പനമ്പുതട്ടി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരവിക്ക് അത് ഒറ്റക്കൈകൊണ്ട് എടുത്ത് ഉയ൪ത്താനാവുമെങ്കിലും അയാൾ ഏറെ നേരം അന്തിച്ചുനിന്നു. പനമ്പുതട്ടി വഴിയാണ് അതിനുള്ളിലേക്കു കയറേണ്ടത് എന്ന് ഇരവിക്ക് അറിയില്ലായിരുന്നു എന്നതാണു സത്യം. അകത്ത് എന്തോ വിശുദ്ധക൪മം നടത്തുന്നതുപോലെ കുടിയന്മാ൪ അവരവരുടെ പാനപാത്രത്തിനു മുന്നിൽ പാതിക്കണ്ണുകളടച്ചു ധ്യാനം ചെയ്തു. അവരെ അലോസരപ്പെടുത്താനായിട്ട് അവിടെ ചീറിയടിക്കുന്ന കാറ്റു പോലും എത്തിനോക്കിയില്ല. എന്തോ മന്ത്രിക്കുന്നതു പോലെ അവരുടെ ചുണ്ടുകൾ വിറച്ചു.
ഏറെ നേരം കഴിഞ്ഞാണ് ഇരവി പനമ്പുതട്ടി പൊക്കിയാണ് ആ ധ്യാനത്തറയിലേക്കു പ്രവേശിക്കേണ്ടത് എന്നു മനസിലാക്കിയത്. അതുവരെ അവരുടെ ധ്യാനം മുറിഞ്ഞതേയില്ല. അങ്ങനെയൊരാൾ പുറത്തുവന്നു നിൽക്കുന്നത് അവ൪ മനസിലാക്കിക്കാണുമെന്നു തന്നെ ഇരവി വിചാരിച്ചു. അവരുടെ ധ്യാനമുറ്റത്തേക്കു തനിക്കു പ്രവേശനം ദാനമായിക്കിട്ടില്ല എന്ന് അതിനോടകം അയാൾ മനസിലാക്കി. ഇനിയും കാത്തുനിൽക്കുന്നതിൽ അ൪ഥമില്ലെന്ന് അയാൾ അറിഞ്ഞു. തന്റെ ഊഴം എത്തിയിരിക്കുന്നു എന്ന തിരിച്ചറിവിൽ ഇരവി അതിനകത്തേക്കു തന്നെ കടത്തിവച്ചു.
കൂമ്പിയിരുന്ന പല ജോടി കണ്ണുകൾ ഒരു നിമിഷം തുറന്നു. എല്ലാം ഒരുമിച്ച് ഇരവിക്കു മേൽ പതിച്ചു. പിന്നെ ഒന്നും സംഭവിക്കുന്നില്ല എന്ന തിരിച്ചറിവിൽ വീണ്ടുമവ കൂമ്പി. പനങ്കള്ളിന്റെ തീ൪ത്ഥം നുണഞ്ഞു ചുണ്ടുകൾ വീണ്ടും മന്ത്രകമ്പിതമായി. എന്നാൽ ഒന്നും തന്നെ ഉയ൪ന്നു കേട്ടില്ല. പല ദിവസത്തെ പ്രയത്നത്തിനു ശേഷമാണ്, ഇരവിക്കു കരിമ്പനക്കാടിന്റെ ഓരത്തായി ഇങ്ങനെ ഒരു പ൪ണശാല കണ്ടെത്താനായത്. അങ്ങനെ ഒന്ന് ഇല്ലാതിരിക്കില്ല എന്നയാൾക്ക് അറിയാമായിരുന്നു. പാലക്കാടൻ ഗ്രാമങ്ങളിലെ ഒരു ആചാരം തന്നെയായി അതു മാറിയിരുന്നു എന്ന് ആ൪ക്കാണ് അറിയാത്തത്. പൊള്ളാച്ചിയും പഴണിയും അടക്കമുള്ള തമിഴ്നാടൻ ഗ്രാമങ്ങളിലും മറ്റൊന്നല്ല അവസ്ഥ.
തന്റെ ഓരോ കാര്യത്തിലും അതീവ ശ്രദ്ധാലുവായിരുന്ന അയ്യാത്തനോട് എന്നാൽ ഇരവി പ൪ണശാലകളെക്കുറിച്ചു നേരിട്ടു ചോദിച്ചില്ല. അങ്ങനെ ഒരു ആചാരവും തനിക്ക് ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ അക്കാര്യത്തിലും അയ്യാത്തൻ തിടുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു. അയ്യാത്തൻ കടുത്ത കുടി വിരോധിയായിരുന്നു. ഗാന്ധി പറഞ്ഞതു കേട്ടു കള്ളുഷാപ്പ് പിക്കറ്റിങ്ങിനൊക്കെ പണ്ട് പോയിരുന്നു. തൃക്കണീരി ഷാപ്പിനു മുന്നിൽ വച്ചു ഷാപ്പ് കൺട്രാവിയുടെ ഗുണ്ടകൾ ദേഹമാസകലം കടിച്ചുപറിച്ചതാണ്. അതു സഹിക്കാമായിരുന്നു. സഹിക്കാൻ പറ്റാത്തത് അതായിരുന്നില്ല. നാറിപ്പുളിച്ച കള്ള് ചാറയടക്കം തലവഴിയൊഴിച്ചു കുളിപ്പിച്ചു. അന്നത്തെ നാറ്റം അയ്യാത്തൻ ഇപ്പോഴും തന്റെ ദേഹത്തെ മണക്കുന്നുണ്ട്.
പല സ്വന്തം കാര്യങ്ങൾ പറഞ്ഞറിഞ്ഞ കൂട്ടത്തിൽ കേട്ടതാണ്. പിന്നെയും കുറെക്കാലം കോങ്ക്രസിനോട് വളരെച്ചെറിയ മനസടുപ്പം ഉണ്ടായിരുന്നു. വീയെസ് മലമ്പുഴയിൽ മത്സരിക്കാനെത്തുന്നതു വരെ. വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഒരു തവണ കേട്ടതേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സഖാവിനോടായി കൂറ്. “ നമ്മളോട ആളാണ്….” അയ്യാത്തൻ ഒട്ടൊക്കെ അഹങ്കാരത്തോടെ പറഞ്ഞു. അത് ഏത് അ൪ത്ഥത്തിലാണെന്നു മനസിലാക്കാൻ ഇരവിക്ക് അധികം വിഷമിക്കേണ്ടിവന്നിരുന്നില്ല.
“ ഞാങ്കോങ്ക്രസിന്റൂട ഷാപ്പ് അടപ്പിക്കാഞ്ചെന്നത് അച്ചയ്ക്ക് പിടിച്ചിര്ന്ന്ല്ല. കൊലത്തൊഴില് ഒറ്റല്ലേടാവേ എന്ന് പറഞ്ഞു…എന്നാല്ം ഗാന്ധി പറഞ്ഞത് കേക്കാതിരിക്കാമ്പറ്റീല്ല…”
“ പിന്നിം ഗാന്ധീന കേട്ടല്ലോ…” ഇരവി അയ്യാത്തന്റെ ഓ൪മകൾ തുറക്കാൻ വേണ്ടീട്ടെന്ന പോലെ ചോദിച്ചു.
“ പിന്ന അധീകാലം ഇല്ലാല്ല…അയ്ന്ംമുമ്പേ ആ ഗോഡ്സെ ഗാന്ധീന ചുട്ട്കളഞ്ഞില്ലേ…”
അയ്യാത്തന്റെ ഓ൪മകൾ തുറന്നുവരുന്നത് ഇരവി കൗതുകത്തോടെ കേട്ടു. പല കാലത്തിലേക്കുള്ള സംസാരത്തിന്റെ ഒരൊഴിവിലാണ് ഇരവി എടുത്തുചോദിച്ചത്.
“ എന്ന്ട്ട്ം പുറക്കാവിലെ ഷാപ്പോൾക്ക് എതിരൊന്ന്ം അയ്യാത്തൻ കാണിക്ക്ന്ന്ല്ലല്ലോ…”
“ അത്ക്ക്ന് ഇബടെബട ഷാപ്പ് ഇര്ന്ന്ട്ടാണ്….” അയ്യാത്തൻ തിടുക്കത്തിൽ ആ വഴിക്കുള്ള സംസാരം ഒഴിവാക്കാനെന്ന പോലെ പറഞ്ഞു.
“ അപ്പഴ് എനി പാലക്കാട്ടേ ഇള്ളൂ….?”
“ അവട ശീമേം നാടന്ം കിട്ട്ം…ഇബട കരിമ്പനക്കാട്ടില് കാണ്ം പനങ്കള്ള്പൊരേള്….”
അപ്പോൾ ഇരവി സംശയിച്ചതു തന്നെയാണ്. കരിമ്പനക്കാട്ടിൽ എന്നാൽ ഇങ്ങനെ പ൪ണശാലകളുണ്ടാവാമെന്ന് ഒരു ഭാവന അപ്പോഴും അയാൾക്ക് ഓടിയിരുന്നില്ല. ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഇരവി ഇരുന്നു. അവിടെ ഒന്നും നടക്കുന്നതായ ലക്ഷണങ്ങൾ കണ്ടില്ല. സാധാരണ പനങ്കള്ളുഷാപ്പുകളിലെ തിടുക്കങ്ങളോ ആൾക്കൂട്ടമോ പാട്ടോ ഒന്നും. നിശ്ശബ്ദമായ ഒരു സംഗീതം അവിടെയാകെ അലയടിക്കുന്നതായി അയാൾക്കു തോന്നി. ഇരവിയും ധ്യാനനിമഗ്നനായി. കണ്ണുകളടച്ചു. മനസിൽ ഊറിക്കൂടിയ ഒരു തമിഴ് പാട്ട് അയാൾ ഒച്ചയില്ലാതെ ചുണ്ടനക്കത്തിൽ ഒതുക്കി. അഭൗമമായ ഒരു സംഗീതത്തിലേക്ക് അതു ലയിച്ചുചേരുന്നുണ്ടെന്ന് അയാൾക്ക് അധികം വൈകാതെ മനസിലായി. കണ്ണുകൾ ഏറെ നേരം അടച്ചിരുന്നതിനാൽ, വീണ്ടും തുറന്നപ്പോൾ എല്ലാം തെളിഞ്ഞുവരാൻ കുറച്ചു സമയം വേണ്ടിവന്നു.
അപ്പോൾ അയാളുടെ മുന്നിൽ പനങ്കള്ളു പാനി വന്നു കഴിഞ്ഞിരുന്നു. അതുവരെയുള്ള ധ്യാനത്തിൽ നിന്നു ലഭിച്ച വരസിദ്ധി പോലെയായിരുന്നു അത്. ആദ്യമേ ഒരു തുള്ളി ജീവജലം കൊണ്ട് ഇരവി കണ്ണെഴുതി. രണ്ടു കണ്ണും. പിന്നെ, സ്വ൪ഗത്തിൽ നിന്നുള്ള ജീവതീ൪ത്ഥം ഇരവി തൊണ്ടയിലേക്ക് ഒഴിച്ചു, ഒരു കവിൾ. അത് തിടുക്കത്തിൽ അണ്ണാക്കിലൂടെ ആമാശയത്തിലേക്ക് ഒഴിച്ചില്ല. പകരം, വീണ്ടും കണ്ണുകളടച്ച് ഇന്ദ്രിയഗോചരമായ ലൗകികകതയെ നാവിലെ രസമുകുളങ്ങളിലൂടെ ആത്മാവിലേക്ക് ആവാഹിച്ചു. കവിൾ കൊണ്ടതത്രയും ലോകത്തിന്റെ സ൪വസത്തയാണെന്ന തിരിച്ചറിവിൽ മെല്ലെ നാവു കൊണ്ടുഴിഞ്ഞു ദേഹത്തിന്റെ വന്യമായ ദാഹത്തിലേക്കു വഴിനടത്തി. ബുദ്ധിയിലെവിടെയോ ഒരു തിളക്കം അയാൾ അനുഭവിച്ചറിഞ്ഞു. ചുണ്ടുകൾ വീണ്ടും തമിഴ്പാട്ട് മന്ത്രത്തിന്റെ ഈരടികളിലെത്തി.
പനങ്കള്ളുപാനി എപ്പോൾ ഒഴിയുമെന്നോ വീണ്ടും നിറയുമെന്നോ ഇരവി ആശങ്കപ്പെട്ടില്ല. അതെപ്പോഴും നിറഞ്ഞുകൊണ്ടിരുന്നു എന്നോ അതെപ്പോഴും ഒഴിഞ്ഞുകൊണ്ടിരുന്നു എന്നോ വിചാരിക്കാമായിരുന്നു. അപ്പോൾ നേരമിരുട്ടാറായെന്നോ വീണ്ടും നേരം വെളുക്കാറായെന്നോ വിചാരിക്കാമായിരുന്നു. അല്ലെങ്കിൽ പല ഇരവുപകലുകൾ അതിനകത്തു കഴിയുകയായിരുന്നെന്നും. അതുമല്ലെങ്കിൽ പല ജന്മങ്ങൾ അതേ പനങ്കള്ളുപുരയിൽ ജീവിച്ചുതീ൪ക്കുകയായിരുന്നു എന്നോ. ഏറ്റവും അവസാനത്തെതാണ് ഇരവിക്കു തോന്നിയത്. താൻ പല ജന്മങ്ങളായി ഇതേ ധ്യാനപ്പുരയിൽ ജീവിച്ചുവരികയായിരുന്നു എന്ന്.
ജീവിതത്തിന്റെ കഴിഞ്ഞുപോയ പകുതിയിൽ അങ്ങനെത്തന്നെയായിരുന്നു. ഉണ൪വിന്റെ ഓരോ അടരിലും വേറെ ഏതോ കാലത്തിൽ നിന്നു ദൂരങ്ങൾ തന്നെ ആവാഹിച്ചുകൊണ്ടിരുന്നു. ഉറക്കത്തിന്റെ ഓരോ യാമപ്പക൪ച്ചയിലും യാത്ര തന്നെയായിരുന്നു. അറിയാത്ത ഭൂമികകളിലേക്ക്. ഏതോ ഒരു കാലത്തു നിന്ന് ഒരു ഇടം തന്നെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിന്നു. ഓരോ സ്ഥലത്തേക്കുള്ള യാത്രയ്ക്കൊടുവിലും ഇതല്ല ഇതല്ല എന്നു തോന്നിപ്പിച്ചുകൊണ്ട്. എടുത്തുടുക്കുന്ന വേഷം ശരിക്കും അതല്ല എന്ന് ഓ൪മിപ്പിച്ചുകൊണ്ട്.
ഇരവി പനങ്കള്ളുപാനിയുടെ മിനുസമായ കഴുത്തിലൂടെ കൈയോടിച്ചു. വീണ്ടും ഒരു കവിൾ കൂടി. ഒരു കവിളിനു പിന്നാലെ മറ്റൊന്ന്…എണ്ണിയാൽ തീരാത്തത്ര…എണ്ണിത്തീ൪ക്കാൻ ഇനിയും ബാക്കിയുള്ളതുപോലെ…ചുണ്ടുകൾ അഭൗമമായ തന്റെ സ്വന്തം ജീവിതത്തിൽ നിന്നുള്ള സംഭാഷണങ്ങൾ തന്നെ ഉരുവിട്ടു. തന്നെ പത്തു മാസം വയറ്റിൽ ചുമക്കേണ്ടിവന്നതിന്റെ പേരിൽ ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരമ്മയെ അതിനിടയിൽ ഓ൪ത്തു. അത് ഒരു ലഹരിക്കും വീട്ടാൻ പറ്റുന്ന കടമായിരുന്നില്ല. തീ൪ത്തുകൊടുക്കാൻ സാധിക്കുന്നതായിരുന്നില്ല. എന്നിട്ടും, മകൻ തന്നെ വിട്ടുപോയ്ക്കളയുമെന്ന് ഓരോ നിശ്വാസത്തിലും ആ അമ്മ ഭയന്നു. അവനെ സ്വന്തം ചിറകിനടിയിൽ എന്നും കൊണ്ടുനടന്നു. അതും എത്ര കാലത്തേക്ക് എന്ന് അമ്മയെ പേടിപ്പെടുത്തിയിരുന്നു. ഓരോ നിമിഷത്തിലും ഇരവി അമ്മയിൽ നിന്ന് അകന്നുകൊണ്ടിരുന്നു.
ഈ പ൪ണശാലയ്ക്കകത്തു തന്നെയാണു തന്നെ പെറ്റിട്ടതെന്ന് ഇരവിക്കു തോന്നി. മറ്റൊരിടത്തും അങ്ങനെയൊരു തോന്നൽ ഏതു ലഹരിപ്പെരുക്കലും തോന്നിയിട്ടില്ല. ഇങ്ങനെയൊന്ന് ആദ്യമാണ്. ഈ പുറക്കാകാവ് തന്നെയായിരിക്കുമോ തന്നെ ഇത്ര കാലം പലയിടങ്ങളിൽ നിന്നായി പ്രലോഭിച്ചുനടത്തിയതെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അത്. പ൪ണശാലയ്ക്കു പുറത്തു ലോകം പൊള്ളിക്കിടക്കുകയായിരുന്നു. അതിന്റെ ചൂട് ഇപ്പോൾ വായിക്കാൻ സാധിക്കുന്നുണ്ട്. അതിന്റെ വേവ് കൃത്യമായി അറിയാൻ കഴിയുന്നുണ്ട്.
പനങ്കള്ളുപുരയിൽ നിന്ന് ആരൊക്കെയോ വരികയും പോകുകയും ചെയ്യുന്നുണ്ട്. പനങ്കള്ളുപാനി പോലെത്തന്നെ നിറയുകയും ഒഴിയുകയും. ഇരവിക്കു മുന്നിലെ പാനി എത്ര വട്ടം ഒഴിഞ്ഞെന്നോ വീണ്ടും എത്രവട്ടം നിറഞ്ഞെന്നോ അറിഞ്ഞിരുന്നില്ല. ഇരവി അറിയുന്നതു തന്റെ തന്നെ വേവുകളാണ്. അമ്മയുടെ സുരക്ഷയുടെ ദു൪ബലമായ കൈകൾ വിട൪ത്തിമാറ്റി ഒന്നിൽനിന്നു മറ്റൊന്നിലേക്കു താൻ നിതാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥ. തന്റെ മനസിൽ നിന്ന് അജ്ഞാതമായ ദേശങ്ങളെ മായ്ച്ചുകളയാൻ അമ്മ എന്തൊക്കെ കഷ്ടപ്പാടുകൾ അനുഭവിച്ചിരിക്കുന്നു. ഈ ലോകമെന്നൊന്ന് ഇല്ലെന്നായിരുന്നു അമ്മ നേരത്തേ കാലേക്കൂട്ടി തന്നിൽ കുത്തിവയ്ക്കാൻ ശ്രമിച്ചിരുന്നത്. താൻ അമ്മയെ ഉപേക്ഷിക്കുമെന്ന് തന്നെ ഗ൪ഭത്തിൽ കൊണ്ടുനടക്കുമ്പോഴേ അവർ തിരിച്ചറിഞ്ഞിരുന്നു. ആരോ വന്നു വിളിക്കുമെന്നു സ്വയം പേടിപ്പിച്ചിരുന്നു. പിതൃകാലയോഗമെന്നോ മറ്റോ അമ്മ അതിനെ വിളിച്ചു. പിതൃത്വം തന്നെ കാലനാവുന്ന യോഗം എന്നതിനെക്കുറിച്ചുള്ള വിചാരം തന്നെ അമ്മയെ ജീവിതത്തിലുടനീളം പൊള്ളിപ്പനിപ്പിച്ചു നടത്തി. ഇപ്പോൾ അതിന്റെ പൊരുളുകളഴിയുകയാണ്. ഇവിടെ ഈ പ൪ണശാലയിൽ.
ഇരവി കണ്ണുകളടച്ചുകൊണ്ടു തന്നെ പാനിയിൽ നിന്ന് ഒരു കവിൾ കൂടി കമിഴ്ത്തി. നൊങ്കിന്റെ ഒരു പൊട്ട് നാവിലേക്കു താഴ്ത്തി. സ൪വാനന്ദകരമായ ഒരു മധുരം നാവിൽ നിറയുകയാണ്. പരമമായ ഒരു ആനന്ദത്തിന്റെ മധുരം ബുദ്ധിയിൽ അലിയുന്നു. അതു പ്രജ്ഞയെ വീണ്ടും ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.
“ വരത്തനാക്മോ…?” ഒരു ചെറിയ ശബ്ദം ധ്യാനത്തെ ഉണ൪ത്തി. അടുത്തു കുറെ നേരമായി ധ്യാനത്തിലിരിക്കുന്ന ആളാണ്. ഇടയ്ക്ക് എപ്പോഴോ കണ്ണുതുറന്നപ്പോൾ കണ്ടതാണ്. ഒരു മിന്നായം പോലെ. വീണ്ടും കണ്ണുകളിലേക്കു ഉന്മാദം ഇറങ്ങിവന്നപ്പോൾ സ്വയം മറഞ്ഞുപോയതാണ്. ഇപ്പോൾ പനങ്കള്ളുപുരയിൽ അധികം ആളുകളില്ല. ഒന്നോ രണ്ടോ തലകൾ മാത്രം നേ൪ത്ത ഇരുട്ടിൽ തെളിഞ്ഞു. പനമ്പുതട്ടിക്കപ്പുറം സൂര്യൻ കുത്തിയൊലിക്കുക തന്നെയാണ്.
“ ഇവട താമസമാക്ം…” ഇരവി അങ്ങനെയാണു പറഞ്ഞത്. ഇവിടെ നിന്ന് ഇനി എങ്ങോട്ടുമില്ലെന്ന് അതിനിടയിൽ ആരു തീരുമാനിച്ചു എന്നു വ്യക്തമാകാത്തതുപോലെ..
“ ആമാ…അന്ത കണ്ണുകുത്തുകാരൻ…” അയാൾ അപ്പോൾ ധ്യാനത്തിൽ തിരിച്ചറിഞ്ഞതുപോലെ പറഞ്ഞു. അതു ശരിവച്ചുകൊണ്ട് ഇരവി തലയാട്ടി.
“ അയ്യത്താന്റവട പുതിയ പത്ക്കം വെച്ചിര്ക്ക്…?”
അയാൾ എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു അത്.
“ ശെരി…” അയാൾ എല്ലാം മനസിലാക്കിയിരിക്കുന്നതു പോലെ ഇരവി സമ്മതിച്ചു. ഇനിയും ചോദിക്കാനിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ശരി എന്നു തന്നെയാവും തന്റെ ഉത്തരമെന്നും വിചാരിച്ചു. അയാളുടെ ഒരു ചോദ്യത്തിനും മറുത്തൊന്നും തനിക്കു പറയാനുണ്ടായെന്നു വരില്ല. പുറക്കാവിൽ ബസിറങ്ങിയതു മുതൽ അയാൾ തന്നെ നിരീക്ഷിച്ചുവരികയായിരുന്നു എന്ന് ഇരവിക്കു തോന്നി. അതു ശരിയുമായിരുന്നു.
“ നീങ്ക യാരാക്ക്ം…?” ഇരവി തിരിച്ചുചോദിച്ചു. എന്നാൽ അയാൾ അങ്ങനെയൊരു ചോദ്യം കേട്ടിട്ടേയില്ല എന്ന മട്ടിൽ അതിനെ മറുചെവികൊണ്ട് ഉപേക്ഷിച്ചു. അത് അയാൾ കേൾക്കാത്തതായിരിക്കുമെന്നു വിചാരിച്ച് ഇരവി വീണ്ടും അതുതന്നെ ചോദിച്ചു. അക്കുറി ചൂണ്ടുവിരൽ ചുണ്ടിനു കുറുകെ പിടിക്കുകയാണ് അയാൾ ചെയ്തത്. എന്നുവച്ചാൽ, ചോദ്യം അരുത്…
അയാൾ ആരുമായിരിക്കാമെന്നൊരു വിചാരം പൊടുന്നനെ ഇരവിയുടെ മനസിലേക്കു കുതിച്ചെത്തി. അയാൾ ആരുമാവാം. മുമ്പ് അവിടെ ജീവിച്ചിരുന്ന ആരുടെയും പ്രേതമാകാം. അല്ലെങ്കിൽ ആത്മാവാകാം…ആത്മാവെന്നാൽ ചിരജീവിതമുള്ളത്. പ്രേതം ഗതികിട്ടാതെ അലയുന്ന തൃഷ്ണ…അല്ലെങ്കിൽ, ഒരേ സമയം പ്രേതവും ആത്മാവും ആവാം…അതല്ലെങ്കിൽ അപ്പോഴത്തെ കാലത്തു ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ തന്നെയാവാം. ചിലപ്പോൾ അയാൾക്കു തന്നെ സംശയമുണ്ടാവാം. അതിലേത് ഉത്തരം പറയുമെന്ന്…താൻ ശരിക്കും ആരാണെന്ന്. ഏതായാലും അയാളെ വീണ്ടുമതുതന്നെ ചോദിച്ചു വിഷമത്തിലാക്കേണ്ടതില്ലെന്ന് ഇരവി തീരുമാനിച്ചു. എല്ലാ ഉത്തരങ്ങളിൽ നിന്നും അയാൾ വീണ്ടും കണ്ണുകളടച്ചു.
ഇക്കുറി അയാളുടെ ധ്യാനം അധികം നീണ്ടില്ല. അടുത്തിരിക്കുന്ന ആൾ തന്നെ ദേഹത്തു സഞ്ചാരം നടത്തുന്നതായി അയാൾക്കു തോന്നി. അയാളെ കുടഞ്ഞുകളയാനെന്നവണ്ണം ഇരവി ശരീരം ശക്തമായി കുടഞ്ഞു. ബെഞ്ചിന്റെ ആടുന്ന കാലുകളിലേക്ക് ആ ജ്വരം പട൪ന്നു. അവയോരോന്നും തുള്ളിപ്പനിക്കാൻ തുടങ്ങി.
“ കണ്ണുകുത്തുക്ക് ഗുര് യാര്…?” അയാൾ പതുക്കെ, വളരെ പതുക്കെ ചോദിക്കുകയായിരുന്നു. അയാളുടെ ചുണ്ടുകൾ മന്ത്രിക്കുന്നതു പോലെയായിരുന്നു വിറച്ചുകൊണ്ടിരുന്നത്.
“ എല്ലാര്ം ഗുര് തന്നെ…” ഇരവി പറഞ്ഞു.
“ അതിനോട സത്തിയം എന്നാ…?”
“ അത് താൻ സത്തിയം.”
“ ഏത് വന്താല്ം ഒര് ഗുര് ഇരിക്ക വേണ്ടാമാ….?” അയാളിൽ വീണ്ടും സംശയം കത്തി.
“ പോതാനന്ദ സാമികള് എന്നൊരവര്…” ഇരവി അയാൾക്കു വഴങ്ങിക്കൊണ്ടു പറഞ്ഞു.
“ യെങ്കേയിര്ന്ത്…”
“ തിര്ക്കഴ്ംകുണ്ട്രം…” അപ്പോൾ അങ്ങനെയൊരു സ്ഥലം പറയാനാണ് ഇരവിക്കു തോന്നിയത്..അങ്ങനെയൊരു സ്ഥലത്തു തനിക്കു കണ്ണുകുത്തുവിദ്യ പഠിപ്പിച്ച ഗുരുവില്ല എന്നയാൾക്കു ഒരു ഊഹം പോലും വച്ചുകളിക്കാനാവില്ല എന്നു തോന്നിയതുകൊണ്ടായിരുന്നു.
“ പൊയ്…” അയാൾ ഒരു കവിൾ അകത്താക്കിക്കൊണ്ടു പറഞ്ഞു. “ തിര്ക്കഴ്ംകുണ്ട്രത്തില് അത്തന ഒര് ഗുര് യില്ലൈ…” അയാളുടെ കണ്ണുകൾ ഇരവിയുടേതിലേക്കു തറച്ചു. ഒരു കള്ളം പറഞ്ഞുപിടിക്കപ്പെട്ടതു പോലെയൊന്നും ഇരവിക്കു തോന്നിയില്ല. പറഞ്ഞതു കളവായതുകൊണ്ട് ആ ആരുടേയോ പ്രേതം തന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.
“ ഞാൻ വന്ത് പോതാനന്ദ സാമിയാര്ട പ്രേതമാക്ക്ം…” അയാൾ വീണ്ടും പറഞ്ഞു.
“ പൊയ്….” ഇത്തവണ ഇരവിയാണ് അതു പറഞ്ഞത്. “ പോതാനന്ദ സാമിയെ ഊണില്ം ഒറക്കത്തില്ം എനക്ക് തെരിയാതാ…പ്രേതമായാലും അല്ലെങ്കിലും…”
“ പോതാനന്ദ സാമിയാര് എര്ന്ത് പോണതക്കപ്പ്റം കെട്ട്പോയാച്ച്….” അയാൾ മുൻകൂ൪ ജാമ്യമെടുക്കും പോലെ പറഞ്ഞു.
“ അല്ല…പോതാനന്ദ സാമിയെ യെനക്ക് നല്ലമാ തെരിയ്ം…” ഇരവിക്ക് അയാൾ പറയുന്നതിൽ എന്തെങ്കിലും ഖണ്ഡിക്കണമെന്നുതന്നെ തോന്നി.
“ കണ്ണ്കുത്ത്മര്ന്ന് അള്ക്ക് കൈയിലിരിക്കാ….ഒര് തുള്ളിയാ കണ്ണ്ല് പോട്….അപ്പത്തെരിയും…” അയാൾ എന്നാൽ വിടാനുള്ള ഒരുക്കത്തിലായിരുന്നില്ല.
“ അത് അങ്കേയിര്ക്ക്…അയ്യത്താന്റ ചായ്പില്…” ഒരു ആശ്വാസം കിട്ടിയെന്നതുപോലെ ഇരവി പറഞ്ഞു. കണ്ണുകുത്തുമരുന്നിന്റെ അള്ക്ക് പാത്രം കൂടെക്കരുതാത്തത് നന്നായി. അല്ലെങ്കിൽ, അവിടെ വച്ച് അതു കണ്ണെഴുതി അയാൾ ആരുടെ പ്രേതമാണെന്നു തിരിച്ചറിയേണ്ടിവരുമായിരുന്നു.
“ കവലപ്പെടാതീങ്കെ…ഞാൻ വന്ത് ചുക്രുരാവുത്തര്ട പ്രേതമാക്ക്ം…” അയാൾ വീണ്ടും തന്റെ പൂ൪വജന്മത്തെ മാറ്റിപ്പിടിക്കുകയായിരുന്നു. എന്നാൽ, അങ്ങനെയെന്ന് അയാൾ വിശ്വസിച്ചോട്ടെ എന്നു തന്നെ വിചാരിച്ച് ഇരവി ത൪ക്കിക്കാനൊന്നും പോയില്ല. അയാൾ ആരുടെയോ പ്രേതമാണെന്നു സ്ഥിരീകരിക്കാൻ ന്യായമുണ്ടായിരുന്നു. എന്നാൽ ഇന്ന ഒരാളുടേത് എന്നു പറയാനാവില്ലായിരുന്നു. പുറക്കാവിൽ ഒരു പ്രേതത്തിന് ഒരേ സമയം പലരുടെയും പ്രേതമാവാൻ സാധിക്കുമായിരിക്കും.
പല ജന്മങ്ങൾ പ൪ണശാലയിൽ ജീവിച്ചുതീ൪ത്തെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ഇരവി മതികെട്ടുപോയിരുന്നു. മതികെടുകയല്ല, മതി ഉണരുകയാണ് എന്നാണു തോന്നിപ്പിക്കുന്നതു ശരിക്കും. ഇറങ്ങാനുള്ള വട്ടുകെട്ടുകൾ തയാറാക്കുന്നതിനിടെ അയാൾ വീണ്ടും ഇരവിയെ ചേ൪ത്തുനി൪ത്തി കാതിൽ ചോദിച്ചു.
“ മാടൻമലേങ്ക്ട്ടെ എന്ത് കണ്ടിര്ക്ക്…”
മാടൻമലയിൽ എന്തോ കണ്ടിട്ടാണു താൻ വന്നിരിക്കുന്നതെന്നാണു പ്രേതം വിചാരിച്ചിരിക്കുന്നത് എന്ന് ഇരവിക്ക് മനസിലായി…അയാൾ തന്നെ കൃത്യമായി നിരീക്ഷിച്ചിരിക്കുന്നു…
“ മാടൻമലേല് നെറയെ നിധിയിറ്ക്ക്….” അയാളെ ഒന്നു പ്രലോഭിപ്പിച്ചുകൊണ്ട് ഇരവി പറഞ്ഞു.
“ നീ തേടറ മാടൻമല എര്ന്ത് പോയിര്ക്ക്…” അയാൾ സാവധാനം പറഞ്ഞു.
മല മരിച്ചുപോകുകയോ എന്നൊന്നും വിചാരിച്ചിട്ടു കാര്യമില്ല. ഇവിടെ എന്തും സാധ്യമാകുന്ന ഭൂമികയാണ്..മരിച്ചവ൪ ജീവിക്കും. ജീവിച്ചുകൊണ്ടിരിക്കുന്നവ൪ ചിലപ്പോൾ മരിച്ചവരായിരിക്കും.
“ പൊയ്….” എന്നാലൂം ഇരവി വെറുതേ പറഞ്ഞു.
“ സത്തിയം…. മാടൻമലയെ അന്ത യന്ത്രക്കൈയാളമ്മാര് തിന്നു.….”
അപ്പോൾ ഇപ്പോൾ കാണാനുള്ളതോ….?
അതിന് അയാൾ മറുപടി പറഞ്ഞില്ല. ഇരുവരുടെയും പ൪ണശാലയിലെ ധ്യാനം ഉടഞ്ഞു വീണു.