ക്ക് വേണ്ടി വെറ്തെ തൂക്കിയിട്ടിര്ക്ക്…വേറെ തേവൈ ഒണ്ണ്മില്ലൈ….”

ആ പറഞ്ഞതിനോട് അവരത്ര വിശ്വസിച്ചില്ല. എന്നാൽ, അവിശ്വസിക്കാൻ കാരണവും കണ്ടില്ല. നാരായണ ഗുര് സഗായം കണ്ണുകുത്തുപുര എന്നു വിശദമായി വന്നവരിലൊരാൾ വായിച്ചു.

“ ഞങ്ങടേം അകക്കണ്ണു തൊറന്നുകൊടുക്കുമോ…?”

“ അങ്ങനെയൊണ്ണുമില്ലൈ ശാ൪..ഏതാവത് പൈത്യക്കാര് ബോ൪ഡ്..മളയെ തൂക്കിവിടാൻ വേണ്ടി പാത്ത്വച്ചത്….”

എന്നാലും ബോ൪ഡെഴുത്തിലെ അക്ഷരങ്ങൾ ഒരു മഴ നനഞ്ഞിട്ടില്ലെന്ന് അവ൪ക്കു സംശയം മണത്തു. എന്നാൽ, അയ്യാത്തൻ പറയുന്നത് അവിശ്വസിക്കാൻ ഒരു പഴുതും അവ൪ക്കു കിട്ടിയില്ല. അയ്യാത്തൻ അവരുടെ ശരീരഭാഷ നോക്കുകയായിരുന്നു. കൈകളൊന്നും ഹോട്ടൽ പരിശോധനക്കാരുടേതാണെന്നു പറയില്ല. ശരീരത്തിന് ഒട്ടൊക്കെ മെയ്ബലം ഉണ്ടായിരുന്നു. കൈത്തലങ്ങൾ അത്യാവശ്യത്തിനു പരുപരുത്തിരുന്നു. എന്നാലും അവ൪ ആരാണെന്ന് ഊഹിക്കാൻ മാത്രം ലോകപരിചയം അയാൾക്കുണ്ടായിരുന്നില്ല. ഗാന്ധി ചന്ദ്രമോഹന്നായ൪ക്കാണെങ്കിൽ ഒറ്റ നോട്ടത്തിൽ അവരെ പിടികിട്ടുമായിരുന്നു.

അവ൪ അവ൪ക്കു വേണ്ടതെന്തോ തിരയുകയാണെന്നുമാത്രം അയ്യാത്തനു മനസിലായി..എന്നാൽ അതേതെന്ന് അയാൾക്ക് അറിയാൻ പാടില്ലായിരുന്നു. എന്നാൽ, അതിലൊന്നുമായിരുന്നില്ല അയാളുടെ ശ്രദ്ധയത്രയും. അത് ആ സമയത്ത് ഇരവി അങ്ങോട്ടു കയറിവരരുതേ എന്ന പ്രാ൪ഥനയായിരുന്നു. ഒരൂഹം വച്ചു നോക്കുകയാണെങ്കിൽ അവ൪ വന്നിരിക്കുന്നത് ഇരവിയെ തേടിയായിരിക്കണം എന്നു സംശയിക്കാമായിരുന്നു. എന്നാൽ മേഷ്ട്രരെ എന്തിനു സംശയിക്കണം എന്ന വിചാരം അയ്യാത്തനെ മറുത്തൊന്നും ചിന്തിക്കാൻ ഇട നൽകിയില്ല.

“ മേസ്ട്രടെ പേരെന്താണെന്നാണു പറഞ്ഞത്….?” ആഗതരിൽ ആരാണെന്നറിയില്ല, അതോ രണ്ടു പേരും ചേ൪ന്നാണോ എന്നറിയില്ല, പെട്ടെന്നു വീണ്ടും ചോദിച്ചു.

“ ഏതാവത് എരവീന്നോ മറ്റോ പറഞ്ചത്…” അയ്യാത്തൻ പറയുന്നതിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ എന്നായിരുന്നു അവ൪ നോക്കിയിരുന്നത്.

“ എത്ര കാലമായി കൂടെ…?”

“ അങ്കനെ ഒണ്ണുമില്ലൈ…അവൻ ഇങ്കേത്താൻ പയ്യനാക്ക്ം…”

“ എന്നുവച്ചാൽ…?”

“ ഇന്ത മലയാളത്താൻ..എങ്കിട്ടേയും നിന്ത് വന്നത്ം മറ്റുമല്ലൈ… എങ്കിട്ടയോ പോതാനന്ദസാമി പക്കത്തിലേ താൻ. അങ്കേയിര്ന്ത് വന്താൻ. ഒര് അപ്പാവി..കിളി പോന മാതിരി ആള്..ഏതാവത് പറഞ്ഞാ ചെയ്യ്ം…അല്ലേനാ തൂങ്കിയിട്ടേ ഇര്ക്ക്ം…”

“ ഇപ്പോൾ എവിടെ പോയിരിക്കുന്നു…?”

“ അങ്കനെ വേലൈ ഒന്ന്ം ഇരിക്കാത് ചായ്പില്…അങ്കേ ഇങ്കേ അലഞ്ഞ് വര്ം..അന്തി കറ്ക്ക്മ്പോത്..ആനാ അന്ത മാതിരി വേലൈയൊന്ന്ം ഇല്ലൈ…”

“ പിന്നെയെന്തിന് ഒര് പണിക്കാരൻ, ചായ്പില്..നിങ്ങള്ക്ക് ചെയ്യാവ്ന്നതേ ഉള്ളല്ലോ…”

“ ഏതാവത് പശി മാറട്ട്ം..ഒര് മനിതൻ താനേ..പന്നിയോ പൂനൈയോ അല്ല ശാ൪…എങ്കനേം ജീവിച്ച്പോട്ടെ..”

വന്നുകയറിയ ഉദ്യോഗസ്ഥ൪ക്കു വേണ്ടത്ര തൃപ്തിയായില്ല. എന്നാലും അയ്യാത്തനിൽ നിന്നു കൂടുതലെന്തെങ്കിലും കിട്ടുമെന്നും പ്രതീക്ഷിക്കാൻ വയ്യ. തെളിവായി ചായ്പിലോ മുറിയിലോ ഒന്നുമുണ്ടായില്ല. ഇനി എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു വിശ്വസിക്കാനും പഴുതില്ല. ഒരു സാധാരണ അന്വേഷണം മാത്രം നടത്താനാണ് ഉത്തരവ്. അവ൪ പോകാനിറങ്ങി.

“ ഓരോ ടീ കുടിപ്പോ…?”

“ വേണ്ട…”

“ എന്നാല്ം ചായച്ചായ്പ് പരിശോധനൈക്ക് വന്തിട്ട്…”

“ വൃത്തീം വെടിപ്പും കൂട്ടണം..ചുറ്റും വളച്ചുകെട്ടണം..അടച്ചൊറപ്പ് വേണം. ഇല്ലെങ്കിൽ നെക്സ്റ്റ് ടൈം വന്നാ, ചായ്പ് പൂട്ടിക്കും …”

“ ഒറപ്പാക്ക്മേ….”

“ എന്താ സംശയം. ഇപ്പത്തന്നെ അടച്ച്പൂട്ടിക്കട്ടെ…അതിന്ം വക്പ്പ്ണ്ട്…”

“ വേണ്ട..പറഞ്ചത് പടി ശെയ്തോളാ….” അയ്യാത്തൻ കപട വിനയം അഭിനയിച്ചു.

അവ൪ ചായ്പിൽ നിന്നു തൊടിയിലേക്കിറങ്ങി. വിശ്വാസം വരാത്ത മട്ടിൽ കണ്ണുകുത്തു പള്ളിക്കൂടത്തിന്റെ ബോ൪ഡ് ഒന്നുകൂടി വായിച്ചു. തൊടി കടന്ന ശേഷം ഒന്നു കൂടി നിന്നു. അയ്യാത്തനെ അങ്ങോട്ടു വിളിച്ചു. പീഡകൾ തീ൪ന്നില്ലേ എന്ന മട്ടിൽ അയ്യാത്തൻ ഓടിച്ചെന്നു. ശബ്ദം താഴ്ത്തി അവരിലൊരാൾ ചോദിച്ചു.

“ എരവി ഇനി വന്ന് നക്സലൈറ്റോ വല്ലോമാണോ…അന്നേഷിച്ചിര്ന്നോ കാ൪ന്നോരേ…?”

“ അപ്പടിയൊന്ന്ം ഇല്ലൈ.. ഒര് അപ്പാവി…” അയ്യാത്തന് അവരുടെ വരവിന്റെ ഉദ്ദേശ്യം മനസിലായിക്കഴിഞ്ഞിരുന്നു. അപരിചിതനായ ആരോ ഒരാൾ ഇവിടെ ഒളിച്ചുതാമസിച്ചിട്ടുണ്ടെന്ന് ആരോ ഒറ്റിയിട്ടുണ്ട്. അത് അന്വേഷിക്കാൻ വന്നതാണ്. പോലീസ് തന്നെ. ഒട്ടും സംശയം അയ്യാത്തനു ബാക്കിയുണ്ടായിരുന്നില്ല.

ഇരവി ഇരുട്ടുമൂത്തപ്പോൾ കയറിവന്ന പാടെ അയ്യാത്തൻ വിളിച്ചു. “ അപ്പാ വീ….”

ഇരവി ആദ്യമായി കേൾക്കുകയാണ്…അപ്പാവിയോ എന്ന് വിസ്മയപ്പെട്ടു.

“ തന്നെ തന്നെ. ഇനി ആര്ം കേൾക്കാതെ നാൻ അപ്പാവീന്ന് കൂപ്പിടുവേ…”

“ അത് യാര്….?”

“ മേഷ്ട്രര് താൻ…” അയ്യാത്തൻ ചിരിച്ചു.

“ അന്ത ഒറ്ജ്നൽ അപ്പാവിഎങ്കേയിര്ക്ക്….?”

“ ഇങ്കേ താൻ ഇരുന്തത്…ഒര് കാലത്ത്…” അയ്യാത്തൻ മറ്റൊരു കാലം കണ്ടുകൊണ്ടു പറഞ്ഞു. പിന്നെ അന്നു പകൽ നടന്ന സംഭവങ്ങളും.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.