ഞാനക്കുറൾ – 15

സേട്ടുവിന്റെ പള്ളിക്കുളത്തിലെ കുളിക്കടവിൽ നിന്നു മടങ്ങുമ്പോൾ ഇരവിക്കു റഹിയയെക്കുറിച്ചുള്ള സന്ദേഹങ്ങൾ പെരുത്തു. കണ്ണുകുത്തുമഷിയെഴുതിക്കഴിഞ്ഞുള്ള തണുപ്പുകൊണ്ടു പൊള്ളിക്കുന്ന സ്വയം അനുഭവപ്പെടലിൽ അവ൪ തന്നെ ആദ്യമായി വിളിച്ചതു മകനേ എന്നായിരുന്നുവെന്ന വസ്തുത അയാളുടെ ഉള്ളിലേക്കു തികട്ടിയിരുന്നു. ആ ഓ൪മ പതിവില്ലാതെ അയാളെ വീണ്ടും വീണ്ടും സ്വന്തം അമ്മയിലേക്കു തന്നെ കൊണ്ടുപോയി. ദൂരെ ദുരെ മകനെ കാത്തിരിക്കുന്ന ആ അമ്മയുടെ ജ്വരപീഡകളെക്കുറിച്ച്. കൂട്ടിനു ലക്ഷ്മിയുണ്ട് എന്നൊരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്നാൽ, പോകുന്ന പോക്കിൽ അമ്മയെയും കൊണ്ടുപോയ്ക്കൂടെ എന്ന് അവൾ ചോദിച്ചതാണ്. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞുകൊണ്ടുതന്നെ.

“ അവൻ വേദാന്തം പഠിച്ചുകഴിഞ്ഞിട്ടുണ്ടാവില്ലേ…” അമ്മ ലക്ഷ്മിയോടു പലവട്ടം ചോദിച്ചിട്ടുണ്ടാവും.

“ അതിന് ഈ വേദാന്തൊക്ക അങ്ങന പഠിച്ചീര്ന്നത് വല്ലോമാണോ, മാറ്റമ്മേ..?” അതിനു ലക്ഷ്മിയുടെ മറുപടി ഊഹിക്കാവുന്നതേയുള്ളൂ..

“ അങ്ങന ലോകത്തെന്താള്ള്ത് തീ൪ത്ത്ം തീര്ന്നതായിട്ട്…?” അമ്മയുടെ സംശയവും ശരിയാണ്.

“ ശെരിക്ക്ം തീരാതെ ഏട്ടന് പണ്ടേ തൃപ്തിയല്ലല്ലോ…” ലക്ഷ്മി അമ്മയിലേക്കു കാലത്തിന്റെ പ്രഹേളികകൾ എടുത്തിട്ടു. ഏത് അമ്മയ്ക്കും അങ്ങനെയാണ്. പഴയ കാലത്തിലേക്കു പിടിച്ചുകൊടുത്താൻ മാത്രം മതി. അവ൪ പിന്നെ അതിൽ തനിച്ചു നടന്നുകൊള്ളും.

“ കുഞ്ഞുന്നാളിലേ അതുണ്ടായിര്ന്ന്. അന്ന് ചെറ്പ്പത്തിന്റ്യേണന്ന് വിചാരിച്ചു.”

“ എന്ത്…?”

“ ഒരെളക്കം…വിരിച്ചെടത്ത് കെടക്കാത്ത ചാടിച്ചാട്ടം…അതെല്ലാം ഇതിനായിര്ന്നോ എന്ന് അന്ന് തോന്നീല…”

“ അതിനിപ്പ ഏട്ടന് എന്ത് പറ്റീന്നാ….? ”

“ എന്താ പറ്റായ്ക…?” കുഞ്ഞുലക്ഷ്മിയമ്മ ഓരോ സങ്കടങ്ങളുടെ അല്ലികൾ പൊളിച്ചുതുടങ്ങി.

ലക്ഷ്മിക്കും കുഞ്ഞുലക്ഷ്മിയമ്മയുടെ കഥ പൊട്ടും പൊടിയുമൊക്കെ വച്ച് അറിയാമായിരുന്നു. ഇരവിയുടെ അച്ഛൻ പുറപ്പെട്ടുപോയതിനെക്കുറിച്ചും മറ്റും…പലരുടെയും വ൪ത്തമാനങ്ങളിൽ നിന്നായിരുന്നു അത്. എന്നാൽ ഇരവി അത്തരം സംസാരങ്ങളൊന്നും കേട്ടിരുന്നില്ല എന്നുറപ്പുണ്ട്. ഒന്നും കേൾക്കാതെ തന്നെ അലച്ചിലിനുള്ള ജനിതകം ഇരവിക്കുണ്ടായിരുന്നു എന്നു ലക്ഷ്മി അറിഞ്ഞുവച്ചിരുന്നു.

ഒരിക്കൽ അതു തുറന്നുപറയേണ്ട സാഹചര്യവും ഉണ്ടായി…കൃഷ്ണോപ്പയ്ക്കു വലിയ താൽപ്പര്യമായിരുന്നു ലക്ഷ്മിയെ ഇരവിക്കു കൈപിടിച്ചുകൊടുക്കാൻ. കുഞ്ഞിലക്ഷ്മിയമ്മയുടെ ഭാരിച്ച സ്വത്തിൽ തന്നെയായിരുന്നു കൃഷ്ണോപ്പയുടെ നോട്ടം. അതു കൈമറിയാൻ അയാൾക്കു താൽപ്പര്യമുണ്ടായിരുന്നില്ല.

എന്നാൽ, ലക്ഷമി ഇരവിയോടു തീ൪ത്തുപറഞ്ഞുകഴിഞ്ഞിരുന്നു.

“ ഏട്ടന്റ അലച്ചിലിന്റെ ബാധ്യത ഏറ്റെട്ക്കാൻ എൻക്കാവില്ല..നമ്മള്ണ്ടല്ലോ ഒരിക്കലും ഒന്നാവില്ല…”

അലച്ചിൽ കാലുകളിൽ തിടുക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് ഇരവി കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച ഒരു ഉത്തരമായിരുന്നു അത്. അവളെങ്ങാനും അമ്മയുടെ താൽപ്പര്യത്തിൽ അങ്ങനെയൊരു വിചാരം കൊണ്ടുനടന്നാലോ എന്നൊരു ആധി ഇരവിക്കുണ്ടായിരുന്നു.

“ ഏട്ടന്റ അലച്ചിലുണ്ടല്ലോ, അത് ഏട്ടനോട് കൂടിത്തീരണം…എത്ര തലമുറയായി…?”

അത് ഇരവിക്കും അറിയുന്ന കാര്യമായിരുന്നു. വന്നുകയറുന്ന ആണുങ്ങൾ വാഴാത്ത ഒരു പുരാവൃത്തമായിരുന്നു അത്. അതിനിയും തലമുറകളിലേക്കു ചാടിക്കടന്നുകൂടാ…

“ എനിക്കും കുടുംബത്തിലെ അമ്മമാരെ പോലെ അനന്തമായി കാത്തിരിക്കാനൊന്ന്ം സാധിക്ക്ല്ല…ഏട്ടന് ഏട്ടന്റ വഴി. എന്ക്കെന്റേത്ം…” ലക്ഷ്മി അറുത്തുമുറിച്ചു പറഞ്ഞ ഓരോ വാക്കിനേയും ഇരവി അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയിരുന്നു. അതു പറഞ്ഞതുകൊണ്ടു മാത്രം അവളെ ആദ്യമായി പ്രണയിച്ചാലോ എന്നു പോലും സംശയിച്ച നിമിഷങ്ങളായിരുന്നു അത്. പിന്നീട് ഹോസ്റ്റലിലെ ഏകാന്തതയിൽ ആലോചിച്ചപ്പോൾ അപ്പോഴും അവളെ പ്രണയിക്കാൻ തോന്നി. എന്നാൽ, അങ്ങനെയൊരു കാൽപ്പനികത ചെയ്തില്ല. തനിക്കു താഴോട്ടുള്ള തലമുറകളുമായുണ്ടാവേണ്ട ആധികളെയും ബാധ്യതകളെയും അന്നു മുറിച്ചുകളഞ്ഞതായിരുന്നു.

പുറക്കാവിലെ ആകെ വിരലിലെണ്ണാവുന്ന കടകളിൽ പലതും അതിന്റെ വെളിച്ചം അണച്ചുതുടങ്ങിയിരുന്നു. അവിടെ വലിയ ഒരു അങ്ങാടിക്കു സാധ്യത ഇല്ല. തൊട്ടടുത്തുള്ള പാലക്കാട്ടേക്ക് പോയിവരാൻ പണ്ടത്തെപ്പോലെ പ്രയാസമില്ലായിരുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും സമയം തെറ്റിയും ഓരോ ബസുകൾ ഓടിപ്പോകുന്നുണ്ടായിരുന്നു. ഇരുട്ടു വീണുകഴിഞ്ഞാൽ അവ നിലയ്ക്കുമെന്നാലും ചന്തയിലേക്കു പോയി വരുന്ന മാടുവണ്ടികൾ രാത്രി നുഴഞ്ഞുപോകുന്നുണ്ടാവും. അതുമല്ലെങ്കിൽ കൈവീശി ഒന്നു നടക്കേണ്ട വഴിപ്പാടേ ഉണ്ടായിരുന്നുള്ളൂ. എന്തിനും ഏതിനും പാലക്കാട്ടേക്ക് ആളുകൾ പോകുമ്പോൾ പുറക്കാവിൽ കടയിടാനുള്ള ധൈര്യം ഗാന്ധി ചന്ദ്രമോഹന്നായരെപ്പോലെ അധികം ആൾക്കുമില്ല. ഗാന്ധി ടെക്സ്റ്റൈൽസിലെ വിളക്കുകൾ ദൂരേയ്ക്കു കത്തിക്കിടന്നു.

പഞ്ചായത്തുവഴിയിലൊന്നും പതിവു പോലെ വഴിവിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും നാട്ടുവെളിച്ചമുണ്ട്. ഭൂമി ഇരുണ്ടാലും പുറക്കാവ് നാട്ടുവെളിച്ചത്തിൽ തെളിഞ്ഞുകിടക്കും കുറെ നേരം. ഞെക്കുവിളക്കുകളുമായി ഒന്നു രണ്ടു പേ൪ പൊതുവഴി വിട്ടു വെട്ടുവഴിയിലേക്കു കടന്നു. പാനീസ് ഏറെക്കുറെ മാറിക്കഴിഞ്ഞിരുന്നു. ഞെക്കുവിളക്കുകൾ പ്രചാരത്തിലായിത്തുടങ്ങി..ഗൾഫിൽ പോയി വന്ന കാ൪പെന്റ൪ കുഞ്ഞപ്പനാണ് ആദ്യമായി പുറവിൽ ഞെക്കിയാൽ കത്തുന്ന ഇലക്ട്രിക്ക് വിളക്കു കൊണ്ടുവന്നതെന്നു പറഞ്ഞതു ഗാന്ധി ചന്ദ്രമോഹന്നായരാണോ എന്ന് ഇരവി ഓ൪മയിൽ സംശയിച്ചു. മറ്റാരാണു പറയേണ്ടത്. ആരുടേയോ പ്രേതത്തിന് ഇത്തരം കൃത്രിമവെട്ടങ്ങളുടെ ആവശ്യമില്ല. ആവശ്യം വരികയാണെങ്കിൽത്തന്നെ കൈവീശിയാൽ അപ്പോൾ പരക്കും നിലാവെട്ടം.

സേട്ടുവിന്റെ പള്ളിക്കുളത്തിലെ റഹിയയുടെ കുളി വീണ്ടും അയാളെ ഈറനണിയിച്ചു. ഒരു നിഴൽ പോലെ എന്തോ കണ്ടുവെന്നതൊഴിച്ചാൽ അത് അങ്ങനെ തന്നെ പിന്തുടരേണ്ട കാര്യമേയില്ല. താൻ അവരുടെ പിറക്കാതെ പോയ മകനാണെന്നു കേട്ടതോടെയാണ് അങ്ങനെയും കാണാച്ചരടുകൾ തന്റെ ജീവനിലേക്കും ജീവിതത്തിലേക്കും കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടോ എന്നു സംശയിച്ചത്. അത് ഏതാണ്ട് മറന്നിരിക്കുകയായിരുന്നു. എന്നാൽ, ഇരുട്ടിന്റെ വിജനതയിലെ പള്ളിക്കുളത്തിൽ കുളിക്കാൻ കാണിച്ച ആ ധൈര്യം അതെല്ലാം വീണ്ടും ഓ൪മയിൽ തിണ൪പ്പുകളുണ്ടാക്കിയിരിക്കുന്നു. താൻ എങ്ങനെയാവും റഹിയയ്ക്കു പിറക്കാതെ പോയത് എന്ന് ഇരവി ഓരോ ചവിട്ടടിയിലും വിസ്മയിച്ചു. ഏതൊക്കെയോ ഗ൪ഭപാത്രങ്ങളുടെ നിലവിളി കേൾക്കുന്നതു പോലെ തോന്നി.

തന്റെ അനാഥത്വത്തിൽ നിന്നു പ്രലോഭിപ്പിച്ചു വിളിച്ചുവരുത്തിയിട്ട് പുറക്കാവിലെ നിശ്ചലവും എന്നാൽ സചേതവുമായ കാലം തനിക്ക് എന്താണു കാത്തുവച്ചിരിക്കുന്നത്…? അത് അയാളെ ആത്മാവിൽ പൊള്ളിച്ചുകൊണ്ടിരുന്നു. നാളിതുവരെയുള്ള അന്വേഷണങ്ങൾ ഇനി തന്നിൽ തുട൪ന്നുനടത്തിക്കൊണ്ടിരിക്കുകയാണോ എന്നു സംശയിപ്പിച്ചു. കണ്ണുകുത്തുമഷിയെഴുത്തിന്റെ ഹിമത്തണുപ്പ് കാലകാലമായി തണുത്തുറഞ്ഞുകിടക്കുന്ന എന്തിനെയോ തനിക്കു മുന്നിൽ വെളിപ്പെടുത്തിത്തരികയാണോ എന്നു തിടുക്കപ്പെടുത്തി. ക൪മകാണ്ഡങ്ങളുടെ നൈരന്തര്യം ഒരിക്കലും അവസാനിക്കുന്നില്ല. മുറിച്ചുമാറ്റാനോ കണ്ടിച്ചുവേ൪പെടാനോ പറ്റാത്ത ജന്മാന്തരത്തുട൪ച്ചകളാണ് അവയൊക്കെയും.

അരണ്ട വെളിച്ചത്തിൽ പുറക്കാവ് വലിയൊരു ഗ൪ഭപാത്രമാണെന്ന് ഇരവിക്കു തോന്നി. അതെന്തേ അങ്ങനെ തോന്നാൻ എന്നൊരു യുക്തി അവിടെ ഉയരേണ്ടതില്ല. വലിയൊരു തോന്നലാണു പുറക്കാവ്. അപ്പോൾ അവസാനത്തെ ബസിന്റെയാണെന്നു തോന്നുന്നു, പിന്നിൽ ഇരമ്പൽ കേട്ടു. പാലക്കാട്ടേക്കുള്ളതാണ്…ആരും ഇറങ്ങാനുണ്ടായിരുന്നില്ല. കയറാനും..എന്നാലും ബസ് ആരെയോ പ്രതീക്ഷിച്ചു കുറച്ചുനേരം നിന്നു. ബസിന്റെ കത്തുന്ന തീക്കണ്ണുകൾക്കു നേരെ മഴമ്പാറ്റകളുടെ കൂട്ടം ഇരച്ചുകയറി. എവിടെയോ വേനൽമഴ പെയ്തതിന്റെ മൺമണം ഉയരുന്നുണ്ടായിരുന്നത് അപ്പോഴാണ് ഇരവി ശ്രദ്ധിച്ചത്. ചിലപ്പോൾ പുറക്കാവിൽ തന്നെയായിരിക്കണം മഴ ചാറിപ്പോയിട്ടുണ്ടായിരിക്കുക…സ്ഥലകാലങ്ങളിൽ വന്നുകൊണ്ടിരുന്ന യാഥാ൪ഥ്യങ്ങളിൽ നിന്ന് അകലെയായിരുന്നു ഇരവി.

അവസാനത്തെ യാത്രക്കാരനായി ബസിന്റെ കണ്ടക്ട൪ തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്നു തോന്നി. ഇത് ഇങ്ങോട്ടു വന്ന ബസല്ല..മറ്റേതോ ആണ്. എന്നിട്ടും കണ്ടക്ട൪ പരിചയം പുതുക്കുന്നതുപോലെ ചിരിച്ചു. യാത്രക്കാരനാണെന്നു വിചാരിച്ചിരിക്കാനും മതി. തനിക്കു പോകാനുള്ള ബസ് വരാറായിട്ടില്ലെന്ന് ഇരവിക്കു തോന്നി. അതോ, ഇനി താൻ എന്നെങ്കിലും ഇവിടെ നിന്നു തിരിച്ചുപോകുമോ എന്നും അയാൾ സംശയിച്ചു. വേറെ ദൂരങ്ങൾ വന്നുവിളിച്ചിറക്കി കൊണ്ടുപോകുന്നതുവരെ അതേപ്പറ്റി ആലോചിക്കേണ്ടതില്ലെന്നും അയാൾക്കു തോന്നി.

ദൂരെ ഗാന്ധി ടെക്സ്റ്റൈൽസിലെയും വിളക്കുകൾ അണഞ്ഞുതുടങ്ങി. ഒന്നുകിൽ അടക്കേണ്ട സമയമായിക്കാണും. അല്ലെങ്കിൽ മഴപ്പാറ്റപ്പട അങ്ങോട്ട് ആക്രമണം തുടങ്ങിക്കാണും. വരണ്ട വയലുകളിൽ ചൂടു കതിരിട്ടുനിൽക്കുന്നത് ഇരവിക്കു നാട്ടുവെളിച്ചത്തിൽ കാണാം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു വരണ്ട വയലുകൾ. ഒരു കാലത്തെന്നോ ഞാറുകളെ തടുത്തുപിടിച്ചു കതിരാക്കിയതാണ്. അതും പഴയ ഓ൪മയായി. മലമ്പുഴ ഡാമിൽ നിന്നു വെള്ളം വന്നിട്ടും അവിടത്തെ കൃഷിശീലങ്ങൾ മാറുകയുണ്ടായില്ല. നെൽകൃഷി നഷ്ടത്തിലായെന്നു തീരുമാനമായതോടെ പലരും അതിൽ നിന്നു പിന്നാക്കം പോയി. വയലുകൾ തരിശു കിടന്നു. പലരും കണ്ടം നികത്തി എടുപ്പുകൾ വച്ചു. നഗരങ്ങൾ ഗ്രാമങ്ങളെ വളഞ്ഞു. ഗ്രാമങ്ങൾ നഗരങ്ങളെ വളയും എന്നു ചൈനയിൽ പറഞ്ഞതിനു നേ൪വിപരീതമാണു സംഭവിച്ചത്. പുറക്കാവ് എന്തിനോ വേണ്ടി വെറുതേ കാത്തുകിടന്നു.

ബസ് അതിന്റെ പാട്ടിനു പോയിക്കഴിഞ്ഞു. ദൂരെ നിന്നു കാളവണ്ടിപ്പാനീസുകളുടെ മണികിലുക്കം നേരിയ ഒച്ചയിൽ മുഴങ്ങുന്നതായി ഇരവി കേട്ടു. രാത്രിയിൽ ഈ ഭാഗങ്ങളിൽ അതിപ്പോഴും സംഭവിക്കുന്നുണ്ടായിരിക്കും. പല ദൂരങ്ങളിൽ നിന്നും അവ പൂ൪ണമായി തുടച്ചുമാറ്റപ്പെട്ടിരുന്നു. മധുരയിൽ നിന്നും പളണിയിൽ നിന്നും പച്ചക്കറിയും പൂക്കളും കയറ്റിയ ലോറികൾ കേരളത്തിലെ പ്രഭാതങ്ങളിലേക്ക് ആക്സിലറേറ്റുകൾ അമ൪ത്തിച്ചവിട്ടി.

ഇപ്പോഴും നാട്ടുവെളിച്ചത്തിന്റെ വെട്ടം അവസാനിച്ചിട്ടില്ല. ഏതാണ്ട് പുറക്കാവ് ഭാഗങ്ങൾ നിശ്ശബ്ദമായിക്കഴിഞ്ഞു. അവിടെ മാത്രമല്ല, യാക്കരയിലും പല്ലശ്ശനയിലും ശബ്ദങ്ങൾ അടങ്ങിത്തുടങ്ങിയിട്ടുണ്ടാവും. രാത്രിയേറുമ്പോൾ പാലക്കാട്ടു മാത്രമാണു പുലരും വരെയും ഒച്ചകൾ. സ൪ക്കാ൪ ബസുകളിലും ഒലവക്കോട്ടു ട്രെയിനിലും യാത്രക്കാ൪ എന്നേരവും തിക്കിത്തിരക്കി.

ലക്ഷ്മിയുടെ ഏറ്റവും പുതിയ ഭാവനക്കഥകളിൽ ചിലപ്പോൾ പാലക്കാടും പരിസരവുമായിരിക്കാം ലൊക്കേഷൻ. കുഞ്ഞുലക്ഷ്മിയമ്മയ്ക്കു വേണ്ടി അവൾ വെവ്വേറെ കഥകൾ കെട്ടാറില്ല. അവളെഴുതുന്ന കഥകളും മറ്റും ഒരു ഇരവി വേ൪ഷനിൽ അവ൪ക്കു പറഞ്ഞുകൊടുക്കുകയാണ് എളുപ്പം എന്ന് അവൾ പിന്നെപ്പിന്നെ കരുതി. അവൾക്കു പണ്ടേയ്ക്കുപണ്ടേ കഥ കെട്ടിയുണ്ടാക്കുന്ന വാസനയുണ്ടെന്ന് ഇരവി അറിഞ്ഞിരുന്നു. കുട്ടിക്കാലത്തുതന്നെ അവളിൽ നിന്നു കേട്ട കഥകൾ അവൾ തന്നെ കെട്ടിയുണ്ടാക്കിയതായിരുന്നു. എന്നാൽ അതു തന്റേതല്ല എന്ന ഭാവത്തിലാണു പറഞ്ഞിരുന്നത്. ഒരു ദിവസം അവളെ കൈയോടെ പിടികൂടുകയായിരുന്നു. സ്വന്തമായി കെട്ടിയുണ്ടാക്കിയ നാലഞ്ചു കഥകൾക്കൊപ്പം.

കുഞ്ഞുലക്ഷ്മിയമ്മയ്ക്കു പറ്റിയ കഥാകാരിയാണ് അവളെന്ന് ആ നിമിഷമാണു തിരിച്ചറിഞ്ഞത്. എന്നെങ്കിലും അമ്മയെ വിട്ടുപോകേണ്ടിവന്നാൽ ലക്ഷ്മിയുടെ കഥകളിൽ താൻ അമ്മയ്ക്കു മുന്നിൽ ജീവിക്കുമെന്ന് ഇരവിക്കു പോകപ്പോകെ നിശ്ചയം വന്നു. അവളുടെ ഏറ്റവും പുതിയ കഥയിൽ ചിലപ്പോൾ താൻ ഒരു കണ്ണുകുത്തുമഷിയെഴുത്തുകാരൻ തന്നെയായിക്കൂടാ…കാടു പിടിച്ച ഭാവനയാണ് അവൾക്ക്. കണ്ണുകുത്തുമഷിയെഴുതാതെ തന്നെ അവൾക്ക് ഒരേ സമയം പല കാലങ്ങൾ കാണാൻ കഴിവുണ്ട്.

അവൾ ജന്മനാ കണ്ണുകുത്തുമഷിയെഴുതി ജനിച്ചവളാണെന്നു പക്ഷേ അന്നൊന്നും ഇരവിക്കു തോന്നിയിട്ടില്ല. എന്നാൽ, അപ്പോൾ ഇരവിക്ക് അങ്ങനെ തോന്നി. പാലക്കാടിനടുത്തുള്ള ഏതോ ഗ്രാമത്തിലായിരിക്കും താനെന്ന് അവൾ ഇതിനോടകം ഭാവനയിൽ കണ്ടുകാണുമോ എന്ന് ഇരവി ഭയന്നു. അവളെങ്ങാനും അന്വേഷിച്ചുവരാൻ സാധ്യതയുണ്ടോ എന്നും. എന്നാൽ, അതു തന്റെ കാടൻ ഭാവനയാണെന്നു പിന്നീട് ഇരവി സ്വയം തിരുത്തി. അതു ലോകത്തിലെ ആ൪ക്കും അറിയാനിടയുണ്ടെന്നു തോന്നുന്നില്ല. പല കാലങ്ങൾ കണ്ടുതുടങ്ങിയ അയ്യാത്തൻ അതേതായാലും ആരോടും പറയാൻ പോകുന്നില്ല. താനിവിടെയുണ്ടെന്നു ലോകത്തോടു വിളിച്ചുപറയേണ്ട ഒരേയൊരാൾ അയ്യാത്തനാണെന്ന് ഇരവി വിചാരിച്ചു. അതു ശരിവച്ചാണോ എന്തോ, പുറക്കാവിന്റെ ഏതോ ഭാഗത്തു നിന്നു മണിമുഴക്കം. അതെവിടെ നിന്ന് എന്ന് അദ്ഭുതപ്പെടേണ്ടിവന്നില്ല. സെയ്ന്റ് മേരീസ് പള്ളിയെന്നൊരു ബോ൪ഡ് വെട്ടുവഴിയിലേക്കു വഴി ചൂണ്ടി…

ലക്ഷ്മി അന്വേഷിച്ചുവരാനുള്ള എന്തെങ്കിലും സാഹചര്യമുണ്ടോ എന്ന് ഇരവി മുൻകൂട്ടിക്കണ്ടു. തന്റെ ഭാവനയുടെ കെട്ടുകഥവഴിയിലൂടെ അവൾ വരാനുള്ള സാധ്യത തുലോം കുറവാണെന്ന് കണ്ടു. ഇനി കുഞ്ഞിലക്ഷ്മിയമ്മയുടെ കടുത്ത നി൪ബന്ധം കാരണമാകുമെങ്കിൽത്തന്നെ അവളൊറ്റയ്ക്ക് ഇത്രയും വഴി വരാൻ സാധ്യത കുറവാണ്. ചിലപ്പോൾ കൃഷ്ണോപ്പ വന്നേക്കാം. എന്നാൽ, ഒരിക്കലും തന്നെ കണ്ടുമുട്ടിയില്ല എന്നു മാത്രമേ കൃഷ്ണോപ്പ ഓപ്പോളെ അറിയിക്കാൻ സാധ്യതയുള്ളൂ. കുഞ്ഞിലക്ഷ്മിയമ്മയുടെ ഭാരിച്ച സ്വത്ത് എന്നും കൃഷ്ണോപ്പയ്ക്ക് ഒരു ദൗ൪ബല്യമായിരുന്നു. അതു വേണ്ടെന്നുവയ്ക്കാൻ അയാളുണ്ടോ സമ്മതിക്കാൻ പോകുന്നു. പലയിടത്തും ചെന്നു, കണ്ടില്ല എന്നൊരു ഉത്തരവുമായിട്ടായിരിക്കും കൃഷ്ണോപ്പ ലക്ഷ്മിയുടെ കാടൻഭാവനയിലേക്കു വഴിയിറങ്ങുക.

നാട്ടുവെട്ടം കെടാറായിരിക്കുന്നു. രാക്കാറ്റ് കെട്ടഴിഞ്ഞ് ഓട്ടം തുടങ്ങി. പുറക്കാവ് ഏതാണ്ട് വിജനമായിരിക്കുന്നു. എങ്ങോട്ടാണെന്ന് ഇരവിക്കും നിശ്ചയമില്ലായിരുന്നു. അയാൾക്കെതിരെ ഒരു കൂട്ടം ചെറുപ്പക്കാ൪ കടന്നുപോയി…അവരുടെ കൈയിൽ നീളൻ മുളവടികൾ. അവരുടെ കാക്കിക്കളസങ്ങളിൽ കാറ്റുപിടിച്ച പോലെ.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.