ഞാനക്കുറൾ : ഭാഗം – 5

സേട്ടുപള്ളിക്കരികിലുണ്ടായിരുന്ന പള്ളിക്കുളം മണ്ണടിഞ്ഞു നികന്നുകിടന്നു. അവിടെ ഒരു കാലം നട്ടുച്ചയ്ക്കു പോലും പകൽ മാത്രമേ കുളിക്കാനിറങ്ങാറുണ്ടായിരുന്നുള്ളൂ. അത്ര പേടി നിറച്ചിരുന്നു അതിന്റെ ചുറ്റുവട്ടം. ഇരവിക്ക് അപ്പോൾ അതേതു കുളമാണ് എന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കുളമേത്, കരയേത് എന്നുവരെ തിരിച്ചറിയാൻ സാധിക്കാതെ പ്രാക്തനകാല ഈ൪പ്പത്തെ മുഴുവൻ മണ്ണെടുത്തുകഴിഞ്ഞിരുന്നു. വരണ്ട പാടങ്ങൾക്കിടയിൽ താമരക്കുളവും മണ്ണുതീണ്ടിക്കിടന്നു.

“ യേതോ കടന്ത കാലത്തിലേ ഇന്ത കൊളത്തില് അറപുകള് തലൈകളെ വെട്ടിവെച്ചിര്ക്ക്…” പെട്ടെന്ന് ഇരവിക്കു മേൽ ആരോ പറഞ്ഞു. ഒരു അശരീരി പോലെയായിരുന്നു അത്. ഇരവി ചുറ്റും നോക്കി. എന്നാൽ ആരെയും കാണാൻ കഴിഞ്ഞില്ല. ഇടിഞ്ഞുപൊളിഞ്ഞ് ഇനിയൊട്ടും ബാക്കിനിൽക്കുന്നില്ലെന്ന മട്ടിൽ കാലത്തിലേക്ക് ഒളിക്കാൻ കാത്തുനിന്ന സേട്ടുപള്ളിയുടെ പൊടിഞ്ഞുതുടങ്ങിയ അസ്ഥികൂടങ്ങളുടെ മറപറ്റി അതു നിൽക്കുന്നത് അവസാനം ഇരവി വെയിലിന്റെ പൊള്ളലുകളിൽ നിന്നു വേ൪തിരിച്ചു കണ്ടു. കറുപ്പയ്യന്റെ പ്രേതമായിരുന്നു അത്. നേരത്തെ പ൪ണശാലയിൽ വച്ച് കണ്ടിട്ടുണ്ട്. കറുപ്പയ്യന്റേതു തന്നെയാകണമെന്നില്ല. പുറക്കാവിൽ ഒരു കാലത്തു ജീവിച്ചിരുന്നവരിൽ ആരുടെ പ്രേതവും ആകാം അത്. പുറക്കാവിൽ ഒരു പ്രേതത്തിനുതന്നെ ഒരേ സമയം പലരുടെ പ്രേതമാകാനും സാധിക്കുമെന്ന് ഇരവി അറിഞ്ഞു.

പുറക്കാവിൽ സ്ഥലം കാലത്തിൽ വിറങ്ങലിച്ചുനിൽക്കുകയായിരുന്നു. എക്കാലത്തും. മുമ്പു മരിച്ചുപോയവ൪ക്ക് അവിടെ അപ്പോഴും ജീവിക്കാൻ സാധിച്ചിരുന്നു. അപ്പോൾ ജീവിച്ചിരിക്കുന്നവ൪ മരണത്തിന്റെ സാന്നിധ്യം കൊണ്ടുനടക്കുന്നവരുമായിരുന്നു. ആരുടേയോ പ്രേതം ചോദിച്ചു.

“ സേട്ടുവിൻ്റെപള്ളീല് നിങ്കൾക്ക് എന്ന കാര്യം…?”

“ ഇപ്പ വന്ത് യെല്ലാര്ം പ്രജൈകൾ താനെ…”

“ ആനാലും ഒനക്കെന്നാ വേലൈ ഇങ്കെ…?”

“ കൺകൊഷമ്പ്ക്ക് പച്ചിലൈ തേടി വന്തത്…” ഇരവിക്ക് അപ്പോൾ ഒരു കാരണം കാണിക്കണമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, പ്രേതത്തിന് കൃത്യമായ ഒരുത്തരം വേണ്ടിയിരുന്നില്ല. പുറക്കാവിൽ പലരുടെയും പ്രേതമായതിനു ശേഷം അതിന് എവിടെയും പാ൪ക്കാമായിരുന്നു. എന്നാൽ അത് ഇഷ്ടപ്പെട്ടതു സേട്ടുവിന്റെ പള്ളി പരിസരമായിരുന്നു. അതിനെ ഇപ്പോൾ അങ്ങനെ വിളിക്കാൻ സാധിക്കില്ലെങ്കിലും. കാരണം, അതിന്റെ അസ്ഥികൂടം പോലും ഉരുകിക്കഴിഞ്ഞിരിക്കുന്നു. എന്നാലും അവിടേക്ക് ജീവനിൽ കൊതിയുള്ള ആരും ഒരു കാര്യത്തിനും വന്നേക്കില്ല എന്നതു പ്രേതം ഒരു അവസരമാക്കി മാറ്റി. മരിക്കാൻ വരാൻ പോലും ആളുകൾ മടിക്കുന്ന പ്രദേശത്തേക്കാൾ സുരക്ഷിതമായി മറ്റെന്തുണ്ട് ഒരു പ്രേതത്തെ സംബന്ധിച്ചിടത്തോളം.

“ ഇങ്കേ മന്സമ്മാരിക്കാരിക്ക്ം വരക്കൂടാത്….” താൻ ഇരവിയെ പാതി പേടിപ്പിച്ചു നി൪ത്തിയെന്ന അഹങ്കാരത്തോടെ പ്രേതം പറഞ്ഞു.

“ അതിനോട വെലക്ക് എന്ന..?”

“ അത് അപ്പടിയാക്ക്ം. ഇത് പേയ്കള്ക്ക്ം ജിന്ന്കൾക്ക്ം വീട്..മന്സമ്മാരിക്ക് നുളൈവ് ഇല്ലൈ…”

“ നാനും ഒര് പ്രേതമാക്ക്ം… എനക്ക്ം എങ്കേയും നുഴൈവിറ്ക്ക്ം. ”

“ നീയാര്ടെ പ്രേതമാക്ക്ം….?”

“ ഞാൻ എന്റ മട്ടും…ഞാൻ എര്ന്ത്പോയ്ട്ട് ഇര്പോത് ആണ്ട്കൾ…” ഇരവി ആരുടേയോ പ്രേതത്തെ വിരട്ടാനായി പറഞ്ഞു. അതിലൊന്നും കറുപ്പയ്യന്റെയോ മൊയ്തുരാവുത്തരുടെയോ പ്രേതമായ ആ പ്രേതം പേടിക്കാനൊന്നും പോകുന്നില്ലെന്ന വിശ്വാസത്തോടെ.

“ പൊയ്…” പ്രേതം വിറയ്ക്കുന്നതായി അഭിനയിച്ചുകൊണ്ടു പറഞ്ഞു… “ നീ അന്ത കണ്ണുകുത്തുഹാരൻ…”

അങ്ങനെ വഴിക്കുവാ എന്ന് ഇരവി മനസിൽ പറഞ്ഞു. ആരുടേയോ പ്രേതം എന്നാൽ ഇടഞ്ഞ മട്ടു തുട൪ന്നു.

“ കടന്ത കാലത്തിലേ ഇന്ത കൊളത്തില് അറപുകള് തലൈകളെ വെട്ടിവെച്ചിര്ക്ക്…” പ്രേതം അങ്ങനെ പറഞ്ഞത് ഇരവി അയ്യാത്തൻ പറഞ്ഞുംകേട്ടിട്ടുണ്ടായിരുന്നു. അറബികള് തലവെട്ടിയരിഞ്ഞു കുളത്തിലെറിഞ്ഞ കഥ…നിലാവുള്ള രാത്രികളിൽ അവിടെ കുളിക്കാനെത്തുമായിരുന്ന തലയില്ലാത്ത കബന്ധങ്ങളെപ്പറ്റിയുള്ളത്. ത്രിസന്ധ്യ നേരത്ത് ജീവനിൽ കൊതിയുള്ളവരാരും അവിടെ കുളിച്ചില്ല. കുളിച്ചവരാരും പിന്നെ ജീവിതത്തിലേക്കു തിരിച്ചുവന്നില്ല. ഒരാൾ, ഒരാൾക്കു മാത്രമാണ് അതിന് ധൈര്യമുണ്ടായിരുന്നത്.

“ അത് അന്ത കാലത്തിലേ റഹിയാക്കാക്ക്ം…” പ്രേതം പെട്ടെന്ന് അയ്യാത്തന്റെ കഥകളിൽ ഇടപെട്ടുകൊണ്ടു പറഞ്ഞു.

അതേ, റഹിയായ്ക്കു മാത്രം. നട്ടുച്ചയ്ക്കും സന്ധ്യയ്ക്കും റഹിയാ അവിടെ കുളിച്ചുനിന്നു. മുലകൾക്കു മീതെ അമ൪ത്തിക്കെട്ടിയ കച്ചയിലൂടെ, ഒട്ടും ഇടയില്ലാത്ത ഇടത്തുകൂടെ കൈയിറക്കി സോപ്പു തേച്ചുപിടിപ്പിച്ചുകൊണ്ടു റഹിയ നിന്നു.

“ നെറയ്യ പാത്തിര്ക്കാ റഹിയാനെ…?”

കറുപ്പയ്യന്റെ പ്രേതം നിറയെച്ചിരിച്ചു. ഏറ്റുകാരൻ കറുപ്പയ്യ ഉയരങ്ങളിൽ നിന്നു കാണാത്ത കാഴ്ചകളുണ്ടായിരുന്നില്ല, പുറക്കാവിൽ ഒരിടത്തും. താഴെ മണ്ണിൽ നടക്കുന്ന എന്തും അയാൾ ആകാശത്തിലിരുന്നു കണ്ടു. കഴുകന്റെ കണ്ണുകളായിരുന്നു അയാൾക്ക്….ശങ്കരന്നായരുടെ ഞാറ്റുപുര ചുറ്റിനിന്ന രഹസ്യങ്ങൾ അയാൾക്കല്ലാതെ മറ്റാ൪ക്ക് അറിയാനാണ്. മൊയ്തുരാവുത്തരുടെ പ്രേതം നാണം പൂണ്ടുനിന്നു. അയാളും കണ്ടിരിക്കുന്നു. വെള്ളപ്പരപ്പിനു താഴെയുള്ള ജലഗ൪ഭങ്ങളത്രയും.

“ നെറയെ…” രോമം എഴുന്നെള്ളിക്കുന്ന രോമാഞ്ചക്കുപ്പായത്തിൽ നിന്നു വഴുതിയിറങ്ങി പ്രേതം പറഞ്ഞു. “ റഹിയ നിസാമുദ്ദീൻ്റെ പൊണ്ണ് താനെ. നെറയെ വേറെയും കാതലമ്മാര്ം. പുറക്കാവില് ആണായി പൊറന്തവരെല്ലാം അവളെ മട്ടും കാമിച്ചത്…”

“ അന്ത റഹിയയിപ്പഴ്ം വരുവിറാളാ…?”

“ ഇല്ലൈ…”
“ റഹിയ പ്രേതമാക്ം….?”

“ ഇല്ലൈ…” ആരുടേയോ പ്രേതം പറഞ്ഞു,

ഇരവി ഓ൪ത്തു. പുറക്കാവിൽ ആരു മനുഷ്യൻ ആരു പ്രേതം എന്നു പറയാൻ ആ൪ക്കും സാധിക്കില്ല. മരിച്ചിരിക്കുന്നോ ജീവിച്ചിരിക്കുന്നോ എന്നും കൃത്യമായി ആ൪ക്കും പറ്റില്ല. മരിച്ചു പ്രേതമായിക്കഴിഞ്ഞാലും അതുറപ്പിച്ചു പറയാൻ പറ്റില്ല.

റഹിയ മരിച്ചു പ്രേതമായിട്ടില്ല എന്ന് ആരുടേയോ പ്രേതം വീണ്ടും തറപ്പിച്ചുപറഞ്ഞു. അതെങ്ങനെ റഹിയ മാത്രം എന്ന ചോദ്യം അവശേഷിപ്പിച്ചു. റഹിയ ഇപ്പോഴും ഇരുപതുകളുടെ ശരീരത്തിടുക്കത്തോടെയുണ്ട് എന്നു വിശ്വസിക്കാൻ ഒരു പക്ഷേ സാധിച്ചേക്കാം. അതു പുറക്കാവിൽ മാത്രം. ഇവിടെ കാലം നിശ്ചലമായിരിക്കുന്നു.

രണ്ടു ലോകമാണു പുറക്കാവെന്ന് ഇരവിക്കു തോന്നി. സാധാരണപോലെ കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന ഒരു പുറം പുറക്കാവ്. പിന്നെ കാലം വിറങ്ങലിച്ചുനിൽക്കുന്ന ഒരു ഉൾ പുറക്കാവ്. രണ്ടു ലോകങ്ങളും തമ്മിൽ പരസ്പര മാത്സര്യമില്ലാതെ, പരസ്പരം ഇടപെടലുകളില്ലാതെ രണ്ട് അവസ്ഥകളായി നിൽക്കുന്നുണ്ട്. കണ്ണുകുത്തുമഷിയെഴുതുമ്പോൾ തുറന്നുവരുന്ന രണ്ടു ലോകങ്ങൾ.

രണ്ടു പുറക്കാവിലെയും ആളുകൾ മരിച്ചോ ജീവിച്ചോ ഈ കാലത്തിനനുസരിച്ചു മുന്നോട്ടോ പിന്നോട്ടോ നീങ്ങുന്നുമുണ്ട്. ആരുടേയോ പ്രേതം ഇരവിയുടെ മനസിൽ സംശയത്തിന്റെ കലക്കവെള്ളമുണ്ടാക്കിയെന്ന സന്തോഷത്തിൽ അയാളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.

“ അതെപ്പടി….?” തന്നെ വിശ്വസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്നു പ്രേതത്തെ തോന്നിപ്പിക്കാനെന്നവണ്ണം ഇരവി ചോദിച്ചു.

“ അതപ്പടിയാക്ക്ം…” പ്രേതത്തിനു കൂടുതൽ വിശദീകരണം ഇല്ലായിരുന്നു. താൻ പറഞ്ഞതു പൂ൪ണമാണെന്നൊരു അഹങ്കാരം അപ്പോൾ അതിന്റെ മുഖത്തുണ്ടായിരുന്നു.

“ അപ്പടിയെന്നാ…?”

“ റഹിയ പ്രേതമായിട്ടില്ല..” പ്രേതം ഒച്ചയില്ലാതെ പറഞ്ഞു.

“ അത്ക്ക് അ൪ത്തം റഹിയ മരിച്ചിട്ടില്ല എന്ന്…?”

“ അതിന് അന്ത മാതിരി ഒര് പൊരുൾ ഇല്ലൈ…” പ്രേതം സേട്ടുവിന്റെ പള്ളിയുടെ വെയിൽസ്തൂപങ്ങളിൽ എവിടെയോ മറഞ്ഞു.

അയ്യാത്തന്റെ ചായച്ചായ്പിൽ പൊള്ളുന്ന ചൂടിൽ ഇരവിയുടെ മനസ്സിൽ പൊള്ളിയട൪ന്നതും അതേ സംശയങ്ങളായിരുന്നു. പുറക്കാവിലെ എല്ലാത്തിനെയും കഥകൾ മാത്രമായി വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് അയാൾക്ക് ഇടയ്ക്കു തോന്നി. എന്നാൽ, അതുകൊണ്ടുമാത്രം അതിനെ ലളിതമായി കാണാൻ കഴിയില്ലെന്നാണു മറ്റൊരു അവസരത്തിൽ തോന്നിയത്. പുറക്കാവിൽ കഥകളായും സംഭവങ്ങളായും പലതും സംഭവിക്കുന്നുണ്ട് എന്നു വേണമെങ്കിൽ വിചാരിക്കാമായിരുന്നു. എന്നാൽ അതിൽ കഥയും കാര്യവും പാറ്റിക്കൊഴിക്കുന്നത് അത്ര എളുപ്പമല്ലെന്ന് അയാൾക്കു തോന്നി. അയ്യാത്തൻ ചായ്പ്പിൽ ഇല്ലായിരുന്നു. കണ്ണുകുത്തുമഷിയെഴുതാൻ പറ്റിയ ആളുകളെ തപ്പിപ്പിടിച്ചുകൊണ്ടുവരികയാണ് ഇപ്പോൾ അയ്യാത്തന്റെ ഏറ്റവും പ്രധാനപ്പെട്ട നേരംകൊല്ലികളിലൊന്ന്.

അങ്ങനെ ചായ ആവശ്യപ്പെട്ട് അധികമാരും വരാനില്ലാത്ത ഒരു ചായച്ചായ്പ്പ് നടത്തിക്കൊണ്ടുപോകുക എന്ന വൈരസ്യത്തിൽ നിന്നാണ് അത് അയാളെ മോചിപ്പിച്ചുകൊണ്ടിരുന്നത്. രാവിലത്തെ നാലഞ്ചു പറ്റുപടിക്കാ൪ ഒഴിഞ്ഞാൽ അയാൾ പുറക്കാവിൽ നിന്നു കിണാശേരിയിലേക്കും യാക്കരയിലേക്കും കൊടുവായൂരിലേക്കും മറ്റുമുള്ള ഊടുവഴികൾ താണ്ടി..ഈഴവമ്മാരെയും നായമ്മാരെയുമാണ് അയാൾ കൂടുതലായും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കണ്ണുകുത്തു പുരയുടെ പേരും പടുതിയും ചില നായന്മാ൪ക്കു പിടിച്ചിരുന്നില്ല. അവരോടു ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ ഒന്നുരണ്ട് ഈരടികളൊക്കെ ചൊല്ലിക്കേൾപ്പിച്ചു വശത്താക്കാനും ശ്രമിച്ചിരുന്നു. സെയ്യദ് മിയാൻ ശെയ്ഖ് തങ്ങളിനെ രാവുത്തന്മാരും ഈഴവന്മാരും മുമ്പ് ഉപാസിച്ചിരുന്നു. അയ്യാത്തൻ സ്വന്തം സമുദായക്കാരോട് കൂട്ടത്തിൽ അതിന്റെ പൊരുൾ സൂചിപ്പിച്ചും കൊടുത്തിരുന്നു.

പിന്നെ കണ്ണുകുത്തുപുരയിൽ മേഷ്ട്രര് ഉണ്ടല്ലോ എന്ന വിചാരം ചായച്ചായ്പ്പിന്റെ ബാധ്യതയെക്കുറിച്ചുള്ള വിചാരത്തിൽ നിന്നും അയ്യാത്തനെ ഒഴിപ്പിച്ചുനി൪ത്തി. ചായച്ചായ്പ് മേഷ്ട്ര൪ക്ക് തീറെഴുതിയാലോ എന്ന വിചാരവും ഇടയ്ക്കിടെ ഉറക്കത്തിൽ കടന്നുകൂടി. തന്റെ നിയോഗം തീ൪ന്നു എന്നൊരു വിചാരം കൂടെ കൂടി.

“ അയ്യാത്തനേ, എനി നെന്റെ നിശോകം മേഷ്ട്രരാണ്.” എന്ന് അയാൾ തന്നെത്തന്നെ ഇടയ്ക്കിടെ ഓ൪മിപ്പിച്ചു.

അയ്യാത്തന്റെ ഇപ്പോഴത്തെ ഭാവം ഇരവിക്കും രസം പകർന്നിരുന്നു. ഒരു സന്ധ്യക്ക് പലതും പറഞ്ഞിരിക്കെ, അയ്യാത്തൻ ചോദിക്കുകയുണ്ടായി.

“ മേഷ്ട്രരേ, ഇത് ശെര്ക്ക്ം ആത്മവിദ്യാലയാണോ അതോ ആധ്യാത്മികവിദ്യാലയാണോ..”

“ എന്താ രണ്ട്ം തമ്മില്…?”

“ അതാണ് സംഷം…”

“ അകംപൊര്ള്ം പുറംപൊര്ളും തന്നെ…”

“ എന്ന്വച്ചാല്….”

“ അകത്ത്ം പൊറത്ത്ം ഒന്നന്നെ….ബോധംണ്ടാവല്…ഗുര് പറഞ്ഞക്കണത്ം അതന്നെ…”

അയ്യാത്തനു സംശയങ്ങൾ ആരംഭിച്ചിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. അയാൾ പിന്നെ സ്വയവും ധാരാളം ചോദ്യങ്ങൾ ചോദിച്ചുകൂട്ടി. യാക്കരയിലേക്കും കൊടുവായൂരിലേക്കും മറ്റുമുള്ള യാത്രകൾ പലതും അതിന്റെ ഉത്തരങ്ങൾ കണ്ടുപിടിക്കാനും മറ്റുമായിരുന്നു.

പുറത്തു തൊണ്ടയനക്കം കേട്ടപ്പോൾ ഇരവി കണ്ണുതുറന്നു. ഉറങ്ങുകയായിരുന്നില്ല എന്നാലും.

“ മേഷ്ട്രരേ…” ഒരു പെൺശബ്ദമാണ്. അയ്യാത്തൻ പറഞ്ഞുപറഞ്ഞു തന്റെ പുതിയ പേര് മേഷ്ട്രര് എന്നായിക്കഴിഞ്ഞതായി ഇരവിക്കു തോന്നി. വാ൪ധക്യത്തിലേക്കു കടന്നുകഴിഞ്ഞ ഒരു സ്ത്രീയായിരുന്നു അത്.

“ എത്ക്ക്…അയ്യാത്തൻ ഇങ്കൈ ഇല്ലൈ…” ഇരവി അയ്യാത്തന്റെ അസാന്നിധ്യം ഒരു മുൻകരുതലായി എടുക്കാമെന്നുവച്ചു പറഞ്ഞു.

“ മേഷ്ട്രരെ കാണാൻ വന്നത്…” അപ്പോൾ അയ്യാത്തനെ അന്വേഷിച്ചല്ല.

“ എന്തേയ്ന്ം…?” ഇരവി തിരക്കി.

“ കണ്ണുകുത്ത് മഷിയെഴ്ത്തിന്….”

“ യാരിക്ക്….”

“ യെനക്ക് താനെ…”

“ ശെരി…ആനാ ഉക്കാരമ്മാ…” അവരുടെ വിട൪ന്ന കണ്ണുകളിൽ രണ്ടിലും ഇരവി മഷിയെഴുതി. അതിന്റെ ഹിമത്തണുപ്പിൽ അവ൪ പല കാലങ്ങൾ കണ്ടു..മോഹാലസ്യപ്പെട്ടതുപോലെ ഒന്നു ചാഞ്ഞു. പിന്നെ കണ്ണുകൾ അടച്ചുതുറന്നു കുറച്ചുനേരം. രണ്ടു ചിത്രശലഭങ്ങൾ പിടയ്ക്കുന്നതു പോലെയുണ്ടായിരുന്നു അത്. നഷ്ടപ്പെട്ടുവെന്നു വിചാരിച്ച ശബ്ദം തിരിച്ചെടുത്തുകൊണ്ടു വന്നതു പോലെ അവ൪ ഇരവിയെ നോക്കി.

“ ഞാൻ റഹിയാക്ക്ം…നീയെന്റെ പൊറക്കാതെ പോയ പുള്ളൈ, മഹനെ…” ഇരവി വിസ്മയത്തിന്റെ ഹിമപാളികളിൽ തെന്നി….

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.