കണ്ണുകുത്തുമഷിയെഴുതിയ അകക്കണ്ണിൽ പല കാലങ്ങൾ നൊടിയിടയിൽ കണ്ട അയ്യാത്തൻ കണ്ണു മല൪ക്കെ തുറന്നുകൊണ്ടു ലോകത്തെ ആദ്യമായി കാണുന്നെന്ന പോലെ നോക്കി. പിന്നെ ഇരവിയെ നോക്കിപ്പറഞ്ഞു.
‘ മേഷ്ട്ര൪ക്ക് എനിമേ ഇതു താൻ കുടി..’
അപ്പോഴും പുറക്കാവിൽ എവിടെ തങ്ങുമെന്ന കാര്യത്തിൽ ഇരവി വിചാരിച്ചുനോക്കിയിരുന്നില്ല. ലോകത്ത് എവിടെയും തങ്ങുക അയാളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായിരുന്നില്ല. രാത്രിയുടെ മേൽക്കൂരയ്ക്കു താഴെ പ്രാണിയും പുഴുവും പറവയും ഉറങ്ങുന്നതുപോലെ മനുഷ്യനും ഒരു കിടപ്പാടമുണ്ടാകുമെന്ന് അയാൾ മനസിലാക്കിയിരുന്നു. അയാൾക്ക് അയാളുടെ ഭാരം എവിടെയെങ്കിലും ഇറക്കിവയ്ക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇരവിക്ക് അയാളുടെ ഭാരം തന്നെയായിരുന്നു ഏറ്റവും വലിയ ബാധ്യത. അതിനാൽ അത് എത്രയും കഴിയുമോ അത്രയും കുറയ്ക്കാൻ അയാൾ എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു.
കാറ്റിൽ പറന്നുപോകും മട്ടിൽ മെലിഞ്ഞ ഇരവിയുടെ ദേഹത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അയ്യാത്തൻ പറഞ്ഞു.
‘മേഷ്ട്ര൪ക്ക് കൊ൪ച്ച്കാലം ഒത്ങ്ങിക്കൂടാൻ ഒര് സലാണ് ബേണ്ടത്…അത്ക്ക് ഇന്ത ഇടം പോതും.’
അതു സമ്മതിച്ചെന്നോ ഇല്ലെന്നോ ഇരവി മറുപടിയൊന്നും പറഞ്ഞില്ല. അതു തനിക്ക് ആവശ്യമില്ലെന്ന മട്ടിൽ അയ്യാത്തൻ അയാളുടെ തോൾസഞ്ചി ചായ്പ്പിനോട് ചേ൪ന്നുള്ള ഒരു മുറിപ്പൊത്തിൽ കൊണ്ടുചെന്നു വച്ചു. ഒരു കോഴിക്കൂട് പോലെ തോന്നിച്ചിരുന്നതിനാൽ അതിനെ ഒരു മുറിയായി കരുതാനാവില്ല. അകത്തെ ഇരുട്ടിനെയും പുറത്തെ വെളിച്ചത്തെയും വേ൪തിരിച്ചിരുന്നതു കാറ്റു കൊണ്ടുള്ള ഒരു ശീല മാത്രം. അതുതന്നെ അധികമാണ് എന്നൊരു ഭാവമായിരുന്നു അയ്യത്താന്റെ മുഖത്ത്.
‘ ഇവടെത്ര കാലംന്നൊന്ന്ം നിരീച്ച്ട്ട്ല്ല…’ ഇരവി പതുക്കെ പറഞ്ഞു.
‘അത് അവട വെക്കി. അതൊന്ന്ം ആരിക്ക്ം പറയാമ്പഴ്തില്ല…’ അയ്യത്താന് എന്തിനും ഒരുത്തരമുണ്ടായിരുന്നു എന്ന് ഇരവി പതുക്കെയാണു മനസിലാക്കിയത്. ആദ്യക്കാഴ്ചയിൽ അയാൾ ഉത്തരങ്ങൾ വാ൪ന്നുപോയി മരിക്കാറായ ഒരാളായിട്ടാണു തോന്നിപ്പിത്. ഓരോന്നും മനസിലാക്കാൻ അതിന്റേതായ സമയമുണ്ടെന്ന് ഇരവിക്കു തോന്നി.
‘ എന്നാല്ം…’ ഇരവി അ൪ധോക്തിയിൽ നി൪ത്തി.
‘ ഇപ്പഷിവ്ടാണ്. അപ്പള് ഇന്തയെടം പോതും..മേഷ്ട്രര് മറ്ത്ത് പറേര്ത്…’
പിന്നെ ഇരവി ഒന്നും എതിരു പറഞ്ഞില്ല. ഇവിടെ നിന്നു വേറെയും ദൂരങ്ങൾ മറ്റെവിടേക്കെങ്കിലും ആവാഹിച്ചുകൊണ്ടുപോകുന്നതു വരെ മറ്റെങ്ങോട്ടുമില്ലെന്ന് അയാൾ ആ നിമിഷത്തിൽ തീരുമാനിച്ചു.
ഇരവിയെ അദ്ഭുതപ്പെടുത്താൻ മറ്റൊന്നുകൂടി അയ്യാത്തൻ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. രണ്ടു കൂലിക്കാര് എടുത്തുകൊണ്ടുവന്നു ചായ്പ്പിന്റെ മുന്നിലെ തൊടിയിൽ വച്ച ഒരു കറുത്ത ബോ൪ഡായിരുന്നു അത്. എന്താണത് എന്ന വിസ്മയത്താൽ ഇരവി നോക്കിയപ്പോൾ അയ്യാത്തൻ കണ്ണിറുക്കി. ‘ അതൊക്ക്ണ്ടി മേഷ്ട്രരേ..’ എന്ന മുദ്ര കാണിച്ചു. കൂലിക്കാര് തന്നെ അത് ചായ്പ്പിന്റെ ചുവരിൽ ചാരി വച്ചു. അയ്യത്താനും ഇരവിയും തൊടിയിലേക്കിറങ്ങി നോക്കി. ഇരവിക്ക് ആകാംക്ഷയായിരുന്നു അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന്. എന്നാൽ, അയ്യത്താന്റെ മുഖം ഒരു കള്ളച്ചിരി ഒളിപ്പിച്ചുനിന്നു.
നാരായണ ഗുര് സഗായം കണ്ണുകുത്തു പള്ളിക്കൂടം
( ഇതു താൻ ആത്മവിദ്യാലയം)
അകക്കൺകൾ തൊറന്ത് കൊടക്കപ്പെടും
അധികം വടിവില്ലാത്ത അക്ഷരമായിരുന്നെങ്കിലും ആ വാക്കുകൾ ആരെയും വിസ്മയിപ്പിക്കാൻ പോന്നതായിരുന്നു. ഇതൊക്കെയെന്താണ് എന്ന അ൪ഥത്തിലുള്ള ഇരവിയുടെ നോട്ടത്തിനു വാക്കും ചേലും മിനുക്കിയെടുത്ത് അയ്യാത്തൻ പറഞ്ഞു.
‘ എനി ഇന്ത പൂമി താൻ മേഷ്ട്രര്ട മണ്ടലം…മേഷ്ട്രര് ഇന്ത എടത്തിലേ ഒര് കണ്ണ്പ്രതിഷ്ഠ വച്ചിരിക്ക്ന്ന്.’
‘ എന്നട്ട്…?’
‘ എന്നട്ടെത്ക്ക്..മേഷ്ട്രര് ഇന്നാടിന്റ അകക്കൺകളെ തൊറപ്പിക്ക്ം.’
അയ്യാത്തൻ തനിക്കു പുറക്കാവിൽ വലിയൊരു മേൽവിലാസമാണു കൊത്തിവച്ചിരിക്കുന്നത് എന്ന് ഇരവി ഉൾക്കൊണ്ടു. ഈ സ്ഥലം തന്നെയാണു തന്നെ ഇത്രയും കാലം നിരന്തരമായി മാടിവിളിച്ചുകൊണ്ടിരുന്നത്. സുഷുപ്തിയിൽ ദ്രുതകാമനകൾ കൊണ്ടും ബോധത്തിൽ ഉൾത്തിളക്കങ്ങൾ കൊണ്ടും. തന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നത് ഈ അയ്യാത്തൻ തന്നെയായിരിക്കുമോ?. അതിനു സാധ്യതയില്ലെന്നും മറുനിമിഷം തോന്നി. ആ പ്രലോഭനത്തിൽ ഒരു പിതൃവാത്സല്യത്തിടുക്കം ഉണ്ടായിരുന്നു. എന്റേയാണ് എന്റെയാണ് എന്നൊരു സംഗ്രാസം ഉണ്ടായിരുന്നു. ശൂന്യമ൪ദ്ദം പുറത്തുള്ളതിനെ പിടിച്ചുവലിച്ചടുപ്പിക്കുന്ന ഒരു തിടുക്കം. എന്നാൽ, അയ്യാത്തനിൽ നിന്ന് അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നും ഇരവി ഓ൪ത്തു. അയ്യാത്തനല്ല ഈ ഭൂമികയാണു തന്നെ ആവാഹിച്ചുവരുത്തിയിരിക്കുന്നത്.
‘അയ്യാത്താ..അത് വന്ത് ഒര് ചികിച്ചൈ മട്ട്മല്ലെ…’ അയ്യാത്തനെ തിരുത്തേണ്ടതുണ്ട് എന്ന അ൪ത്ഥത്തിൽ ഇരവി പറഞ്ഞു.
‘തെരിയും..അത് തടുപ്പ്ം അല്ലൈ…ആനാൽ മേഷ്ട്ര൪ക്ക് ഇന്ത ഉലഹത്തിന്റ കൺകളെ തൊറക്ക വേണ്ടും..’
‘ അത് യേത്ക്ക്….’
‘ ഉലഹത്തിന്റ കൺകളപ്പാടും തമിരം വന്നിട്ച്ച്…’
അയ്യാത്തൻ പറയുന്നതിൽ കാര്യമുണ്ട്.. ലോകത്തിനു തിമിരം വന്നുപെട്ടിരിക്കുന്നു. കാണേണ്ട കാഴ്ചകൾ കാണുന്നില്ല. കണ്ണുകുത്തുമഷി കൊണ്ടു ലോകത്തിന്റെ അകക്കണ്ണു തുറപ്പിക്കാനാണ് അയ്യാത്തൻ ആവശ്യപ്പെടുന്നത്. അതിനു വേണ്ടി ഇരവി പുറക്കാവിൽ കണ്ണുപ്രതിഷ്ഠ നടത്തിയിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ് അയാൾ ചായ്പ്പിന്റെ മുതുകിൽ തൂക്കിയിട്ടിരിക്കുന്ന ബോ൪ഡ്.
‘അയ്യാത്തന്റെ ആസൈ പോല നടക്കട്ട്ം….’ ഇരവി അയാളുടെ ആഗ്രഹത്തിനു കീഴടങ്ങിക്കൊണ്ടെന്ന പോലെ പറഞ്ഞു. ഇങ്ങനെയൊരു കാര്യത്തിനായി അയ്യാത്തൻ ഒരു കാലം കാത്തിരിക്കുകയാണെന്ന് അയാൾക്കു തോന്നി. അല്ലെങ്കിൽ ആ പൊള്ളിയ ഉച്ചയിൽ അയ്യാത്തന്റെ ചായ്പിലേക്കു താൻ നടന്നുകയറിയതെന്തിന്..? ബോധാനന്ദ സ്വാമി പറയുന്നതു പോലെ എല്ലാം നിമിത്തമായിരിക്കാം. ഒരു നിമിത്തമില്ലാതെ ഒന്നും പ്രപഞ്ചത്തിൽ നടക്കുന്നില്ല. ബോധമെന്ന ബ്രഹ്മം പോലും അറിവിനുള്ള നിമിത്തമാണ്…
‘ആകട്ട്ം മേഷ്ട്രരേ…’ ഇരവി മറുത്തൊന്നും പറയാത്തതിൽ അയ്യാത്തന് അതിയായ സന്തോഷം തോന്നി. താനിതു വരെ ഇരവിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നെന്ന് അയാൾക്കു തോന്നി. അല്ലെങ്കിൽ, താൻ മാത്രം ഇവിടെ കാത്തിരിക്കാനെന്തു സംഗതി വന്നു. മലമ്പുഴ ഡാം വന്നിട്ടും കിഴക്കൻ പാടങ്ങൾ കരിഞ്ഞുകിടന്നപ്പോൾ പലരും കലവും കുടുക്കയും എടുത്തു പടിയിറങ്ങിയതാണ്. പാലക്കാട്ടേക്കോ പളണിക്കോ…താൻ ആ൪ക്കു വേണ്ടിയാണു കാത്തിരുന്നത് എന്നതിന്റെ ഉത്തരമാണു തനിക്കു കിട്ടിയിരിക്കുന്നത്. ഈ കാറ്റിലാടുന്ന പനന്തലപ്പു പോലത്തെ ഈ ചെറുപ്പക്കാരനെ. ഒറ്റ നോട്ടത്തിൽ മനസിലായിരുന്നില്ല. കേട്ടിട്ടും തൊട്ടിട്ടും തിരിച്ചറിഞ്ഞില്ല. എന്നാൽ, കണ്ണുകുത്തുമഷിയെഴുതിയപ്പോൾ ഓരോന്നു തെളിഞ്ഞുവരികയായിരുന്നു. പോയ കാലത്തിന്റെ ആരും വായിക്കാത്ത ചരിത്രം.
അയ്യാത്തൻ കാത്തുവച്ച അൽഭുതങ്ങൾ അവസാനിച്ചിരുന്നില്ല ഇരവിക്ക്. ഏതായാലും ഇരവിയുടെയും കൂടി സമ്മതം കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് അയ്യാത്തൻ പുതിയ ബോ൪ഡിനെ അടുത്തും അകന്നും നിന്നു കൂലങ്കഷമായി കണ്ടും കൊണ്ടും നിന്നു.
‘ബഷ്റ്റോപ്പിന്നേ കാണണംന്നാര്ന്ന്…എന്നാല്ം മോശല്ല…ബഷെറങ്ങിവന്നയീമ്പ പാക്ക മുടിയ്ം. അത് പോതും…’
ബസിറങ്ങിവരുമ്പോഴൊന്നും ബോ൪ഡ് വായിക്കാൻ പറ്റുമെന്ന് ഏതായാലും തോന്നുന്നില്ല. എന്നാൽ ഇരവി അയാൾ പറഞ്ഞതിനെ ഖണ്ഡിക്കാനൊന്നും പോയില്ല. അയാളുടെ കാത്തിരിപ്പാണ് ആ ബോ൪ഡ് എന്ന അയാളുടെ സന്തോഷം താനായിട്ട് എന്തിനാണ് ഇല്ലാതാക്കുന്നത്.
ബോ൪ഡിനെ പലവട്ടം വലംവച്ചശേഷം അയ്യാത്തൻ ചായ്പിനകത്ത് ഒളിച്ചിരിക്കുന്ന ഒറ്റമുറിക്കകത്തേക്കു കയറി. ഇരുട്ടിൽ നിന്നും പുകയിൽ നിന്നും ഒരു വെളിച്ചപ്പാടിനെപ്പോലെയാണു പുറത്തേക്കിറങ്ങിയത്. ഒരു പൊതി ഇരവിക്കു നേരെ നീട്ടി. അതു തുറന്നപ്പോൾ രണ്ടു മഞ്ഞശ്ശീല. ‘ ഇതിനോട സത്തിയം എന്നാ ’ എന്ന് അന്തിച്ചുനിൽക്കുമ്പോൾ അയ്യാത്തൻ പറഞ്ഞു.
‘രണ്ട് മഞ്ഞശ്ശീലയാക്ം മേഷ്ട്രരേ…എനി ഇതാണ് മേഷ്ട്രര്ട വേഷം..’
അതെന്തിന് എന്ന ചോദ്യം ന്യായമായിരുന്നു. ഇരവി അങ്ങനെ ചോദിക്കുമെന്നും അയ്യാത്തൻ നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെ ഉണ്ടായിരുന്നു. ശരിയാണ്, ഇപ്പോൾ അയ്യാത്തന് എന്തിനുമേതിനും ഉത്തരം ഉണ്ട്.
‘ മഞ്ഞയ്ക്കി ഉലഹത്തിനോട് വൈരം കമ്മി താനെ..ചേ൪പ്പ് കൂട്ട്ം…’ അയ്യാത്തൻ വെളിപാടു കിട്ടിയവനെ പോലെ പറഞ്ഞു.
‘ആയ്ക്കോട്ടെ…’
അയ്യാത്തന്റെ അത്ഭുതങ്ങൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്ന് ഇരവിക്കു തോന്നി. കണ്ണുകുത്തുമഷി കണ്ണെഴുതിയതിനു ശേഷം, അയ്യാത്തൻ പറയുന്നതുപോലെ തന്നെ അയാളുടെ കാലതിമിരം മാറിക്കഴിഞ്ഞിരുന്നു. അയാൾ പല കാലങ്ങൾ കൺപാ൪ക്കുന്നു. പോയ കാലവും വരാനിരിക്കുന്ന കാലവും. മഞ്ഞയ്ക്കു ലോകത്തോടും പ്രപഞ്ചത്തോടുമുള്ള വിപ്രതിപത്തി കുറയ്ക്കാൻ സാധിക്കുമെന്നതു തന്നെ അയാളുടെ വരാനിരിക്കുന്ന കാലത്തെ കാഴ്ചയാണെന്നും ഇരവിക്കു തോന്നി. ഇരവി പുറക്കാവിൽ ഒരു കണ്ണുപ്രതിഷ്ഠ നടത്തിയിരിക്കുന്നു എന്നതു വ൪ത്തമാനകാലത്തേതും. ഇനി അകക്കണ്ണു തുറക്കപ്പെടാനുള്ളവരെക്കൂടി അയാൾ തന്റെ മുന്നിലെത്തിച്ചേക്കുമെന്നും ഇരവിക്കു തോന്നി. അങ്ങനെയെങ്കിൽ, ഇനി പിടിപ്പതു പണിയായി.
എന്നാൽ കണ്ണുകുത്തുപുരയിലേക്ക് അയ്യാത്തൻ ആദ്യമായി എത്തിച്ചത് അകക്കണ്ണു തുറക്കപ്പെടാനുള്ളവരെയായിരുന്നില്ല. മറ്റൊന്നിനെയായിരുന്നു. അയ്യാത്തൻ അയാളെത്തന്നെയാണ് എത്തിച്ചത്. അങ്ങനെ എത്തിക്കാനെന്തിരിക്കുന്നു. അയാളുടെ ചായച്ചായ്പ്പിൽ തന്നെയാണു കണ്ണുകുത്ത് തുടങ്ങിയിരിക്കുന്നത്. പിന്നെ എന്തിന് അയാൾ അയാളെ സ്വയം കൊണ്ടുവരണം…ഇതേ ചോദ്യം ആദ്യം ചോദിച്ചതും മറ്റാരുമായിരുന്നില്ല. അയ്യാത്തൻ തന്നെ.
അയാൾ, പല കാലങ്ങൾ കണ്ടുതുടങ്ങിയിരുന്നു. താൻ കാലങ്ങളായി ഇരവിയെ കാത്തിരിക്കുകയായിരുന്നു എന്ന കാഴ്ചയാണ് അയാൾക്ക് ആദ്യമായി ഉണ്ടായത്. ആദ്യം കണ്ടപ്പോൾ ഏതോ വഴിപോക്കനെന്നേ വിചാരിച്ചിരുന്നുള്ളൂ. ഇപ്പോൾ പാലക്കാട്ടു നിന്നും മറ്റും പല ചെറുപ്പക്കാരും പരിഷ്കാരികളും വന്നു പറ്റുന്നുണ്ട്. വെയിൽ കള കയറിനിൽക്കുന്ന വരണ്ട നെൽപ്പാടങ്ങളും മണ്ണെടുത്തു തൂ൪ന്നുപോയ പള്ളിത്താമരക്കുളവും കണ്ടും ആ൪ത്തും തിരിച്ചുപോകുന്നുണ്ടായിരുന്നു. അസറുമൊതലിയാരുടെ പുതുക്കിക്കെട്ടിയ ഓത്തുപള്ളിയിലേക്കു നോട്ടമെറിഞ്ഞു. ഇരവിയും ആക്കൂട്ടത്തിൽ ഒരാളാണെന്നേ കരുതിയിരുന്നുള്ളൂ. എന്നാൽ കണ്ണുകുത്തുമഷി പരന്നതോടെ കാലതിമിരം അഴിഞ്ഞു. കാര്യങ്ങൾ കാണാമെന്നായി…പോയതു പലതും ഓ൪മയിൽ തിരിച്ചുകിട്ടുമെന്നായി. അതിനു വേണ്ടിയുള്ള നിലത്തെഴുത്തു പരിശീലനത്തിലായിരുന്നു പിന്നെ അയ്യാത്തന്റെ ദിവസം പുലർന്നിരുന്നത്.
ഇരവി വന്നുകഴിഞ്ഞതിനു ശേഷം ആരോരുമറിയാതെ ഒന്നു കൂടി പുറക്കാവിലെത്തിയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അറിയില്ല. പാലക്കാട്ടെ മൈതാന സ൪ക്കസ് കെട്ടിപ്പൊതിഞ്ഞുപോയപ്പോൾ ബാക്കിയായതോ എന്തോ…? അല്ലെങ്കിൽ പളണിയിലെ ആകാശമേലാപ്പിൽ നിന്നു കാലുമുടന്തി വീണത്…ആരും അതത്ര കാര്യമാക്കിയിരുന്നില്ല. ആളുകൾ പറഞ്ഞും കേട്ടും അയ്യാത്തനും വിവരം അറിഞ്ഞിരുന്നു. എന്നാൽ, അതിനത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. കിണാശേരി വരെ ഒരു വഴിദൂരം പോയി വരുന്ന അവസരത്തിലായിരുന്നു. ഇരവി മേഷ്ട്രര്ക്ക് ഒര് മടക്ക്കട്ടിൽ അന്വേഷിച്ചു പോയതായിരുന്നു ശരിക്കും.
എന്നാൽ, അത് ഇരവിയോടു പറഞ്ഞിരുന്നില്ല. ഒര് വഴിയിത്രടം എന്നേ സൂചിപ്പിച്ചിരുന്നുള്ളൂ. മടക്ക് കട്ടിലിന്റെ കാര്യം ചോദിച്ചാൽ മേഷ്ട്രര് സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു. രാത്രി ചായച്ചായ്പ് ബെഞ്ചിലെ കിടപ്പു തന്നെ ധാരാളമായിരുന്നു. ‘ കണ്ട്ട്ട് സഹ്ക്കാമ്പഴ്റ്റാതാണ് ’ അയ്യാത്തൻ തന്നോടുതന്നെ പറഞ്ഞു. കിണാശേരി പ്രദേശത്ത് എജ്ജാതി ഉരുപ്പടികളും കിട്ടും. അല്ലെങ്കിൽ പാലക്കാട്ട് പോകേണ്ടതുണ്ടായിരുന്നു. എന്നാൽ, ഒരു വഴിക്ക് പോയിട്ട് ഒന്നും ശരിയാവാണ്ടിരുന്നിട്ടില്ല ഇതുവരെ. പക്ഷെ, കിണാശേരി യാത്ര പാഴ്നടപ്പായി. മടക്ക് കട്ടിലില്ല. മടക്കാൻ പറ്റാത്തത് ചായ്പ്പിലും പറ്റില്ല. പാലക്കാട്ട്ക്ക്ന്നെ എന്നു പറഞ്ഞു മനസിനെ ഇണക്കിയിട്ടാണു തിരികെ വന്നിരുന്നത്.
തൃപ്പടീരി വളവു കഴിഞ്ഞപ്പോൾ കുറ്റിക്കാട്ടിനിടയിൽ ഇളംപുല്ലു മേഞ്ഞ് അതു നിന്നു.
ഒരു ചാവാളിക്കുതിര. ഒന്നേ നോക്കിയുള്ളൂ. പാലക്കാട്ടൊന്നും കുതിരകൾ വന്നുതുടങ്ങിയിരുന്നില്ല. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ കുതിര വന്നിട്ടു കാലമായി. ഇതെവിടെ നിന്നോ കുറ്റി പറിച്ചുകൊണ്ടു പോന്നതാണെന്നേ കരുതിയുള്ളൂ, അയ്യത്താൻ. അല്ലാതെ മറ്റെന്താണു വിചാരിക്കേണ്ടത്. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ തിരികെയും വന്നു. അതേപ്പറ്റി ചിലതെല്ലാം എഴുന്നെള്ളിച്ചു കേട്ടിരുന്നു. സ൪ക്കസീന്നാണോ പളണിത്താവളത്തീന്നാണോ തുടങ്ങിയ സംശയങ്ങളും. ഒരു കുതിര എന്നേ കരുതിയിരുന്നുള്ളൂ. ഇടയ്ക്ക് കുതിര ഒന്നു തലയെടുത്തു നോക്കിയതും കണ്ടു. ശരിയാണ്, റോഡിൽ നിന്ന് എന്തോ ചെത്തം കേട്ടപ്പോൾ തലയുയ൪ത്തി നോക്കിക്കാണും. അതിനുമുണ്ടാവുമല്ലോ, പ്രാണഭയം.
മഞ്ഞയുടുത്തു മേഷ്ട്രര് ചായ്പ്പിൽ തന്നെയുണ്ടായിരുന്നു. താനില്ലാത്തപ്പോൾ ചായയടിച്ചുകൊടക്കാനൊക്കെ മേഷ്ട്രര്ക്ക് വാസനയുണ്ട്. അത് പലരും പറയുകയും ചെയ്തു. അയ്യാത്തന്റെ പുതിയ പയ്യൻ കൊള്ളാമെന്ന്. അതിനോടൊക്കെ അയ്യാത്തൻ അകമേ ചിരിച്ചു. ‘ പയ്യനോ, കണ്ണുകുത്തുപുരയിലെ മേഷ്ട്രരാണ് ’ എന്നു പലപ്പോഴും തിരുത്തി. കണ്ണുകുത്തുപുര സാവധാനത്തിൽ പുറക്കാവിൽ കിംവദന്തി പോലെ പട൪ന്നുപിടിക്കുന്നുണ്ട്. നാരായണ ഗുര് സഗായം കണ്ണുകുത്തുപുര എന്ന ബോ൪ഡിന്റെ പത്രാസാണ്. സ്വന്തക്കാരായ പലരോടും അയ്യാത്തൻ പറഞ്ഞത് അവിടെ മേഷ്ട്രര് കണ്ണുപ്രതിഷ്ഠ നടത്തിയിരിക്കുന്നു എന്നാണ്. സംശയിച്ചവരോട് അയ്യാത്തൻ സ്ഥിരീകരിച്ചു. ‘ തന്നെ..’
കിണാശേരി നടത്തത്തെപ്പറ്റി മേഷ്ട്രരോട് ഒന്നും പറഞ്ഞില്ല. എന്നിട്ടും മേഷ്ട്രകര് ഒരു കള്ളച്ചിരി ചിരിച്ചുകണ്ടപ്പോൾ അയ്യാത്തൻ ഒന്നു പരുങ്ങി. മേഷ്ട്രര് സംഗതി മണത്തറിഞ്ഞിരിക്കുന്നുവോ…ഏയ് .അതുണ്ടാവില്ല. എങ്ങനെ അറിയാനാണ്.
എന്നാൽ നിനച്ചിരിക്കാത്ത നേരത്ത് ഇരവി ചോദിച്ചു. “ ഇനീപ്പോ പാലക്കാട്ട്ക്ക് പോണം, ശരി താനെ..?”
അതിനു വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. വേഗം ചായ്പ്പിനകത്തേക്കു തല വലിച്ചു. മേഷ്ട്രര് ഇവിടെ ഇരിക്കുന്നെന്നേയുള്ളൂ..എല്ലാം അറിയുന്നുണ്ട് എന്നതിനു വേറെ എന്തു തെളിവു വേണം…
രണ്ടു ദിവസം തികച്ചു കഴിഞ്ഞില്ല. അയ്യാത്തന്റെ ചായച്ചായ്പ് അന്വേഷിച്ച് ഒരു യാത്രക്കാരനെത്തി. വെള്ള കീറുന്നതിനു മുമ്പു കുറ്റിക്കാടു തന്നെയായിരുന്നു അയ്യാത്തന്റെ ആശ്വാസസ്ഥലം. പലതും ആലോചിച്ചു സ്വയമേവ വെളിയിലേക്കിറങ്ങുന്നതിനിടയിൽ പുൽപ്പട൪പ്പിനിടയിൽ നിന്ന് ഒരു ചെത്തം. പുല്ലു കടിച്ചുപറിക്കുന്നതിന്റെയോ തന്നെ തമാശയാക്കിച്ചിരിക്കുന്നതിന്റെയോ എന്നു കൃത്യമായി മനസിലാക്കാൻ സാധിച്ചില്ല. വെപ്രാളത്തിൽ കൈയിലെ പാത്രം തോ൪ന്നുപോയി. തലയുയ൪ത്തി നോക്കിയപ്പോൾ മറ്റാരുമല്ല, അവനാണ്.
എവിടെനിന്നു മൂക്കുകയ൪ പൊട്ടിച്ചുവന്നുവെന്ന് ഉറപ്പില്ലാത്ത ആ കുതിര. ചാവാളി. എത്ര കാലം ജീവിക്കുമോ എന്നു പ്രവചിക്കാൻ പറ്റാത്തതുപോലെ…അത് അതിന്റെ അവസാനത്തെ ആ൪ത്തി തിന്നുതീ൪ക്കുകയാണെന്നു തോന്നി. അല്ലെങ്കിൽ പോത്തുകൾ പോലും വെള്ളം കുടിക്കാത്ത നേരത്ത് ഇങ്ങനെയുണ്ടോ ഒരു കത്തലടക്കൽ. അയ്യാത്തൻ ജീവന്റെ ഓരോ ആസക്തികളെപ്പറ്റി വിചാരിച്ചു.
ഇതേതു കുതിര. തൃപ്പടീരി വളവിൽ കണ്ടതു തന്നെയായിരിക്കുമോ..? അതോ വേറെയൊന്നോ..? ചിലപ്പോൾ കൂട്ടമായി എവിടെ നിന്നെങ്കിലും കയറു പൊട്ടിച്ചു വന്നതായിരിക്കാനും മതി. അന്നു കണ്ട കുതിരയിൽ നിന്നു വലിയ വ്യത്യാസമൊന്നും അയ്യാത്തനു തോന്നിയില്ല. അല്ലെങ്കിലും കുതിരകളെല്ലാം ഒരു പോലെയായിരിക്കും മിക്കവാറും. കൂട്ടത്തോടെ കയറുപൊട്ടിച്ചു വന്നതാണെങ്കിൽ ആരെങ്കിലും അന്വേഷിച്ചു വരാതിരിക്കുകയുമില്ല.
അയ്യാത്തൻ കുതിരയെ സൂക്ഷിച്ചുനോക്കി. മറ്റൊരിടത്തെ പ്രഭാതകൃത്യത്തിനു ശേഷം. നോക്കിനോക്കി നേരം പോയിരുന്നു. തിരിച്ചു ചായ്പ്പിലെത്തിയപ്പോൾ മേഷ്ട്രര് ചായയുണ്ടാക്കി വലിച്ചുകുടിച്ചുകൊണ്ടിരിക്കുന്നു.
‘ എന്തോ നടന്നിര്ക്ക്…’ മേഷ്ട്രര് കട്ടനു മീതെക്കൂടി ചോദിച്ചു.
‘ഒര് ജന്തു കാലൈയിലേ മൊടക്ക് വന്ന്….’ അയ്യാത്തൻ എവിടെയും തൊടാതെ പറഞ്ഞു.
‘ അത് യേത് ജന്തു….’ മേഷ്ട്രര്ക്കും രസം തോന്നി. അയ്യാത്തനെ ഭയപ്പെടുത്താൻ പറ്റിയ ഒരു മൃഗമോ.. അതും പുറക്കാവിൽ..?
‘ തെന്ന. ഒര് മിറ്ഗം…’
‘ അപ്പടിയെന്നാ…?’
ഒരു കുതിര അതും ചാവാളിക്കുതിര തന്നെ രാവിലേ വന്നു പേടിപ്പിച്ചെന്നു പറയുന്നതിൽ ജാള്യം തോന്നിയിരുന്നു അയ്യാത്തന്. അതാണ് വളച്ചുകെട്ടിപ്പറഞ്ഞത്.
‘ ദോ, അത്…’ അയ്യാത്തന് അകലേക്കു കൈചൂണ്ടേണ്ടിവന്നില്ല. പാണ്ടിക്കുതിര തൊടിയിൽ എത്തിനിന്നിരുന്നു. “ മേഷ്ട്രരെ തേടി വന്തത് പോലിര്ക്ക്ം…”
‘ കുതിരൈയാ…അത് എന്നെത്തേടി വരാത്…’
‘ പിന്നെ…യാരെ. ?’
‘ ഉങ്കളെത്താൻ … വേറെ യാര്…?’
ഇരവിക്ക് അയ്യാത്തനെ ഒന്നു ചൊടിപ്പിക്കണമെന്നേയുണ്ടായിരുന്നുള്ളൂ . എന്നാൽ, അയ്യാത്തൻ കുതിരയെ പലവട്ടം പല നാൾ സൂക്ഷിച്ചുനോക്കി. അയാളുടെ ഉൾക്കണ്ണിൽ മറ്റേതോ കാലം തീപ്പിടിച്ചു കയറി…