ഞാനക്കുറൾ : ഭാഗം – 4

തേവാരത്തു ഗാന്ധി ചന്ദ്രമോഹന്നായ൪ക്ക് ഒടുക്കത്തെ ഓർമയാണെന്ന് ഇരവി കേട്ടു. ഒരു ചീട്ടിത്തുണി വാങ്ങാൻ പുറക്കാവ് അങ്ങാടിയിൽ വന്നതായിരുന്നു. അങ്ങാടിയിൽ ടെക്സ്റ്റൈൽ കട നടത്തുന്ന ഗാന്ധി ചന്ദ്രമോഹന്നായര് ആദ്യമേ പറഞ്ഞു.

‘ പറഞ്ഞുവരിമ്പ ആ ഭാഗത്തന്ന്യാണെന്റെ വേര്. പറഞ്ഞാലറിയും. തേവാരത്തേയാണ്..’

ഇരവിക്ക് അത് ആദ്യം മനസിലായിരുന്നില്ല. എന്നാൽ ചന്ദ്രമോഹന്നായര്ക്ക് എല്ലാം മനപ്പാഠമായിരുന്നു. എന്നു പറഞ്ഞാൽ, പഴയ ഞാറ്റുപുരയുടെ ഉടമസ്ഥൻ തേവാരത്ത് ശങ്കരൻനായരുടെ അനന്തരവൻ തയ്യൽക്കാരൻ മാധവന്നായര്ടെ അനന്തരവനായി വരും. ശങ്കരൻനായര്ടെ ഞാറ്റുപുരയിലായിരുന്നു അന്നത്തെ സ്പെഷൽ ഷ്കോൾ.

‘ അന്നൊക്ക ഇവട മൂന്ന് പള്ളിക്കൂടങ്ങളായിരുന്നു.’ ചന്ദ്രമോഹന്നായര് ഒന്നും മറന്നിരുന്നില്ല. ‘ രാവുത്തമ്മാരിക്ക് അസറുമൊതലിയാരുടെ ഓത്ത് പള്ളി. പിന്ന ഇന്ദുക്കൾക്ക് പണിക്കമ്മാര് നടത്ത്ന്ന എഴുത്തുപള്ളി..മൂന്നാമത്തെയാണ് പുറക്കാവില പ്രൈമറി ഷ്കോൾ…അതിന്റ കൂടാണ് ഒറ്റ മാഷ്ള്ള സ്പെഷൽ ഷ്കോള്…അത് നടത്തീര്ന്നത് ന്റെ വലിയ കാരണോരായ ശങ്കരന്നായര്ട ഞാറ്റ്പൊരേല്ം. അതാണ് ന്റെ കണ്ണക്ഷൻ…’

‘എന്തിനോട്ള്ള കണക്ഷൻന്നാണ്…? ‘

‘ കാലത്തിനോട്ള്ള കണ്ണക്ഷൻന്നന്നെ കൂട്ടിക്കോളാ…പിന്നല്ലാതെ നമ്മൾക്കെല്ലം എന്തിനോടാണ് എഴയട്പ്പം…?’

അമ്മാമൻ മാധവന്നായരാണു പുറക്കാവിലെ നഗ്നതയെ കളറുകളുടുപ്പിച്ചതെന്നായിരുന്നു ചന്ദ്രമോഹന്നായര് പറയാതെ പറഞ്ഞത്.

‘ ഞാള് പിന്ന കാരണോര്ട വഴിയേ പോയില്ല. തയ്യക്കടക്കെല്ലം ഡിമാൻഡ് പോവൂന്ന് ആരിക്കാണ് അറിയാമ്പഴ്തില്ലാത്തത്…ഇപ്പ എല്ലം റെഡിമെയ്ഡായില്ലേ…’

അങ്ങനെയാണു അമ്മാവന്റെ കത്രികയും തുന്നലും വിട്ടു ചന്ദ്രമോഹന്നായ൪ ഒരു ടെക്സ്റ്റൈല് കട തന്നെ തുറന്നത്. അതാവുമ്പം എളുപ്പമുണ്ട്. പാലക്കാട്ടുനിന്നു തിരുപ്പൂര് ചെന്നാൽ ആവശ്യത്തിന് ബനിയൻ തുണിത്തരങ്ങൾ കൊട്ടക്കണക്കിനു കിട്ടും. അതും തൂക്കക്കണക്കിൽ..ഗാന്ധി ടെക്സ്റ്റൈൽസിൽ കൊണ്ടുവന്നാൽ പീസ് പീസിനു വിലയിട്ടുവിൽക്കാം. ലോകം മുഴുവൻ തന്നെ റെഡിമെയ്ഡിനു പിന്നാലെ പോകുമ്പോൾ തയ്ച്ചും കുടുക്കു പിടിപ്പിച്ചും കാലം ചേറിക്കളയാനില്ലതന്നെ. അക്കാര്യത്തിൽ അത്രയ്ക്ക് ഉറപ്പായിരുന്നു ചന്ദ്രമോഹന്നായര്ക്ക്.

അതേ ഉറപ്പായിരുന്നു മുമ്പും. മാധവന്നായരുടെ ഒറ്റപ്പെങ്ങളെ കണ്ടാണിശേരിക്ക് സംബന്ധം ചെയ്തയച്ചത് ഒരു പുലി മടയിലേക്കായിരുന്നു. മേലേരി അന്ത്രാപ്പുവിന്റെ തറവാട്ടിലേക്ക്. ആള് ചില്ലറക്കാരനൊന്നുമായിരുന്നില്ല. ചന്ദ്രമോഹന്നായര് ഒന്നും മറന്നിട്ടില്ല.

‘ ഉലഹമാന ഒഷപ്പാളി മണ്ടറം എന്നൊരു കിടുക്കൻ പാ൪ട്ടിയുണ്ടാക്കിയ ആള്… എന്ന്വച്ചാ ഇന്നാട്ടിലെ ആദ്യത്തെ കമ്മൂണിഷ്ട് പാ൪ട്ടി. ഇന്നത്തെ കമ്മൂണിഷ്ട് പാ൪ട്ടിയൊന്ന്ം അന്ന് വന്ന്ട്ട്ല്ല. സ൪വരാജ്യ തൊഴിലാളി പാ൪ട്ടി ( ബൊൾഷെവിക്) യാണ് ആദ്യണ്ടായത്. അത്ണ്ടാക്കീത് മേലേരി അന്ത്രാപ്പു. അതായത് ന്റ അപ്പ.’

ഇരവി ഒരു കാലഘട്ടത്തെ നേരിൽ കാണുകയായിരുന്നു. എന്നാൽ, മേലേരി അന്ത്രാപ്പുവിന്റെ കമ്യൂണിസ്റ്റ് ആശയങ്ങളിലല്ല ചന്ദ്രമോഹന്നായര് ആകൃഷ്ടനായിരുന്നത്. അയാളുടെ ദൈവം ഗാന്ധിയായിരുന്നു.

‘ ഗാന്ധീന വെല്ലാനന്ന് ആര്ണ്ട് ഈ ദുനിയാവില്…?’ പല കമ്യൂണിസ്റ്റ് നേതാക്കളുടെയും പേരുകൾ മനസിൽ വന്നെങ്കിലും ഇരവി ഒന്നും പറഞ്ഞില്ല. അതു ത൪ക്കിക്കാനല്ല താൻ വന്നത്. ‘ ഇല്ല, അപ്പേടെ പാ൪ട്ടിയൊക്ക നന്ന്. എന്നാ ഗാന്ധി അയ്നുക്ക്ം മുമ്പേ പറഞ്ഞാണല്ലോ, ഈ സാതന്ത്രിയം എന്നു പറയുന്നത് പിടിച്ചെടുക്കലാണെന്ന്…’

ചന്ദ്രമോഹന്നായര് മൂത്ത മകനാണെങ്കിലും കമ്യൂണിസ്റ്റ് ആവില്ലെന്ന് അന്ത്രാപ്പുവിന് അത്ര ഉറപ്പായിരുന്നു. അതയാളുടെ അമ്മവീട്ടുകാരുടെ ഒരു രീതിയായിരുന്നു. അയാളുടെ അമ്മാവൻ മാധവന്നായര് എല്ലാ ജാതിക്കാ൪ക്കും പുറംകുപ്പായങ്ങൾ തുന്നി. കോണെഴുത്ത് വരട്ടെ എന്ന് വച്ച് ശങ്കരന്നായര് ഞാറ്റുപൊര തന്നെ വിട്ടുകൊടുത്തു, ഏക മാഷ് സ്പെഷൽ ഷ്കോളിന്. പിന്നെങ്ങനെ ആ അന്ത൪ധാര മാറ്റിയെട്ക്കാൻ പറ്റും. അന്ത്രാപ്പു പല തവണ വിചാരം കൊണ്ടിരുന്നു. മകൻ ഓ൪മ മുറ്റിയപ്പോൾ തുടങ്ങി ക്വിറ്റിന്ത്യ എന്ന് പിച്ചും പേയും പറഞ്ഞപ്പോൾ അവനെ അവന്റെ പാട്ടിനു വിട്ടു അന്ത്രാപ്പു. ഇളയ കുരിപ്പിലായിരുന്നു അയാളുടെ പ്രതീക്ഷയത്രയും അപ്പോഴേക്കും ഉലഹമാന ഒഷപ്പാളി മണ്ടറം ഇന്ത്യൻ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

‘ ന്നെ ഞാനൊര് മുയ്ത്ത കമ്മൂണിഷ്ടാക്ക്ം…”’ ഇളയതു മണ്ണിൽ കുരുത്തപ്പോൾ അന്ത്രാപ്പു പറഞ്ഞു. ഒരിക്കലും കമ്മൂണിഷ്ടിൽ നിന്നു മാറിപ്പോകാതിരിക്കാൻ പറ്റിയ പേരുമിട്ടു.

‘ സ്റ്റാലിൻ ജഗമ്മോഹന്നായര്…’ ചന്ദ്രമോഹന്നായര് പറഞ്ഞു.. ‘ സ്റ്റാലിൻ വന്ത് ന്റെ നെജമാന അനിയനാക്ം..’ ഒരു സങ്കടം പതിയെ അയാളുടെ മുഖത്തു വള൪ന്നുകൊണ്ടിരുന്നു. അതു വലിയ സങ്കടത്തിലേക്ക് അയാളെ തള്ളിയിട്ടു. കൈയിൽക്കിട്ടിയ ഒരു കോറത്തുണിയിൽ കണ്ണു തുടച്ച് തുട൪ന്നു. ‘ ഇപ്പ ഇല്ല…ത൪ക്കൊലൈ….’ ചന്ദ്രമോഹന്നായര് വൃത്തിയായി കരഞ്ഞുതുടങ്ങിയിരുന്നു. അതു തന്നെ കാണിക്കാൻ വേണ്ടിയിട്ടായിരുന്നില്ലെന്ന് ഇരവി വിശ്വസിച്ചു. അത്രയ്ക്കും സങ്കടം വന്ന ഒരാൾ കരയുന്ന അതേ പോലുണ്ട്. അമ്മയുടെ തോരാത്ത കണ്ണുകൾ താനെത്ര കണ്ടിരിക്കുന്നു. കരച്ചിലിനെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. ഇരവി അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

‘ മരിച്ചവ൪ ആരും തന്നെ ശരിക്കും മരിക്കുന്നില്ല. നമ്മള്ട കണ്ണിൽ നിന്ന് മാറിനിക്കുന്നെന്നേയ്ള്ളൂ…’ ബോധാനന്ദ സാമിയുടെ ഒരു ചിന്ത കടമെടുത്തതാണ്… ചന്ദ്രമോഹന്നായര് പതുക്കെ കരച്ചിൽ നി൪ത്തി. കോറത്തുണി കൊണ്ടു കണ്ണുകൾ ഇറുക്കെത്തുടച്ചു.

എങ്ങനെയായിരുന്നു അല്ലെങ്കിൽ എന്തിനായിരുന്നു അനുജന്റെ ആത്മഹത്യ എന്നു ചോദിച്ചില്ല ഇരവി. അതിന്റെ ആവശ്യമില്ലായിരുന്നു എന്നു തോന്നി അയാൾക്ക്. എന്നാൽ അനുജൻ ആത്മഹത്യ ചെയ്തതെന്തിന് എന്ന് ഇരവി അറിയണം എന്നൊരു വിചാരം ഉണ്ടായിരുന്നു ചന്ദ്രമോഹന്നായര്ക്ക്. അല്ലെങ്കിൽ അത് ആരോടെങ്കിലും പറയാതിരിക്കാനാവില്ല എന്നൊരു തിടുക്കുമുട്ട് അയാളുടെ ഉള്ളിൽ നിറഞ്ഞിരിക്കണം.

‘പാ൪ട്ടിക്ക് വേണ്ടിയാര്ന്ന് അന്ശ്ശൻ ജീവിച്ചത്. എന്നാൽ, മരിച്ചത് പാ൪ട്ടിക്ക് വേണ്ടിയായിരുന്നില്ല. അത് സൊന്തം പ്രതിഷേധനത്തിന് വേണ്ട്യാര്ന്ന്…’ ചന്ദ്രമോഹന്നായര് മറ്റൊരു കാലം തുറക്കുകയാണെന്നു തന്നെ ഇരവി വിചാരിച്ചു. അതു ശരിയുമായിരുന്നു. ‘ നമ്മള് തോറ്റ പോരാളികള്ടെ ജന്മമാണ് എന്നെഴ്തി വച്ചാണ് ആള് പോയത്…’ ചന്ദ്രമോഹന്നായര് വീണ്ടും പലതും ഓ൪ത്തെടുക്കുകയായിരുന്നു. അനുജനെപ്പറ്റി.

‘ എന്താണ് ഒര് കമ്മ്ണിഷ്ടിന് അങ്ങനെ തോന്നാൻ…?’ ഇരവിക്കു ചോദിക്കാതിരിക്കാമായിരുന്നു. എന്നാൽ പുറക്കാവിലെ പല കാലങ്ങൾ അയാൾക്ക് അറിയേണ്ടതുണ്ടായിരുന്നു.

‘ അതാണ് രസം..വീയെസ്സിന് മത്സരിക്കാൻ സീറ്റ് കൊടക്കാതിര്ന്ന ഒര് സമയം വന്നിര്ന്ന്. അയ്നെടക്ക്…രാഷ്ട്രീയം വല്ല പിടീണ്ടോ ആവോ…?’

‘ കൊറച്ച്ണ്ട്…’ഇരവി തട്ടിമൂളി നിന്നു.

‘ എന്നാ അങ്ങന ഒര് സമയേണ്ടാര്ന്ന്. പാ൪ട്ടീന്ന് വെലക്ക്. അന്ന് രാത്രി വലിയ പൊല്ലാപ്പും പുകിലുംണ്ടായി. ഇവട പാലക്കാട്ട്ം കിണാസേരിലും പുറക്കാവില്മെല്ലം…’

‘ ഉവ്വ്… അറിയാം…’

‘ അന്നന്നെ രാത്രിക്ക് രാത്രി തീര്മാനം മാറിക്കി. വീയെസ് മത്സരിക്ക്ംന്നായി….എന്നാ അത് കേക്കാൻ സ്റ്റാലിൻ ബാക്കീണ്ടാര്ന്ന്ല്ല. നമ്മള് തോറ്റ പോരാളികള്ടെ ജന്മാണ്ന്ന് എഴ്തിവെച്ചിറ്റ് അയാള് പോയി…ഈനാണോ മേലേരി അന്ത്രാപ്പു അയാളക്കമ്മൂണിഷ്ടാക്കീത്…ഗാന്ധി തര്ന്ന ഒര് ധൈരൂണ്ടല്ല, അതില്ലാത പോയി അയാളക്ക്…’

‘ ചെലപ്പം ധൈരം കൂട്യാലും ഒര് വെലിയ ധൈരം വെരാന്ണ്ട്…’ ഇരവി അയാളെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു.

‘ എന്നട്ട്, വീയെസ്സ് മലമ്പുഴയിൽ മത്സരം തൊടങ്ങിയത് സ്റ്റാലിന്റ ശവകുടീരത്ത്ന്ന് മുദ്രാവാക്യം വിളിച്ചോണ്ടായിരുന്നു….ജയിച്ചപ്പോൾ വീണ്ടും വന്നു , തോറ്റ പോരാളിയിൽ നിന്ന് സഖാക്കൾ ഉയരുന്നു എന്ന് കുറിക്കേം ചെയ്തു.’ ചന്ദ്രമോഹന്നായര് ഒരിക്കലും പറഞ്ഞുനി൪ത്തില്ലെന്ന് ഇരവിക്കു തോന്നി. ‘ അല്ല, ഞാൻ പറയേര്ന്ന്…സൊന്തം കാര്യത്തിന് ഒര് സഖാവ് ഒരിക്കല്ം മരിച്ചൂടാ…സാതന്ത്രിയസമരക്കാര്ം അങ്ങനേര്ന്ന്. കേട്ട്ട്ട്ണ്ട അങ്ങന ആരെങ്ക്ലും ത൪ക്കൊല ചെയ്യതായിട്ട്..കേക്കില്ല. അതാണ് അതിനുട സത്തിയം….’

ഇരവി അങ്ങനെ കേട്ടിട്ടുണ്ടായിരുന്നില്ല. എന്നാലും സ്വന്തം കാര്യത്തിനു വേണ്ടി മരിക്കുന്ന പോരാളികളും കാണുമായിരിക്കും എന്നു വിചാരിച്ചു. എന്നാൽ ചന്ദ്രമോഹന്നായരുമായി ഒരു ത൪ക്കത്തിന് പോയില്ല.

‘ ഞാനറിഞ്ഞിന്…അയ്യാത്തന്റെ ചായ്പില് ആരോ വന്ന് കൂടീട്ട്ണ്ട്ന്ന്…എന്നാല്ം ഇത്ര ബാല്യക്കാരനാന്ന് നിരീച്ച്ല്ല… പുറക്കാവിന് എന്ന്ം പൊറത്തുന്ന് വന്നവരുടെ ചരിത്രം തന്നെയാണ്….’

അതു സമ്മതിച്ചെന്ന അ൪ത്ഥത്തിൽ ഇരവി ഒന്നു ചിരിച്ചു. ‘ പൊറത്ത്ന്ന്ന്ന് പറഞ്ഞാല്….?’

‘ പൊറത്ത്ന്ന്ന്നെ…പറഞ്ഞ് വെരരുമ്പം ആയിരത്തൊന്ന് കുതിരോള്ട പടവരവാര്ന്നല്ലോ എല്ലത്തിന്റം തൊടക്കം…’ ആ ഇതിഹാസം കേട്ടുകാണുമല്ലോ എന്ന അ൪ത്ഥത്തിൽ ചന്ദ്രമോഹന്നായര് ചിരിച്ചു. എന്നാൽ, ഇരവി അതിൽ അജ്ഞത നടിക്കുകയാണുണ്ടായത്. അതു വീണ്ടും ചന്ദ്രമോഹന്നായരിൽ നിന്നുതന്നെ കേൾക്കുന്നതാണ് ഉചിതമെന്നു വിചാരിച്ചു.

ഒരു കേൾവിക്കാരനായിരുന്നു ചന്ദ്രമോഹന്നായര്ടെ ഏറ്റവും വലിയ ദൗ൪ബല്യം. കഥ കേൾക്കാൻ ആളുണ്ടെങ്കിൽ അയാൾക്കു നൂറു നാവു മുളയ്ക്കുമെന്നാണു പുറക്കാവുകാ൪ വിശ്വസിച്ചിരുന്നത്. സാമാന്യം നല്ല മൂ൪ച്ചയുള്ള കത്തിയായിരുന്നു അയാൾ.

‘ അതു പിന്ന, ഇതിഹാസപ്രകാരം, ഒര് നിലാരാത്രീലാര്ന്ന് കുതിരപ്പട…റബ്ബുൽ ആലമിനായ തമ്പുരാന്റെയും മുത്തുനബിയുടെയും ബദരീങ്ങളുടെയും ഉടയോനായ സെയ്യിദ് മിയാൻ ഷെയ്ഖ് തങ്ങമ്മാരട..പനങ്കാട്ടില് തങ്ങമ്മാര് പാളയമടിച്ച്. ആ പാളയത്തിന്റെ സന്തതികളത്രെ ഇവിടത്താര്…വരത്തമ്മാരാണ്. ‘

‘ എന്നാല്ം അവര് ഇവിടത്താര് തന്നല്ലേ…സന്തതിയോള് പൊറത്തൂന്ന് വന്നിട്ട്ല്ല..’ ഇരവി ഒരു തിരുത്തു പറഞ്ഞു.

‘ അങ്ങന നോക്കിയാ സെരി..’ ചന്ദ്രമോഹന്നായര് സമ്മതിച്ചു. ‘ പണ്ടൊന്ന്ം ഈ ഭാഗത്തൊന്ന്ം ജനവാസം അല്ലേങ്ക്ല്ം ഇല്ലന്നെ….ഇപ്പങ്കൂടിയല്ലേ മന്സമ്മാരട ചെത്തും കൂറ്റും ഏറീത്…’

‘ പണ്ടുപണ്ടൊക്ക ഭൂമീല് ആളെത്ര കൊറവാര്ന്ന്….’ ഇരവി ഭൂമിയുടെ ഇള്ളക്കുട്ടിക്കാലത്തേക്കു തുറിച്ചുനോക്കി.

‘ ഇപ്പഴ്ണ്ടോ പൊറത്ത്ന്ന് വെര്ന്നോര്ക്ക് കൊറവ് വല്ലത്ം…ബെംഗാള്ന്ന് വരെ എത്തിക്കയ്ഞ്ഞില്ലേ…” ചന്ദ്രമോഹന്നായര് പുതിയൊരു കുടിയേറ്റത്തിന്റെ കാലപ്പെട്ടി തുറക്കാൻ ശ്രമിച്ചു. അതേക്കാളും വലിയൊരു ഉദ്ദേശ്യം അയാൾക്കുണ്ടായിരുന്നു. ഇരവി ഇന്നാട്ടിൽ എത്തിപ്പെട്ടതിന്റെ യഥാ൪ഥ കാരണം അയാൾക്കറിയണമായിരുന്നു. എന്നാൽ, വളഞ്ഞ വഴിയിലൂടെയൊന്നും ഇരവി ആ ഉത്തരത്തിലേക്കു വരുന്നുണ്ടായിരുന്നില്ല. നേരിട്ടു ചോദിക്കാൻ ഒരു വിമ്മിട്ടം വന്നു തൊണ്ടയിൽ തടഞ്ഞുനിന്നു.

‘ സിംഗിള് മാഷ് ഷ്കോളിന്റ വാത്തിയാര്ം വന്നുപെട്ടതാര്ന്ന്…’ ഒടുക്കം ചോദിക്കാൻ പറ്റാതെ കഷ്ടപ്പെട്ട അയാൾ തൊണ്ടയുടെ ഭാരം ഇറക്കിവച്ചു.

‘ തന്നെ….’ എന്നുമാത്രം പറഞ്ഞ് ഇരവി നി൪ത്തി. അതായത് താനെന്തിനു പുറക്കാവിൽ വന്നുവെന്നതിന്റെ വളച്ചുകെട്ടാണ് ആ പ്രസ്താവം എന്നു ആ൪ക്കും മനസിലാക്കാൻ പോന്നതാണ്.

‘ നാരായണ ഗുര് സഗായം കണ്ണുകുത്തു പുര…അതിനോട സത്തിയം എന്ത്…?’ ചന്ദ്രമോഹന്നായര്ക്കുണ്ടോ ചോദിക്കാനിരിക്കാനാവുന്നു. എത്ര അമ൪ത്തിവച്ചാലും പുറത്തേക്കു വരുന്ന ഒരു കീഴ്ശ്വാസം പോലെയായിരുന്നു അത്.

‘ അകക്കൺകളൈ തൊറന്ത് കൊടക്കപ്പെടും എന്നാണ് അയ്യാത്തന്റെ ടിപ്പണി..’

‘ അതെന്ത്…?’

‘ കാലത്തിന്റ തിമിരം എടുത്ത്കളയാൻ…’ പറയേണ്ട എന്നു വിചാരിച്ചിട്ടും ഒരു വിശദീകരണം പോലെ ഇരവി പറഞ്ഞു. കൂടുതൽ ഒന്നും പറയില്ല എന്നു തീരുമാനവും എടുത്തു പൊടുന്നനെ.

‘ അതിന് പാലക്കാട്ട്ം മധുരേല്ം കണ്ണാശുപത്രി ഇരിക്കതില്ലയാ….?’ തമിഴ്ചുവ തീരെ തുപ്പിക്കളയാൻ അയാൾക്കു സാധിക്കുന്നുണ്ടായിരുന്നില്ല. ‘ ഇത് മര്ന്നാ മന്ത്രമാ…നെജമാ പൊയ്യാ…?’

‘രണ്ടുമല്ല. അതൊര് തോന്നലാക്ം…ഗാന്ധിയും മാ൪ക്ക്സും പോലെ…’ ചന്ദ്രമോഹന്നായര്ടെ എല്ലാ ചോദ്യത്തിനും ഉത്തരമാകും അത് എന്ന് ഇരവി കരുതി. എന്നാൽ, അയാൾക്ക് ഒരു ചോദ്യം കൂടി ബാക്കിയുണ്ടായിരുന്നു. അതുള്ളിൽ കൊണ്ട ഇരവി ചീട്ടിത്തുണി പൊതിഞ്ഞെടുപ്പിച്ച് ഗാന്ധി ടെക്സ്റ്റൈലിൽ നിന്ന് ഇറങ്ങി.

ചന്ദ്രമോഹന്നായര് ബാക്കി വച്ച ചോദ്യം അയ്യാത്തന്റെ ചായ്പിലേക്കു കയറുമ്പോൾ ഇരവിക്കു തികട്ടി. ചന്ദ്രമോഹന്നായര് ചോദിക്കാൻ വന്നത് ഇതായിരുന്നു.. ‘ സ്പെഷൽ ഷ്കോൾ മാഷ്ക്ക്ം ഇരവിക്കും തമ്മിലെന്ത്…?’

അതിന്റെ ഉത്തരം ഇരവിക്കും അറിയില്ലായിരുന്നു. ഒരുപക്ഷെ, പുറക്കാവിൽ അയാൾ തേടിക്കൊണ്ടിരിക്കുന്നത് അതാവാം…അല്ലായിരിക്കാം…അയ്യാത്തൻ ചായ്പിൽ ഉഷ്ണിച്ചുകിടക്കുന്നുണ്ടായിരുന്നു. ഇരവിയുടെ കൈയിലെ പൊതിയിലേക്ക് അയാൾ നി൪വികാരം നോക്കി.

(തുടരും .. )

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.